വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“തീർച്ചയായും ഇവൻ ദൈവപുത്രനായിരുന്നു”

“തീർച്ചയായും ഇവൻ ദൈവപുത്രനായിരുന്നു”

അധ്യായം 126

“തീർച്ചയായും ഇവൻ ദൈവപുത്രനായിരുന്നു”

യേശു സ്‌തംഭത്തിൽ തറക്കപ്പെട്ട്‌ അധികം താമസിയാതെ മദ്ധ്യാഹ്നത്തോടെ മൂന്നു മണിക്കൂർ സമയത്തേക്ക്‌ അത്ഭുതകരമായി ആകാശം ഇരുണ്ടു പോകുന്നു. ഇത്‌ ഒരു സൂര്യഗ്രഹണം നിമിത്തമല്ല സംഭവിക്കുന്നത്‌ കാരണം സൂര്യഗ്രഹണം ഉണ്ടാകുന്നത്‌ പുതുചന്ദ്രന്റെ സമയത്താണ്‌. പെസഹ ആകട്ടെ പൂർണ്ണ ചന്ദ്രന്റെ ദിവസമാണ്‌. മാത്രവുമല്ല ഒരു സൂര്യഗ്രഹണം ഏതാനും മിനിററ്‌ നേരത്തേക്ക്‌ മാത്രമേയുളളു. അതുകൊണ്ട്‌ ഈ ഇരുൾ ദിവ്യ ഉത്ഭവമുളളതാണ്‌! അത്‌ യേശുവിനെ നിന്ദിച്ചുകൊണ്ടു നിന്നവരെ സ്‌തംഭിപ്പിക്കുന്നു, അവർ അത്‌ അവസാനിപ്പിക്കാൻ ഇടയാക്കുകപോലും ചെയ്യുന്നു.

ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുവൻ തന്റെ കൂട്ടുകാരനെ ശാസിക്കുകയും തന്നെ ഓർക്കണമേ എന്ന്‌ യേശുവിനോട്‌ അപേക്ഷിക്കുകയും ചെയ്‌തതിന്‌ മുമ്പാണ്‌ ഈ ഭയജനകമായ പ്രതിഭാസം ഉണ്ടായതെങ്കിൽ അത്‌ അയാളെ അനുതാപത്തിലേക്ക്‌ നയിച്ച ഒരു ഘടകമായിരുന്നിരിക്കാം. ഒരുപക്ഷേ ഈ ഇരുട്ടിന്റെ സമയത്തായിരിക്കാം യേശുവിന്റെ അമ്മയായ മറിയയും അവളുടെ സഹോദരി ശലോമയും മഗ്‌ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെ അമ്മയായ മറിയയും ദണ്ഡനസ്‌തംഭത്തിന്റെ സമീപത്തേക്ക്‌ നീങ്ങിയത്‌. യേശുവിന്റെ പ്രിയ അപ്പൊസ്‌തലനായ യോഹന്നാനും അവിടെ അവരോടൊപ്പമുണ്ടായിരുന്നു.

താൻ മുലയൂട്ടി വളർത്തിക്കൊണ്ടു വന്ന തന്റെ മകൻ കഠോര വേദനകൾ സഹിച്ചു തൂങ്ങിക്കിടക്കുന്നതു കാണുമ്പോൾ യേശുവിന്റെ അമ്മയുടെ ഹൃദയം എത്രമാത്രം ‘മുറിപ്പെട്ടിരിക്കണം!’ യേശുവാകട്ടെ സ്വന്തം വേദനയെപ്പററി ചിന്തിക്കാതെ തന്റെ അമ്മയുടെ ക്ഷേമത്തെപ്പററിയാണ്‌ ചിന്തിക്കുന്നത്‌. വലിയ ശ്രമം ചെയ്‌ത്‌ യോഹന്നാന്റെ നേരെ മുഖം തിരിച്ചുകൊണ്ട്‌ യേശു തന്റെ അമ്മയോട്‌ പറയുന്നു: “സ്‌ത്രീയെ, ഇതാ! നിന്റെ മകൻ!” എന്നിട്ട്‌ മറിയയുടെ നേരെ തിരിഞ്ഞ്‌ യോഹന്നാനോട്‌ പറയുന്നു: “ഇതാ! നിന്റെ അമ്മ!”

