വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ശബ്ദം മൂന്നാം പ്രാവശ്യം കേൾക്കുന്നു

ദൈവത്തിന്റെ ശബ്ദം മൂന്നാം പ്രാവശ്യം കേൾക്കുന്നു

അധ്യായം 104

ദൈവത്തിന്റെ ശബ്ദം മൂന്നാം പ്രാവശ്യം കേൾക്കുന്നു

ആലയത്തിലായിരിക്കുമ്പോൾ പെട്ടെന്നു തന്നെ താൻ അഭിമുഖീകരിക്കാൻ പോകുന്ന മരണത്തെ ഓർത്ത്‌ യേശു വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. അത്‌ തന്റെ പിതാവിന്റെ സൽപ്പേരിനെ എങ്ങനെ ബാധിക്കും എന്നുളളതാണ്‌ അവന്റെ മുഖ്യ ഉൽക്കണ്‌ഠ, അതുകൊണ്ട്‌ അവൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ.”

അതിങ്കൽ ഒരു ഗംഭീര ശബ്ദം സ്വർഗ്ഗത്തിൽ നിന്ന്‌ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞാൻ അതിനെ മഹത്വപ്പെടുത്തിയിരിക്കുന്നു, ഇനിയും മഹത്വപ്പെടുത്തുകയും ചെയ്യും.”

ചുററും നിൽക്കുന്ന ജനക്കൂട്ടം അത്ഭുത പരതന്ത്രരാകുന്നു. “ഒരു ദൂതൻ അവനോട്‌ സംസാരിച്ചിരിക്കുന്നു,” എന്ന്‌ ചിലർ പറയുന്നു. മററു ചിലരാകട്ടെ അത്‌ ഒരു ഇടിമുഴക്കമായിരുന്നു എന്ന്‌ വാദിക്കുന്നു. എന്നാൽ വാസ്‌തവത്തിൽ യഹോവയാം ദൈവമായിരുന്നു സംസാരിച്ചത്‌! എന്നിരുന്നാലും യേശുവിനോടുളള ബന്ധത്തിൽ ദൈവത്തിന്റെ സ്വരം ശ്രവിക്കപ്പെടുന്നത്‌ ഇത്‌ ആദ്യമായിട്ടായിരുന്നില്ല.

മൂന്നര വർഷങ്ങൾക്ക്‌ മുൻപ്‌ യേശുവിന്റെ സ്‌നാപനത്തിങ്കൽ യേശുവിനെക്കുറിച്ച്‌ ദൈവം ഇങ്ങനെ പറയുന്നതായി സ്‌നാപകയോഹന്നാൻ കേട്ടു: “ഇത്‌ ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പ്രിയ പുത്രനാകുന്നു.” പിന്നീട്‌ ഇതിന്‌ മുമ്പിലത്തെ പെസഹാ കഴിഞ്ഞ്‌ ഏറെ താമസിയാതെ യേശു യാക്കോബിന്റെയും യോഹന്നാന്റെയും പത്രോസിന്റെയും മുമ്പാകെ മറുരൂപം പ്രാപിച്ചപ്പോൾ ദൈവം ഇങ്ങനെ പ്രഖ്യാപിക്കുന്നതായി അവർ കേട്ടു: “ഇത്‌ ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പ്രിയ പുത്രനാകുന്നു; അവനെ ശ്രദ്ധിക്കുവിൻ.” ഇപ്പോൾ നീസാൻ 10-ാം തീയതി യേശുവിന്റെ മരണത്തിന്‌ നാലു ദിവസങ്ങൾക്ക്‌ മുമ്പ്‌ മനുഷ്യർ വീണ്ടും ദൈവത്തിന്റെ സ്വരം കേൾക്കുന്നു. എന്നാൽ ഇപ്രാവശ്യം ജനക്കൂട്ടങ്ങൾക്ക്‌ കേൾക്കാൻ കഴിയുന്ന വിധത്തിലാണ്‌ യഹോവ സംസാരിക്കുന്നത്‌!

യേശു വിശദീകരിക്കുന്നു: “ഈ സ്വരം കേട്ടത്‌ എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തമത്രേ.” യേശു വാസ്‌തവത്തിൽ ദൈവത്തിന്റെ പുത്രനായ വാഗ്‌ദത്ത മശിഹായാണെന്ന്‌ അത്‌ തെളിവ്‌ നൽകുന്നു. “ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധിയാകുന്നു,” യേശു തുടരുന്നു, “ഇപ്പോൾ ഈ ലോകത്തിന്റെ ഭരണാധിപൻ പുറന്തളളപ്പെടും.” യേശുവിന്റെ വിശ്വസ്‌ത ജീവിതഗതി, ഫലത്തിൽ പിശാചായ സാത്താൻ ഈ ലോകത്തിന്റെ ഭരണാധിപൻ, “പുറന്തളളപ്പെടാൻ,” വധിക്കപ്പെടാൻ, യോഗ്യനാണ്‌ എന്നുളളതിന്‌ ഉറപ്പു നൽകുന്നു.

