പിതൃത്വം സംബന്ധിച്ച പ്രശ്‌നം
അധ്യായം 69
പിതൃത്വം സംബന്ധിച്ച പ്രശ്‌നം
പെരുന്നാൾ വേളയിൽ യഹൂദൻമാരുമായുളള യേശുവിന്റെ വാഗ്വാദം കൂടുതൽ രൂക്ഷമായിത്തീരുന്നു. “നിങ്ങൾ അബ്രഹാമിന്റെ മക്കളാണെന്ന് എനിക്കറിയാം” യേശു അംഗീകരിക്കുന്നു, “എന്നാൽ നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് സ്വീകാര്യമല്ല. എന്റെ പിതാവിന്റെ പക്കൽ ഞാൻ കണ്ടിട്ടുളള കാര്യങ്ങളാണ് ഞാൻ സംസാരിക്കുന്നത്, നിങ്ങളോ നിങ്ങളുടെ പിതാവിൽ നിന്ന് കേട്ടിട്ടുളള കാര്യങ്ങൾ ചെയ്യുന്നു.”
അവരുടെ പിതാവിനെ തിരിച്ചറിയിക്കുന്നില്ലെങ്കിലും അവരുടെ പിതാവ് തന്റെ പിതാവിൽ നിന്ന് വ്യത്യസ്‌തനാണെന്ന് യേശു വ്യക്തമാക്കുന്നു. യേശുവിന്റെ മനസ്സിലുളളതാരാണെന്ന് തിരിച്ചറിയാതെ യഹൂദ നേതാക്കൻമാർ പ്രതികരിക്കുന്നു: “ഞങ്ങളുടെ പിതാവ് അബ്രഹാമാണ്.” ദൈവത്തിന്റെ സ്‌നേഹിതനായിരുന്ന അബ്രഹാമിനുണ്ടായിരുന്ന അതേ വിശ്വാസമാണ് തങ്ങൾക്കുളളതെന്ന് അവർ കരുതുന്നു.
എന്നിരുന്നാലും തന്റെ മറുപടിയിലൂടെ യേശു അവരെ ഞെട്ടിക്കുന്നു: “നിങ്ങൾ അബ്രഹാമിന്റെ മക്കളെങ്കിൽ അബ്രഹാമിന്റെ പ്രവൃത്തികൾ ചെയ്യുക.” ഒരു യഥാർത്ഥപുത്രൻ തന്റെ പിതാവിനെ അനുകരിക്കുന്നു. “എന്നാൽ നിങ്ങൾ ഇപ്പോൾ ദൈവത്തിൽ നിന്ന് ഞാൻ കേട്ട സത്യം നിങ്ങളോട് പറഞ്ഞ എന്നെ കൊല്ലാൻ ശ്രമിക്കുകയാണ്,” യേശു പറയുന്നു. “അബ്രഹാം അങ്ങനെ ചെയ്‌തിട്ടില്ല.” അതുകൊണ്ട് യേശു വീണ്ടും പറയുന്നു: “നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നു.”
യേശു ആരെപ്പററിയാണ് സംസാരിക്കുന്നതെന്ന് അപ്പോഴും അവർക്ക് മനസ്സിലാകുന്നില്ല. “ഞങ്ങൾ വ്യഭിചാരത്തിൽ നിന്ന് ജനിച്ചവരല്ല” എന്ന് പറഞ്ഞുകൊണ്ട് തങ്ങൾ അബ്രഹാമിന്റെ നിയമാനുസൃത മക്കളാണെന്ന് അവർ ശഠിക്കുന്നു. അതുകൊണ്ട് അബ്രഹാമിനെപ്പോലെ സത്യാരാധകരാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവർ തറപ്പിച്ചു പറയുന്നു: “ഞങ്ങൾക്ക് ഒരു പിതാവേയുളളു, ദൈവം.”
എന്നാൽ ദൈവം ആണോ യഥാർത്ഥത്തിൽ അവരുടെ പിതാവ്? “ദൈവം നിങ്ങളുടെ പിതാവായിരുന്നുവെങ്കിൽ” യേശു പ്രതിവചിക്കുന്നു, “നിങ്ങൾ എന്നെ സ്‌നേഹിക്കുമായിരുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ ദൈവത്തിന്റെ പക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ എന്റെ സ്വന്തം ഇഷ്ടത്താൽ വന്നതല്ല, മറിച്ച് ആ ഒരുവൻ എന്നെ അയച്ചതാണ്. ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണ്?”
