വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിതൃസ്വത്ത്‌ സംബന്ധിച്ച തർക്കം

പിതൃസ്വത്ത്‌ സംബന്ധിച്ച തർക്കം

അധ്യായം 77

പിതൃസ്വത്ത്‌ സംബന്ധിച്ച തർക്കം

യേശു പരീശന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്നു എന്ന്‌ ജനങ്ങൾ അറിയുന്നു. അതുകൊണ്ട്‌ അവർ ആയിരക്കണക്കിന്‌ വീടിന്‌ പുറത്തു തടിച്ചു കൂടുന്നു. യേശു പുറത്തിറങ്ങി വരുമ്പോൾ അവർ അവന്നായി കാത്തു നിൽക്കുകയാണ്‌. യേശുവിനെ എതിർക്കുകയും എന്തെങ്കിലും തെററ്‌ പറയുന്നതിൽ അവനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്യുന്ന പരീശൻമാരിൽ നിന്ന്‌ വ്യത്യസ്‌തമായി, ജനങ്ങൾ താൽപ്പര്യത്തോടെയും വിലമതിപ്പോടെയും അവനെ ശ്രദ്ധിക്കുന്നു.

ആദ്യം തന്നെ തന്റെ ശിഷ്യൻമാരുടെ നേരെ തിരിഞ്ഞ്‌ യേശു പറയുന്നു: “പരീശൻമാരുടെ കപടഭക്തിയായ പുളിച്ച മാവിനെതിരെ സൂക്ഷിച്ചുകൊളളുവിൻ.” ഭക്ഷണ വേളയിൽ പ്രകടമാക്കപ്പെട്ടപ്രകാരം പരീശൻമാരുടെ മതവ്യവസ്ഥിതി മുഴുവനായും കപടഭക്തി നിറഞ്ഞതാണ്‌. പരീശൻമാരുടെ ദുഷ്ടത ഭക്തിയുടെ ഒരു പ്രകടനത്താൽ മറക്കപ്പെട്ടേക്കാമെങ്കിലും കാലക്രമത്തിൽ അത്‌ വെളിപ്പെട്ടുവരും. “മൂടിവച്ചതു ഒന്നും വെളിച്ചത്തു വരാതെയും രഹസ്യമായതൊന്നും അറിയപ്പെടാതെയും ഇരിക്കയില്ല,” യേശു പറയുന്നു.

അതേ തുടർന്ന്‌, ഗലീലയിലെ പ്രസംഗപര്യടനത്തിന്‌ 12പേരെ അയച്ചപ്പോൾ യേശു അവർക്ക്‌ നൽകിയ പ്രോൽസാഹനം അവൻ ആവർത്തിക്കുന്നു. അവൻ പറയുന്നു: “ദേഹത്തെ കൊല്ലുവാനല്ലാതെ അതിൽ കൂടുതലായി ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട.” ദൈവം ഒററ കുരികിലിനെപ്പോലും മറക്കുകയില്ലാത്തതിനാൽ ദൈവം തന്റെ ശിഷ്യൻമാരെ മറക്കുകയില്ല എന്ന്‌ യേശു അവർക്ക്‌ ഉറപ്പു നൽകുന്നു. അവൻ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “അവർ നിങ്ങളെ പൊതു സദസ്സിലും ഗവൺമെൻറ്‌ ഉദ്യോഗസ്ഥൻമാരുടെയും അധികാരികളുടെയും മുമ്പിലും നിറുത്തുമ്പോൾ . . . നിങ്ങൾ എന്തു പറയണമെന്ന്‌ ആ നാഴികയിൽ പരിശുദ്ധാത്മാവു തന്നെ നിങ്ങളെ പഠിപ്പിക്കും.”

ജനക്കൂട്ടത്തിൽ നിന്ന്‌ ഒരാൾ പറയുന്നു: “ഗുരോ, ഞാനുമായി പിതൃസ്വത്ത്‌ പങ്കുവയ്‌ക്കാൻ എന്റെ സഹോദരനോട്‌ പറഞ്ഞാലും,” അയാൾ അപേക്ഷിക്കുന്നു. ആദ്യജാതന്‌ സ്വത്തിൽ ഇരട്ടിപങ്ക്‌ ലഭിക്കേണ്ടതാണ്‌ എന്ന്‌ മോശെയുടെ നിയമം അനുശാസിക്കുന്നു, അതുകൊണ്ട്‌ ഒരു തർക്കം ഉണ്ടായിരിക്കേണ്ട യാതൊരു കാരണവുമില്ല. എന്നാൽ ഈ മനുഷ്യൻ പ്രത്യക്ഷത്തിൽ, തന്റെ നിയമാനുസൃത പങ്കിലും കൂടുതൽ കിട്ടണമെന്ന്‌ ആഗ്രഹിക്കുന്നു.

