ദൃഷ്‌ടാന്തങ്ങളാൽ പഠിപ്പിക്കുന്നു
അധ്യായം 43
ദൃഷ്‌ടാന്തങ്ങളാൽ പഠിപ്പിക്കുന്നു
യേശു പരീശൻമാരെ ശാസിക്കുമ്പോൾ പ്രത്യക്ഷത്തിൽ അവൻ കഫർന്നഹൂമിൽ ആണ്. അവൻ അതേദിവസം പിന്നീട് വീടുവിട്ട് അടുത്തുളള ഗലീലാ കടൽക്കരയിലേക്ക് നടക്കുന്നു, അവിടെ ജനക്കൂട്ടങ്ങൾ തടിച്ചുകൂടുന്നു. അവിടെ അവൻ ഒരു പടകിൽ കയറി തുഴഞ്ഞുനീക്കിയശേഷം കരയിലുളള ആളുകളെ സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാൻ തുടങ്ങുന്നു. അവൻ ഉപമകളുടെ അഥവാ ദൃഷ്‌ടാന്തങ്ങളുടെ ഒരു പരമ്പര ഉപയോഗിച്ചുകൊണ്ട് പഠിപ്പിക്കുന്നു, ഓരോന്നിനും ആളുകൾക്ക് സുപരിചിതമായ ഒരു രംഗവിധാനമാണുണ്ടായിരുന്നത്.
ആദ്യമായി യേശു വിത്തു വിതക്കുന്ന ഒരു വിതക്കാരനെക്കുറിച്ചു പറയുന്നു. ചില വിത്തുകൾ വഴിയരികിൽ വീഴുകയും പക്ഷികൾ അവയെ കൊത്തിത്തിന്നുകയും ചെയ്യുന്നു. മററു ചില വിത്തുകൾ പാറമേലുളള മണ്ണിൽ വീഴുന്നു. വേരുകൾക്ക് ആഴം കുറവാകയാൽ പുതിയ ചെടികൾ പൊളളിക്കുന്ന വെയിലിൽ ഉണങ്ങിപ്പോകുന്നു. ഇനിയും മററു ചില വിത്തുകൾ മുളളുകൾക്കിടയിൽ വീഴുന്നു. ചെടികൾ വളർന്നു വന്നപ്പോൾ മുളളുകൾ അവയെ ഞെരുക്കിക്കളയുന്നു. ഒടുവിൽ ചില വിത്തുകൾ നല്ല നിലത്തു വീഴുകയും നൂറുമേനിയും ഏതാനും അറുപതുമേനിയും ഏതാനും മുപ്പതുമേനിയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.
മറെറാരു ദൃഷ്‌ടാന്തത്തിൽ യേശു ദൈവരാജ്യം ഒരു മനുഷ്യൻ വിത്തുവിതച്ചതുപോലെയാണെന്നു പറയുന്നു. ദിവസങ്ങൾ കഴിയവേ ആ മനുഷ്യൻ ഉറങ്ങുകയും ഉണരുകയും ചെയ്യുമ്പോൾ വിത്തു വളരുന്നു. എപ്രകാരമെന്ന് ആ മനുഷ്യൻ അറിയുന്നില്ല. അതു സ്വയം വളരുകയും ധാന്യം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ധാന്യം വിളയുമ്പോൾ ആ മനുഷ്യൻ അതു കൊയ്യുന്നു.
യേശു മൂന്നാമത്, ഒരു മനുഷ്യൻ ശരിയായ ഇനം വിത്തു വിതക്കുന്നുവെങ്കിലും “അയാൾ ഉറങ്ങുമ്പോൾ” ഒരു ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതക്കുന്നതായ ഒരു ദൃഷ്‌ടാന്തം പറയുന്നു. ആ മമനുഷ്യന്റെ ദാസൻമാർ കളകൾ പറിച്ചുമാററട്ടെ എന്ന് ചോദിക്കുന്നു. എന്നാൽ അവൻ ഉത്തരം പറയുന്നു: ‘വേണ്ട, നിങ്ങൾ അങ്ങനെ ചെയ്‌താൽ ഗോതമ്പിൽ കുറേ പിഴുതുകളയും. കൊയ്‌ത്തോളം രണ്ടും ഒരുമിച്ചു വളരട്ടെ. അപ്പോൾ ഞാൻ കൊയ്‌ത്തുകാരോട് കളകൾ വേർതിരിച്ച് ചുട്ടുകളയുന്നതിനും ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുന്നതിനും പറയും.’
