വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നഷ്ടപ്പെട്ടുപോയ ഒരു പുത്രന്റെ കഥ

നഷ്ടപ്പെട്ടുപോയ ഒരു പുത്രന്റെ കഥ

അധ്യായം 86

നഷ്ടപ്പെട്ടുപോയ ഒരു പുത്രന്റെ കഥ

പരീശൻമാരോട്‌ നഷ്ടപ്പെട്ടുപോയ ആടിനെ സംബന്ധിച്ചും നഷ്ടപ്പെട്ട ദ്രഹ്മ നാണയത്തെപ്പററിയുമുളള ഉപമകൾ പറഞ്ഞുതീർന്നശേഷം യേശു ഇപ്പോൾ മറെറാരു ഉപമ പറഞ്ഞുകൊണ്ട്‌ തുടരുന്നു. അത്‌ സ്‌നേഹവാനായ ഒരു പിതാവിന്റെ രണ്ടു പുത്രൻമാരോടുളള അയാളുടെ ഇടപെടലിനെ സംബന്ധിച്ചാണ്‌, അവർ ഇരുവരുടെയും ഭാഗത്ത്‌ ഗുരുതരമായ തെററുകളുണ്ട്‌.

ആദ്യംതന്നെ, ഈ ഉപമയിലെ മുഖ്യകഥാപാത്രം ഇളയപുത്രനാണ്‌. അവൻ തന്റെ പിതൃസ്വത്ത്‌ ശേഖരിക്കുന്നു, അവന്റെ പിതാവാകട്ടെ മടികൂടാതെ അത്‌ അവന്‌ നൽകുന്നു. അവൻ പിന്നീട്‌ വീടുവിട്ടുപോവുകയും വളരെ അധാർമ്മികമായ ഒരു ജീവിതത്തിൽ മുഴുകുകയും ചെയ്യുന്നു. എന്നാൽ യേശു കഥ പറയുമ്പോൾ ശ്രദ്ധിക്കുകയും ഇതിലെ കഥാപാത്രങ്ങൾ ആരെ പ്രതിനിധാനം ചെയ്യുന്നു എന്ന്‌ നിങ്ങൾക്ക്‌ നിശ്ചയപ്പെടുത്താൻ കഴിയുമോ എന്ന്‌ കാണുകയും ചെയ്യുക.

യേശു പറഞ്ഞു തുടങ്ങുന്നു: “ഒരു മനുഷ്യന്‌ രണ്ട്‌ പുത്രൻമാരുണ്ടായിരുന്നു. അവരിൽ ഇളയവൻ അവന്റെ പിതാവിനോട്‌, ‘അപ്പാ, വസ്‌തുവിൽ എന്റെ ഓഹരി എനിക്ക്‌ തന്നാലും’ എന്ന്‌ പറഞ്ഞു. അപ്പോൾ [ആ പിതാവ്‌] തന്റെ മുതൽ അവർക്ക്‌ പകുത്തു കൊടുത്തു.” തനിക്ക്‌ ലഭിച്ചത്‌ ഈ ഇളയവൻ എന്തു ചെയ്യുന്നു?

യേശു വിശദീകരിക്കുന്നു: “പിന്നീട്‌ ഏറെനാൾ കഴിയുംമുമ്പ്‌ ഇളയമകൻ തനിക്ക്‌ കിട്ടിയതെല്ലാം സ്വരൂപിച്ച്‌ ഒരു ദൂരദേശത്തേക്ക്‌ പോയി, അവിടെ ഒരു ദുഷിച്ച ജീവിതം നയിച്ചുകൊണ്ട്‌ തന്റെ സമ്പാദ്യമെല്ലാം ധൂർത്തടിച്ചു.” വാസ്‌തവത്തിൽ വേശ്യമാരോടുകൂടെ ജീവിച്ചുകൊണ്ട്‌ അവൻ തന്റെ പണമെല്ലാം ചെലവഴിക്കുന്നു. യേശു തുടർന്ന്‌ പറയുന്നപ്രകാരം, പിന്നീട്‌ ആ ദേശത്ത്‌ പ്രയാസകാലം ഉണ്ടാകുന്നു:

