വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധനവാനും ലാസറും

ധനവാനും ലാസറും

അധ്യായം 88

ധനവാനും ലാസറും

നമുക്ക്‌ ഒരേ സമയം ഭൗതിക ധനത്തിന്റെയും ദൈവത്തിന്റെയും അടിമകളായിരിക്കാൻ കഴിയുകയില്ല എന്ന്‌ വിശദീകരിച്ചുകൊണ്ട്‌ ഭൗതിക ധനത്തിന്റെ ഉചിതമായ ഉപയോഗത്തെക്കുറിച്ച്‌ യേശു തന്റെ ശിഷ്യൻമാരോട്‌ സംസാരിക്കുകയായിരുന്നു. പരീശൻമാരും അവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌, അവർ പണക്കൊതിയൻമാരായതുകൊണ്ട്‌ അവർ യേശുവിനെ പരിഹസിച്ചു തുടങ്ങുന്നു. അതുകൊണ്ട്‌ അവൻ അവനോട്‌ പറയുന്നു: “നിങ്ങൾ നിങ്ങളെത്തന്നെ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു; എന്തുകൊണ്ടെന്നാൽ മനുഷ്യരുടെയിടയിൽ ഉന്നതമായത്‌ ദൈവദൃഷ്ടിയിൽ അറപ്പത്രേ.”

ലൗകിക ധനത്തിലും രാഷ്‌ട്രീയ അധികാരത്തിലും മതപരമായ നിയന്ത്രണത്തിലും സ്വാധീനത്തിലും സമ്പന്നരായിരിക്കുന്നവർക്ക്‌ തിരിച്ചടി ലഭിക്കാനുളള സമയം വന്നെത്തിയിരിക്കുന്നു. അവർ അധഃസ്ഥിതിയിലാക്കപ്പെടും. എന്നാൽ തങ്ങളുടെ ആത്മീയാവശ്യം തിരിച്ചറിയുന്ന ആളുകൾ ഉയർത്തപ്പെടും. അവൻ തുടർന്ന്‌ പരീശൻമാരോട്‌ ഇങ്ങനെ പറയുമ്പോൾ അവൻ അത്തരമൊരു മാററത്തിലേക്ക്‌ വിരൽ ചൂണ്ടുന്നു:

“നിയമവും പ്രവാചകൻമാരും യോഹന്നാൻ [സ്‌നാപകൻ] വരെ ആയിരുന്നു. അന്നുമുതൽ ദൈവരാജ്യം സുവാർത്തയായി ഘോഷിക്കപ്പെടുന്നു, എല്ലാത്തരം ആളുകളും അതിലേക്ക്‌ തളളിക്കയറുന്നു. വാസ്‌തവത്തിൽ, ന്യായപ്രമാണത്തിൽ ഒരു അക്ഷരത്തിന്റെ പുളളിയെങ്കിലും നിവൃത്തിയേറാതെ പോകുന്നതിലും എളുപ്പം ആകാശവും ഭൂമിയും നീങ്ങിപ്പോകുന്നതാണ്‌.”

ശാസ്‌ത്രിമാരും പരീശൻമാരും മോശെയുടെ നിയമത്തോട്‌ പററി നിൽക്കുന്നതായുളള തങ്ങളുടെ അവകാശവാദം സംബന്ധിച്ച്‌ അഭിമാനം കൊളളുന്നവരാണ്‌. യെരൂശലേമിൽ വച്ച്‌ യേശു ഒരു മനുഷ്യന്‌ അത്ഭുതകരമായി കാഴ്‌ച നൽകിയപ്പോൾ അവർ ഇപ്രകാരം വീമ്പു പറഞ്ഞുവെന്ന്‌ ഓർക്കുക: “ഞങ്ങൾ മോശെയുടെ ശിഷ്യൻമാരാണ്‌, ദൈവം മോശെയോട്‌ സംസാരിച്ചിട്ടുണ്ടെന്ന്‌ ഞങ്ങൾക്കറിയാം.” എന്നാൽ ഇപ്പോൾ മോശെയുടെ നിയമം ദൈവത്തിന്റെ നിയുക്ത രാജാവായ യേശുക്രിസ്‌തുവിലേക്ക്‌ എളിയവരായ ആളുകളെ ആനയിക്കുക എന്ന അതിന്റെ ലക്ഷ്യം സാധിച്ചിരിക്കുന്നു. അതുകൊണ്ട്‌ യോഹന്നാന്റെ ശുശ്രൂഷയുടെ തുടക്കം മുതൽ എല്ലാത്തരം ആളുകളും, പ്രത്യേകിച്ച്‌ എളിയവരും ദരിദ്രരും ദൈവരാജ്യത്തിന്റെ പ്രജകളായിത്തീരാൻ കഠിനശ്രമം ചെയ്‌തുകൊണ്ടാണിരിക്കുന്നത്‌.

