വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തോട്ടത്തിലെ കഠോര വേദന

തോട്ടത്തിലെ കഠോര വേദന

അധ്യായം 117

തോട്ടത്തിലെ കഠോര വേദന

പ്രാർത്ഥന അവസാനിപ്പിച്ച ശേഷം യേശുവും അവന്റെ വിശ്വസ്‌തരായ 11 അപ്പൊസ്‌തലൻമാരും ചേർന്ന്‌ യഹോവക്ക്‌ സ്‌തുതികീർത്തനങ്ങൾ പാടുന്നു. പിന്നീട്‌ അവർ മാളിക മുറിയിൽ നിന്ന്‌ താഴെയിറങ്ങി പുറത്ത്‌ രാത്രിയുടെ ശീതളമായ അന്തരീക്ഷത്തിൽ കിദ്രോൻ താഴ്‌വര കടന്ന്‌ ബെഥനിയെ ലക്ഷ്യമാക്കി പോകുന്നു. എന്നാൽ വഴിമദ്ധ്യേ അവർക്ക്‌ പ്രിയപ്പെട്ട ഒരു സ്ഥാനത്ത്‌ ഗെത്ത്‌ശെമന തോട്ടത്തിൽ, അവർ തങ്ങുന്നു. അത്‌ ഒലിവു മലയിൽ അല്ലെങ്കിൽ അതിന്റെ സമീപത്തായിട്ടാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇവിടെ ഒലിവു വൃക്ഷങ്ങൾക്കിടയിൽ യേശു അപ്പൊസ്‌തലൻമാരോടൊപ്പം മിക്കപ്പോഴും സമ്മേളിച്ചിട്ടുണ്ട്‌.

അപ്പൊസ്‌തലൻമാരിൽ എട്ടുപേരെ ഒരുപക്ഷേ തോട്ടത്തിന്റെ പ്രവേശനത്തിങ്കൽ ആക്കിയിട്ടു യേശു അവരോട്‌ പറയുന്നു: “ഞാൻ അവിടെ മാറി പ്രാർത്ഥിച്ചു കഴിയുന്നതുവരെ നിങ്ങൾ ഇവിടെ ഇരിക്കുവിൻ.” പിന്നെ മറേറ മൂന്നുപേരെ—പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും—കൂട്ടിക്കൊണ്ട്‌ അവൻ തോട്ടത്തിന്റെ ഉളളിലേക്ക്‌ പോകുന്നു. അവൻ ദുഃഖിക്കാനും വ്യാകുലപ്പെടാനും തുടങ്ങി. “എന്റെ ദേഹി മരണത്തോളം അതീവ ദുഃഖിതമായിരിക്കുന്നു,” അവൻ അവരോട്‌ പറയുന്നു. “ഇവിടെ എന്നോടൊപ്പം ഉണർന്നിരിപ്പിൻ.”

അൽപ്പം മുമ്പോട്ട്‌ പോയി നിലത്തു കമിഴ്‌ന്നു വീണ്‌ യേശു വികാരവായ്‌പോടെ പ്രാർത്ഥിച്ചു തുടങ്ങുന്നു: “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നെ വിട്ടുപോകട്ടെ. എങ്കിലും ഞാൻ ആഗ്രഹിക്കുന്നതുപോലെയല്ല നീ ആഗ്രഹിക്കുന്നതുപോലെ തന്നെ സംഭവിക്കട്ടെ.” അവൻ എന്താണ്‌ അർത്ഥമാക്കുന്നത്‌? അവൻ മരണത്തോളം ആഴത്തിൽ ദുഃഖിതനായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? മരിച്ച്‌ മറുവില നൽകാനുളള തീരുമാനത്തിൽ നിന്ന്‌ അവൻ പിന്നോക്കം പോവുകയാണോ?