“അവൻ എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തെല്ലായിടത്തും ഒരു കഠിനക്ഷാമം ഉണ്ടാകയാൽ അവന്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു തുടങ്ങുന്നു. അവൻ ആ ദേശത്തിലെ പൗരൻമാരിൽ ഒരാളെ ചെന്ന്‌ ആശ്രയിക്കേണ്ടതായിപോലും വന്നു. അയാൾ അവനെ തന്റെ വയലിൽ പന്നിക്കൂട്ടങ്ങളെ മേയ്‌പാൻ പറഞ്ഞയച്ചു. പന്നികൾ തിന്നുന്ന അമരിപയറുകൊണ്ട്‌ വയർ നിറക്കാൻ അവൻ ആഗ്രഹിച്ചു, എന്നാൽ അവന്‌ ആരും ഒന്നും കൊടുക്കുമായിരുന്നില്ല.”

ന്യായപ്രമാണ നിയമമനുസരിച്ച്‌ പന്നികൾ ശുദ്ധിയില്ലാത്ത മൃഗങ്ങളായിരുന്നതിനാൽ അവയെ മേയിക്കുന്ന ജോലി ഏറെറടുക്കാൻ നിർബന്ധിതനായത്‌ എന്തൊരു അപമാനമായിരുന്നു! എന്നാൽ ഈ പുത്രനെ ഏററവും അധികം വേദനിപ്പിച്ചത്‌ പന്നികൾക്ക്‌ കൊടുത്തിരുന്ന ആഹാരം തിന്നാൻ ആഗ്രഹിക്കത്തക്കവണ്ണം അവനെ കാർന്നു തിന്നുകൊണ്ടിരുന്ന വിശപ്പായിരുന്നു. ഈ ഭയങ്കരമായ കഷ്ടത നിമിത്തം, യേശു പറഞ്ഞു, “അവൻ സുബോധത്തിലേക്ക്‌ വന്നു.”

കഥ തുടർന്നുകൊണ്ട്‌ യേശു വിശദീകരിക്കുന്നു: “അവൻ [തന്നോടു തന്നെ] പറഞ്ഞു, ‘എന്റെ അപ്പന്റെ എത്ര കൂലിക്കാർക്ക്‌ സമൃദ്ധമായി ആഹാരം ലഭിക്കുന്നു, ഞാനോ ഇവിടെ പട്ടിണികൊണ്ട്‌ നശിക്കുന്നു! ഞാൻ എഴുന്നേററ്‌ എന്റെ അപ്പന്റെ അടുക്കൽ ചെന്ന്‌ ഇങ്ങനെ പറയും: “അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്‌തിരിക്കുന്നു. നിന്റെ പുത്രനെന്ന്‌ വിളിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല. എന്നെ നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ ആക്കണമെ.”’ അതുകൊണ്ട്‌ അവൻ എഴുന്നേററ്‌ അവന്റെ പിതാവിന്റെ അടുത്തേക്ക്‌ പോയി.”

ഇവിടെ ചിന്തിക്കാൻ വകയുണ്ട്‌: ഈ പുത്രൻ വീട്‌ വിട്ടുപോയപ്പോൾ അവന്റെ പിതാവ്‌ അവനെതിരെ തിരിഞ്ഞ്‌ കോപത്തോടെ അവനോട്‌ വഴക്കുപറഞ്ഞിരുന്നെങ്കിൽ സാദ്ധ്യതയനുസരിച്ച്‌ എന്തു ചെയ്യണമെന്നതു സംബന്ധിച്ച്‌ അവന്‌ ഇത്രയും നിശ്ചയം ഉണ്ടായിരിക്കുമായിരുന്നില്ല. തന്റെ പിതാവിനെ അഭിമുഖീകരിക്കേണ്ടിവരാതെ തന്റെ സ്വന്ത നാട്ടിൽ മറെറവിടെയെങ്കിലും ജോലി കണ്ടെത്താൻ ശ്രമിക്കുന്നതിന്‌ അവൻ തീരുമാനിക്കുമായിരുന്നു. എന്നാൽ അത്തരമൊരു ചിന്ത അവന്റെ മനസ്സിൽ ഇല്ലായിരുന്നു. വീട്ടിൽ മടങ്ങിയെത്താൻ അവൻ ആഗ്രഹിച്ചു!