മോശൈക നിയമം ഇപ്പോൾ നിവർത്തിക്കപ്പെടുന്ന സ്ഥിതിക്ക്‌ അത്‌ അനുസരിക്കാനുളള കടപ്പാട്‌ നീക്കം ചെയ്യപ്പെടണം. ന്യായപ്രമാണം വിവിധകാരണങ്ങൾക്ക്‌ വിവാഹമോചനം അനുവദിക്കുന്നു, എന്നാൽ യേശു ഇപ്പോൾ പറയുന്നു: “തന്റെ ഭാര്യയെ ഉപേക്ഷിച്ച്‌ മറെറാരു സ്‌ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.” അനേക കാരണങ്ങൾക്ക്‌ വിവാഹമോചനം അനുവദിച്ചിരുന്ന പരീശൻമാരെ യേശുവിന്റെ ഈ പ്രസ്‌താവന എത്രകണ്ട്‌ ശല്യപ്പെടുത്തിയിരിക്കണം!

പരീശൻമാരെപ്പററിയുളള തന്റെ പരാമർശനങ്ങൾ തുടരവേ തങ്ങളുടെ ജീവിത സാഹചര്യങ്ങൾക്ക്‌ പിന്നീട്‌ നാടകീയമായ മാററങ്ങൾ സംഭവിക്കുന്ന രണ്ടുപേരെ വിശേഷവൽക്കരിക്കുന്ന ഒരു ഉപമ യേശു പറയുന്നു. ഈ മനുഷ്യരാൽ പ്രതിനിധാനം ചെയ്യപ്പെടുന്നത്‌ ആരെന്നും അവരുടെ ജീവിത സാഹചര്യങ്ങളിലെ മാററം എന്തർത്ഥമാക്കുന്നുവെന്നും തിട്ടപ്പെടുത്താൻ നിങ്ങൾക്ക്‌ കഴിയുമോ?

“എന്നാൽ ഒരു മനുഷ്യൻ ധനവാനായിരുന്നു,” യേശു വിശദീകരിക്കുന്നു, “അയാൾ ധൂമ്രവസ്‌ത്രവും ലിനനും കൊണ്ട്‌ തന്നെത്തന്നെ അലങ്കരിക്കുകയും ദിനമ്പ്രതി ആഡംഭരത്തോടെ സുഖജീവിതം നയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ലാസർ എന്നു പേരുളള ഒരു യാചകൻ വ്രണങ്ങൾ നിറഞ്ഞവനായി അയാളുടെ പടിവാതിൽക്കൽ കിടന്ന്‌, ധനവാന്റെ മേശയിൽ നിന്ന്‌ വീഴുന്നത്‌ തിന്ന്‌ വിശപ്പടക്കാൻ ആഗ്രഹിച്ചു. അതെ, നായ്‌ക്കളും വന്ന്‌ അവന്റെ വ്രണങ്ങൾ നക്കിയിരുന്നു.”