കടൽക്കരയിലെ ജനക്കൂട്ടത്തോടു സംസാരം തുടർന്നുകൊണ്ട് യേശു രണ്ടു ദൃഷ്‌ടാന്തങ്ങൾകൂടി പറയുന്നു. അവൻ ഇപ്രകാരം വിശദീകരിക്കുന്നു, “സ്വർഗ്ഗരാജ്യം” ഒരു മനുഷ്യൻ നടുന്ന കടുകുമണിയോടു സദൃശമാകുന്നു. അത് എല്ലാ വിത്തുകളിലും വെച്ച് ഏററം ചെറുതാണെങ്കിലും അത് എല്ലാ സസ്യങ്ങളേക്കാളും വലുതായി വളരുന്നു. അത് ഒരു വൃക്ഷമായിത്തീരുകയും അതിലേക്ക് പക്ഷികൾ വരികയും അതിന്റെ ശിഖരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നു.
ഇന്നു ചിലർ കടുകുമണിയേക്കാൾ ചെറിയ വിത്തുകൾ ഉണ്ടെന്നു പറഞ്ഞുകൊണ്ട് എതിർത്തേക്കാം. എന്നാൽ യേശു ഒരു സസ്യശാസ്‌ത്രത്തിന്റെ ക്ലാസ്സെടുക്കുകയല്ല. യഥാർത്ഥത്തിൽ തന്റെ നാളിലെ ഗലീലക്കാർക്കു പരിചയമുണ്ടായിരുന്ന വിത്തുകളിൽ കടുകുമണിയായിരുന്നു ഏററം ചെറുത്. അതുകൊണ്ട് അവർ യേശു ദൃഷ്‌ടാന്തീകരിച്ച അസാധാരണ വളർച്ചയുടെ സംഗതി വിലമതിക്കുന്നു.
അവസാനമായി, യേശു “സ്വർഗ്ഗരാജ്യ”ത്തെ ഒരു സ്‌ത്രീ എടുത്ത് മൂന്നു വലിയ അളവ് മാവിന്റെ കൂടെ ചേർക്കുന്ന പുളിച്ച മാവിനോടു ഉപമിക്കുന്നു. ക്രമേണ അത് കുഴച്ച മാവ് മുഴുവനും പുളിപ്പിക്കുന്നു എന്ന് അവൻ പറയുന്നു.
ഈ അഞ്ചു ദൃഷ്‌ടാന്തങ്ങളും പറഞ്ഞശേഷം യേശു ജനക്കൂട്ടത്തെ പറഞ്ഞു വിടുകയും അവൻ താമസിച്ചുകൊണ്ടിരുന്ന വീട്ടിലേക്കു മടങ്ങിപ്പോകയും ചെയ്യുന്നു. പെട്ടെന്ന് അവന്റെ 12 അപ്പൊസ്‌തലൻമാരും മററു ശിഷ്യൻമാരും അവിടെ അവന്റെ അടുക്കൽ വരുന്നു.
യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽനിന്ന് പ്രയോജനമനുഭവിക്കൽ
കടൽത്തീരത്തെ ജനക്കൂട്ടത്തോടുളള യേശുവിന്റെ പ്രസംഗത്തിനുശേഷം ശിഷ്യൻമാർ അവന്റെ അടുക്കൽ വരുമ്പോൾ അവന്റെ പുതിയ പഠിപ്പിക്കൽ രീതിയിൽ അവർ ജിജ്ഞാസുക്കളാണ്. മുമ്പ് അവൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നത് അവർ കേട്ടിട്ടുണ്ട്, എന്നാൽ ഒരിക്കലും ഇത്ര വിപുലമായിരുന്നിട്ടില്ല. അതുകൊണ്ട് “നീ അവരോട് ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കുന്നതെന്തുകൊണ്ട്?” എന്ന് അവർ ചോദിക്കുന്നു.