വ്യക്തമായും യേശുവിന്റെ ഉപമയിലെ പിതാവ്‌ സ്‌നേഹവാനും ദയാലുവുമായ നമ്മുടെ സ്വർഗ്ഗീയ പിതാവിനെ പ്രതിനിധാനം ചെയ്യുന്നു. നഷ്ടപ്പെട്ടുപോയ, അല്ലെങ്കിൽ ധൂർത്തനായ പുത്രൻ അറിയപ്പെടുന്ന പാപികളെ പ്രതിനിധാനം ചെയ്യുന്നുവെന്നും ഒരുപക്ഷേ നിങ്ങൾ തിരിച്ചറിയുന്നു. യേശു ഇപ്പോൾ ആരോട്‌ സംസാരിക്കുന്നുവോ ആ പരീശൻമാർ അങ്ങനെയുളളവരോടുകൂടെ ഭക്ഷണം കഴിക്കുന്നതിന്‌ യേശുവിനെ വിമർശിച്ചിരുന്നു. എന്നാൽ മൂത്തപുത്രൻ ആരെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌?

നഷ്ടപ്പെട്ടുപോയ പുത്രനെ കണ്ടെത്തുമ്പോൾ

യേശുവിന്റെ ഉപമയിലെ അല്ലെങ്കിൽ ധൂർത്തനായ പുത്രൻ അവന്റെ പിതാവിന്റെ ഭവനത്തിലേക്ക്‌ മടങ്ങിവരുമ്പോൾ അവന്‌ ഏതു തരത്തിലുളള ഒരു സ്വീകരണമാണ്‌ ലഭിക്കുന്നത്‌? യേശു അത്‌ വിവരിക്കുന്നത്‌ ശ്രദ്ധിക്കുക:

“അവൻ വിദൂരത്തായിരിക്കുമ്പോൾ തന്നെ അവന്റെ പിതാവ്‌ അവനെ കണ്ട്‌, മനസ്സലിവ്‌ തോന്നുകയും അദ്ദേഹം ഓടിച്ചെന്ന്‌ അവനെ കഴുത്തിൽ കെട്ടിപ്പിടിച്ച്‌ വാൽസല്യപൂർവ്വം ചുംബിക്കുകയും ചെയ്‌തു. നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയെ നന്നായി പ്രതിനിധാനം ചെയ്യുന്ന എത്രയോ കാരുണ്യവാനും ഊഷ്‌മളഹൃദനുമായ പിതാവ്‌!

സാദ്ധ്യതയനുസരിച്ച്‌ തന്റെ പുത്രന്റെ ദുഷിച്ച ജീവിതത്തെപ്പററി ആ പിതാവ്‌ കേട്ടിട്ടുണ്ടായിരുന്നു. എന്നിരുന്നാലും ഒരു വിശദീകരണത്തിന്‌ കാത്തിരിക്കാതെ അദ്ദേഹം അവനെ സ്വാഗതം ചെയ്യുന്നു. ഈ ഉപമയിലെ ധൂർത്തപുത്രനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന പാപികളെയും നികുതി പിരിവുകാരെയും സമീപിക്കുന്നതിൽ മുൻകൈ എടുത്തുകൊണ്ട്‌ യേശുവും അത്തരത്തിൽ സ്വാഗതം ചെയ്യുന്ന ഒരു ആത്മാവ്‌ പ്രകടമാക്കുന്നു.