പരീശൻമാരും ശാസ്‌ത്രിമാരും മാത്രമല്ല, മറിച്ച്‌ സദൂക്യരും പ്രധാനപുരോഹിതൻമാരും ഉൾപ്പെടെയുളള മതനേതാക്കൻമാരെ പ്രതിനിധാനം ചെയ്യാൻ യേശു ഇവിടെ ധനവാനെ ഉപയോഗിച്ചു. ആത്മീയ പദവികളിലും അവസരങ്ങളിലും അവർ സമ്പന്നരാണ്‌, ആ ധനവാനെപ്പോലെ അവർ പെരുമാറുകയും ചെയ്‌തിരുന്നു. രാജകീയ ധൂമ്രവർണ്ണത്തിലുളള അവരുടെ വസ്‌ത്രം അവരുടെ ആനുകൂല്യത്തിന്റേതായ സ്ഥാനത്തെയും വെളള ലിനൻ അവരുടെ സ്വയനീതിയെയും ചിത്രീകരിച്ചു.

അഹങ്കാരികളായ ഈ ധനവാൻവർഗ്ഗം ദരിദ്രരായ സാധാരണജനങ്ങളെ അംഹാരററ്‌സ്‌ അല്ലെങ്കിൽ നിലത്തെ ആളുകൾ എന്നു വിളിച്ചുകൊണ്ട്‌ അങ്ങേയററത്തെ അവജ്ഞയോടെ വീക്ഷിച്ചിരുന്നു. അപ്രകാരം മതനേതാക്കൻമാർ ആർക്ക്‌ ഉചിതമായ ആത്മീയ പോഷണവും പദവികളും നിഷേധിച്ചുവോ ആ ആളുകളെയാണ്‌ യാചകനായ ലാസർ പ്രതിനിധാനം ചെയ്‌തത്‌. അതുകൊണ്ട്‌ വ്രണങ്ങൾ നിറഞ്ഞ ലാസറിനെപ്പോലെ സാധാരണ ജനങ്ങൾ ആത്മീയമായി രോഗബാധിതരും നായ്‌ക്കളോടുകൂടെ മാത്രം സഹവസിക്കാൻ പററിയവരുമെന്ന നിലയിൽ നിന്ദിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ലാസർവർഗ്ഗം ആത്മീയ പോഷണത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ധനവാന്റെ മേശയിൽനിന്ന്‌ വീണേക്കാവുന്ന ആത്മീയ അപ്പക്കഷണങ്ങൾ ലഭിക്കാൻ ആഗ്രഹിച്ചുകൊണ്ട്‌ അവർ പടിവാതിൽക്കൽ കിടക്കുന്നു.

യേശു തുടർന്ന്‌ ധനവാന്റെയും ലാസറിന്റെയും അവസ്ഥയിൽ വന്ന മാററത്തെ വിവരിക്കുന്നു. ആ മാററങ്ങൾ എന്തൊക്കെയാണ്‌, അവ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

ധനവാനും ലാസറിനും ഒരു മാററം അനുഭവപ്പെടുന്നു

ധനവാൻ ആത്മീയ പദവികളും അവസരങ്ങളും ആസ്വദിക്കുന്ന മതനേതാക്കൻമാരെയും ലാസർ ആത്മീയ പോഷണത്തിനുവേണ്ടി വിശക്കുന്ന സാധാരണ ജനങ്ങളെയും ചിത്രീകരിക്കുന്നു. ഈ മനുഷ്യരുടെ ജീവിതാവസ്ഥകളിലെ ഒരു നാടകീയ മാററം വിവരിച്ചുകൊണ്ട്‌ യേശു തന്റെ കഥ തുടരുന്നു:

“കാലക്രമത്തിൽ,” യേശു പറയുന്നു, ആ യാചകൻ മരിക്കുകയും ദൂതൻമാർ അവനെ അബ്രഹാമിന്റെ മടിയിലേക്ക്‌ കൊണ്ടുപോവുകയും ചെയ്‌തു. ധനവാനും മരിച്ച്‌ അടക്കപ്പെട്ടു. ഹേഡീസിൽ യാതന അനുഭവിക്കുമ്പോൾ അവൻ കണ്ണുകളുയർത്തി വിദൂരത്തിൽ അബ്രഹാമിനെയും അവന്റെ മടിയിൽ ഇരിക്കുന്ന ലാസറിനെയും കണ്ടു.”

