വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നഷ്ടമായ ഒരു ജനത,എന്നാൽ എല്ലാവരുമല്ല

നഷ്ടമായ ഒരു ജനത,എന്നാൽ എല്ലാവരുമല്ല

അധ്യായം 79

നഷ്ടമായ ഒരു ജനത,എന്നാൽ എല്ലാവരുമല്ല

പരീശന്റെ വീടിനു വെളിയിൽ തടിച്ചു കൂടിയ ജനങ്ങളോടുളള യേശുവിന്റെ സംഭാഷണം കഴിഞ്ഞ്‌ ഏറെ താമസിയാതെ “[റോമൻ ഗവർണ്ണറായിരുന്ന പൊന്തിയൊസ്‌] പീലാത്തൊസ്‌ ചില ഗലീലാക്കാരുടെ രക്തം അവരുടെ യാഗങ്ങളോട്‌ ചേർത്ത” വിവരം ചിലർ യേശുവിനോട്‌ പറയുന്നു. യെരൂശലേമിലേക്ക്‌ ഒരു നീർപാത്തി പണിയുന്നതിന്‌ പീലാത്തൊസ്‌ ആലയ ഭണ്ഡാരത്തിൽ നിന്നുളള പണം വിനിയോഗിച്ചതിൽ ആയിരക്കണക്കിന്‌ യഹൂദൻമാർ പ്രതിഷേധിച്ചപ്പോൾ കൊല്ലപ്പെട്ടവരായിരുന്നിരിക്കണം ആ ഗലീലക്കാർ. അവർ ദുരന്തം അനുഭവിക്കേണ്ടി വന്നത്‌ അവരുടെതന്നെ ദുഷ്ടതകൊണ്ടാണ്‌ എന്നായിരിക്കാം ഈ സംഭവം യേശുവിനോട്‌ പറയുന്നവർ സൂചിപ്പിക്കുന്നത്‌.

എന്നാൽ “ഈ ഗലീലക്കാർ ഈ കാര്യങ്ങൾ സഹിക്കേണ്ടിവന്നുകൊണ്ട്‌ അവർ മറെറല്ലാ ഗലീലാക്കാരേക്കാളും കൂടിയ പാപികളായിരുന്നുവെന്ന്‌ തെളിഞ്ഞതായി നിങ്ങൾ വിചാരിക്കുന്നുവോ?” എന്ന്‌ ചോദിച്ചുകൊണ്ട്‌ യേശു അവരെ തിരുത്തുന്നു. “ഒരിക്കലുമില്ല” യേശു തന്നെ മറുപടിയായി പറയുന്നു. തുടർന്ന്‌ യഹൂദൻമാർക്ക്‌ മുന്നറിയിപ്പ്‌ കൊടുക്കുന്നതിന്‌ യേശു ആ സംഭവം ഉപയോഗിക്കുന്നു. “അനുതപിക്കുന്നില്ല എങ്കിൽ നിങ്ങൾ എല്ലാവരും അതുപോലെ നശിപ്പിക്കപ്പെടും.”

സംസാരം തുടരവേ മറെറാരു പ്രാദേശിക ദുരന്തം യേശു അനുസ്‌മരിക്കുന്നു, അത്‌ ഒരുപക്ഷേ നീർപാത്തി നിർമ്മാണത്തോട്‌ ബന്ധപ്പെട്ടതാണ്‌. അവൻ ചോദിക്കുന്നു: “അല്ലെങ്കിൽ ശീലോഹാമിലെ ഗോപുരം വീണ്‌ മരിച്ചുപോയ ആ പതിനെട്ടുപേർ യരൂശലേമിൽ പാർക്കുന്ന മറെറല്ലാവരിലും വലിയ കടക്കാരായിരിക്കുന്നതായി തെളിഞ്ഞു എന്ന്‌ നിങ്ങൾ വിചാരിക്കുന്നുണ്ടോ?” അല്ല, അവർ മരിക്കാനിടയായത്‌ അവരുടെ ദുഷ്ടതകൊണ്ടല്ല എന്ന്‌ യേശു പറയുന്നു. മറിച്ച്‌, “സമയവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണ്‌ പൊതുവേ അത്തരം ദുരന്തങ്ങൾക്ക്‌ കാരണമായിരിക്കുന്നത്‌. എന്നിരുന്നാലും ഒരിക്കൽകൂടി മുന്നറിയിപ്പ്‌ കൊടുക്കാൻ യേശു ഈ അവസരം ഉപയോഗിക്കുന്നു: “എന്നാൽ അനുതപിക്കുന്നില്ല എങ്കിൽ നിങ്ങൾ എല്ലാവരും അതുപോലെ നശിപ്പിക്കപ്പെടും.”