യേശുവിന്റെ ഉപമയിലെ വിവേചനയുളള പിതാവിന്‌ മടങ്ങി വരുന്ന പുത്രന്റെ ദുഃഖപൂരിതവും മ്ലാനവുമായ മുഖം ദർശിക്കുന്നതിൽ നിന്ന്‌ അവന്റെ അനുതാപത്തെപ്പററി നിസ്സംശയമായും ഒരു ധാരണയുണ്ട്‌ എന്നത്‌ സത്യം തന്നെ. എന്നാൽ യേശു പറഞ്ഞതുപോലെ പിതാവ്‌ മുൻകൈ എടുത്തത്‌ പുത്രന്‌ തന്റെ പാപങ്ങൾ ഏററു പറയുന്നത്‌ കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു: “അപ്പോൾ ആ മകൻ അദ്ദേഹത്തോട്‌ പറഞ്ഞു, ‘അപ്പാ, ഞാൻ സ്വർഗ്ഗത്തിനും നിനക്കുമെതിരായി പാപം ചെയ്‌തിരിക്കുന്നു. നിന്റെ പുത്രനെന്ന്‌ വിളിക്കപ്പെടാൻ മേലാൽ ഞാൻ യോഗ്യനല്ല. എന്നെ നിന്റെ വേലക്കാരിൽ ഒരുവനെപ്പോലെ ആക്കണമേ.’”

എന്നാൽ ആ വാക്കുകൾ പുത്രന്റെ വായിൽ നിന്ന്‌ വന്നതേയുളളു അപ്പോഴെ അവന്റെ പിതാവ്‌ തന്റെ ദാസൻമാർക്ക്‌ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട്‌ പ്രവർത്തിച്ചു തുടങ്ങുന്നു: “വേഗമാകട്ടെ! ഒരു കുപ്പായം, ഏററവും നല്ലതു തന്നെ, കൊണ്ടുവന്ന്‌ അവനെ ധരിപ്പിക്കുവിൻ, അവന്റെ കയ്യിൽ മോതിരവും അവന്റെ കാലിൽ ചെരിപ്പും ഇടുവിക്കുവിൻ. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന്‌ അറക്കുവിൻ, നമുക്ക്‌ തിന്ന്‌ ആനന്ദിക്കാം, എന്തുകൊണ്ടെന്നാൽ എന്റെ ഈ പുത്രൻ മരിച്ചവനായിരുന്നു. അവൻ ജീവനിലേക്ക്‌ വന്നിരിക്കുന്നു; അവൻ നഷ്ടപെട്ടു പോയിരുന്നു, അവനെ കണ്ടെത്തിയിരിക്കുന്നു.” അപ്പോൾ അവർ “ആനന്ദിക്കാൻ” തുടങ്ങി.