ധനവാനും ലാസറും അക്ഷരീയ വ്യക്തികളായിരിക്കാതെ രണ്ടു വർഗ്ഗം ആളുകളെ പ്രതിനിധാനം ചെയ്യുന്നതിനാൽ യുക്ത്യാനുസരണം അവരുടെ മരണവും പ്രതീകാത്മകമാണ്‌. അവരുടെ മരണം എന്തിനെയാണ്‌ പ്രതീകപ്പെടുത്തകയോ പ്രതിനിധാനം ചെയ്യുകയോ ചെയ്യുന്നത്‌?

‘ന്യായപ്രമാണവും പ്രവാചകൻമാരും സ്‌നാപകയോഹന്നാൻ വരെ ആയിരുന്നുവെന്നും അന്നുമുതൽ ദൈവരാജ്യം പ്രസംഗിക്കപ്പെടുന്നു’ എന്നും പറഞ്ഞുകൊണ്ട്‌ ജീവിത സാഹചര്യത്തിൽ വന്ന ഒരു മാററം യേശു ചൂണ്ടിക്കാണിച്ചതേയുളളു. അതുകൊണ്ട്‌ യോഹന്നാന്റെയും യേശുവിന്റെയും പ്രസംഗത്തോടെയാണ്‌ ധനവാനും ലാസറും തങ്ങളുടെ മുൻജീവിത സാഹചര്യം അഥവാ അവസ്ഥ സംബന്ധിച്ച്‌ മരിക്കുന്നത്‌.

എളിയവരും അനുതാപമുളളവരുമായ ലാസർവർഗ്ഗം തങ്ങളുടെ നേരത്തെയുളള ആത്മീയ പോഷണം നിഷേധിക്കപ്പെട്ട അവസ്ഥ സംബന്ധിച്ച്‌ മരിക്കുകയും ദിവ്യപ്രീതിയുടെ ഒരു സ്ഥാനത്തേക്ക്‌ വരികയും ചെയ്യുന്നു. നേരത്തെ അവർ ആത്മീയ മേശയിൽ നിന്ന്‌ അൽപ്പമായി വീണു കിട്ടുന്നവക്കുവേണ്ടി മതനേതാക്കൻമാരിലേക്ക്‌ നോക്കിയിരുന്നെങ്കിൽ ഇപ്പോൾ യേശു പ്രദാനം ചെയ്‌ത തിരുവെഴുത്തു സത്യങ്ങൾ അവരുടെ ആത്മീയാവശ്യം നിറവേററിയിരിക്കുന്നു. അവർ അപ്രകാരം വലിപ്പമേറിയ അബ്രഹാമായ യഹോവയാം ദൈവത്തിന്റെ മടിയിലേക്ക്‌ അല്ലെങ്കിൽ പ്രീതിയുടെ സ്ഥാനത്തേക്ക്‌ വരുത്തപ്പെട്ടിരിക്കുന്നു.

നേരെമറിച്ച്‌ ധനവാൻ വർഗ്ഗത്തിൽപ്പെട്ടവർ യേശു പഠിപ്പിച്ച രാജ്യ ദൂത്‌ സ്വീകരിക്കാൻ തുടർച്ചയായി വിസമ്മതിച്ചതിനാൽ ദിവ്യഅപ്രീതിയിലേക്ക്‌ വരുത്തപ്പെട്ടു. അപ്രകാരം അവർ നേരത്തെ തങ്ങൾക്കുണ്ടായിരുന്നതായി തോന്നിയിരുന്ന ദിവ്യപ്രീതി സംബന്ധിച്ച്‌ മരിച്ചു. വാസ്‌തവത്തിൽ അവർ ആലങ്കാരിക യാതന അനുഭവിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. ഇപ്പോൾ ധനവാൻ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക:

