വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തൊഴുത്തുകളും ഇടയനും

തൊഴുത്തുകളും ഇടയനും

അധ്യായം 80

തൊഴുത്തുകളും ഇടയനും

യേശു സമർപ്പണ തിരുനാളിന്‌ അല്ലെങ്കിൽ ഹനുക്കാ തിരുനാളിന്‌ യെരൂശലേമിലേക്ക്‌ വന്നിരിക്കുന്നു. യഹോവയുടെ ആലയം പുനർസമർപ്പണം ചെയ്‌തതിന്റെ തിരുനാളാണ്‌ അത്‌. ഏതാണ്ട്‌ 200 വർഷങ്ങൾക്ക്‌ മുൻപ്‌ പൊ. യു. മു. 168-ൽ ആൻറിയോക്കസ്‌ IV എപ്പിഫാനസ്‌ യെരൂശലേം പിടിച്ചടക്കുകയും ആലയവും ബലിപീഠവും അശുദ്ധമാക്കുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും മൂന്നു വർഷങ്ങൾക്കു ശേഷം യെരൂശലേം തിരികെ പിടിക്കുകയും ആലയം പുനർസമർപ്പിക്കപ്പെടുകയും ചെയ്‌തു. അതേതുടർന്ന്‌ ആണ്ടുതോറും പുനർപ്രതിഷ്‌ഠോൽസവം ആഘോഷിച്ചു പോന്നു.

ഈ സമർപ്പണ തിരുനാൾ യഹൂദമാസമായ കിസ്‌ളേവ്‌ 25-ാം തീയതിയായിരുന്നു, അത്‌ നമ്മുടെ ആധുനികകലണ്ടറിൽ നവംബർ അവസാനത്തിലൊ ഡിസംബർ ആരംഭത്തിലൊ ആണ്‌. അതുകൊണ്ട്‌ പൊ. യു. 33-ലെ അതിപ്രധാനമായ പെസഹാ ആഘോഷത്തിന്‌ ഇനിയും നൂറിലേറെ ദിവസങ്ങളേ ശേഷിച്ചിട്ടുളളു. അപ്പോൾ തണുത്ത കാലാവസ്ഥയായതിനാൽ അപ്പൊസ്‌തലനായ യോഹന്നാൻ അതിനെ “ശീതകാലം” എന്ന്‌ വിളിക്കുന്നു.

ഇപ്പോൾ യേശു മൂന്നു തൊഴുത്തുകളെയും നല്ല ഇടയനെന്ന നിലയിൽ തന്റെ സ്ഥാനത്തെയും പരാമർശിക്കുന്ന ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു. അവൻ പറയുന്ന ആദ്യത്തെ തൊഴുത്ത്‌ മോശൈക ന്യായപ്രമാണക്രമീകരണമായി തിരിച്ചറിയിക്കപ്പെടുന്നു. ന്യായപ്രമാണം യഹൂദൻമാരെ, ദൈവവുമായി അത്തരമൊരു പ്രത്യേക നിയമബന്ധത്തിൽ വരാതിരുന്ന ജനതകളുടെ മോശമായ ആചാരങ്ങളിൽ നിന്ന്‌ അകററി നിറുത്തുന്ന ഒരു വേലിക്കെട്ടായി സേവിച്ചു. യേശു ഇപ്രകാരം വിശദീകരിക്കുന്നു: “തൊഴുത്തിലേക്ക്‌ വാതിലിലൂടെ കടക്കാതെ വേറെ വഴിയായി കടക്കുന്നവനൊക്കെയും കളളനും കവർച്ചക്കാരനും ആകുന്നു എന്ന്‌ ഏററം സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു. എന്നാൽ വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാകുന്നു.”

മററുളളവർ വന്നു തങ്ങൾ മശിഹാ അല്ലെങ്കിൽ ക്രിസ്‌തു ആണെന്ന്‌ അവകാശപ്പെട്ടിരുന്നു. എന്നാൽ അവർ യേശു തുടർന്ന്‌ ആരെപ്പററി പറയുന്നുവോ ആ ഇടയൻ ആയിരുന്നില്ല: “വാതിൽ കാവൽക്കാരൻ അവന്‌ വാതിൽ തുറന്നു കൊടുക്കുന്നു, ആടുകൾ അവന്റെ സ്വരം കേൾക്കുന്നു, അവൻ തന്റെ സ്വന്തം ആടുകളെ പേർചൊല്ലി വിളിക്കുകയും അവയെ പുറത്തേക്ക്‌ നയിക്കുകയും ചെയ്യുന്നു. . . . അവ ഒരു അപരിചിതനെ അനുഗമിക്കാത അവനെ വിട്ടു ഓടിപ്പോകുന്നു, എന്തുകൊണ്ടെന്നാൽ അവ അപരിചിതരുടെ സ്വരം അറിയുന്നില്ല.”

