വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ വലത്തുഭാഗത്ത്‌

ദൈവത്തിന്റെ വലത്തുഭാഗത്ത്‌

അധ്യായം 132

ദൈവത്തിന്റെ വലത്തുഭാഗത്ത്‌

പെന്തക്കോസ്‌ത്‌ നാളിലെ പരിശുദ്ധാത്മാവിന്റെ പകരൽ യേശു സ്വർഗ്ഗത്തിൽ തിരിച്ചെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ്‌. ഏറെ താമസിയാതെ ശിഷ്യനായ സ്‌തെഫാനൊസിന്‌ ലഭിച്ച ദർശനവും യേശു അവിടെ എത്തിയിരിക്കുന്നു എന്ന്‌ തെളിയിക്കുന്നു. തന്റെ വിശ്വസ്‌തമായ സാക്ഷീകരണത്തിന്റെ ഫലമായി കല്ലെറിയപ്പെടുന്നതിന്‌ തൊട്ടു മുമ്പായി അവൻ വിളിച്ചു പറയുന്നു: “നോക്കൂ! സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ നിൽക്കുന്നതും ഞാൻ കാണുന്നു.”

ദൈവത്തിന്റെ വലത്തുഭാഗത്തായിരിക്കെ യേശു “നിന്റെ ശത്രുക്കളുടെ മദ്ധ്യേ കീഴടക്കിക്കൊണ്ടു പുറപ്പെടുക” എന്നുളള തന്റെ പിതാവിന്റെ ആജ്ഞക്കായി കാത്തിരിക്കുകയാണ്‌. എന്നാൽ തന്റെ ശത്രുക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെയുളള കാലഘട്ടത്തിൽ യേശു എന്താണ്‌ ചെയ്യുന്നത്‌? അവൻ തന്റെ അഭിഷിക്ത ശിഷ്യൻമാരെ അവരുടെ പ്രസംഗവേലയിൽ നയിച്ചുകൊണ്ടും പുനരുത്ഥാനത്തിലൂടെ തന്റെ പിതാവിന്റെ രാജ്യത്തിൽ തന്റെ സഹരാജാക്കൻമാരായിരിക്കാൻ അവരെ ഒരുക്കിക്കൊണ്ടും അവരുടെമേൽ ഭരിക്കുന്നു അല്ലെങ്കിൽ വാഴുന്നു.

ഉദാഹരണത്തിന്‌ മററ്‌ രാജ്യങ്ങളിൽ ശിഷ്യരാക്കൽ വേലക്ക്‌ നേതൃത്വം കൊടുക്കാൻ യേശു ശൗലിനെ (പിന്നീട്‌ അവൻ പൗലോസ്‌ എന്ന തന്റെ റോമൻ പേരിലാണ്‌ കൂടുതൽ അറിയപ്പെട്ടത്‌) തെരഞ്ഞെടുക്കുന്നു. ശൗൽ ദൈവത്തിന്റെ നിയമം സംബന്ധിച്ച്‌ തീക്ഷ്‌ണതയുളളവനായിരുന്നു, എന്നാൽ അവൻ യഹൂദ മതനേതാക്കൻമാരാൽ വഴിതെററിക്കപ്പെട്ടിരുന്നു. തൽഫലമായി ശൗൽ സ്‌തെഫാനൊസിന്റെ വധത്തെ അനുകൂലിക്കുന്നു എന്ന്‌ മാത്രമല്ല അവൻ പ്രധാന പുരോഹിതനായ കയ്യഫാവിൽ നിന്ന്‌ അധികാരപത്രം വാങ്ങിക്കൊണ്ട്‌ ദമസ്‌ക്കൊസിലെങ്ങാനും യേശുവിന്റെ അനുയായികളെ കണ്ടാൽ അവരെ പിടിച്ച്‌ യെരൂശലേമിലേക്ക്‌ കൊണ്ടു വരുന്നതിനുവേണ്ടി അവിടേക്ക്‌ യാത്രയാവുകയും ചെയ്യുന്നു. എന്നിരുന്നാലും മാർഗ്ഗമദ്ധ്യേ ഒരു ഉജ്ജ്വലപ്രകാശം അവന്റെ ചുററും മിന്നുകയും അവൻ നിലത്തു വീഴുകയും ചെയ്യുന്നു.

“ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്‌?” അദൃശ്യ ഉറവിൽ നിന്നുളള ഒരു ശബ്ദം അവനോട്‌ ചോദിക്കുന്നു. “കർത്താവെ നീ ആരാകുന്നു?” ശൗൽ ചോദിക്കുന്നു.

“നീ പീഡിപ്പിക്കുന്ന യേശുവാണ്‌ ഞാൻ,” അവന്‌ ഉത്തരം ലഭിക്കുന്നു.