അങ്ങനെ യേശു വിധവയായിരിക്കുന്ന തന്റെ അമ്മയെ താൻ പ്രത്യേകാൽ സ്‌നേഹിക്കുന്ന അപ്പൊസ്‌തലനെ ഭരമേൽപ്പിക്കുന്നു. മറിയയുടെ മററ്‌ പുത്രൻമാർ അപ്പോഴും തന്നിൽ വിശ്വാസം പ്രകടമാക്കിയിട്ടില്ലാത്തതുകൊണ്ടാണ്‌ അവൻ അങ്ങനെ ചെയ്യുന്നത്‌. അങ്ങനെ തന്റെ മാതാവിന്റെ ശാരീരികാവശ്യങ്ങൾക്ക്‌ മാത്രമല്ല ആത്മീയാവശ്യങ്ങൾക്കുവേണ്ടിയും കൂടെ കരുതൽ ചെയ്‌തുകൊണ്ട്‌ യേശു ഒരു നല്ല ദൃഷ്ടാന്തം വയ്‌ക്കുന്നു.

ഉച്ചകഴിഞ്ഞ്‌ ഏതാണ്ട്‌ മൂന്നുമണിയായപ്പോൾ, “എനിക്ക്‌ ദാഹിക്കുന്നു” എന്ന്‌ യേശു പറയുന്നു. തന്റെ നിർമ്മലത പരമാവധി പരിശോധിക്കപ്പെടുന്നതിനുവേണ്ടി പിതാവ്‌ തന്നിൽ നിന്ന്‌ സംരക്ഷണം പിൻവലിച്ചതു പോലെ യേശുവിന്‌ തോന്നിപ്പോകുന്നു. അതുകൊണ്ട്‌ ഉറച്ച ശബ്ദത്തിൽ വിളിച്ചു പറയുന്നു: “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട്‌ നീ എന്നെ കൈവെടിഞ്ഞു?” ഇതു കേട്ടപ്പോൾ “നോക്കൂ! അവൻ ഏലിയാവിനെ വിളിക്കുകയാണ്‌” എന്ന്‌ സമീപത്തു നിൽക്കുന്നവർ പറയുന്നു. ഉടൻ അവരിൽ ഒരുവൻ ഓടിച്ചെന്ന്‌ ഒരു ഈസോപ്പ്‌തണ്ടിൻമേൽ സ്‌പോങ്ങ്‌ വച്ചു കെട്ടി പുളിച്ച വീഞ്ഞിൽ മുക്കി അവന്‌ കുടിക്കാൻ കൊടുക്കുന്നു. എന്നാൽ, “അതു വേണ്ട! അവനെ താഴെയിറക്കാൻ ഏലിയാവ്‌ വരുന്നോ എന്ന്‌ നമുക്കു കാണാം” എന്ന്‌ മററുളളവർ പറയുന്നു.

പുളിച്ച വീഞ്ഞ്‌ സ്വീകരിക്കുമ്പോൾ യേശു വിളിച്ചു പറയുന്നു: “അത്‌ പൂർത്തിയായിരിക്കുന്നു!” അതെ, അവന്റെ പിതാവ്‌ അവനെ എന്തിനുവേണ്ടി ഭൂമിയിലേക്ക്‌ അയച്ചുവോ അതെല്ലാം അവൻ പൂർത്തിയാക്കിയിരിക്കുന്നു. ഒടുവിൽ അവൻ പറയുന്നു: “പിതാവേ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ ഭരമേൽപ്പിക്കുന്നു.” അങ്ങനെ ദൈവം തന്റെ ജീവശക്തിയെ വീണ്ടും മടക്കിത്തരുമെന്നുളള ആത്മവിശ്വാസത്തോടെ യേശു അത്‌ ദൈവത്തെ ഭരമേൽപ്പിക്കുന്നു. എന്നിട്ട്‌ അവൻ തല ചായ്‌ച്‌ മരിക്കുന്നു.

യേശു മരിച്ച ആ നിമിഷം ശക്തമായ ഒരു ഭൂചലനം ഉണ്ടാവുകയും പാറക്കൂട്ടങ്ങൾ പിളരുകയും ചെയ്യുന്നു. ഭൂചലനം വളരെ ശക്തമായതിനാൽ യെരൂശലേം നഗരത്തിനു വെളിയിലുണ്ടായിരുന്ന സ്‌മാരകകല്ലറകൾ പൊട്ടിപിളരുകയും ശവങ്ങൾ അവയിൽ നിന്ന്‌ തെറിച്ചു പുറത്തുവീഴുകയും ചെയ്യുന്നു. അങ്ങനെ പുറത്തു വീണ ശവശരീരങ്ങൾ കണ്ട വഴിപോക്കർ ആ വിവരം നഗരത്തിൽ ചെന്ന്‌ അറിയിക്കുന്നു.

