വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരീശൻമാരുടെ മന:പൂർവ്വമായ അവിശ്വാസം

പരീശൻമാരുടെ മന:പൂർവ്വമായ അവിശ്വാസം

അധ്യായം 71

പരീശൻമാരുടെ മന:പൂർവ്വമായ അവിശ്വാസം

ഒരിക്കൽ അന്ധനായ ആ ഭിക്ഷക്കാരന്റെ മാതാപിതാക്കൾക്ക്‌ പരീശൻമാരുടെ മുമ്പാകെ വരുത്തപ്പെടുമ്പോൾ ഭയമാണ്‌. യേശുവിൽ വിശ്വസിക്കുന്ന ഏതൊരുവനെയും സിന്നഗോഗിൽ നിന്ന്‌ പുറത്താക്കണമെന്ന്‌ തീരുമാനമെടുത്തിട്ടുളളതായി അവർക്കറിയാം. സമൂഹത്തിലെ മററുളളവരുമായുളള സഹവാസത്തിന്റെ അത്തരം വിഛേദനം, വിശേഷിച്ചും ഒരു ദരിദ്ര കുടുംബത്തിൻമേൽ, വളരെയധികം കഷ്ടപ്പാടുകൾ വരുത്തുമെന്ന്‌ അവർക്കറിയാം. അതുകൊണ്ട്‌ അവർ വളരെ കരുതൽ പ്രകടമാക്കുന്നു.

“അന്ധനായി ജനിച്ചുവെന്ന്‌ നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയാണോ?” പരീശൻമാർ ചോദിക്കുന്നു. “അങ്ങനെയെങ്കിൽ അവനിപ്പോൾ കാഴ്‌ച ലഭിച്ചതെങ്ങനെ?”

“ഇവൻ ഞങ്ങളുടെ മകനാണെന്നും ഇവൻ അന്ധനായിട്ടാണ്‌ ജനിച്ചതെന്നും ഞങ്ങൾക്കറിയാം,” മാതാപിതാക്കൾ സ്ഥിരീകരിക്കുന്നു. “എന്നാൽ അവന്‌ ഇപ്പോൾ കാഴ്‌ച ലഭിച്ചത്‌ എങ്ങനെയെന്നോ ആരാണ്‌ അവന്റെ കണ്ണുകൾ തുറന്നതെന്നോ ഞങ്ങൾ അറിയുന്നില്ല.” തീർച്ചയായും സംഭവിച്ചതെല്ലാം അവരുടെ മകൻ അവരോട്‌ പറഞ്ഞിട്ടുണ്ടാകണം, എന്നിട്ടും വിവേകപൂർവ്വം ആ മാതാപിതാക്കൾ പറയുന്നു: “അവനോട്‌ ചോദിക്കുക, അവന്‌ പ്രായപൂർത്തിയായല്ലോ. അവൻ തന്നെ പറയട്ടെ.”

അതുകൊണ്ട്‌ പരീശൻമാർ വീണ്ടും അയാളെ വിളിക്കുന്നു. യേശുവിന്റെ പേരിൽ കുററം തെളിയിക്കാൻ വേണ്ട തെളിവുകളെല്ലാം ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്‌ എന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ ഇപ്രാവശ്യം അയാളെ ഭയപ്പെടുത്താൻ അവർ ശ്രമിക്കുന്നു. “ദൈവത്തിന്‌ മഹത്വം കൊടുക്കുക,” അവർ ആവശ്യപ്പെടുന്നു. “ഈ മനുഷ്യൻ ഒരു പാപിയാണെന്ന്‌ ഞങ്ങൾക്കറിയാം.”

അന്ധനായിരുന്ന മനുഷ്യൻ അവരുടെ പ്രസ്‌താവനയെ എതിർക്കുന്നില്ല. “അയാൾ ഒരു പാപിയാണോ എന്ന്‌ എനിക്കറിഞ്ഞുകൂടാ.” എന്നാൽ അയാൾ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഒരു കാര്യം എനിക്കറിയാം, ഞാൻ അന്ധനായിരുന്നു, ഇപ്പോൾ എനിക്ക്‌ കാഴ്‌ച ലഭിച്ചിരിക്കുന്നു.”