അവൻ അങ്ങനെ ചെയ്യുന്നതിന്റെ ഒരു കാരണം പ്രവാചകൻമാരുടെ വാക്കുകൾ നിവർത്തിക്കുകയെന്നതാണ്: “ഞാൻ ദൃഷ്ടാന്തങ്ങളോടെ എന്റെ വായ് തുറക്കും, ലോകസ്ഥാപനം മുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രസിദ്ധമാക്കും.” എന്നാൽ അതു സംബന്ധിച്ച് അതിൽ കൂടുതൽ ഉണ്ട്. അവന്റെ ദൃഷ്ടാന്തങ്ങളുടെ ഉപയോഗം ആളുകളുടെ ഹൃദയഭാവം വെളിപ്പെടുത്താൻ സഹായിക്കുകയെന്ന ഉദ്ദേശ്യത്തിന് ഉതകുന്നു.
യഥാർത്ഥത്തിൽ, മിക്കവരും കേവലം ഒരു വിദഗ്‌ദ്ധ കാഥികനും അല്ലെങ്കിൽ അത്ഭുതപ്രവർത്തകനും എന്ന നിലയിലാണ് അവനിൽ തല്‌പരരായത്, കർത്താവ് എന്ന നിലയിൽ സേവിക്കപ്പെടുകയോ നിസ്വാർത്ഥമായി അനുഗമിക്കപ്പെടുകയോ ചെയ്യേണ്ടവനായിട്ടല്ല. അവർ തങ്ങളുടെ വീക്ഷണങ്ങൾ സംബന്ധിച്ചോ ജീവിതരീതി സംബന്ധിച്ചോ ശല്യപ്പെടുത്തപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവന്റെ സന്ദേശം അത്രത്തോളം തുളച്ചുകടക്കാൻ അവർ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട് യേശു പറയുന്നു: “ഇക്കാരണത്താലാണ് ഞാൻ ദൃഷ്ടാന്തങ്ങളുടെ ഉപയോഗത്താൽ അവരോടു സംസാരിക്കുന്നത്, എന്തുകൊണ്ടെന്നാൽ നോക്കിയിട്ടും അവർ വ്യർത്ഥമായി നോക്കുന്നു, കേട്ടിട്ടും അവർ വ്യർത്ഥമായി കേൾക്കുന്നു, അവർ അതിന്റെ അർത്ഥവും ഗ്രഹിക്കുന്നില്ല; അവരിൽ യെശയ്യാവിന്റെ പ്രവചനം നിവൃത്തിയേറുന്നു, അതിങ്ങനെ പറയുന്നു, ‘. . . എന്തെന്നാൽ ഈ ജനത്തിന്റെ ഹൃദയം സ്വീകാരക്ഷമമല്ലാതായിത്തീർന്നിരിക്കുന്നു.’”
യേശു തുടരുന്നു: “എന്നിരുന്നാലും, നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ട് അവയും നിങ്ങളുടെ ചെവികൾ കേൾക്കുന്നതുകൊണ്ട് അവയും സന്തുഷ്ടമാകുന്നു. എന്തെന്നാൽ ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, നിങ്ങൾ കാണുന്ന കാര്യങ്ങൾ കാണാൻ അനേകം പ്രവാചകൻമാരും നീതിമാൻമാരും ആഗ്രഹിച്ചിരുന്നു, എന്നാൽ അവ കണ്ടില്ല; നിങ്ങൾ കേൾക്കുന്ന കാര്യങ്ങൾ കേൾക്കാനും ആഗ്രഹിച്ചിരുന്നു, എന്നാൽ അവ കേട്ടില്ല.”
അതെ, 12 അപ്പൊസ്‌തലൻമാർക്കും അവരോടുകൂടെയുണ്ടായിരുന്നവർക്കും സ്വീകാരക്ഷമമായ ഹൃദയങ്ങളുണ്ട്. അതുകൊണ്ട് യേശു പറയുന്നു: “സ്വർഗ്ഗരാജ്യത്തിന്റെ പാവനരഹസ്യങ്ങൾ ഗ്രഹിക്കാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു, എന്നാൽ ആ ആളുകൾക്ക് അതു ലഭിച്ചിട്ടില്ല.” ഗ്രാഹ്യത്തിനുവേണ്ടിയുളള ശിഷ്യൻമാരുടെ ആഗ്രഹം നിമിത്തം യേശു വിതക്കാരന്റെ ദൃഷ്ടാന്തത്തിന്റെ ഒരു വിശദീകരണം അവർക്കു കൊടുക്കുന്നു.