കൂടാതെ യേശു മരിക്കുന്ന നിമിഷം, ദൈവത്തിന്റെ ആലയത്തിൽ വിശുദ്ധസ്ഥലത്തെ അതിവിശുദ്ധത്തിൽ നിന്ന്‌ വേർതിരിച്ചിരുന്ന വലിയ തിരശ്ശീല മുകൾ മുതൽ അടിവരെ രണ്ടായി ചീന്തിപ്പോയി. വളരെ സുന്ദരമായ ചിത്രതയ്യലുകളുളള ഈ തിരശ്ശീലക്ക്‌ ഏതാണ്ട്‌ 18 മീററർ ഉയരവും നല്ല ഭാരവുമുണ്ട്‌! ഞെട്ടിക്കുന്ന ഈ അത്ഭുതം തന്റെ പുത്രന്റെ കൊലയാളികൾക്കെതിരെയുളള ദൈവത്തിന്റെ കോപം പ്രകടമാക്കുക മാത്രമല്ല ചെയ്‌തത്‌ മറിച്ച്‌ യേശുവിന്റെ മരണത്താൽ അതിവിശുദ്ധ സ്ഥലമായ സ്വർഗ്ഗത്തിലേക്കുളള വഴി തുറക്കപ്പെട്ടിരിക്കുന്നു എന്നും കൂടെ അത്‌ അർത്ഥമാക്കി.

കൊളളാം, ഭൂചലനം അനുഭവപ്പെടുകയും സംഭവിക്കുന്ന മററു കാര്യങ്ങൾ കാണുകയും ചെയ്‌തപ്പോൾ ആളുകൾ വളരെയധികം ഭയപ്പെട്ടു. വധശിക്ഷ നടപ്പാക്കാൻ ചുമതലപ്പെട്ടിരുന്ന സൈനികോദ്യോഗസ്ഥൻ ദൈവത്തിന്‌ മഹത്വം കൊടുക്കുന്നു. “തീർച്ചയായും ഇവൻ ദൈവപുത്രനായിരുന്നു” എന്ന്‌ അയാൾ പ്രഖ്യാപിക്കുന്നു. സാദ്ധ്യതയനുസരിച്ച്‌, പീലാത്തൊസിന്റെ മുമ്പാകെയുളള യേശുവിന്റെ വിചാരണ വേളയിൽ യേശു ദൈവപുത്രനാണെന്നുളള അവകാശവാദം ഉന്നയിച്ചപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നു. യേശു ദൈവത്തിന്റെ പുത്രനാണെന്ന്‌ ഇപ്പോൾ അയാൾക്ക്‌ ബോദ്ധ്യമായിരിക്കുന്നു, അതെ, അവൻ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യനാണ്‌.

മററുളളവരെയും ഈ അത്ഭുത സംഭവങ്ങൾ ബാധിക്കുന്നു. തങ്ങളുടെ ദുഃഖത്തിന്റെയും ലജ്ജയുടെയും അടയാളമായി മാറത്തടിച്ചുകൊണ്ട്‌ അവർ തങ്ങളുടെ ഭവനങ്ങളിലേക്ക്‌ മടങ്ങുന്നു. കുറച്ച്‌ ദൂരെമാറി ഈ ഭയാനക സംഭവങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ട്‌ ദുഃഖിതരായി യേശുവിന്റെ അനേകം ശിഷ്യൻമാരും നിൽപ്പുണ്ട്‌. അപ്പൊസ്‌തലനായ യോഹന്നാനും അവിടെ സന്നിഹിതനാണ്‌. മത്തായി 27:45-56; മർക്കോസ്‌ 15:33-41; ലൂക്കോസ്‌ 23:44-49; 2:34, 35; യോഹന്നാൻ 19:25-30.

▪ മൂന്നു മണിക്കൂർ നേരെത്തെ ഇരുൾ ഒരു സൂര്യഗ്രഹണത്തിന്റെ ഫലമായിട്ടായിരിക്കാവുന്നതല്ലാത്തതെന്തുകൊണ്ട്‌?

▪ തന്റെ മരണത്തിനു തൊട്ടുമുമ്പ്‌ വൃദ്ധമാതാപിതാക്കളുളളവർക്ക്‌ യേശു എന്തു നല്ല ദൃഷ്ടാന്തം വെച്ചു?

▪ യേശു മരിക്കുന്നതിന്‌ മുമ്പുളള അവസാനത്തെ നാലു പ്രസ്‌താവനകൾ ഏവയാണ്‌?

▪ ഭൂചലനത്തിന്റെ ഫലമായി എന്തു സംഭവിക്കുന്നു, ആലയത്തിന്റെ തിരശ്ശീല രണ്ടായി പിളർന്നു പോകുന്നത്‌ എന്തർത്ഥമാക്കുന്നു?

▪ വധശിക്ഷ നടപ്പാക്കുന്നതിന്‌ ഉത്തരവാദിയായിരുന്ന സൈനികോദ്യോഗസ്ഥൻ ഈ അത്ഭുതങ്ങളാൽ എങ്ങനെ ബാധിക്കപ്പെടുന്നു?