തുടർന്ന്‌ വിശദീകരണം നൽകിക്കൊണ്ട്‌ യേശു യോജിച്ച ഒരു ഉപമ ഉപയോഗിക്കുന്നു: “ഒരു മനുഷ്യന്‌ തന്റെ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷമുണ്ടായിരുന്നു, അയാൾ വന്ന്‌ അതിൽ ഫലം ഉണ്ടോയെന്ന്‌ നോക്കി, എന്നാൽ കണ്ടില്ല. അപ്പോൾ അയാൾ തോട്ടക്കാരനോട്‌ പറഞ്ഞു: ‘മൂന്നു വർഷമായി ഞാൻ ഈ അത്തിമരത്തിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഞാൻ ഒന്നും കണ്ടില്ല. അതിനെ വെട്ടിക്കളയുക! അത്‌ വാസ്‌തവത്തിൽ എന്തിന്‌ നിലം പാഴാക്കണം?’ മറുപടിയായി അവൻ അയാളോട്‌ പറഞ്ഞു: ‘യജമാനനെ, ഞാൻ അതിന്‌ ചുററും കിളച്ച്‌ വളമിടുവോളം അത്‌ ഈ വർഷവും കൂടെ നിൽക്കട്ടെ; എന്നിട്ട്‌ ഫലം ഉൽപ്പാദിപ്പിക്കുന്നുവെങ്കിൽ നല്ലകാര്യം; അല്ലെങ്കിൽ അതിനെ വെട്ടിക്കളയാം.’”

മൂന്നു വർഷത്തിലേറെയായി യഹൂദ ജനതക്കിടയിൽ വിശ്വാസം നട്ടുവളർത്താൻ യേശു ശ്രമിച്ചിരിക്കുന്നു. എന്നാൽ തന്റെ വേലയുടെ ഫലമെന്നനിലയിൽ നൂറുകണക്കിന്‌ ശിഷ്യൻമാരെയുളളു. ഇപ്പോൾ തന്റെ ശുശ്രൂഷയുടെ നാലാം വർഷം യഹൂദ്യയിലും പെരെയയിലും ഉൽസാഹപൂർവ്വം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ തന്റെ ശ്രമങ്ങൾ തീവ്രമാക്കുന്നു; പ്രതീകാത്മകമായി യഹൂദ അത്തിവൃക്ഷത്തിനുചുററും കിളക്കുകയും വളമിടുകയും ചെയ്യുന്നു. എന്നാൽ ഒരു ഫലവുമില്ല! ആ ജനത അനുതപിക്കാൻ വിസമ്മതിക്കുന്നു, അതുകൊണ്ട്‌ അതു നാശത്തിന്റെ നിരയിലാണ്‌. ആ ജനതയുടെ ഒരു ശേഷിപ്പ്‌ മാത്രമേ പ്രതികരണം കാട്ടുന്നുളളു.

ഏറെ താമസിയാതെ ഒരു ശബ്ബത്തിൽ യേശു ഒരു സിന്നഗോഗിൽ പഠിപ്പിക്കുകയാണ്‌. അവിടെ ഒരു ഭൂതത്തിന്റെ ഉപദ്രവം നിമിത്തം പതിനെട്ട്‌ വർഷമായി കൂനിപ്പോയിരിക്കുന്ന ഒരു സ്‌ത്രീയെ അവൻ കാണുന്നു. കരുണാപൂർവ്വം യേശു അവളെ അഭിസംബോധന ചെയ്യുന്നു: “സ്‌ത്രീയെ, നീ നിന്റെ രോഗത്തിൽനിന്ന്‌ മോചിതയായിരിക്കുന്നു.” അതിങ്കൽ അവൻ അവളുടെമേൽ കൈ വയ്‌ക്കുകയും അവൻ ആ നിമിഷം തന്നെ നിവർന്നു നിന്ന്‌ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

