വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

താഴ്‌മയുടെ ഒരു പാഠം

താഴ്‌മയുടെ ഒരു പാഠം

അധ്യായം 62

താഴ്‌മയുടെ ഒരു പാഠം

കൈസര്യ ഫിലിപ്പിക്ക്‌ സമീപമുളള പ്രദേശത്ത്‌ ഭൂതബാധിതനായ ഒരു കുട്ടിയെ സൗഖ്യമാക്കിയശേഷം തന്റെ ആസ്ഥാനമായ കഫർന്നഹൂമിലേക്ക്‌ മടങ്ങിപ്പോരാൻ യേശു ആഗ്രഹിക്കുന്നു. എന്നിരുന്നാലും ആ യാത്രയിൽ തന്റെ ശിഷ്യൻമാരോടുകൂടെ തനിയെ ആയിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. തന്റെ മരണത്തിനും അതേ തുടർന്നുളള അവരുടെ ഉത്തരവാദിത്വങ്ങൾക്കുമായി അവരെ ഒരുക്കാനായിരുന്നു അത്‌. “മനുഷ്യപുത്രൻ മനുഷ്യരുടെ കൈളിൽ ഏൽപ്പിക്കപ്പെടും,” അവൻ അവരോട്‌ വിശദീകരിക്കുന്നു, “അവർ അവനെ കൊല്ലും, എന്നാൽ കൊല്ലപ്പെട്ടാലും മൂന്നു ദിവസങ്ങൾക്ക്‌ ശേഷം അവൻ ഉയർത്തെഴുന്നേൽക്കും.”

യേശു നേരത്തെതന്നെ ഇതേപ്പററി സംസാരിച്ചിട്ടുണ്ടെങ്കിലും, മൂന്നു അപ്പൊസ്‌തലൻമാർ അവന്റെ മറുരൂപപ്പെടൽ യഥാർത്ഥത്തിൽ കാണുകയും അതിനിടയിൽ അവന്റെ “വേർപാട്‌” ചർച്ചചെയ്യപ്പെടുകയും ചെയ്‌തുവെങ്കിലും അവന്റെ അനുഗാമികൾ അപ്പോഴും ഈ കാര്യം സംബന്ധിച്ച്‌ വ്യക്തമായ ഗ്രാഹ്യമില്ലാത്തവരാണ്‌. പത്രോസ്‌ മുമ്പ്‌ ചെയ്‌തതുപോലെ അവൻ കൊല്ലപ്പെടുമെന്നത്‌ അവരിൽ ആരും നിഷേധിക്കുന്നില്ലെങ്കിലും അതേപ്പററി അവനോട്‌ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ അവർക്ക്‌ ഭയമാണ്‌.

അവസാനം അവർ കഫർന്നഹൂമിൽ എത്തിച്ചേരുന്നു, അത്‌ യേശുവിന്റെ ശുശ്രൂഷക്കാലത്ത്‌ അവന്റെ ആസ്ഥാനം പോലെയായിരുന്നു. അത്‌ പത്രോസിന്റെയും മററ്‌ പല അപ്പൊസ്‌തലൻമാരുടെയും സ്വന്തം പട്ടണവുംകൂടെയായിരുന്നു. അവിടെ ആലയ നികുതിപിരിക്കുന്നവർ പത്രോസിനെ സമീപിക്കുന്നു. ഒരുപക്ഷേ പരക്കെ അംഗീകരിക്കപ്പെടുന്ന ആചാരം ലംഘിക്കുന്നതിൽ യേശുവിനെ ഉൾപ്പെടുത്താനുളള ആഗ്രഹത്തോടെ, “നിങ്ങളുടെ ഗുരു ആലയ നികുതിയായ രണ്ട്‌ ദ്രഹ്മകൾ കൊടുക്കുന്നില്ലേ?” എന്ന്‌ അവർ ചോദിക്കുന്നു.

“ഉവ്വ്‌,” പത്രോസ്‌ പ്രതിവചിക്കുന്നു.

തൊട്ടുപിന്നാലെ വീട്ടിൽ എത്തിച്ചേർന്ന യേശു എന്താണ്‌ സംഭവിച്ചതെന്ന്‌ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ പത്രോസിന്‌ കാര്യംപറയാൻ കഴിയും മുമ്പേ യേശു ചോദിക്കുന്നു: “ശിമോനെ, നീ എന്തു വിചാരിക്കുന്നു? ഭൂമിയിലെ രാജാക്കൻമാർ ആരിൽ നിന്നാണ്‌ ചുങ്കമോ തലവരിയോ പിരിക്കുന്നത്‌? അവരുടെ മക്കളിൽ നിന്നോ അന്യരിൽ നിന്നോ?”