തന്റെ ആസന്നമായിരിക്കുന്ന മരണത്തിന്റെ അനന്തരഫലങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ യേശു പറയുന്നു: “എന്നാൽ ഞാൻ ഭൂമിയിൽ നിന്ന്‌ ഉയർത്തപ്പെട്ടാൽ ഞാൻ എല്ലാത്തരം ആളുകളെയും എന്നിലേക്ക്‌ ആകർഷിക്കും.” അവന്റെ മരണം യാതൊരു പ്രകാരത്തിലും ഒരു പരാജയമല്ല, എന്തുകൊണ്ടെന്നാൽ അതുവഴി മററുളളവർക്കും നിത്യജീവൻ ആസ്വദിക്കാൻ കഴിയേണ്ടതിന്‌ അവൻ അവരെ തന്നിലേക്ക്‌ ആകർഷിക്കും.

എന്നാൽ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ ജനക്കൂട്ടം പ്രതിഷേധിക്കുന്നു: “ക്രിസ്‌തു എന്നേക്കും ഉണ്ടായിരിക്കും എന്ന്‌ ന്യായപ്രമാണത്തിൽ നിന്ന്‌ ഞങ്ങൾ കേട്ടിരിക്കുന്നു; മനുഷ്യപുത്രൻ ഉയർത്തപ്പെടണമെന്ന്‌ നീ പറയുന്നത്‌ എന്തുകൊണ്ടാണ്‌? ഈ മനുഷ്യപുത്രൻ ആരാണ്‌?”

ദൈവത്തിന്റെ സ്വരം കേട്ടത്‌ ഉൾപ്പെടെ എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടും യേശു യഥാർത്ഥത്തിൽ മനുഷ്യപുത്രനാണെന്ന്‌, വാഗ്‌ദത്ത മശിഹായാണെന്ന്‌ മിക്കവരും വിശ്വസിക്കുന്നില്ല. എന്നാൽ ഏതാണ്ട്‌ ആറുമാസക്കാലം മുമ്പ്‌ കൂടാരപ്പെരുന്നാളിന്റെ സമയത്ത്‌ ചെയ്‌തതുപോലെ യേശു തന്നെപ്പററി തന്നെ “വെളിച്ചം” എന്ന നിലയിൽ സംസാരിക്കുകയും തന്റെ ശ്രോതാക്കളെ ഇപ്രകാരം പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു: “വെളിച്ചത്തിന്റെ പുത്രൻമാരായിത്തീരേണ്ടതിന്‌ നിങ്ങൾക്ക്‌ വെളിച്ചമുളളപ്പോൾ വെളിച്ചത്തിൽ വിശ്വാസമർപ്പിക്കുക.” ഈ കാര്യങ്ങൾ പറഞ്ഞശേഷം യേശു അവിടെ നിന്ന്‌ മാറി ഒളിക്കുന്നു, പ്രത്യക്ഷത്തിൽ അത്‌ അവന്റെ ജീവൻ അപകടത്തിലായിരിക്കുന്നതിനാലാണ്‌.

യഹൂദൻമാർ യേശുവിൽ വിശ്വസിക്കാത്തത്‌ ‘ആളുകൾ തിരിഞ്ഞുവന്ന്‌ സൗഖ്യം പ്രാപിക്കാതിരിക്കത്തക്കവണ്ണം അവരുടെ കണ്ണുകൾ അടഞ്ഞും ഹൃദയങ്ങൾ കഠിനപ്പെട്ടും ഇരിക്കുന്ന’തിനെപ്പററിയുളള യെശയ്യാവിന്റെ വാക്കുകൾ നിവർത്തിക്കുന്നു. യേശു മനുഷ്യനാകുന്നതിനു മുമ്പുളള മഹത്വത്തിൽ യഹോവയുടെ അടുക്കലായിരിക്കുന്നത്‌ സഹിതം യഹോവയുടെ സ്വർഗ്ഗീയ രാജാസനം യെശയ്യാവ്‌ ദർശനത്തിൽ കണ്ടു. എന്നിരുന്നാലും യെശയ്യാവ്‌ എഴുതിയതിന്റെ നിവൃത്തിയായി യഹൂദൻമാർ യേശു വാഗ്‌ദത്തം ചെയ്യപ്പെട്ട രക്ഷകനാണ്‌ എന്നുളളതിന്റെ തെളിവിനെ ശാഠ്യപൂർവ്വം തളളിക്കളഞ്ഞു.