ഈ സമയം ആ പിതാവിന്റെ “മൂത്ത പുത്രൻ വയലിലായിരുന്നു.” കഥയുടെ ശേഷിച്ച ഭാഗം ശ്രദ്ധിച്ചുകൊണ്ട്‌ അവൻ ആരെ പ്രതിനിധാനം ചെയ്യുന്നുവെന്ന്‌ തിരിച്ചറിയാൻ കഴിയുമോ എന്ന്‌ കാണുക. മൂത്ത പുത്രനെ കുറിച്ച്‌ യേശു പറയുന്നു: “അവൻ വീടിനെ സമീപിച്ചപ്പോൾ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അതുകൊണ്ട്‌ അവൻ വേലക്കാരിൽ ഒരുവനെ വിളിച്ച്‌ ഇതിന്റെ അർത്ഥമെന്ത്‌ എന്ന്‌ അവനോട്‌ ചോദിച്ചു. അവൻ അവനോട്‌, ‘നിന്റെ സഹോദരൻ മടങ്ങി വന്നിരിക്കുന്നു, അവനെ സൗഖ്യത്തോടെ തിരികെ ലഭിച്ചതിനാൽ നിന്റെ പിതാവ്‌ കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തു’ എന്ന്‌ പറഞ്ഞു. എന്നാൽ അവൻ കോപിച്ചു അകത്തു കടപ്പാൻ അവന്‌ മനസ്സില്ലായിരുന്നു. അപ്പോൾ അവന്റെ പിതാവ്‌ പുറത്തുവന്ന്‌ അവനോട്‌ അപേക്ഷിച്ചു. മറുപടിയായി അവൻ തന്റെ പിതാവിനോട്‌ പറഞ്ഞു, ‘ഞാൻ ഇവിടെ അനേക വർഷമായി നിനക്ക്‌ അടിമവേല ചെയ്യുന്നു, ഞാൻ ഒരിക്കൽ പോലും നിന്റെ കൽപ്പന ലംഘിച്ചിട്ടുമില്ല, എന്നാൽ എന്റെ സുഹൃത്തുക്കളുമായി ആനന്ദിക്കാൻ നീ ഒരിക്കലും എനിക്ക്‌ ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. വേശ്യമാരോടുകൂടെ നിന്റെ മുതൽ തിന്നുകളഞ്ഞ ഈ മകൻ വന്നപ്പോഴോ അവനുവേണ്ടി നീ കൊഴുപ്പിച്ച കാളക്കുട്ടിയെ കൊന്നിരിക്കുന്നു.’”

മൂത്തപുത്രനെപ്പോലെ, പാപികളോട്‌ കരുണ കാണിച്ചതിനെയും അവർക്ക്‌ ശ്രദ്ധ നൽകിയതിനെയും വിമർശിച്ചത്‌ ആരാണ്‌? അത്‌ ശാസ്‌ത്രിമാരും പരീശൻമാരുമല്ലേ? യേശു പാപികളെ സ്വാഗതം ചെയ്‌തതിനാൽ അവർ യേശുവിനെ വിമർശിച്ചത്‌ ഈ ഉപമ പറയാൻ യേശുവിനെ പ്രേരിപ്പിച്ചതുകൊണ്ട്‌ വ്യക്തമായും മൂത്തപുത്രനാൽ പ്രതിനിധാനം ചെയ്യപ്പെട്ടത്‌ അവരായിരുന്നിരിക്കണം.

മൂത്തപുത്രനോടുളള പിതാവിന്റെ അപേക്ഷയോടെ യേശു ഉപമ ഉപസംഹരിക്കുന്നു: “മകനെ, നീ എന്നും എന്നോടുകൂടെ ആയിരുന്നിട്ടുണ്ട്‌, എനിക്കുളളതെല്ലാം നിന്റേതാണ്‌; എന്നാൽ നാം ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു. അവൻ ജീവനിലേക്ക്‌ വന്നിരിക്കുന്നു, അവൻ നഷ്ടപ്പെട്ടു പോയിരുന്നു, അവനെ കണ്ടെത്തിയിരിക്കുന്നു.”

എന്നാൽ പിന്നീട്‌ മൂത്ത പുത്രൻ എന്തു ചെയ്യുന്നുവെന്ന്‌ യേശു വ്യക്തമാക്കുന്നില്ല. വാസ്‌തവത്തിൽ, പിന്നീട്‌ യേശുവിന്റെ മരണശേഷം “പുരോഹിതൻമാരിൽ ഒരു വലിയ കൂട്ടം വിശ്വാസത്തോടുളള അനുസരണത്തിൽ വന്നു,” അവരിൽ ഒരുപക്ഷേ ഇപ്പോൾ യേശു ആരോട്‌ സംസാരിക്കുന്നുവോ ആ “ജ്യേഷ്‌ഠപുത്ര”വർഗ്ഗത്തിൽപെട്ടവരും ഉണ്ടായിരുന്നു.

