ദുരിതമനുഭവിക്കുന്നവരോടുളള സഹാനുഭൂതി
അധ്യായം 57
ദുരിതമനുഭവിക്കുന്നവരോടുളള സഹാനുഭൂതി
തങ്ങൾക്ക് മാത്രം പ്രയോജനം ചെയ്യുന്ന അവരുടെ പാരമ്പര്യങ്ങളെക്കുറിച്ച് പരീശൻമാരെ അപലപിച്ച ശേഷം യേശു തന്റെ ശിഷ്യൻമാരോടൊപ്പം അവിടം വിട്ടുപോകുന്നു. നിങ്ങൾക്ക് ഒരുപക്ഷേ ഓർമ്മിക്കാൻ കഴിയുന്നതുപോലെ, ശിഷ്യൻമാരെ കൂട്ടിക്കൊണ്ടുപോയി അൽപ്പം വിശ്രമിക്കാനുളള അവന്റെ ശ്രമം ജനക്കൂട്ടം അവരെ തിരഞ്ഞുപിടിച്ചപ്പോൾ തടസ്സപ്പെട്ടത് ഏറെ നാൾ മുമ്പായിരുന്നില്ല. ഇപ്പോൾ ശിഷ്യൻമാരോടൊപ്പം അവൻ വടക്ക് അനേകം മൈലുകൾ അകലെ സോരിന്റെയും സീദോന്റെയും പ്രദേശത്തേക്ക് പോകുന്നു. പ്രത്യക്ഷത്തിൽ, ഇസ്രായേലിന്റെ അതിർത്തിക്കപ്പുറത്തേക്ക് യേശു ശിഷ്യൻമാരോടൊപ്പം നടത്തുന്ന ഏക യാത്രയാണിത്.
പാർക്കാൻ ഒരു വീട് കണ്ടുപിടിച്ച ശേഷം തങ്ങൾ എവിടെയാണെന്ന് ആരും അറിയാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് യേശു വ്യക്തമാക്കി. എന്നാൽ ഈ ഇസ്രായേല്യേതര പ്രദേശത്തുപോലും അവന് ജനശ്രദ്ധയിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ കഴിയുന്നില്ല. സിറിയയിലെ ഫൊയ്‌നീക്ക്യയിൽ ജനിച്ച ഗ്രീസ്സുകാരിയായ ഒരു സ്‌ത്രീ അവനെ കണ്ടെത്തുകയും അവനോട് ഇപ്രകാരം യാചിച്ചു തടങ്ങുകയും ചെയ്യുന്നു: “ദാവീദിന്റെ പുത്രാ, കർത്താവേ, എന്നോട് കരുണ തോന്നേണമേ. എന്റെ മകൾക്ക് ഭൂതോപദ്രവം കഠിനമായിരിക്കുന്നു.” എന്നാൽ യേശു മറുപടിയായി ഒരു വാക്കുപോലും പറയുന്നില്ല.
ഒടുവിൽ അവന്റെ ശിഷ്യൻമാർ യേശുവിനോട് ഇപ്രകാരം പറയുന്നു: “അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നതിനാൽ അവളെ പറഞ്ഞയക്കേണമേ.” അവളെ അവഗണിച്ചതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് യേശു പറയുന്നു: “ഇസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആളുകളുടെ അടുക്കലേക്കല്ലാതെ ആരുടെ അടുത്തേക്കും ഞാൻ അയക്കപ്പെട്ടിട്ടില്ല.”
എന്നിരുന്നാലും ആ സ്‌ത്രീ തന്റെ ശ്രമം ഉപേക്ഷിച്ചു കളയുന്നില്ല. അവൾ യേശുവിനെ സമീപിച്ചു അവന്റെ മുമ്പാകെ കവിഴ്‌ന്നു വീഴുന്നു. “കർത്താവേ, എന്നെ സഹായിക്കണമേ!” എന്ന് അവൾ യാചിക്കുന്നു.
ആ സ്‌ത്രീയുടെ ആത്മാർത്ഥമായ അഭ്യർത്ഥന യേശുവിന്റെ ഹൃദയത്തെ എത്രമാത്രം സ്‌പർശിച്ചിരിക്കണം! എന്നിട്ടും ദൈവജനമായ ഇസ്രായേലിന് ശുശ്രൂഷ ചെയ്യാനുളള തന്റെ പ്രമുഖ ഉത്തരവാദിത്തം യേശു വീണ്ടും ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രത്യക്ഷത്തിൽ അവളുടെ വിശ്വാസത്തെ പരീക്ഷിക്കാൻ വേണ്ടി മററു ജനതകളെ സംബന്ധിച്ച് യഹൂദൻമാർക്കുളള മുൻവിധിയോടെയുളള വീക്ഷണം ഉപയോഗിച്ചുകൊണ്ട് യേശു ഇപ്രകാരം വാദിക്കുന്നു: “മക്കളുടെ അപ്പമെടുത്ത് നായ്‌ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നത് ഉചിതമല്ല.”