ആദ്യത്തെ തൊഴുത്തിന്റെ “വാതിൽ കാവൽക്കാരൻ” യോഹന്നാൻ സ്‌നാപകനായിരുന്നു. വാതിൽ കാവൽക്കാരൻ എന്ന നിലയിൽ യോഹന്നാൻ ‘വാതിൽ തുറന്നുകൊടുത്തത്‌’ യേശു മേച്ചിൽ സ്ഥലത്തേക്ക്‌ നയിക്കുമായിരുന്ന പ്രതീകാത്മക ആടുകൾക്ക്‌ അവനെ ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ടായിരുന്നു. യേശു പേർചൊല്ലി വിളിക്കുകയും നയിക്കുകയും ചെയ്യുന്ന ആ ആടുകൾക്ക്‌ കാലക്രമത്തിൽ മറെറാരു തൊഴുത്തിലേക്ക്‌ പ്രവേശനം ലഭിക്കുമായിരുന്നു. അവൻ വിശദീകരിക്കുന്നു: “ആടുകളുടെ വാതിൽ ഞാനാകുന്നു, എന്ന്‌ ഏററം സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു,” അതായത്‌ പുതിയ തൊഴുത്തിന്റെ വാതിൽ. യേശു തന്റെ ശിഷ്യൻമാരുമായി പുതിയ നിയമം ഏർപ്പെടുത്തുകയും അതിനുശേഷം വന്ന പെന്തക്കോസ്‌ത്‌ നാളിൽ സ്വർഗ്ഗത്തിൽ നിന്ന്‌ അവരുടെമേൽ പരിശുദ്ധാത്മാവിനെ പകരുകയും ചെയ്‌തപ്പോൾ അവർ ഈ പുതിയ തൊഴുത്തിലേക്ക്‌ സ്വീകരിക്കപ്പെടുന്നു.

തന്റെ പങ്ക്‌ കൂടുതലായി വിവരിച്ചുകൊണ്ട്‌ യേശു പറയുന്നു: “ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ പ്രവേശിക്കുന്നവനൊക്കെയും രക്ഷിക്കപ്പെടും, അവൻ അകത്തു വരികയും പുറത്തുപോകുകയും മേച്ചിൽ കണ്ടെത്തുകയും ചെയ്യും. . . . അവർക്ക്‌ ജീവൻ ഉണ്ടാകേണ്ടതിനും സമൃദ്ധമായി ഉണ്ടാകേണ്ടതിനും ഞാൻ വന്നിരിക്കുന്നു. . . . ഞാൻ നല്ല ഇടയനാകുന്നു, ഞാൻ എന്റെ ആടുകളെ അറിയുന്നു എന്റെ ആടുകൾ എന്നെയും അറിയുന്നു, എന്റെ പിതാവ്‌ എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെതന്നെ; എന്റെ ആടുകൾക്കുവേണ്ടി ഞാൻ എന്റെ ദേഹിയെ ഏൽപ്പിച്ചുകൊടുക്കുന്നു.”

“ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക്‌ രാജ്യം തരുന്നതിനെ പിതാവ്‌ അംഗീകരിച്ചിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട്‌ യേശു സമീപകാലത്തു തന്റെ ശിഷ്യൻമാരെ ആശ്വസിപ്പിച്ചിരുന്നു. കാലക്രമത്തിൽ 1,44,000 പേരായിത്തീരുന്ന ഈ ചെറിയ ആട്ടിൻകൂട്ടം ഈ പുതിയ രണ്ടാമത്തെ തൊഴുത്തിലേക്ക്‌ വരുന്നു. എന്നാൽ യേശു തുടർന്നു പറയുന്നു: “ഈ തൊഴുത്തിൽപ്പെടാത്ത വേറെ ആടുകൾ എനിക്കുണ്ട്‌; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു, അവ എന്റെ ശബ്ദം ശ്രവിക്കുകയും അവ ഒരു ആട്ടിൻകൂട്ടവും ഒരു ഇടയനും ആയിത്തീരുകയും ചെയ്യും.”