ഉചിതമായിത്തന്നെ യേശു അതിൽ ഇടപെടാൻ വിസമ്മതിച്ചു. “മനുഷ്യാ, എന്നെ നിങ്ങൾക്കിടയിൽ ന്യായകർത്താവോ സ്വത്തു പങ്കിടുന്നവനോ ആക്കിയത്‌ ആർ?” അവൻ ചോദിക്കുന്നു. തുടർന്ന്‌ അവൻ ജനക്കൂട്ടത്തിന്‌ ജീവൽപ്രധാനമായ ഈ ബുദ്ധ്യുപദേശം നൽകുന്നു: “നിങ്ങളുടെ ദൃഷ്ടികൾ തുറന്ന്‌ സകലവിധ ദ്രവ്യാഗ്രഹത്തിനുമെതിരെ സൂക്ഷിച്ചുകൊളളുവിൻ, എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യന്‌ സമൃദ്ധിയുണ്ടായിരിക്കുമ്പോഴും അവന്റെ വസ്‌തുവകകളുടെ ഫലമായി അവന്‌ ജീവൻ ലഭിക്കുന്നില്ല.” അതെ, ഒരു മനുഷ്യന്‌ എത്രയധികം ധനം ഉണ്ടായിരുന്നാലും സാധാരണ ഗതിയിൽ അയാൾ മരിക്കുകയും എല്ലാം പിമ്പിൽ വിട്ടുകളയുകയും ചെയ്യുന്നു. ഈ വസ്‌തുത ഊന്നിപ്പറയുന്നതിനും ദൈവമുമ്പാകെ ഒരു നല്ലപേർ സമ്പാദിക്കുന്നതിൽ പരാജയപ്പെടുന്നതിലെ മൗഢ്യം എടുത്തു കാണിക്കുന്നതിനുമായി യേശു ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു. അവൻ വിശദീകരിക്കുന്നു:

“ധനികനായ ഒരു മമനുഷ്യന്റെ ഭൂമി നന്നായി വിളവു നൽകി. തൽഫലമായി അയാൾ തന്നോട്‌ തന്നെ ഇപ്രകാരം ന്യായവാദം ചെയ്‌തു തുടങ്ങി, ‘എനിക്ക്‌ എന്റെ വിളവു ശേഖരിച്ചു വയ്‌ക്കാൻ സ്ഥലമില്ലാത്തതുകൊണ്ട്‌ ഞാൻ എന്തു ചെയ്യേണ്ടു?’ അതുകൊണ്ട്‌ അയാൾ പറഞ്ഞു, ‘ഞാൻ ഇങ്ങനെ ചെയ്യും: ഞാൻ എന്റെ കളപ്പുരകൾ പൊളിച്ചു അതിലും വലിയവ പണിയും അവയിൽ ഞാൻ എന്റെ എല്ലാ ധാന്യവും മററ്‌ നല്ല വസ്‌തുവകകളും കൂട്ടി വയ്‌ക്കും; എന്നിട്ട്‌ ഞാൻ എന്റെ ദേഹിയോട്‌ പറയും: “നിനക്ക്‌ അനേക വർഷത്തേക്ക്‌ ആവശ്യമായ നല്ല വസ്‌തുക്കളെല്ലാം ശേഖരിച്ചു വച്ചിരിക്കുന്നു; നീ സ്വസ്ഥമായി തിന്നുകയും കുടിക്കുകയും ആസ്വദിക്കുകയും ചെയ്യുക.”’ എന്നാൽ ദൈവം അവനോട്‌ പറഞ്ഞു, ‘ന്യായബോധമില്ലാത്തവനെ, ഇന്നു രാത്രി അവർ നിന്റെ ദേഹിയെ നിന്നോട്‌ ആവശ്യപ്പെടും, അപ്പോൾ നീ ശേഖരിച്ചു വച്ചതെല്ലാം ആർക്കായിരിക്കും?’”

ഉപസംഹാരമായി, യേശു ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ദൈവസംബന്ധമായി ധനവാനാകാതെ തനിക്കുവേണ്ടിത്തന്നെ നിക്ഷേപം സ്വരൂപിക്കുന്ന മനുഷ്യന്‌ അങ്ങനെ സംഭവിക്കും.” ധനം സ്വരൂപിക്കുന്നതിന്റെ മൗഢ്യത്തിൽ ശിഷ്യൻമാർ കുരുങ്ങാനിടയില്ലെങ്കിലും ജീവിതത്തിന്റെ അനുദിന ഉൽക്കണ്‌ഠകളാൽ യഹോവക്ക്‌ മുഴുദേഹിയോടെയുളള സേവനത്തിൽ നിന്ന്‌ അവർ എളുപ്പത്തിൽ വ്യതിചലിപ്പിക്കപ്പെട്ടേക്കാം. അതുകൊണ്ട്‌ ഏതാണ്ട്‌ ഒന്നരവർഷം മുമ്പ്‌ തന്റെ ഗിരിപ്രഭാഷണത്തിൽ താൻ നൽകിയ നല്ല ബുദ്ധ്യുപദേശം ആവർത്തിക്കുന്നതിന്‌ യേശു ഈ അവസരം വിനിയോഗിക്കുന്നു. തന്റെ ശിഷ്യൻമാരുടെ നേരെ തിരിഞ്ഞ്‌ യേശു ഇപ്രകാരം പറയുന്നു:

