വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിക്കോദേമൊസിനെ പഠിപ്പിക്കുന്നു

നിക്കോദേമൊസിനെ പഠിപ്പിക്കുന്നു

അധ്യായം 17

നിക്കോദേമൊസിനെ പഠിപ്പിക്കുന്നു

പൊതുയുഗം 30-ലെ പെസഹാ പെരുന്നാളിൽ യേശു അസാധാരണമായ അടയാളങ്ങൾ അല്ലെങ്കിൽ അത്ഭുതങ്ങൾ കാണിക്കുന്നു. പരിണതഫലമായി അനേകർ അവനിൽ വിശ്വാസമർപ്പിക്കുന്നു. യഹൂദ ഹൈക്കോടതിയുടെ ന്യായാധിപസംഘത്തിലെ ഒരംഗമായിരിക്കുന്ന നിക്കോദേമൊസിന്‌ മതിപ്പുതോന്നുകയും കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ രാത്രിയിൽ അവൻ യേശുവിനെ സന്ദർശിക്കുന്നു—ഒരുപക്ഷേ, അവനെ ആരെങ്കിലും കണ്ടാൽ മററ്‌ യഹൂദ ഉപദേഷ്ടാക്കളുടെയിടയിൽ തന്റെ മാന്യതയ്‌ക്ക്‌ കോട്ടം തട്ടുമെന്നുളള ഭയം നിമിത്തമായിരിക്കാം.

“റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്ന്‌ ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്ന്‌ ഞങ്ങൾ അറിയുന്നു; എന്തുകൊണ്ടെന്നാൽ ദൈവം തന്നോടുകൂടെയില്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങൾ ചെയ്യാൻ ആർക്കും കഴിയുകയില്ല” എന്ന്‌ അവൻ പറയുന്നു. ഉത്തരമായി, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ഒരു വ്യക്തി “വീണ്ടും ജനിക്കണം” എന്ന്‌ യേശു നിക്കോദേമൊസിനോട്‌ പറയുന്നു.

എന്നാൽ ഒരു വ്യക്തിക്ക്‌ വീണ്ടും ജനിക്കാൻ കഴിയുന്നതെങ്ങനെ? “അയാൾക്ക്‌ രണ്ടാം പ്രാവശ്യം അമ്മയുടെ ഉദരത്തിൽ കടന്ന്‌ ജനിക്കാൻ കഴിയുകയില്ല, കഴിയുമോ?” നിക്കോദേമൊസ്‌ ചോദിക്കുന്നു.

ഇല്ല, വീണ്ടും ജനിക്കുക എന്നു പറഞ്ഞാൽ അതല്ല. “ആരെങ്കിലും വെളളത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ അവന്‌ ദൈവരാജ്യത്തിൽ കടക്കാൻ കഴിയുകയില്ല” എന്ന്‌ യേശു വിശദീകരിക്കുന്നു. യേശു സ്‌നാപനമേൽക്കുകയും പരിശുദ്ധാത്മാവ്‌ അവന്റെ മേൽ ഇറങ്ങുകയും ചെയ്‌തപ്പോൾ അവൻ “വെളളത്താലും ആത്മാവിനാലും” ജനിപ്പിക്കപ്പെട്ടു. ‘ഇത്‌ ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പുത്രൻ’ എന്ന സ്വർഗ്ഗത്തിൽ നിന്നുളള പ്രഖ്യാപനത്തോടെ, ദൈവം സ്വർഗ്ഗീയ രാജ്യത്തിൽ പ്രവേശിക്കാനുളള പ്രതീക്ഷയോടുകൂടിയ ഒരു ആത്മീയ പുത്രനെ ജനിപ്പിച്ചിരിക്കുന്നു എന്ന്‌ പ്രസ്‌താവിച്ചു. പിന്നീട്‌ പൊ. യു. 33-ലെ പെന്തക്കോസ്‌തിൽ സ്‌നാപനമേററ മററുളളവർക്ക്‌ പരിശുദ്ധാത്മാവ്‌ ലഭിക്കുകയും അപ്രകാരം അവർ ദൈവത്തിന്റെ ആത്മീയ പുത്രൻമാരെന്ന നിലയിൽ വീണ്ടും ജനിക്കുകയും ചെയ്യും.