എന്നാൽ ആധുനിക കാലത്ത്‌ ഈ രണ്ടു പുത്രൻമാരാൽ ആരാണ്‌ പ്രതിനിധാനം ചെയ്യപ്പെടുന്നത്‌? അത്‌ യഹോവയുമായി ഒരു ബന്ധത്തിൽ വരാൻ അടിസ്ഥാനമുണ്ടായിരിക്കത്തക്കവണ്ണം അവന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ച്‌ വേണ്ടത്ര അറിവ്‌ ലഭിച്ചവരായിരിക്കണം. മൂത്തപുത്രൻ “ചെറിയ ആട്ടിൻകൂട്ടത്തിലെ” അല്ലെങ്കിൽ “സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതൻമാരുടെ സഭയിലെ” ചില അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇവർ മൂത്തപുത്രന്റേതുപോലെയുളള ഒരു മനോഭാവം കൈക്കൊണ്ടു. അവർക്ക്‌ ഉജ്ജ്വല വെളിച്ചം കവർന്നെടുക്കുന്നവരെന്ന്‌ അവർ കരുതിയ “വേറെ ആടുകളുടെ” ഒരു ഭൗമിക വർഗ്ഗത്തെ സ്വാഗതം ചെയ്യാൻ മനസ്സില്ലായിരുന്നു.

നേരെമറിച്ച്‌, ധൂർത്തപുത്രൻ ലോകം വച്ചുനീട്ടുന്ന ഉല്ലാസങ്ങൾ ആസ്വദിക്കാൻ വേണ്ടി പോകുന്ന ദൈവത്തിന്റെ ജനത്തിൽ നിന്നുളളവരെ പ്രതിനിധാനം ചെയ്യുന്നു. എന്നിരുന്നാലും കാലക്രമത്തിൽ അവർ അനുതപിച്ച്‌ തിരിഞ്ഞുവരികയും പ്രവർത്തന നിരതരായ ദൈവദാസൻമാരായിത്തീരുകയും ചെയ്യുന്നു. വാസ്‌തവത്തിൽ, ക്ഷമ ലഭിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയുകയും അവനിലേക്ക്‌ മടങ്ങിവരികയും ചെയ്യുന്നവരോട്‌ പിതാവ്‌ എത്രയോ സ്‌നേഹവും കരുണയുമുളളവനാണ്‌! ലൂക്കോസ്‌ 15:11-32; ലേവ്യാപുസ്‌തകം 11:7, 8; പ്രവൃത്തികൾ 6:7; ലൂക്കോസ്‌ 12:32; എബ്രായർ 12:23; യോഹന്നാൻ 10:16.

▪ ആരോടാണ്‌ യേശു ഈ ഉപമ അല്ലെങ്കിൽ കഥ പറയുന്നത്‌, എന്തുകൊണ്ട്‌?

▪ ഈ കഥയിലെ മുഖ്യകഥാപാത്രം ആരാണ്‌, അവന്‌ എന്തു സംഭവിക്കുന്നു?

▪ യേശുവിന്റെ നാളിൽ ആരെയാണ്‌ പിതാവും ഇളയ പുത്രനും പ്രതിനിധാനം ചെയ്യുന്നത്‌?

▪ യേശു എങ്ങനെയാണ്‌ തന്റെ ഉപമയിലെ സഹാനുഭൂതിയുളള പിതാവിന്റെ ദൃഷ്ടാന്തം അനുകരിക്കുന്നത്‌?

▪ തന്റെ സഹോദരനു ലഭിച്ച സ്വാഗതം സംബന്ധിച്ച്‌ മൂത്തപുത്രന്റെ വീക്ഷണം എന്താണ്‌, പരീശൻമാർ മൂത്തപുത്രനെപ്പോലെ പെരുമാറുന്നത്‌ എപ്രകാരമാണ്‌?

▪ യേശുവിന്റെ ഉപമ നമ്മുടെ നാളിൽ എങ്ങനെ ബാധകമാകുന്നു?