“പിതാവായ അബ്രാഹാമേ, എന്നോട്‌ കരുണ തോന്നേണമേ, ലാസർ വിരലിന്റെ അററം വെളളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്‌ അവനെ അയക്കേണമെ, എന്തുകൊണ്ടെന്നാൽ ഞാൻ ഈ ജ്വാലയിൽ കിടന്ന്‌ വേദന അനുഭവിക്കുന്നു.” ധനവാൻ വർഗ്ഗത്തിലെ വ്യക്തികളെ ദണ്ഡിപ്പിക്കുന്നത്‌ യേശുവും ശിഷ്യൻമാരും പ്രസംഗിച്ച ദൈവത്തിന്റെ അഗ്നി തുല്യമായ ന്യായവിധി ദൂതുകളായിരുന്നു. ശിഷ്യൻമാർ ഈ ദൂത്‌ ഘോഷിക്കുന്നത്‌ നിറുത്താനും അങ്ങനെ തങ്ങളുടെ ദണ്ഡനത്തിൽ നിന്ന്‌ ഒരളവിലുളള ആശ്വാസം ലഭിക്കാനും അവർ ആഗ്രഹിക്കുന്നു.

“എന്നാൽ അബ്രഹാം പറഞ്ഞു, ‘മകനെ, നിന്റെ ആയുഷ്‌ക്കാലമൊക്കെയും നിനക്ക്‌ നൻമയും ലാസറിനാകട്ടെ തിൻമയും ലഭിച്ചു എന്നോർക്കുക. എന്നാൽ ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു, നീയോ വേദന അനുഭവിക്കുന്നു. അതു മാത്രമല്ല, ഞങ്ങൾക്കും നിങ്ങൾക്കും നടുവേ ഒരു വലിയ ഗർത്തവുമുണ്ട്‌, അതുകൊണ്ട്‌ ഇവിടെ നിന്ന്‌ നിങ്ങളുടെ അടുക്കലേക്കോ നിങ്ങളുടെ അടുത്തു നിന്ന്‌ ഞങ്ങളുടെ അടുത്തേക്കോ കുറുകെ കടക്കാൻ സാദ്ധ്യമല്ല.’”

ലാസർ വർഗ്ഗത്തിനും ധനവാൻ വർഗ്ഗത്തിനുമിടക്ക്‌ ഇത്ര നാടകീയമായ ഒരു മാററം സംഭവിച്ചത്‌ എത്ര നീതിപൂർവ്വകവും ഉചിതവുമാണ്‌! അവസ്ഥകളിലെ ഈ മാററം ഏതാനും മാസങ്ങൾക്കുശേഷം പൊ. യു. 33-ലെ പെന്തക്കോസ്‌തിൽ പഴയ ന്യായപ്രമാണനിയമത്തിനുപകരം പുതിയ നിയമം നിലവിൽവരുന്നതോടെ സംഭവിക്കുന്നു. പരീശൻമാർക്കോ മററു മതനേതാക്കൻമാർക്കോ അല്ല ശിഷ്യൻമാർക്കാണ്‌ ദൈവപ്രീതിയുളളത്‌ എന്ന്‌ അപ്പോൾ തെററുപററാനാവാത്ത വിധം വ്യക്തമാകുന്നു. അതുകൊണ്ട്‌ പ്രതീകാത്മക ധനവാനെയും യേശുവിന്റെ ശിഷ്യൻമാരെയും വേർതിരിക്കുന്ന “വലിയ ഗർത്തം” ദൈവത്തിന്റെ മാററമില്ലാത്തതും നീതിപൂർവ്വകവുമായ ന്യായവിധിയെ പ്രതിനിധാനം ചെയ്യുന്നു.

ധനവാൻ അടുത്തതായി “പിതാവായ അബ്രഹാ”മിനോട്‌ അപേക്ഷിക്കുന്നു: “[ലാസറിനെ] എന്റെ പിതാവിന്റെ ഭവനത്തിലേക്ക്‌ അയക്കേണമേ, എന്തുകൊണ്ടെന്നാൽ എനിക്ക്‌ അഞ്ച്‌ സഹോദരൻമാർ ഉണ്ട്‌.” അങ്ങനെ മറെറാരു പിതാവുമായി, യഥാർത്ഥത്തിൽ പിശാചായ സാത്താനുമായി തനിക്ക്‌ കൂടുതൽ അടുത്ത ബന്ധമുണ്ടെന്ന്‌ ധനവാൻ ഏററു പറയുന്നു. “തന്റെ അഞ്ചു സഹോദരൻമാരെ,” തന്റെ മതപരമായ കൂട്ടുകക്ഷികളെ “ഈ ദണ്ഡനസ്ഥലത്ത്‌” എത്തിക്കാതിരിക്കാൻ ലാസർ ദൈവത്തിന്റെ ന്യായവിധി ദൂതിൽ വെളളം ചേർക്കണമെന്ന്‌ ധനവാൻ അപേക്ഷിക്കുന്നു.