എന്നിരുന്നാലും സിന്നഗോഗിന്റെ അദ്ധ്യക്ഷൻ അതിൽ നീരസപ്പെടുന്നു. “വേല ചെയ്യാൻ ആറു ദിവസമുണ്ടല്ലോ,” അയാൾ പ്രതിഷേധിക്കുന്നു. “അന്ന്‌ വന്നു സൗഖ്യമായിക്കൊൾവിൻ, ശബ്ബത്തിൽ വേണ്ട.” അപ്രകാരം സൗഖ്യമാക്കാനുളള യേശുവിന്റെ പ്രാപ്‌തിയെ ആ ഉദ്യോഗസ്ഥൻ അംഗീകരിക്കുന്നു എന്നാൽ ശബ്ബത്തിൽ സൗഖ്യമാകാൻ വരുന്നതിന്‌ ജനങ്ങളെ അയാൾ കുററപ്പെടുത്തുന്നു!

അതിനു മറുപടിയായി യേശു ചോദിക്കുന്നു: “കപടഭക്തിക്കാരെ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തുദിവസം തന്റെ കാളയെയോ കഴുതയെയോ അതിന്റെ തൊഴുത്തിൽ നിന്ന്‌ അഴിച്ചുകൊണ്ടുപോയി വെളളം കുടിപ്പിക്കുന്നില്ലയോ? എങ്കിൽ നോക്കൂ! സാത്താൻ പതിനെട്ട്‌ സംവൽസരമായി ബന്ധിച്ചിരുന്ന അബ്രഹാമിന്റെ ഒരു മകളായ ഇവളെ ശബ്ബത്തിൽ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ?”

കൊളളാം ഇതു കേട്ടപ്പോൾ യേശുവിനെ എതിർത്തിരുന്നവർക്ക്‌ ലജ്ജ തോന്നിത്തുടങ്ങി. എന്നാൽ യേശു ചെയ്യുന്നതായി കണ്ട മഹൽകാര്യങ്ങളിൽ ജനക്കൂട്ടം സന്തോഷിച്ചു. പ്രതികരണമെന്നനിലയിൽ ദൈവരാജ്യം സംബന്ധിച്ച രണ്ട്‌ പ്രാവചനിക ദൃഷ്ടാന്തങ്ങൾ യേശു ആവർത്തിക്കുന്നു. അവ അവൻ ഏതാണ്ട്‌ ഒരു വർഷം മുമ്പ്‌ ഗലീലാക്കടലിലെ ഒരു പടകിൽ ഇരുന്നുകൊണ്ട്‌ പറഞ്ഞവയായിരുന്നു. ലൂക്കോസ്‌ 13:1-21; സഭാപ്രസംഗി 9:11; മത്തായി 13:31-33.

▪ ഏതു ദുരന്തങ്ങളാണ്‌ ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌, അവയിൽ നിന്ന്‌ യേശു എന്തു ഗുണപാഠം പഠിപ്പിക്കുന്നു?

▪ ഫലം കായ്‌ക്കാത്ത അത്തിവൃക്ഷവും അതിൽ ഫലം ഉൽപ്പാദിപ്പിക്കാനുളള ശ്രമവും സംബന്ധിച്ച്‌ യേശു പറഞ്ഞത്‌ ആർക്ക്‌ ബാധകമാകുന്നു?

▪ സിന്നഗോഗിന്റെ അദ്ധ്യക്ഷൻ രോഗം സൗഖ്യമാക്കാനുളള യേശുവിന്റെ പ്രാപ്‌തിയെ അംഗീകരിക്കുന്നതെങ്ങനെ, എന്നാൽ യേശു അയാളുടെ കപടഭക്തിയെ എപ്രകാരം തുറന്നു കാട്ടുന്നു?