“വിത്ത് ദൈവവചനം ആകുന്നു”വെന്നും മണ്ണ് ഹൃദയമാകുന്നുവെന്നും യേശു പറയുന്നു. വഴിയരികിലെ ഉറച്ച പ്രതലത്തിൽ വിതക്കപ്പെട്ട വിത്തിനെക്കുറിച്ച് അവൻ ഇങ്ങനെ വിശദീകരിക്കുന്നു: “അവർ വിശ്വസിക്കയും രക്ഷിക്കപ്പെടുകയും ചെയ്യാതിരിക്കേണ്ടതിന് പിശാച് വന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.”
മറിച്ച്, അടിയിൽ പാറയുളള മണ്ണിൽ വിതക്കപ്പെട്ട വിത്ത് സന്തോഷത്തോടെ വചനം സ്വീകരിക്കുന്ന ആളുകളുടെ ഹൃദയങ്ങളെ പരാമർശിക്കുന്നു. എന്നിരുന്നാലും, അങ്ങനെയുളള ഹൃദയങ്ങളിൽ, വചനത്തിന് ആഴത്തിൽ വേരിറക്കാൻ കഴിയാത്തതുകൊണ്ട് പരിശോധനയുടെയോ പീഡനത്തിന്റെയോ സമയം വരുമ്പോൾ ആ ആളുകൾ വീണുപോകുന്നു.
മുളളിനിടയിൽ വീണ വിത്തിനെ സംബന്ധിച്ചാണെങ്കിൽ, അത് വചനം കേട്ടിരിക്കുന്ന ആളുകളെ പരാമർശിക്കുന്നു, എന്ന് യേശു തുടരുന്നു. എന്നിരുന്നാലും, ഈ ആളുകൾ ഉത്‌ക്കണ്‌ഠകളാലും ധനത്താലും ഈ ജീവിതത്തിലെ ഉല്ലാസങ്ങളാലും ആകർഷിക്കപ്പെടുന്നു. തന്നിമിത്തം അവർ പൂർണ്ണമായി ഞെരുക്കപ്പെട്ട് യാതൊന്നും പൂർത്തിയാക്കുന്നില്ല.
ഒടുവിൽ, നല്ല മണ്ണിൽ വിതക്കപ്പെട്ട വിത്തിനെ സംബന്ധിച്ചാണെങ്കിൽ, അവ മേത്തരവും നല്ലതുമായ ഒരു ഹൃദയത്തോടെ വചനം കേട്ടശേഷം അതു പിടിച്ചുകൊളളുകയും സഹിഷ്‌ണുതയോടെ ഫലം കായിക്കുകയും ചെയ്യുന്നവരാണ് എന്ന് യേശു പറയുന്നു.
യേശുവിന്റെ പഠിപ്പിക്കലുകളുടെ ഒരു വിശദീകരണം ലഭിക്കാൻ ശ്രമിച്ച ആ ശിഷ്യൻമാർ എത്ര അനുഗൃഹീതരാണ്! മററുളളവർക്ക് സത്യം പ്രദാനംചെയ്യാൻ തന്റെ ദൃഷ്ടാന്തങ്ങൾ മനസ്സിലാക്കപ്പെടണമെന്ന് യേശു ഉദ്ദേശിക്കുന്നു. “ഒരു വിളക്ക് ഒരു പറയിൻകീഴിലോ കട്ടിലിൻകീഴിലോ വെക്കാൻ കൊണ്ടുവരുന്നില്ല, ഉണ്ടോ?” അവൻ ചോദിക്കുന്നു. ഇല്ല, “ഒരു വിളക്കുതണ്ടിൻമേൽ വെക്കാനാണ് അതു കൊണ്ടുവരപ്പെടുന്നത്.” അങ്ങനെ, യേശു കൂട്ടിച്ചേർക്കുന്നു: “അതുകൊണ്ട് നിങ്ങൾ എങ്ങനെ കേൾക്കുന്നുവെന്ന് ശ്രദ്ധിക്കുക.”