ഒരിക്കലുമല്ല! യേശു മരണത്തിൽ നിന്ന്‌ ഒഴിവാക്കപ്പെടണമെന്ന്‌ അപേക്ഷിക്കുകയല്ല. ഒരിക്കൽ പത്രോസ്‌ നിർദ്ദേശിച്ചതുപോലെ, ഒരു ബലിമരണം ഒഴിവാക്കാനുളള ചിന്ത തന്നെ അവന്‌ അങ്ങേയററം അരോചകമാണ്‌. മറിച്ച്‌, ഒരു നിന്ദ്യനായ കുററവാളിയെപ്പോലെ താൻ മരിക്കുന്നതിനാൽ തന്റെ പിതാവിന്റെ നാമത്തിൻമേൽ നിന്ദ വരുത്തിയേക്കുമോ എന്നുളള ഭയത്താൽ അവൻ അതിവേദനയിലാണ്‌. ഏതാനും മണിക്കൂറുകൾക്കുളളിൽ ഏററവും മോശപ്പെട്ട ഒരു വ്യക്തിയായി—ദൈവത്തിനെതിരെ ദൂഷണം പറയുന്നവനായി—താൻ ഒരു സ്‌തംഭത്തിൽ തൂക്കപ്പെടുമെന്ന്‌ അവൻ മനസ്സിലാക്കുന്നു! ഇതാണ്‌ അവനെ വ്യാകുലപ്പെടുത്തുന്നത്‌.

ദീർഘമായി പ്രാർത്ഥിച്ചശേഷം മടങ്ങി വരുമ്പോൾ മൂന്ന്‌ അപ്പൊസ്‌തലൻമാരും ഉറങ്ങുന്നതായി യേശു കാണുന്നു. പത്രോസിനോടായി അവൻ ചോദിക്കുന്നു: “നിങ്ങൾക്ക്‌ ഒരു മണിക്കൂർ എന്നോടുകൂടെ ഉണർന്നിരിക്കാൻ കഴിയില്ലേ? നിങ്ങൾ പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ വേണ്ടി ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പാൻ.” അവർ അനുഭവിച്ച കഠിന സമ്മർദ്ദങ്ങളും സമയം വളരെ വൈകിയിരിക്കുന്നു എന്ന വസ്‌തുതയും അംഗീകരിച്ചുകൊണ്ട്‌ അവൻ പറയുന്നു: “ആത്മാവ്‌ സന്നദ്ധമെങ്കിലും ജഡം ബലഹീനമത്രേ.”

യേശു രണ്ടാമതും പോയി “ഈ പാനപാത്രം,” അതായത്‌ അവനെ സംബന്ധിച്ചുളള യഹോവയുടെ നിയമിത ഭാഗധേയം അഥവാ ഇഷ്ടം നീങ്ങിക്കിട്ടാൻവേണ്ടി പ്രാർത്ഥിക്കുന്നു. അവൻ മടങ്ങിവരുമ്പോൾ പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻവേണ്ടി പ്രാർത്ഥിക്കുന്നതിനു പകരം അവർ മൂവരും വീണ്ടും ഉറങ്ങുന്നതായി അവൻ കാണുന്നു. യേശു അവരോട്‌ സംസാരിക്കുമ്പോൾ എന്തു മറുപടി പറയണമെന്ന്‌ അവർക്ക്‌ അറിഞ്ഞുകൂടാ.

അവസാനമായി, മൂന്നാം പ്രാവശ്യവും യേശു ഒരു കല്ലേറുദൂരം മാറിപ്പോയി മുട്ടിൻമേൽ നിന്ന്‌ ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ പ്രാർത്ഥിക്കുന്നു: “പിതാവേ, നിനക്ക്‌ ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന്‌ നീങ്ങിപ്പോകട്ടെ.” ഒരു കുററപ്പുളളിയെന്നനിലയിലുളള തന്റെ മരണം തന്റെ പിതാവിന്റെ നാമത്തിൻമേൽ നിന്ദ വരുത്തുമെന്നുളളതിൽ യേശുവിന്‌ അതിയായ വേദന അനുഭവപ്പെടുന്നു. എന്തിന്‌, ഒരു ദൈവദൂഷകനായി—ദൈവത്തെ ശപിക്കുന്ന ഒരുവനായി—കുററം വിധിക്കപ്പെടുക എന്നത്‌ അവന്‌ സഹിക്കാവുന്നതിലും അധികമാണ്‌!