“വേറെ ആടുകൾ” “ഈ തൊഴുത്തിൽപ്പെടാത്തവയാകയാൽ” അവ വേറെ മൂന്നാമതൊരു തൊഴുത്തിൽപെട്ടവയായിരിക്കണം. ഒടുവിൽ പറഞ്ഞ രണ്ടു തൊഴുത്തിൽ അല്ലെങ്കിൽ ആലയിൽപെട്ടവർക്ക്‌ വ്യത്യസ്‌ത ഭാഗധേയങ്ങളാണുളളത്‌. ഒരു തൊഴുത്തിലുളള “ചെറിയ ആട്ടിൻകൂട്ടം” സ്വർഗ്ഗത്തിൽ യേശുവിനോടൊപ്പം ഭരിക്കും, മറേറ തൊഴുത്തിലുളള “വേറെ ആടുകൾ” പറുദീസാഭൂമിയിൽ ജീവിക്കും. എന്നാൽ രണ്ടു തൊഴുത്തിൽപെട്ടവയാണെങ്കിലും ആടുകൾ തമ്മിൽ അസൂയയോ വേർതിരിക്കപ്പെട്ടിരിക്കുന്നതായ തോന്നലോ ഉണ്ടായിരിക്കയില്ല, എന്തുകൊണ്ടെന്നാൽ യേശു പറയുംപ്രകാരം “അവ ഒരേ ഇടയന്റെ കീഴിൽ ഒരു ആട്ടിൻകൂട്ടമായിത്തീരും.”

നല്ല ഇടയനായ യേശു ക്രിസ്‌തു ഇരുതൊഴുത്തിലുംപെട്ട ആടുകൾക്കുവേണ്ടി തന്റെ ജീവനെ മനസ്സോടെ വച്ചുകൊടുക്കുന്നു. “ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം അത്‌ ഏൽപ്പിച്ചുകൊടുക്കുന്നു,” അവൻ പറയുന്നു. “അത്‌ ഏൽപ്പിച്ചുകൊടുക്കാൻ എനിക്ക്‌ അധികാരമുണ്ട്‌, തിരികെ സ്വീകരിക്കാനും എനിക്ക്‌ അധികാരമുണ്ട്‌. ഇതിനുളള കൽപ്പന എനിക്ക്‌ പിതാവിങ്കൽ നിന്ന്‌ ലഭിച്ചിരിക്കുന്നു.” യേശു ഇത്‌ പറയുമ്പോൾ യഹൂദൻമാർക്കിടയിൽ ഒരു ഭിന്നത ഉണ്ടാകുന്നു.

ജനക്കൂട്ടത്തിൽ കുറെ അധികമാളുകൾ പറയുന്നു: “അവനിൽ ഒരു ഭൂതമുണ്ട്‌, അവന്‌ ഭ്രാന്താണ്‌. നിങ്ങൾ എന്തിനാണ്‌ അവനെ ശ്രദ്ധിക്കുന്നത്‌?” എന്നാൽ മററുളളവർ പ്രതികരിക്കുന്നു: “ഇത്‌ ഭൂതമുളള ഒരു മമനുഷ്യന്റെ വാക്കുകളല്ല.” തുടർന്ന്‌ പ്രകടമായും രണ്ടുമാസം മുമ്പ്‌ ജൻമനാ അന്ധനായിരുന്ന ഒരു മനുഷ്യനെ അവൻ സൗഖ്യമാക്കിയതിനെ പരാമർശിച്ചുകൊണ്ട്‌ അവർ കൂട്ടിച്ചേർക്കുന്നു: “ഒരു ഭൂതത്തിന്‌ കുരുടൻമാരുടെ കണ്ണുകൾ തുറക്കാൻ കഴിയുകയില്ല, ഉവ്വോ?” യോഹന്നാൻ 10:1-22; 9:1-7; ലൂക്കോസ്‌ 12:32; വെളിപ്പാട്‌ 14:1, 3; 21:3, 4; സങ്കീർത്തനം 37:29.

▪ സമർപ്പണ തിരുനാൾ എന്താണ്‌, അത്‌ ആഘോഷിക്കപ്പെടുന്നത്‌ എപ്പോൾ?

▪ ആദ്യത്തെ തൊഴുത്ത്‌ എന്താണ്‌, ആരാണ്‌ അതിന്റെ വാതിൽസൂക്ഷിപ്പുകാരൻ?

▪ വാതിൽ കാവൽക്കാരൻ ഇടയന്‌ വാതിൽ തുറന്നുകൊടുക്കുന്നത്‌ എങ്ങനെ, പിന്നീട്‌ ആടുകൾ എന്തിലേക്ക്‌ പ്രവേശിപ്പിക്കപ്പെടുന്നു?

▪ നല്ല ഇടയന്റെ രണ്ടു തൊഴുത്തുകളിൽ ആരാണ്‌ ഉളളത്‌, അവ എത്ര ആട്ടിൻകൂട്ടങ്ങളായിത്തീരുന്നു?