കൂടുതൽ പ്രബോധനത്താൽ അനുഗ്രഹിക്കപ്പെടുന്നു
ശിഷ്യൻമാർക്ക് വിതക്കാരന്റെ ദൃഷ്ടാന്തത്തിന്റെ ഒരു വിശദീകരണം കിട്ടിക്കഴിഞ്ഞപ്പോൾ അവർ കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നു. “വയലിലെ കളകളുടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരേണമേ” എന്ന് അവർ അപേക്ഷിക്കുന്നു.
ശിഷ്യൻമാരുടെ മനോഭാവം കടൽത്തീരത്തെ ശേഷിച്ച ജനക്കൂട്ടത്തിന്റേതിൽനിന്ന് എത്ര വ്യത്യസ്‌തം! ദൃഷ്ടാന്തങ്ങളിൽ വിവരിക്കപ്പെട്ടിരുന്ന കാര്യങ്ങളുടെ ബാഹ്യരൂപത്തിൽമാത്രം തൃപ്‌തിപ്പെടുകയാൽ ദൃഷ്ടാന്തങ്ങൾക്കു പിന്നിലെ അർത്ഥം മനസ്സിലാക്കാനുളള ഒരു ആത്മാർത്ഥമായ ആഗ്രഹം ആ ആളുകൾക്കില്ലായിരുന്നു. ആ കടൽത്തീരത്തെ സദസ്സും ജിജ്ഞാസുക്കളായ തന്റെ ശിഷ്യൻമാരുമായുളള വ്യത്യാസം കാണിച്ചുകൊണ്ട് യേശു പറയുന്നു:
“നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽ നിങ്ങൾക്ക് അളന്നുകിട്ടും, അതെ, നിങ്ങൾക്കു കൂടുതൽ കൂട്ടപ്പെടും.” ശിഷ്യൻമാർ യേശുവിന് ആത്‌മാർത്ഥമായ താല്‌പര്യവും ശ്രദ്ധയും അളന്നുകൊടുക്കുന്നു, തന്നിമിത്തം കൂടുതൽ പ്രബോധനത്താൽ അവർ അനുഗ്രഹിക്കപ്പെടുന്നു. അങ്ങനെ, തന്റെ ശിഷ്യൻമാരുടെ അന്വേഷണത്തിന് ഉത്തരമായി യേശു വിശദീകരിക്കുന്നു:
“നല്ല വിത്തിന്റെ വിതക്കാരൻ മനുഷ്യപുത്രനാണ്; വയൽ ലോകമാണ്; നല്ല വിത്തിനെ സംബന്ധിച്ചാണെങ്കിൽ, അവ രാജ്യത്തിന്റെ പുത്രൻമാരാണ്; എന്നാൽ കളകൾ ദുഷ്‌ടന്റെ പുത്രൻമാരാണ്, അവ വിതച്ച ശത്രു പിശാചാണ്. കൊയ്‌ത്ത് ഒരു വ്യവസ്ഥിതിയുടെ സമാപനമാണ്, കൊയ്‌ത്തുകാർ ദൂതൻമാരാണ്.”
തന്റെ ദൃഷ്‌ടാന്തത്തിന്റെ ഓരോ വശത്തെയും തിരിച്ചറിയിച്ചശേഷം യേശു ഫലം വർണ്ണിക്കുന്നു. അവൻ പറയുന്നപ്രകാരം വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ “കൊയ്‌ത്തുകാർ” അഥവാ ദൂതൻമാർ യഥാർത്ഥ “രാജ്യത്തിന്റെ പുത്രൻമാരിൽ”നിന്ന് കളതുല്യരായ കൃത്രിമക്രിസ്‌ത്യാനികളെ വേർതിരിക്കും. പിന്നീട് “ദുഷ്ടന്റെ പുത്രൻമാർ” നാശത്തിനുവേണ്ടി അടയാളമിടപ്പെടും, എന്നാൽ ദൈവരാജ്യത്തിന്റെ പുത്രൻമാരായ “നീതിമാൻമാർ” തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ ഉജ്ജ്വലമായി തിളങ്ങും.