എന്നാൽ ഒരു മനുഷ്യപുത്രനെന്ന നിലയിൽ ദൈവത്തിന്റെ ഈ പ്രത്യേക സന്തതിയുടെ ധർമ്മം മർമ്മപ്രധാനമാണ്‌. “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെതന്നെ മനുഷ്യപുത്രനേയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ തന്നെ” എന്ന്‌ യേശു നിക്കോദേമൊസിനോട്‌ പറയുന്നു. അതെ, വിഷപാമ്പുകളുടെ കടിയേററ ഇസ്രായേല്യർ, രക്ഷപ്പെടുന്നതിനുവേണ്ടി താമ്രസർപ്പത്തിലേക്ക്‌ നോക്കേണ്ടിയിരിക്കുന്നു. അതുപോലെ തങ്ങളുടെ മൃതാവസ്ഥയിൽ നിന്ന്‌ രക്ഷപ്പെടുന്നതിന്‌ എല്ലാ മനുഷ്യരും ദൈവപുത്രനിൽ വിശ്വാസം വെച്ചുപുലർത്തേണ്ടതുണ്ട്‌.

ഇതിലെ യഹോവയുടെ സ്‌നേഹപുരസ്സരമായ പങ്ക്‌ ഊന്നിപ്പറഞ്ഞുകൊണ്ട്‌, യേശു തുടർന്ന്‌ നിക്കോദേമൊസിനോട്‌ ഇപ്രകാരം പറയുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രയധികം സ്‌നേഹിച്ചു.” അങ്ങനെ തന്റെ ശുശ്രൂഷ ആരംഭിച്ച്‌ വെറും ആറുമാസം കഴിഞ്ഞ്‌ യേശു യെരൂശലേമിൽ വച്ച്‌ താൻ മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്‌ക്കായുളള യഹോവയാം ദൈവത്തിന്റെ ക്രമീകരണമാണെന്ന്‌ വ്യക്തമാക്കുന്നു.

യേശു നിക്കോദേമൊസിനോട്‌ ഇപ്രകാരം വിശദീകരിക്കുന്നു: “ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക്‌ അയച്ചത്‌ ലോകത്തെ വിധിപ്പാനല്ല,” അതായത്‌ മനുഷ്യവർഗ്ഗത്തെ നാശത്തിന്‌ വിധിച്ചുകൊണ്ട്‌ പ്രതികൂലമായി വിധിക്കുന്നതിനോ കുററം വിധിക്കുന്നതിനോ അല്ല. മറിച്ച്‌ യേശു പറയുംപ്രകാരം “ലോകം അവനാൽ രക്ഷിക്കപ്പെടുവാൻ വേണ്ടി” അവൻ അയക്കപ്പെട്ടു.

നിക്കോദേമൊസ്‌ ഭയപ്പെട്ട്‌ രാത്രിയുടെ മറവിൽ യേശുവിന്റെ അടുക്കൽ വന്നിരിക്കുന്നു. അതുകൊണ്ട്‌ അയാളോടുളള സംഭാഷണം യേശു ഇങ്ങനെ അവസാനിപ്പിക്കുന്നത്‌ രസാവഹമാണ്‌. “ന്യായവിധിയുടെ അടിസ്ഥാനം ഇതാണ്‌, വെളിച്ചം [യേശു തന്റെ ജീവിതത്താലും പഠിപ്പിക്കലിനാലും പ്രതിനിധാനം ചെയ്‌തത്‌] ലോകത്തിലേക്ക്‌ വന്നു. എന്നാൽ മനുഷ്യർ വെളിച്ചത്തേക്കാൾ ഇരുളിനെ ഇഷ്ടപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവരുടെ പ്രവൃത്തി ദോഷമുളളതാകുന്നു. ഹീനകാര്യങ്ങൾ പ്രവൃത്തിക്കുന്നവൻ വെളിച്ചത്തെ വെറുക്കുന്നു, തന്റെ പ്രവൃത്തികൾ കുററം വിധിക്കപ്പെടാതിരിക്കാൻ വെളിച്ചത്തിലേക്ക്‌ വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ തന്റെ പ്രവൃത്തികൾ ദൈവത്തോട്‌ യോജിപ്പിൽ ചെയ്‌തിരിക്കുന്നതായി വെളിവാകേണ്ടതിന്‌ വെളിച്ചത്തിലേക്ക്‌ വരുന്നു.” യോഹന്നാൻ 2:23–3:21; മത്തായി 3:16, 17; പ്രവൃത്തികൾ 2:1-4; സംഖ്യാപുസ്‌തകം 21:9.

▪ നിക്കോദേമൊസിന്റെ സന്ദർശനത്തിന്‌ പ്രേരിപ്പിച്ചതെന്ത്‌, അവൻ രാത്രിയിൽ വന്നതെന്തുകൊണ്ട്‌?

▪ “വീണ്ടും ജനിക്കുക” എന്നു പറഞ്ഞാലെന്ത്‌?

▪ യേശു നമ്മുടെ രക്ഷയിൽ തന്റെ ധർമ്മം ദൃഷ്ടാന്തീകരിച്ചതെങ്ങനെ?

▪ യേശു ലോകത്തെ ന്യായംവിധിക്കാനല്ല വന്നത്‌ എന്നതിന്റെ അർത്ഥമെന്ത്‌?