“അന്യരിൽ നിന്ന്‌,” പത്രോസ്‌ മറുപടിയായി പറയുന്നു.

“വാസ്‌തവമായും, അപ്പോൾ മക്കൾ നികുതയിൽ നിന്ന്‌ ഒഴിവുളളവരാണ്‌,” യേശു പ്രസ്‌താവിക്കുന്നു. ആലയത്തിൽ ആരാധിക്കപ്പെടുന്ന യേശുവിന്റെ പിതാവ്‌ അഖിലാണ്ഡത്തിന്റെ രാജാവാകയാൽ, ദൈവത്തിന്റെ പുത്രൻ ആലയ നികുതി കൊടുക്കാൻ നിയമപരമായ നിബന്ധനയൊന്നും ഇല്ലായിരുന്നു. “എന്നാൽ നാം അവർക്ക്‌ ഇടർച്ചയാകാതിരിക്കേണ്ടതിന്‌, നീ കടലിൽ പോയി ചൂണ്ടയിടുക, ആദ്യം പിടിക്കുന്ന മൽസ്യത്തെ എടുക്കുക, നീ അതിന്റെ വായ്‌ തുറക്കുമ്പോൾ നീ ഒരു ചതുർദ്രഹ്മപ്പണം കണ്ടെത്തും. അത്‌ എടുത്ത്‌ എനിക്കും നിനക്കുംവേണ്ടി കൊടുക്കുക” എന്ന്‌ യേശു പറയുന്നു.

കഫർന്നഹൂമിൽ എത്തിയശേഷം ഒരുപക്ഷേ പത്രോസിന്റെ വീട്ടിൽ ശിഷ്യൻമാർ ഒരുമിച്ചുകൂടിയിരിക്കുമ്പോൾ അവർ ചോദിക്കുന്നു: “വാസ്‌തവത്തിൽ സ്വർഗ്ഗരാജ്യത്തിൽ ഏററവും വലിയവൻ ആരാണ്‌?” ആ ചോദ്യത്തിന്‌ അവരെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു, കൈസര്യ ഫിലിപ്പിയിൽ നിന്നുളള യാത്രയിൽ പിൻനടന്നുകൊണ്ട്‌ അവർ ചർച്ചചെയ്‌തത്‌ എന്തെന്ന്‌ അവൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്‌ അവൻ ചോദിക്കുന്നു: “വഴിയിൽവച്ച്‌ നിങ്ങൾ എന്തിനെപ്പററിയാണ്‌ തർക്കിച്ചുകൊണ്ടിരുന്നത്‌.” ലജ്ജനിമിത്തം ശിഷ്യൻമാർ മിണ്ടാതിരുന്നു, എന്തുകൊണ്ടെന്നാൽ തങ്ങളിൽ ആരാണ്‌ ഏററം വലിയവൻ എന്നായിരുന്നു അവർ തർക്കിച്ചുകൊണ്ടിരുന്നത്‌.

ഏതാണ്ട്‌ മൂന്നുകൊല്ലക്കാലം യേശു അവരെ പഠിപ്പിച്ചശേഷം ശിഷ്യൻമാർക്കിടയിൽ അത്തരമൊരു തർക്കമുണ്ടാവുക എന്നത്‌ അവിശ്വസനീയമായി തോന്നുന്നുണ്ടോ? കൊളളാം, മാനുഷ അപൂർണ്ണതയുടെയും മതപരമായ പശ്ചാത്തലത്തിന്റെയും സ്വാധീനം എത്ര ശക്തമാണെന്ന്‌ അത്‌ വെളിപ്പെടുത്തുന്നു. ശിഷ്യൻമാർ ജനിച്ചു വളർന്ന യഹൂദമതത്തിൽ എല്ലാ കാര്യങ്ങളിലും സ്ഥാനത്തിന്‌ അല്ലെങ്കിൽ പദവിക്ക്‌ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരുന്നു. കൂടാതെ, രാജ്യത്തിന്റെ “താക്കോലുകൾ” ലഭിക്കുന്നതിനെപ്പററിയുളള യേശുവിന്റെ വാഗ്‌ദത്തം നിമിത്തം താൻ മററുളളവരെക്കാൾ ശ്രേഷ്‌ഠനാണെന്ന്‌ ഒരുപക്ഷേ പത്രോസ്‌ വിചാരിച്ചിരിക്കണം. യേശുവിന്റെ മറുരൂപപ്പെടലിന്റെ സാക്ഷികളായിരിക്കാൻ പദവി ലഭിച്ചതിനാൽ യാക്കോബിനും യോഹന്നാനും ഒരുപക്ഷേ സമാനമായ ആശയങ്ങൾ ഉണ്ടായിരുന്നിരിക്കാം.