യേശു പിന്നീട് ജിജ്ഞാസുക്കളായ തന്റെ ശിഷ്യൻമാരെ മൂന്നു ദൃഷ്‌ടാന്തങ്ങൾകൂടെ പറഞ്ഞ് അനുഗ്രഹിക്കുന്നു. ആദ്യമായി അവൻ പറയുന്നു: “സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ചിരുന്ന ഒരു നിധി പോലെയാണ്, അത് ഒരു മനുഷ്യൻ കണ്ട് ഒളിച്ചുവെച്ചു; തനിക്കുളള സന്തോഷത്താൽ അവൻ പോകുകയും തനിക്കുളള വകകൾ വിററ് ആ വയൽ വാങ്ങുകയും ചെയ്യുന്നു.”
അവൻ തുടരുന്നു: “വീണ്ടും സ്വർഗ്ഗരാജ്യം നല്ല മുത്തുകൾ അന്വേഷിക്കുന്ന ഒരു സഞ്ചാരവ്യാപാരിയെപ്പോലെയാണ്. ഉയർന്ന വിലയുളള ഒരു മുത്തു കണ്ടപ്പോൾ അയാൾ പോയി തനിക്കുണ്ടായിരുന്ന വസ്‌തുക്കളെല്ലാം വിററ് അതു വാങ്ങി.”
യേശുതന്നെ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന മനുഷ്യനെപ്പോലെയും ഉയർന്നവിലയുളള ഒരു മുത്തു കണ്ടെത്തുന്ന വ്യാപാരിയെപ്പോലെയുമാണ്. അവൻ സ്വർഗ്ഗത്തിലെ ബഹുമാന്യപദവി വിട്ട് ഒരു താണ മനുഷ്യനായിത്തീർന്നുകൊണ്ട് തനിക്കുളളതെല്ലാം വിററു. അനന്തരം ഭൂമിയിലെ ഒരു മനുഷ്യനെന്ന നിലയിൽ അവൻ നിന്ദയും ദ്വേഷപൂർവകമായ പീഡനവും സഹിക്കുകയും ദൈവരാജ്യത്തിന്റെ ഭരണാധികാരിയായിത്തീരാൻ യോഗ്യനെന്നു തെളിയിക്കുകയും ചെയ്യുന്നു.
ഒന്നുകിൽ ക്രിസ്‌തുവിനോടുകൂടെ സഹഭരണാധിപനോ അല്ലെങ്കിൽ ഒരു ഭൗമികരാജ്യപ്രജയോ ആയിരിക്കുന്ന മഹത്തായ പദവി ലഭിക്കാൻ സകലവും വിൽക്കുന്നതിനുളള വെല്ലുവിളി യേശുവിന്റെ ശിഷ്യൻമാരുടെ മുമ്പാകെയും വെക്കപ്പെട്ടിരിക്കുന്നു. നാം ദൈവരാജ്യത്തിൽ ഒരു പങ്കുലഭിക്കുന്നത് ഒരു വിലതീരാത്ത നിധിയോ ഒരു വിലപ്പെട്ട മുത്തോ പോലെ വിലയേറിയതായി പരിഗണിക്കുമോ?
ഒടുവിൽ, യേശു “സ്വർഗ്ഗരാജ്യ”ത്തെ സകല തരം മത്സ്യങ്ങളെയും ശേഖരിക്കുന്ന ഒരു കോരുവലയോട് ഉപമിക്കുന്നു. മത്സ്യങ്ങൾ വേർതിരിക്കപ്പെടുമ്പോൾ കൊളളുകയില്ലാത്തവ തളളപ്പെടുന്നു, എന്നാൽ നല്ലത് സൂക്ഷിക്കപ്പെടുന്നു. അങ്ങനെയായിരിക്കും വ്യവസ്ഥിതിയുടെ സമാപനത്തിങ്കലെന്ന് യേശു പറയുന്നു; ദൂതൻമാർ നീതിമാൻമാരുടെ ഇടയിൽനിന്ന് ദുഷ്ടൻമാരെ വേർതിരിക്കുകയും അവരെ നിർമ്മൂലനാശത്തിനായി മാററിനിർത്തുകയും ചെയ്യും.