“എന്നാൽ അബ്രഹാം പറഞ്ഞു, ‘അവർക്ക്‌ മോശെയും പ്രവാചകൻമാരുമുണ്ട്‌; അവർ അവരെ ശ്രദ്ധിക്കട്ടെ.’” അതെ, ആ “അഞ്ചു സഹോദരൻമാർ” ദണ്ഡനം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ യേശുവിനെ മശിഹായായി തിരിച്ചറിയിക്കുന്ന മോശെയുടെയും പ്രവാചകൻമാരുടെയും എഴുത്തുകൾ ശ്രദ്ധിക്കുകയും യേശുവിന്റെ ശിഷ്യൻമാരായിത്തീരുകയും ചെയ്യുക എന്നതാണ്‌ അവർ ചെയ്യേണ്ടിയിരുന്നത്‌. എന്നാൽ ധനവാൻ എതിർവാദം പറയുന്നു: “വാസ്‌തവത്തിൽ അങ്ങനെയല്ല പിതാവായ അബ്രാഹാമേ, മരിച്ചവരിൽനിന്ന്‌ ആരെങ്കിലും അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും.”

എന്നിരുന്നാലും അവനോട്‌ ഇങ്ങനെ പറയപ്പെടുന്നു: “അവർ മോശെയെയും പ്രവാചകൻമാരെയും ശ്രദ്ധിക്കുന്നില്ലായെങ്കിൽ മരിച്ചവരിൽ നിന്ന്‌ ഒരുവൻ ഉയർത്തെഴുന്നേററു ചെന്നാലും അവർ വിശ്വസിക്കുകയില്ല.” ആളുകളെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി ദൈവം പ്രത്യേക അടയാളങ്ങളോ അത്ഭുതങ്ങളോ കാണിക്കുകയില്ല. അവന്റെ പ്രീതി ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ തിരുവെഴുത്തുകൾ വായിക്കുകയും അവ ബാധകമാക്കുകയും ചെയ്യണം. ലൂക്കോസ്‌ 16:14-31; യോഹന്നാൻ 9:28, 29; മത്തായി 19:3-9; ഗലാത്യർ 3:24; കൊലൊസ്സ്യർ 2:14; യോഹന്നാൻ 8:44.

▪ ധനവാന്റെയും ലാസറിന്റെയും മരണം പ്രതീകാത്‌കമായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌, അവരുടെ മരണങ്ങളാൽ ചിത്രീകരിക്കപ്പെടുന്നത്‌ എന്ത്‌?

▪ യോഹന്നാന്റെ ശുശ്രൂഷയുടെ ആരംഭത്തോടെ എന്തുമാററം സംഭവിക്കുന്നതായിട്ടാണ്‌ യേശു സൂചിപ്പിക്കുന്നത്‌?

▪ യേശുവിന്റെ മരണത്തോടെ എന്ത്‌ നീക്കം ചെയ്യപ്പെടണം, അത്‌ വിവാഹമോചനത്തിന്റെ സംഗതിയെ എങ്ങനെ ബാധിക്കും?

▪ യേശുവിന്റെ ഉപമയിൽ ധനവാനും ലാസറും ആരെ പ്രതിനിധാനം ചെയ്യുന്നു?

▪ ധനവാൻ സഹിക്കുന്ന യാതനകൾ എന്താണ്‌, ഏതു മാർഗ്ഗത്തിലൂടെ അവ ശമിപ്പിക്കണമെന്നാണ്‌ അയാൾ അപേക്ഷിക്കുന്നത്‌?

▪ “വലിയ ഗർത്തം” എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

▪ ധനവാന്റെ യഥാർത്ഥ പിതാവ്‌ ആരാണ്‌, അയാളുടെ അഞ്ചു സഹോദരൻമാർ ആരാണ്‌?