അയാളുടെ സാക്ഷ്യത്തിൽ പിശകു കണ്ടുപിടിക്കാൻ ശ്രമിച്ചുകൊണ്ട്‌ അവർ വീണ്ടും ചോദിക്കുന്നു: “അവൻ നിന്നോട്‌ എന്താണ്‌ ചെയ്‌തത്‌? എങ്ങനെയാണ്‌ അവൻ നിന്റെ കണ്ണുകൾ തുറന്നത്‌?”

“ഞാൻ നിങ്ങളോട്‌ പറഞ്ഞുകഴിഞ്ഞല്ലേ,” ആ മനുഷ്യൻ പരാതിപ്പെടുന്നു, “എന്നാൽ നിങ്ങൾ ശ്രദ്ധിച്ചില്ല. വീണ്ടും കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌?” പരിഹാസപൂർവ്വം അയാൾ ചോദിക്കുന്നു: “നിങ്ങളും അവന്റെ ശിഷ്യരായിത്തീരാൻ ആഗ്രഹിക്കുന്നുവോ?”

ഈ മറുപടി പരീശൻമാരെ പ്രകോപിപ്പിക്കുന്നു: “നീയാണ്‌ അവന്റെ ശിഷ്യൻ,” അവർ ആരോപിക്കുന്നു, “ഞങ്ങൾ മോശെയുടെ ശിഷ്യൻമാരാണ്‌. ദൈവം മോശെയോട്‌ സംസാരിച്ചിട്ടുണ്ടെന്ന്‌ ഞങ്ങൾക്കറിയാം; എന്നാൽ ഈ മനുഷ്യനെ സംബന്ധിച്ചാണെങ്കിൽ അവൻ എവിടെ നിന്നുളളവനാണെന്ന്‌ ഞങ്ങൾക്കറിഞ്ഞുകൂടാ.”

ആശ്ചര്യം പ്രകടമാക്കിക്കൊണ്ട്‌ ആ എളിയ യാചകൻ പ്രതിവചിക്കുന്നു: “ഇത്‌ തീർച്ചയായും അത്ഭുതമായിരിക്കുന്നു, അവൻ എവിടെ നിന്നുളളവനെന്ന്‌ നിങ്ങൾ അറിയുന്നില്ല, എന്നിട്ടും അവൻ എന്റെ കണ്ണുകൾ തുറന്നിരിക്കുന്നു.” ഇതിൽ നിന്ന്‌ എന്തു നിഗമനത്തിലാണ്‌ എത്തിച്ചേരേണ്ടത്‌? ഭിക്ഷക്കാരൻ പൊതുവേ അംഗീകരിക്കപ്പെടുന്ന ഒരു ആശയം ചൂണ്ടിക്കാണിക്കുന്നു: “ദൈവം പാപികളുടെ അപേക്ഷ കേൾക്കുന്നില്ല എന്ന്‌ നമുക്കറിയാം, എന്നാൽ ആരെങ്കിലും ദൈവഭയമുളളവനും അവന്റെ ഇഷ്ടം ചെയ്യുന്നവനും ആണെങ്കിൽ അങ്ങനെയുളള ഒരുവന്റെ അപേക്ഷ ദൈവം കേൾക്കുന്നു. അന്ധനായി ജനിച്ച ഒരാളുടെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഇന്നുവരെ കേട്ടിട്ടില്ല.” അങ്ങനെ നിഗമനം സ്‌പഷ്ടമായിരിക്കേണ്ടതാണ്‌: “ഈ മനുഷ്യൻ ദൈവത്തിൽ നിന്നുളളവൻ അല്ലായിരുന്നെങ്കിൽ അവന്‌ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.”

അത്തരം ഋജുവും വ്യക്തവുമായ യുക്തിക്കെതിരെ പരീശൻമാർക്ക്‌ യാതൊരു ഉത്തരവുമില്ല. അവർക്ക്‌ സത്യത്തെ അഭിമുഖീകരിക്കാൻ കഴിയാത്തതിനാൽ അവർ ആ മനുഷ്യനെ അധിക്ഷേപിക്കുന്നു: “നീ മുഴുവനായും പാപത്തിൽ ജനിച്ചവൻ, നീയാണോ ഞങ്ങളെ പഠിപ്പിക്കുന്നത്‌?” ഇതിങ്കൽ അവർ ആ മനുഷ്യനെ സിന്നഗോഗിൽ നിന്ന്‌ പുറന്തളളിക്കൊണ്ട്‌ പുറത്താക്കിക്കളയുന്നു.