തന്നെ തളളിക്കളയുന്നതിന്റെ അനന്തരഫലങ്ങൾ ഈ മതനേതാക്കൻമാർക്ക് കാണിച്ചുകൊടുക്കാൻ യേശു ശ്രമിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ അവൻ തെളിച്ചുതന്നെ പറയുന്നു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുളളവരാകുന്നു, നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.” പിശാച് ഏതുതരത്തിലുളള ഒരു പിതാവാണ്? യേശു അവനെ ഒരു കൊലപാതകനായി തിരിച്ചറിയിച്ചു. അവൻ ഇങ്ങനെയുംകൂടെ പറഞ്ഞു: “അവൻ ഭോഷ്‌ക്കുപറയുന്നവനും ഭോഷ്‌ക്കിന്റെ പിതാവുമാകുന്നു.” അതുകൊണ്ട് യേശു ഇപ്രകാരം ഉപസംഹരിക്കുന്നു: “ദൈവത്തിൽ നിന്നുളളവൻ ദൈവവചനം കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുളളവരല്ലാത്തതിനാൽ നിങ്ങൾ കേൾക്കുന്നില്ല.”
യേശുവിന്റെ കുററാരോപണത്തിങ്കൽ കോപിഷ്‌ഠരായി യഹൂദൻമാർ ചോദിക്കുന്നു: “നീ ഒരു ശമര്യനാണെന്നും നിനക്ക് ഭൂതമുണ്ടെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?” ശമര്യാക്കാർ യഹൂദൻമാരാൽ ദ്വേഷിക്കപ്പെട്ടിരുന്ന ആളുകളാകയാൽ “ശമര്യൻ” എന്ന പദം നിന്ദാസൂചകമായും ഒരു കുററാരോപണമെന്നനിലയിലുമാണ് ഉപയോഗിക്കപ്പെടുന്നത്.
ശമര്യൻ എന്ന നിന്ദാവാക്ക് അവഗണിച്ചുകൊണ്ട് യേശു പ്രത്യുത്തരം പറയുന്നു: “എന്നിൽ ഭൂതമില്ല, എന്നാൽ ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു, നിങ്ങളോ എന്നെ നിന്ദിക്കുന്നു.” സംസാരം തുടരവേ, യേശു അത്ഭുതകരമായ ഈ വാഗ്‌ദാനം നൽകുന്നു: “ആരെങ്കിലും എന്റെ വചനം അനുസരിക്കുന്നുവെങ്കിൽ അവൻ മരണം കാണുകയില്ല.” തന്നെ അനുഗമിക്കുന്നവർ അക്ഷരാർത്ഥത്തിൽ ഒരിക്കലും മരണം കാണുകയില്ല എന്ന് യേശു തീർച്ചയായും അർത്ഥമാക്കിയില്ല. മറിച്ച്, അവർ നിത്യനാശം അല്ലെങ്കിൽ വീണ്ടുമൊരു പുനരുത്ഥാനം സാദ്ധ്യമല്ലാത്ത “രണ്ടാം മരണം” കാണുകയില്ല എന്നാണ് അവൻ അർത്ഥമാക്കിയത്.
എന്നിരുന്നാലും യഹൂദൻമാർ യേശുവിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിലെടുക്കുന്നു. അതുകൊണ്ട് അവർ പറയുന്നു: “നിനക്ക് ഭൂതമുണ്ടെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. അബ്രഹാമും പ്രവാചകൻമാരും മരിച്ചു; എന്നാൽ ‘ആരെങ്കിലും എന്റെ വചനം അനുസരിച്ചാൽ അവൻ മരണം അനുഭവിക്കേണ്ടതില്ല’ എന്ന് നീ പറയുന്നു. മരിച്ചുപോയ ഞങ്ങളുടെ പിതാവായ അബ്രഹാമിനേക്കാൾ നീ വലിയവനല്ല, ആണോ? പ്രവാചകൻമാരും മരിച്ചു. നീ ആരാണെന്നാണ് നീ അവകാശപ്പെടുന്നത്?”