എന്നിരുന്നാലും യേശു ഇങ്ങനെ പ്രാർത്ഥിക്കുന്നതിൽ തുടരുന്നു: “ഞാൻ ആഗ്രഹിക്കുന്നതുപോലെയല്ല, നീ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കട്ടെ.” യേശു അനുസരണപൂർവ്വം ദൈവത്തിന്റെ ഇഷ്ടത്തിന്‌ തന്നെത്തന്നെ കീഴ്‌പ്പെടുത്തുന്നു. അതിങ്കൽ സ്വർഗ്ഗത്തിൽ നിന്ന്‌ ഒരു ദൂതൻ പ്രത്യക്ഷനായി പ്രോൽസാഹന വാക്കുകളാൽ അവനെ ശക്തിപ്പെടുത്തുന്നു. സാദ്ധ്യതയനുസരിച്ച്‌ യേശുവിന്റെമേൽ അവന്റെ പിതാവിന്റെ അംഗീകാരത്തിന്റെതായ മന്ദസ്‌മിതമുണ്ട്‌ എന്ന്‌ ദൂതൻ അവനോട്‌ പറയുന്നു.

എന്നിരുന്നാലും യേശുവിന്റെ തോളിൽ എന്തോരു ഭാരമാണുളളത്‌! തന്റെതന്നെ നിത്യജീവനും മുഴു മനുഷ്യവർഗ്ഗത്തിന്റെയും നിത്യജീവനും ത്രാസ്സിൽ തൂങ്ങുകയാണ്‌. വൈകാരികമായ സമ്മർദ്ദം ഭയങ്കരമാണ്‌. അതുകൊണ്ട്‌ യേശു കൂടുതൽ തീവ്രമായി പ്രാർത്ഥന തുടരുന്നു, അവന്റെ വിയർപ്പ്‌ രക്തതുളളികൾപോലെ നിലത്തു വീഴുന്നു. “ഇതൊരു അസാധാരണ പ്രതിഭാസമാണെങ്കിലും . . . വളരെ തീവ്രമായ വികാരമുളള അവസ്ഥയിൽ രക്തം വിയർത്തേക്കാം” എന്ന്‌ ദി ജേർണൽ ഓഫ്‌ ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ നിരീക്ഷിക്കുന്നു.

പിന്നീട്‌ മൂന്നാം വട്ടവും യേശു തന്റെ അപ്പൊസ്‌തലൻമാരുടെ അടുക്കൽ മടങ്ങിവന്ന്‌ അവരെ വീണ്ടും ഉറങ്ങുന്നവരായി കണ്ടെത്തുന്നു. അവർ ദുഃഖം കൊണ്ടു നന്നേ തളർന്നിരിക്കുന്നു. “ഈ സമയത്താണോ നിങ്ങൾ ഉറങ്ങി ആശ്വസിക്കുന്നത്‌!” അവൻ വികാരാധീനനായി ചോദിക്കുന്നു. “മതി! ഇപ്പോൾ നാഴിക വന്നിരിക്കുന്നു! നോക്കൂ! മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏൽപ്പിക്കപ്പെടാൻ പോകുന്നു. എഴുന്നേൽപ്പിൻ നമുക്ക്‌ പോകാം. നോക്കൂ! എന്നെ ഒററിക്കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു.”

അവൻ സംസാരിക്കുമ്പോൾ തന്നെ യൂദാ ഈസ്‌കാരിയോത്ത്‌ പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമേന്തിയ ഒരു ജനക്കൂട്ടത്തോടൊപ്പം അടുത്തെത്തുന്നു. മത്തായി 26:30, 36-47; 16:21-23; മർക്കോസ്‌ 14:26, 32-43; ലൂക്കോസ്‌ 22:39-47; യോഹന്നാൻ 18:1-3; എബ്രായർ 5:7.

▪ മാളികമുറി വിട്ടശേഷം യേശു തന്റെ അപ്പൊസ്‌തലൻമാരെ എങ്ങോട്ട്‌ നയിക്കുന്നു, അവിടെ അവൻ എന്തു ചെയ്യുന്നു?

▪ യേശു പ്രാർത്ഥിക്കുമ്പോൾ അപ്പൊസ്‌തലൻമാർ എന്തു ചെയ്യുകയാണ്‌?

▪ യേശു കഠോരവേദനയിലായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ദൈവത്തോട്‌ അവൻ എന്ത്‌ അപേക്ഷ കഴിക്കുന്നു?

▪ യേശുവിന്റെ വിയർപ്പ്‌ രക്തതുളളികൾപോലെ ആയിത്തീരുന്നതിനാൽ എന്തു സൂചിപ്പിക്കപ്പെടുന്നു?