“നിങ്ങൾ എന്തു ഭക്ഷിക്കും എന്ന്‌ വച്ച്‌ നിങ്ങളുടെ ദേഹികളെ സംബന്ധിച്ചും നിങ്ങൾ എന്തു ധരിക്കും എന്ന്‌ വച്ച്‌ നിങ്ങളുടെ ശരീരത്തെ സംബന്ധിച്ചും . . . ഉൽക്കണ്‌ഠപ്പെടുന്നത്‌ മതിയാക്കുവിൻ. കാക്കകളെ സൂക്ഷിച്ചു നോക്കുവിൻ അവ വിത്തു വിതക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല, അവക്ക്‌ അറയോ ധാന്യപ്പുരയോ ഇല്ല, എന്നിരുന്നാലും ദൈവം അവയെ പോററുന്നു. . . . ലില്ലികൾ എങ്ങനെ വളരുന്നു എന്ന്‌ നന്നായി സൂക്ഷിക്കുക; അവ അദ്ധ്വാനിക്കുകയോ നൂൽ നൂൽക്കുകയോ ചെയ്യുന്നില്ല; ശലോമോൻ പോലും തന്റെ സകല പ്രതാപത്തിലും ഇവയിൽ ഒന്നിനേപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു. . . .

“അതുകൊണ്ട്‌ എന്തു തിന്നും എന്തും കുടിക്കും എന്ന്‌ വച്ച്‌ ഉൽക്കണ്‌ഠാകുലരാകുന്നത്‌ മതിയാക്കുവിൻ; എന്തുകൊണ്ടെന്നാൽ ഇവയെല്ലാം ലോകത്തിലെ ജനതകൾ താൽപ്പര്യപൂർവ്വം അന്വേഷിക്കുന്ന കാര്യങ്ങളാണ്‌, എന്നാൽ നിങ്ങൾക്ക്‌ ഈവക കാര്യങ്ങൾ ആവശ്യമാണെന്ന്‌ നിങ്ങളുടെ സ്വർഗ്ഗീയ പിതാവ്‌ അറിയുന്നു. എങ്കിലും അവന്റെ രാജ്യം അന്വേഷിച്ചുകൊണ്ടിരിപ്പിൻ. നിങ്ങൾക്ക്‌ ഈ വക കാര്യങ്ങൾ കൂട്ടപ്പെടും.”

വിശേഷിച്ച്‌ സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത്‌ യേശുവിന്റെ വാക്കുകൾ അടുത്ത പരിഗണന അർഹിക്കുന്നു. തന്റെ ഭൗതികാവശ്യങ്ങൾ സംബന്ധിച്ച്‌ അമിതമായി ഉൽക്കണ്‌ഠാകുലനാവുകയും ആത്മീയാനുധാവനങ്ങളിൽ മന്ദീഭവിച്ചു പോവാൻ തുടങ്ങുകയും ചെയ്യുന്ന മനുഷ്യൻ വാസ്‌തവത്തിൽ തന്റെ ദാസൻമാർക്കുവേണ്ടി കരുതാനുളള ദൈവത്തിന്റെ പ്രാപ്‌തിയിലുളള വിശ്വാസത്തിന്റെ അഭാവം പ്രകടമാക്കുകയാണ്‌. ലൂക്കോസ്‌ 12:1-31; ആവർത്തനം 21:17.

▪ തന്റെ പൈതൃകാവകാശത്തെപ്പററി ആ മനുഷ്യൻ ചോദിക്കുന്നത്‌ ഒരുപക്ഷേ എന്തുകൊണ്ടായിരിക്കാം, യേശു അയാൾക്ക്‌ എന്തു പ്രബോധനം നൽകുന്നു?

▪ യേശു എന്തു ദൃഷ്ടാന്തം ഉപയോഗിക്കുന്നു, അതിന്റെ ആശയം എന്താണ്‌?

▪ എന്തു ബുദ്ധിയുപദേശമാണ്‌ യേശു ആവർത്തിക്കുന്നത്‌, അത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?