സഹാനുഭൂതി പ്രകടമാക്കുന്ന തന്റെ സ്വരവും മുഖഭാവവുംകൊണ്ട് യഹൂദേതരരോടുളള തന്റെ ആർദ്ര വികാരങ്ങൾ യേശു തീർച്ചയായും വെളിപ്പെടുത്തുന്നു. കൊച്ചു നായ്‌ക്കൾ അല്ലെങ്കിൽ നായ്‌ക്കുട്ടികൾ എന്ന പദം ഉപയോഗിച്ചുകൊണ്ട് വിജാതീയരെ നായ്‌ക്കളോട് താരതമ്യം ചെയ്യുന്നതിനെ അവൻ മയപ്പെടുത്തുകപോലും ചെയ്യുന്നു. മുഷിവ് തോന്നാതെ, യഹൂദ മുൻവിധികളെ സംബന്ധിച്ചുളള യേശുവിന്റെ പരാമർശനം പ്രയോജനപ്പെടുത്തിക്കൊണ്ട് താഴ്‌മയോടെ അവൾ പറയുന്നു: “അതെ, കർത്താവേ; എന്നാൽ വാസ്‌തവത്തിൽ നായ്‌ക്കുട്ടികളും തങ്ങളുടെ യജമാനൻമാരുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ.”
മറുപടിയായി യേശു പറയുന്നു: “സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാകുന്നു, നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് സംഭവിക്കട്ടെ.” അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു! അവൾ വീട്ടിൽ മടങ്ങിയെത്തുമ്പോൾ തന്റെ മകളെ കിടക്കയിൽ പൂർണ്ണ സുഖം പ്രാപിച്ചവളായി കണ്ടെത്തുന്നു.
തീരപ്രദേശമായ സീദോനിൽനിന്ന് യേശുവും ശിഷ്യൻമാരും ഗലീലാക്കടലിന് സമീപമുളള മലകളിലേക്ക് പോകുന്നു. ഗലീലാക്കടലിന് മുകൾഭാഗത്ത് എവിടെയോ അവർ യോർദ്ദാൻ നദി കടന്ന് കടലിന് കിഴക്കുളള ദെക്കപ്പൊലി പ്രദേശത്ത് ചെന്നെത്തുന്നു. അവിടെ അവർ ഒരു മലയിൽ കയറിയെങ്കിലും ജനക്കൂട്ടം അവരെ കണ്ടെത്തുകയും മുടന്തർ, അംഗവൈകല്യമുളളവർ, അന്ധർ, ഊമർ, മററു രോഗങ്ങളുളളവർ എന്നിവരെ യേശുവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്യുന്നു. അവർ അവരെ യേശുവിന്റെ കാൽക്കൽ കൊണ്ടുവന്നു വയ്‌ക്കുകയും യേശു അവരെയെല്ലാം സൗഖ്യമാക്കുകയും ചെയ്യുന്നു. ഊമൻമാർ സംസാരിക്കുകയും മുടന്തർ നടക്കുകയും അന്ധർ കാഴ്‌ചപ്രാപിക്കുകയും ചെയ്യുന്നതു കാണുമ്പോൾ ജനക്കൂട്ടം ആശ്ചര്യപ്പെടുകയും ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ കേൾക്കാൻ കഴിയാത്തവനും സംസാരിക്കാൻ നന്നാ ബുദ്ധിമുട്ടുന്നവനുമായ ഒരുവന് യേശു പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. കേൾവിയില്ലാത്തവർ മിക്കപ്പോഴും പെട്ടെന്ന് അന്ധാളിച്ചു പോകുന്നു, പ്രത്യേകിച്ചും ഒരു ജനക്കൂട്ടത്തിൻ മദ്ധ്യേ. അയാളുടെ അസ്വസ്ഥത യേശു നിരീക്ഷിച്ചിരിക്കണം. അതുകൊണ്ട് യേശു ദയാപൂർവ്വം അയാളെ ജനക്കൂട്ടത്തിനിടയിൽ നിന്നും സ്വകാര്യമായി വിളിച്ചു മാററി നിർത്തുന്നു. അവർ തനിയെയായിരിക്കുമ്പോൾ അയാൾക്കുവേണ്ടി താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് യേശു സൂചിപ്പിക്കുന്നു. അവൻ അയാളുടെ ചെവിയിൽ വിരൽ ഇടുകയും തുപ്പിയശേഷം അയാളുടെ നാവിൽ സ്‌പർശിക്കുകയും ചെയ്യുന്നു. അതിനുശേഷം സ്വർഗ്ഗത്തേക്കു നോക്കിനെടുവീർപ്പിട്ടിട്ട് “തുറന്നു വരിക” എന്ന് പറയുന്നു. അതിങ്കൽ ആ മമനുഷ്യന്റെ ചെവി തുറന്നു അയാൾക്ക് സാധാരണരീതിയിൽ സംസാരിക്കാനും കഴിഞ്ഞു.
യേശു ഈ സൗഖ്യമാക്കലുകൾ നടത്തിയപ്പോൾ ജനക്കൂട്ടം വിലമതിപ്പ് പ്രകടമാക്കിക്കൊണ്ട് പ്രതികരിക്കുന്നു. “അവൻ എല്ലാം നന്നായി ചെയ്‌തിരിക്കുന്നു. അവൻ ചെകിടരെ കേൾക്കുമാറാക്കുകയും ഊമരെ സംസാരിക്കുമാറാക്കുകയും ചെയ്യുന്നു” എന്ന് അവർ പറയുന്നു. മത്തായി 15:21-31; മർക്കോസ് 7:24-37.
▪ യേശു ഗ്രീക്ക് സ്‌ത്രീയുടെ കുട്ടിയെ ഉടനടി സൗഖ്യമാക്കാഞ്ഞത് എന്തുകൊണ്ടാണ്?
▪ അതിനുശേഷം യേശു തന്റെ ശിഷ്യൻമാരെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടു പോകുന്നത്?
▪ സംസാരപ്രാപ്‌തിയില്ലാത്ത ചെകിടരോട് യേശു എപ്രകാരമാണ് സഹാനുഭൂതിയോടെ പെരുമാറുന്നത്?