യേശുതന്നെ തന്റെ ആദിമശിഷ്യൻമാരെ “മനുഷ്യരെ വീശിപ്പിടിക്കുന്നവർ” എന്നു വിളിച്ചുകൊണ്ട് ഈ മത്സ്യബന്ധനപദ്ധതി തുടങ്ങുന്നു. ദൂതൻമാരുടെ മേൽനോട്ടത്തിൽ മത്സ്യബന്ധനവേല നൂററാണ്ടുകളിൽ തുടരുന്നു. ഒടുവിൽ ക്രിസ്‌തീയമെന്ന് അഭിമാനിക്കുന്ന ഭൂമിയിലെ സ്ഥാപനങ്ങളായ “കോരുവല” വലിച്ചുകയററാനുളള സമയമായി.
കൊളളാത്ത മത്സ്യങ്ങൾ നാശത്തിലേക്കു തളളപ്പെടുന്നുവെങ്കിലും നന്ദിപൂർവം നമുക്ക് സൂക്ഷിക്കപ്പെടുന്ന ‘നല്ല മത്സ്യങ്ങളിൽ’ ഉൾപ്പെടാൻ കഴിയും. കൂടുതൽ അറിവിനും ഗ്രാഹ്യത്തിനുമായി യേശുവിന്റെ ശിഷ്യൻമാരെപ്പോലെ അതേ ആത്മാർത്ഥമായ ആഗ്രഹം പ്രകടമാക്കുന്നതിനാൽ നാം കൂടുതൽ പ്രബോധനത്താൽ മാത്രമല്ല, പിന്നെയോ നിത്യജീവന്റെ ദൈവാനുഗ്രഹത്താലും അനുഗൃഹീതരാകും. മത്തായി 13:1-52; മർക്കോസ് 4:1-34; ലൂക്കോസ് 8:4-18; സങ്കീർത്തനം 78:2; യെശയ്യാവ് 6:9, 10.
▪ യേശു എപ്പോൾ എവിടെവെച്ച് ജനക്കൂട്ടത്തോട് ദൃഷ്‌ടാന്തങ്ങളാൽ സംസാരിക്കുന്നു?
▪ യേശു ജനക്കൂട്ടത്തോടു പറഞ്ഞ അഞ്ചു ദൃഷ്‌ടാന്തങ്ങൾ ഏതെല്ലാം?
▪ യേശു കടുകുമണി എല്ലാ വിത്തുകളിലും വെച്ച് ഏററം ചെറിയ വിത്താണെന്നു പറയുന്നതെന്തുകൊണ്ട്?
▪ യേശു ദൃഷ്ടാന്തങ്ങൾ സഹിതം സംസാരിക്കുന്നതെന്തുകൊണ്ട്?
▪ യേശുവിന്റെ ശിഷ്യൻമാർ ജനക്കൂട്ടത്തിൽനിന്ന് വ്യത്യസ്‌തരാണെന്ന് അവർ എങ്ങനെ തെളിയിക്കുന്നു?
▪ വിതക്കാരന്റെ ദൃഷ്ടാന്തത്തിന് യേശു എന്തു വിശദീകരണം കൊടുക്കുന്നു?
▪ യേശുവിന്റെ ശിഷ്യൻമാർ കടൽതീരത്തെ ജനക്കൂട്ടത്തിൽനിന്ന് വ്യത്യസ്‌തരായിരിക്കുന്നതെങ്ങനെ?
▪ വയലിലെ വിതക്കാരനും വയലും നല്ല വിത്തും ശത്രുവും കൊയ്‌ത്തും കൊയ്‌ത്തുകാരും ആരെ അല്ലെങ്കിൽ എന്തിനെ പ്രതിനിധാനംചെയ്യുന്നു?
▪ യേശു കൂടുതലായ ഏതു മൂന്നു ദൃഷ്ടാന്തങ്ങൾ നൽകുന്നു, നമുക്ക് അവയിൽനിന്ന് എന്ത് പഠിക്കാൻ കഴിയും?