ഈ ചർച്ചയിലുടനീളം താനാണ് വാഗ്‌ദത്ത മശിഹാ എന്ന് യേശു ഈ മനുഷ്യർക്ക് കാണിച്ചു കൊടുക്കുകയാണ് എന്നത് വ്യക്തമാണ്. താൻ ആരാണെന്ന ചോദ്യത്തിന് നേരിട്ട് മറുപടി പറയുന്നതിനുപകരം യേശു പറയുന്നു: “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ, എന്റെ മഹത്വം ഏതുമില്ല. നിങ്ങളുടെ ദൈവമാണെന്ന് നിങ്ങൾ പറയുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നിരുന്നാലും നിങ്ങൾ അവനെ അറിഞ്ഞിട്ടില്ല. എന്നാൽ ഞാൻ അവനെ അറിയുന്നു. അവനെ അറിയില്ല എന്നു ഞാൻ പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ ഒരു ഭോഷ്‌ക്കാളിയായിരിക്കും.”
സംഭാഷണം തുടരവേ, വീണ്ടും വിശ്വസ്‌തനായ അബ്രഹാമിനെ പരാമർശിച്ചുകൊണ്ട് യേശു ഇപ്രകാരം പറയുന്നു: “എന്റെ നാളുകൾ കാണാനുളള ഭാവി പ്രതീക്ഷയിൽ നിങ്ങളുടെ പിതാവായ അബ്രഹാം സന്തോഷിച്ചു, അവൻ അത് കാണുകയും സന്തോഷിക്കുകയും ചെയ്‌തു.” അതെ, വിശ്വാസകണ്ണുകളോടെ അബ്രഹാം വാഗ്‌ദത്ത മശിഹായുടെ വരവിങ്കലേക്ക് മുന്നോട്ടുനോക്കി. തങ്ങൾ കേട്ടതു വിശ്വസിക്കാനാവാതെ, യഹൂദൻമാർ ചോദിക്കുന്നു: “നിനക്ക് ഇപ്പോഴും അൻപതു വയസ്സ് ആയിട്ടില്ലല്ലോ, നീ അബ്രഹാമിനെ കണ്ടിട്ടുണ്ടോ?”
യേശു ഉത്തരമായി പറയുന്നു: “ഏററവും സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, അബ്രഹാം ഉണ്ടാകുന്നതിന് മുമ്പേ ഞാൻ ഉണ്ട്.” മനുഷ്യനായിത്തീരുന്നതിന് മുമ്പ് ശക്തനായ ഒരു ആത്മവ്യക്തി എന്നനിലയിൽ സ്വർഗ്ഗത്തിലായിരുന്നതിനെപ്പററിയാണ് വാസ്‌തവത്തിൽ യേശു സംസാരിക്കുന്നത്.
അബ്രഹാമിന് മുമ്പേ ഉണ്ടായിരുന്നതു സംബന്ധിച്ചുളള യേശുവിന്റെ അവകാശവാദത്തിൽ കോപപരവശരായി അവനെ എറിയാൻ യഹൂദൻമാർ കല്ലുകൾ എടുക്കുന്നു. എന്നാൽ അവൻ അവരുടെ ദൃഷ്ടിയിൽനിന്ന് മറയുകയും ഉപദ്രവമേൽക്കാതെ ആലയത്തിൽ നിന്ന് പുറത്തു പോകുകയും ചെയ്യുന്നു. യോഹന്നാൻ 8:37-59; വെളിപ്പാട് 3:14; 21:8.
▪ തനിക്കും തന്റെ ശത്രുക്കൾക്കും വ്യത്യസ്‌ത പിതാക്കൻമാരാണ് ഉളളത് എന്ന് യേശു എങ്ങനെ പ്രകടമാക്കുന്നു?
▪ യഹൂദൻമാർ യേശുവിനെ ശമര്യൻ എന്നു വിളിക്കുന്നതിന്റെ പ്രാധാന്യം എന്താണ്?
▪ തന്റെ അനുഗാമികൾ മരണം കാണുകയില്ല എന്ന് പറഞ്ഞപ്പോൾ യേശു എന്താണ് അർത്ഥമാക്കുന്നത്?