അവർ ചെയ്‌തത്‌ എന്തെന്ന്‌ യേശു അറിഞ്ഞപ്പോൾ അവൻ ആ മനുഷ്യനെ കണ്ടുപിടിച്ച്‌, “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുവോ?” എന്ന്‌ അവനോട്‌ ചോദിക്കുന്നു.

മറുപടിയായി, അന്ധനായിരുന്ന ആ ഭിക്ഷക്കാരൻ ചോദിക്കുന്നു: “യജമാനനെ, ഞാൻ അവനിൽ വിശ്വസിക്കേണ്ടതിന്‌ അവൻ ആരാകുന്നു?”

“നിന്നോട്‌ സംസാരിക്കുന്നവനാണ്‌ അവൻ,” യേശു പ്രതിവചിക്കുന്നു.

ഉടൻതന്നെ യേശുവിന്റെ മുമ്പാകെ കുമ്പിട്ടുകൊണ്ട്‌ ആ മനുഷ്യൻ പറയുന്നു: “കർത്താവേ, ഞാൻ അവനിൽ വിശ്വസിക്കുന്നു.”

തുടർന്ന്‌ യേശു വിശദീകരിക്കുന്നു: “ഈ ന്യായവിധിക്കായി ഞാൻ ലോകത്തിലേക്ക്‌ വന്നിരിക്കുന്നു: കണ്ണുകാണാത്തവർ കാണുന്നതിനും കാഴ്‌ചയുളളവർ അന്ധരായിത്തീരേണ്ടതിനും തന്നെ.”

അതിങ്കൽ ശ്രദ്ധിച്ചു കൊണ്ടുനിന്ന പരീശൻമാർ ചോദിക്കുന്നു: “ഞങ്ങളും അന്ധൻമാരാണോ?” തങ്ങൾ മാനസ്സികമായി അന്ധൻമാരാണെന്ന്‌ അവർ സമ്മതിച്ചിരുന്നെങ്കിൽ യേശുവിനോടുളള അവരുടെ എതിർപ്പിന്‌ എന്തെങ്കിലും ന്യായീകരണമുണ്ടായിരുന്നു. യേശു അവരോട്‌ പറയുംപ്രകാരം: “നിങ്ങൾ അന്ധൻമാരായിരുന്നുവെങ്കിൽ നിങ്ങൾക്ക്‌ പാപമില്ലായിരുന്നു.” എന്നിരുന്നാലും തങ്ങൾ അന്ധരല്ലെന്നും തങ്ങൾക്ക്‌ ആത്മീയപ്രകാശനം ആവശ്യമില്ലെന്നും അവർ കഠിന ഹൃദയത്തോടെ ശഠിക്കുന്നു. അതുകൊണ്ട്‌ യേശു ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ഇപ്പോൾ ‘ഞങ്ങൾ കാണുന്നു’ എന്ന്‌ നിങ്ങൾ പറയുന്നതുകൊണ്ട്‌ നിങ്ങളുടെ പാപം നിലനിൽക്കുന്നു.” യോഹന്നാൻ 9:19-41.

▪ അന്ധനായിരുന്ന ഭിക്ഷക്കാരന്റെ മാതാപിതാക്കൾ പരീശൻമാരുടെ മുമ്പാകെ വിളിക്കപ്പെട്ടപ്പോൾ ഭയപ്പെടുന്നത്‌ എന്തുകൊണ്ട്‌, അതുകൊണ്ട്‌ സൂക്ഷ്‌മതയോടെ അവർ ഉത്തരം പറയുന്നത്‌ എപ്രകാരമാണ്‌?

▪ അന്ധനായിരുന്ന മനുഷ്യനെ ഭയപ്പെടുത്താൻ പരീശൻമാർ ശ്രമിക്കുന്നതെങ്ങനെ?

▪ ആ മമനുഷ്യന്റെ എന്തു യുക്തിവാദം പരീശൻമാരെ കോപിഷ്‌ഠരാക്കുന്നു?

▪ യേശുവിനോട്‌ എതിർക്കുന്നതിൽ പരീശൻമാർക്ക്‌ യാതൊരു ന്യായീകരണവുമില്ലാത്തതെന്തുകൊണ്ട്‌?