സംഗതി എന്തുതന്നെയായിരുന്നാലും അവരുടെ മനോഭാവം തിരുത്താനുളള ശ്രമത്തിൽ യേശു വളരെ ഹൃദയസ്‌പർശിയായ ഒരു പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. അവൻ ഒരു ശിശുവിനെ വിളിച്ച്‌ അവരുടെ നടുവിൽ നിർത്തി തന്റെ കൈ അതിനെ ചുററിപ്പിടിച്ചുകൊണ്ട്‌ പറയുന്നു: “നിങ്ങൾ തിരിഞ്ഞ്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ നിങ്ങൾ യാതൊരു വിധത്തിലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. അതുകൊണ്ട്‌ ഈ ശിശുവിനെപ്പോലെ തന്നെത്തന്നെ താഴ്‌ത്തുന്നവനാണ്‌ സ്വർഗ്ഗരാജ്യത്തിൽ ഏററവും വലിയവൻ. ആരെങ്കിലും എന്റെ നാമത്തിൽ ഇത്തരമൊരു ശിശുവിനെ സ്വീകരിച്ചാൽ അവൻ എന്നെയും സ്വീകരിക്കുന്നു.”

തന്റെ ശിഷ്യൻമാരെ തിരുത്താനുളള എത്ര അത്ഭുതകരമായ ഒരുവിധം! യേശു അവരോട്‌ കോപിക്കുകയോ അവർ അഹങ്കാരികളും അത്യാഗ്രഹികളും അതിമോഹികളുമാണെന്ന്‌ പറയുകയോ ചെയ്യുന്നില്ല. ഇല്ല, എന്നാൽ അവരെ തിരുത്താൻ വേണ്ടി അവൻ കൊച്ചുകുട്ടികളുടെ ദൃഷ്ടാന്തം ഉപയോഗിക്കുന്നു. അവർ സ്വഭാവത്താലെ തന്നെ താഴ്‌മയുളളവരും അതിമോഹങ്ങളിൽനിന്ന്‌ സ്വതന്ത്രരും പൊതുവേ നിങ്ങൾക്കിടയിലെ പദവികൾ സംബന്ധിച്ച്‌ ചിന്തയില്ലാത്തവരുമാണ്‌. അപ്രകാരം തന്റെ ശിഷ്യൻമാർ എളിയ ശിശുക്കളുടെതായ ഈ സവിശേഷ ഗുണങ്ങൾ വികസിപ്പിച്ചെടുക്കണമെന്ന്‌ യേശു പ്രകടമാക്കുന്നു. യേശു ഉപസംഹരിക്കുന്ന പ്രകാരം: “നിങ്ങളിൽ ഏററവും എളിയവനാണ്‌ ഏററവം വലിയവൻ.” മത്തായി 17:22-27; 18:1-5; മർക്കോസ്‌ 9:30-37; ലൂക്കോസ്‌ 9:43-48.

▪ കഫർന്നഹൂമിൽ തിരിച്ചെത്തിയപ്പോൾ എന്ത്‌ ഉപദേശമാണ്‌ യേശു ആവർത്തിക്കുന്നത്‌, അത്‌ എങ്ങനെ സ്വീകരിക്കപ്പെടുന്നു?

▪ യേശു ആലയനികുതികൊടുക്കാൻ ബാദ്ധ്യസ്ഥനല്ലാത്തത്‌ എന്തുകൊണ്ടാണ്‌, എന്നാൽ എന്തുകൊണ്ടാണ്‌ അവൻ അത്‌ കൊടുക്കുന്നത്‌?

▪ ശിഷ്യൻമാർക്കിടയിലെ തർക്കത്തിന്‌ ഇടയാക്കിയത്‌ എന്താണ്‌, യേശു എപ്രകാരമാണ്‌ അവരെ തിരുത്തുന്നത്‌?