നേരേമറിച്ച്‌, ഭരണാധിപൻമാരിൽ (യഹൂദ ഉന്നതാധികാര കോടതിയായ സൻഹെദ്രീമിന്റെ അംഗങ്ങൾ) നിരവധിപേർ പോലും യേശുവിൽ വിശ്വാസമർപ്പിച്ചു. നിക്കോദെമൊസും അരിമത്യാക്കാരൻ ജോസഫും ഈ ഭരണാധിപൻമാരിൽ രണ്ടുപേരായിരുന്നു. എന്നാൽ ഈ ഭരണാധിപൻമാർ ഏതായാലും തൽക്കാലം തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്നതിൽ പരാജയപ്പെടുന്നു, എന്തുകൊണ്ടെന്നാൽ സിന്നഗോഗിലെ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന്‌ പുറന്തളളപ്പെട്ടേക്കുമോ എന്ന്‌ അവർക്ക്‌ ഭയമുണ്ടായിരുന്നു. അത്തരക്കാർക്ക്‌ എന്തുമാത്രം നഷ്ടം വന്നു!

യേശു തുടർന്ന്‌ ഇപ്രകാരം കുറിക്കൊളളുന്നു: “എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ മാത്രമല്ല എന്നെ അയച്ചവനിലും വിശ്വസിക്കുന്നു; എന്നെ കാണുന്നവൻ എന്നെ അയച്ചവനെയും കാണുന്നു. . . . എന്നാൽ ആരെങ്കിലും എന്റെ വാക്കു കേട്ടിട്ട്‌ അത്‌ അനുസരിക്കുന്നില്ലെങ്കിൽ ഞാൻ അവനെ ന്യായം വിധിക്കുന്നില്ല; എന്തുകൊണ്ടെന്നാൽ ലോകത്തെ ന്യായംവിധിക്കാനല്ല അതിനെ രക്ഷിക്കാനാണ്‌ ഞാൻ വന്നിരിക്കുന്നത്‌. . . . ഞാൻ സംസാരിച്ച വചനമാണ്‌ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കുന്നത്‌.”

യേശുവിൽ വിശ്വാസം അർപ്പിക്കുന്നവർ രക്ഷിക്കപ്പെടേണ്ടതിന്‌ അവനെ അയക്കുവാൻ തക്കവണ്ണം യഹോവ മനുഷ്യവർഗ്ഗലോകത്തെ അത്രയധികം സ്‌നേഹിച്ചു. സംസാരിക്കാൻ ദൈവം യേശുവിന്‌ നിർദ്ദേശിച്ചുകൊടുത്ത കാര്യങ്ങൾ ആളുകൾ അനുസരിക്കുമോ എന്നുളളതിനെ ആശ്രയിച്ചാണ്‌ അവർ രക്ഷിക്കപ്പെടുമോ എന്നുളളത്‌ തീരുമാനിക്കപ്പെടുന്നത്‌. ന്യായവിധി “ഒടുക്കത്തെ നാളിൽ” യേശുവിന്റെ ആയിരം വർഷവാഴ്‌ചക്കാലത്ത്‌ നടക്കും.

ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യേശു ഉപസംഹരിക്കുന്നു: “ഞാൻ സ്വയമായി ഒന്നും സംസാരിച്ചിട്ടില്ല, എന്നാൽ എന്നെ അയച്ച പിതാവ്‌ ഞാൻ എന്തു പറയണമെന്നും സംസാരിക്കണമെന്നും എനിക്ക്‌ കൽപ്പന തന്നിരിക്കുന്നു. മാത്രവുമല്ല അവന്റെ കൽപ്പന നിത്യജീവനെ അർത്ഥമാക്കുന്നു എന്ന്‌ എനിക്കറിയാം. അതുകൊണ്ട്‌ ഞാൻ സംസാരിക്കുന്ന കാര്യങ്ങൾ, പിതാവ്‌ എന്നോട്‌ പറഞ്ഞിട്ടുളളതുപോലെ തന്നെ ഞാൻ സംസാരിക്കുന്നു.” യോഹന്നാൻ 12:28-50; 19:38, 39; മത്തായി 3:17; 17:5; യെശയ്യാവ്‌ 6:1, 8-10.

▪ യേശുവിനോടുളള ബന്ധനത്തിൽ ഏതു മൂന്ന്‌ അവസരങ്ങളിലാണ്‌ ദൈവത്തിന്റെ സ്വരം കേട്ടത്‌?

▪ യെശയ്യാ പ്രവാചകൻ എങ്ങനെയാണ്‌ യേശുവിന്റെ മഹത്വം കണ്ടത്‌?

▪ യേശുവിൽ വിശ്വാസമർപ്പിച്ച ഭരണാധിപൻമാർ ആരായിരുന്നു, എന്നാൽ അവർ പരസ്യമായി അവനെ അംഗീകരിച്ചു പറയാഞ്ഞത്‌ എന്തുകൊണ്ടാണ്‌?

▪ “ഒടുക്കത്തെ നാൾ” എന്താണ്‌, ആളുകൾ എന്തിന്റെ അടിസ്ഥാനത്തിലാണ്‌ അപ്പോൾ ന്യായം വിധിക്കപ്പെടുന്നത്‌?