ആ അത്ഭുത പ്രകാശത്തിൽ കാഴ്‌ച നഷ്ടപ്പെട്ട ശൗലിനോട്‌ ദമസ്‌ക്കൊസിൽ പ്രവേശിക്കാനും അവിടെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനും യേശു പറയുന്നു. തുടർന്ന്‌ ശിഷ്യൻമാരിൽ ഒരാളായ അനന്യാസിന്‌ യേശു ദർശനത്തിൽ പ്രത്യക്ഷനാകുന്നു. ശൗലിനെ സംബന്ധിച്ച്‌ യേശു അനന്യാസിനോട്‌ ഇങ്ങനെ പറയുന്നു: “അവൻ ജനതകൾക്കും രാജാക്കൻമാർക്കും ഇസ്രായേൽ പുത്രൻമാർക്കും മുമ്പാകെ എന്റെ നാമം വഹിക്കാൻ ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാകുന്നു.”

വാസ്‌തവമായും യേശുവിന്റെ പിന്തുണയോടെ ശൗലിനും (ഇപ്പോൾ പൗലോസ്‌ എന്ന്‌ അറിയപ്പെടുന്നു) മററു സുവിശേഷകൻമാർക്കും പ്രസംഗവും പഠിപ്പിക്കലുമാകുന്ന അവരുടെ വേലയിൽ വൻവിജയം കൈവരിക്കാൻ കഴിയുന്നു. വാസ്‌തവത്തിൽ, ദമസ്‌ക്കൊസിലേക്കുളള മാർഗ്ഗമദ്ധ്യേ യേശു അവന്‌ പ്രത്യക്ഷനായി 25 വർഷങ്ങൾ കഴിഞ്ഞപ്പോൾ “സുവാർത്ത” ആകാശത്തിൻ കീഴിലുളള സകല സൃഷ്ടികളോടും പ്രസംഗിക്കപ്പെട്ടിരിക്കുന്നു” എന്ന്‌ പൗലോസിന്‌ എഴുതാൻ കഴിഞ്ഞു.

പിന്നെയും പല വർഷങ്ങൾക്കു ശേഷം തന്റെ പ്രിയപ്പെട്ട അപ്പൊസ്‌തലനായ യോഹന്നാന്‌ യേശു ദർശനങ്ങളുടെ ഒരു പരമ്പര തന്നെ നൽകുന്നു. വെളിപ്പാട്‌ എന്ന ബൈബിൾ പുസ്‌തകത്തിൽ അവൻ വിവരിക്കുന്ന ഈ ദർശനങ്ങളിലൂടെ യോഹന്നാൻ ഫലത്തിൽ, യേശു രാജ്യാധികാരത്തിൽ വരുന്നതു കാണാൻ ജീവിച്ചിരുന്നു. “നിശ്വസ്‌തതയിൽ” അവൻ “കർത്താവിന്റെ ദിവസം”വരെ സമയത്തിൽ മുന്നോട്ട്‌ സംവഹിക്കപ്പെട്ടു എന്ന്‌ യോഹന്നാൻ പറയുന്നു. ആ “ദിവസം” എന്താണ്‌?

അന്ത്യനാളുകളെ സംബന്ധിച്ചുളള യേശുവിന്റെ പ്രവചനമുൾപ്പെടെയുളള ബൈബിൾ പ്രവചനങ്ങളുടെ ഒരു സൂക്ഷ്‌മമായ പഠനം വെളിപ്പെടുത്തുന്നത്‌ “കർത്താവിന്റെ ദിവസം” ചരിത്രം സൃഷ്ടിച്ച 1914-ൽ, അതെ, നമ്മുടെ ഈ തലമുറയിൽ, ആരംഭിച്ചുവെന്നാണ്‌! അതുകൊണ്ട്‌, അദൃശ്യനായി, പരസ്യശ്രദ്ധ ആകർഷിക്കാതെ യേശു മടങ്ങി വന്നത്‌ 1914-ൽ ആയിരുന്നു, അവന്റെ വിശ്വസ്‌ത ദാസൻമാർ മാത്രമാണ്‌ അവന്റെ മടങ്ങിവരവ്‌ തിരിച്ചറിഞ്ഞത്‌. ആ വർഷം തന്റെ ശത്രുക്കളുടെ മദ്ധ്യേ കീഴടക്കിക്കൊണ്ട്‌ പുറപ്പെടാനുളള കൽപ്പന യഹോവ യേശു ക്രിസ്‌തുവിന്‌ നൽകി!

തന്റെ പിതാവിന്റെ ആജ്ഞ അനുസരിച്ച്‌ യേശു സാത്താനെയും അവന്റെ ഭൂതങ്ങളെയും ഭൂമിയിലേക്ക്‌ തളളിയിട്ടുകൊണ്ട്‌ സ്വർഗ്ഗം ശുദ്ധീകരിച്ചു. ദർശനത്തിൽ ഈ സംഭവം കണ്ടശേഷം ഒരു സ്വർഗ്ഗീയ ശബ്ദം ഇങ്ങനെ പ്രഖ്യാപിക്കുന്നതായി യോഹന്നാൻ കേട്ടു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും അവന്റെ രാജ്യവും അവന്റെ ക്രിസ്‌തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു.” അതെ, 1914-ൽ ക്രിസ്‌തു രാജാവായി ഭരിക്കാൻ തുടങ്ങി!

സ്വർഗ്ഗത്തിലെ യഹോവയുടെ ആരാധകർക്ക്‌ ഇത്‌ എത്ര നല്ലൊരു വാർത്തയാണ്‌! അവർ ഇങ്ങനെ ഉത്‌ബോധിപ്പിക്കപ്പെടുന്നു: “സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുളേളാരെ സന്തോഷിപ്പിൻ!” എന്നാൽ ഭൂമിയിലുളളവരുടെ സാഹചര്യം എന്താണ്‌? “ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം!” സ്വർഗ്ഗത്തിൽ നിന്നുളള സ്വരം തുടർന്ന്‌ പറയുന്നു, “എന്തുകൊണ്ടെന്നാൽ പിശാച്‌ തനിക്ക്‌ അൽപ്പകാലമെ ശേഷിച്ചിട്ടുളളു എന്നറിഞ്ഞുകൊണ്ട്‌ മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക്‌ ഇറങ്ങി വന്നിരിക്കുന്നു.”

ഇപ്പോൾതന്നെ നാം ആ ചുരുങ്ങിയ കാലഘട്ടത്തിലാണ്‌. ഇപ്പോൾ, ഒന്നുകിൽ ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക്‌ പ്രവേശിക്കാനായി അല്ലെങ്കിൽ നാശമനുഭവിക്കാനായി ആളുകൾ വേർതിരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ക്രിസ്‌തുവിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ ഭൂവിസ്‌തൃതമായി പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുവാർത്തയോടുളള നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ച്‌ നിങ്ങളുടെ സ്വന്തം ഭാവി ഇപ്പോൾ തീരുമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്‌ സത്യം.

ആളുകളുടെ വേർതിരിവ്‌ പൂർത്തിയായിക്കഴിയുമ്പോൾ സാത്താന്റെ മുഴു വ്യവസ്ഥിതിയെയും അതിനെ പിന്താങ്ങുന്ന സകലരെയും ഭൂമിയിൽ നിന്ന്‌ തുടച്ചു നീക്കാൻ യേശുക്രിസ്‌തു ദൈവത്തിന്റെ കാര്യനിർവ്വാഹകനായി സേവിക്കും. സകല ദുഷ്ടതയുടെയും ഈ തുടച്ചുനീക്കൽ ബൈബിളിൽ ഹർ-മഗെദ്ദോൻ അല്ലെങ്കിൽ അർമ്മഗെദ്ദോൻ എന്ന്‌ വിളിക്കപ്പെട്ടിരിക്കുന്ന യുദ്ധത്തിലൂടെ യേശു സാധിക്കും. അതെതുടർന്ന്‌, യഹോവ കഴിഞ്ഞാൽ പിന്നെ അഖിലാണ്ഡത്തിലെ എററം വലിയ വ്യക്തിയായിരിക്കുന്ന യേശു സാത്താനെയും അവന്റെ ഭൂതങ്ങളെയും പിടിച്ച്‌ ബന്ധിച്ച്‌ ആയിരം വർഷത്തേക്ക്‌ “അഗാധത്തിൽ,” അതായത്‌ മരണത്തിലെന്നതുപോലെ, പ്രവർത്തനരാഹിത്യത്തിന്റെ ഒരു അവസ്ഥയിൽ, അടക്കും. പ്രവൃത്തികൾ 7:55-60; 8:1-3; 9:1-19; 16:6-10; സങ്കീർത്തനം 110:1, 2; എബ്രായർ 10:12, 13; 1 പത്രോസ്‌ 3:22; ലൂക്കോസ്‌ 22:28-30; കൊലൊസ്സ്യർ 1:13, 23; വെളിപ്പാട്‌ 1:1, 10; 12:7-12; 16:14-16; 20:1-3; മത്തായി 24:14; 25:31-33.

▪ സ്വർഗ്ഗാരോഹണം ചെയ്‌തശേഷം യേശു എവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌, അവൻ എന്തിനുവേണ്ടി കാത്തിരിക്കുന്നു?

▪ സ്വർഗ്ഗാരോഹണം ചെയ്‌തശേഷം യേശു ആരുടെമേൽ ഭരണം നടത്തുന്നു, അവന്റെ ഭരണം എങ്ങനെയാണ്‌ പ്രകടമായിരിക്കുന്നത്‌?

▪ “കർത്താവിന്റെ ദിവസം” എന്ന്‌ ആരംഭിച്ചു, അതിന്റെ തുടക്കത്തിൽ എന്ത്‌ സംഭവിച്ചു?

▪ ഇന്നു നടക്കുന്ന ഏതു വേർതിരിക്കൽ വേല നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ബാധിക്കുന്നു, എന്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ വേർതിരിക്കൽ നടത്തപ്പെടുന്നത്‌?

▪ വേർതിരിക്കൽ വേല പൂർത്തിയാകുമ്പോൾ എന്ത്‌ സംഭവങ്ങൾ നടക്കും?