വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പീഡനത്തെ അഭിമുഖീകരിക്കാനുളള ഒരുക്കം

പീഡനത്തെ അഭിമുഖീകരിക്കാനുളള ഒരുക്കം

അധ്യായം 50

പീഡനത്തെ അഭിമുഖീകരിക്കാനുളള ഒരുക്കം

പ്രസംഗവേല നിർവഹിക്കുന്നതിന്റെ രീതികൾ സംബന്ധിച്ച്‌ തന്റെ അപ്പൊസ്‌തലൻമാരെ പ്രബോധിപ്പിച്ച ശേഷം യേശു എതിരാളികളെക്കുറിച്ച്‌ അവർക്കു മുന്നറിയിപ്പു കൊടുക്കുന്നു. അവൻ പറയുന്നു: “നോക്കൂ! ഞാൻ നിങ്ങളെ ചെന്നായ്‌ക്കളുടെ നടുവിൽ ആടുകളെപ്പോലെ അയയ്‌ക്കുന്നു . . . മനുഷ്യരെ സൂക്ഷിക്കുക; എന്തെന്നാൽ അവർ നിങ്ങളെ തദ്ദേശകോടതികളിൽ ഏല്‌പ്പിക്കും, അവർ നിങ്ങളെ അവരുടെ സിന്നഗോഗുകളിൽ ചമ്മട്ടികൊണ്ട്‌ അടിക്കും. എന്തിന്‌, ഞാൻ നിമിത്തം നിങ്ങൾ ഗവർണർമാരുടെയും രാജാക്കൻമാരുടെയും മുമ്പാകെ വരുത്തപ്പെടും.”

തന്റെ അനുഗാമികൾ അഭിമുഖീകരിക്കാനിരിക്കുന്ന കഠിനമായ പീഡനം ഗണ്യമാക്കാതെ യേശു ആശ്വാസദായകമായി ഇങ്ങനെ വാഗ്‌ദാനംചെയ്യുന്നു: “അവർ നിങ്ങളെ ഏല്‌പിച്ചുകൊടുക്കുമ്പോൾ നിങ്ങൾ എങ്ങനെ അല്ലെങ്കിൽ എന്തു സംസാരിക്കണം എന്നതിനെക്കുറിച്ച്‌ ഉത്‌ക്കണ്‌ഠപ്പെടരുത്‌; എന്തെന്നാൽ നിങ്ങൾ സംസാരിക്കേണ്ടത്‌ ആ നാഴികയിൽ നിങ്ങൾക്കു നൽകപ്പെടും; എന്തെന്നാൽ സംസാരിക്കുന്നത്‌ നിങ്ങൾതന്നെയല്ല, പിന്നെയോ നിങ്ങൾ മുഖാന്തരം സംസാരിക്കുന്നത്‌ പിതാവിന്റെ ആത്‌മാവാണ്‌.”

യേശു തുടരുന്നു, “കൂടാതെ, സഹോദരൻ സഹോദരനെയും പിതാവ്‌ തന്റെ കുട്ടിയെയും മരണത്തിന്‌ ഏൽപ്പിച്ചുകൊടുക്കും, മക്കൾ മാതാപിതാക്കൻമാർക്കെതിരായി എഴുന്നേൽക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.” അവൻ കൂട്ടിച്ചേർക്കുന്നു: “നിങ്ങൾ എന്റെ നാമം നിമിത്തം സകല ജനങ്ങളാലുമുളള വിദ്വേഷത്തിന്റെ ലക്ഷ്യങ്ങളായിരിക്കും; എന്നാൽ അവസാനത്തോളം സഹിച്ചിരിക്കുന്നവനാണ്‌ രക്ഷിക്കപ്പെടുന്നത്‌.”

പ്രസംഗമാണ്‌ പ്രഥമ പ്രധാനം. തന്നിമിത്തം വേല നിർവഹിക്കാൻ സ്വതന്ത്രരായിരിക്കത്തക്കവണ്ണം വിവേചനയുടെ ആവശ്യം യേശു ഊന്നിപ്പറയുന്നു. “അവർ നിങ്ങളെ ഒരു നഗരത്തിൽ പീഡിപ്പിക്കുമ്പോൾ മറെറാന്നിലേക്ക്‌ ഓടിപ്പോകുക. എന്തെന്നാൽ സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യപുത്രൻ വന്നെത്തുന്നതുവരെ നിങ്ങൾ തീർച്ചയായും ഇസ്രായേൽ നഗരങ്ങൾ സഞ്ചരിച്ച്‌ പൂർത്തീകരിക്കുകയില്ല” എന്ന്‌ അവൻ പറയുന്നു.

യേശു ഈ ഉദ്‌ബോധനവും മുന്നറിയിപ്പും പ്രോൽസാഹനവും തന്റെ 12 അപ്പൊസ്‌തലൻമാർക്കാണ്‌ നൽകിയതെന്നുളളതു സത്യംതന്നെ, എന്നാൽ അത്‌ തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ലോകവ്യാപകപ്രസംഗത്തിൽ പങ്കെടുക്കുന്നവർക്കുവേണ്ടിയും കൂടെ ഉദ്ദേശിക്കപ്പെട്ടിരുന്നു. തന്റെ ശിഷ്യൻമാർ അവന്റെ അപ്പൊസ്‌തലൻമാർ ആരോടു പ്രസംഗിക്കാൻ അയക്കപ്പെട്ടിരുന്നുവോ ആ ഇസ്രായേല്യരാൽമാത്രമല്ല, സകല ജനങ്ങളാലും ദ്വേഷിക്കപ്പെടും എന്ന്‌ അവൻ പറഞ്ഞുവെന്ന വസ്‌തുതയാൽ ഇത്‌ പ്രകടമാക്കപ്പെടുന്നു. കൂടാതെ, തെളിവനുസരിച്ച്‌, യേശു ഹ്രസ്വമായ പ്രസംഗപ്രസ്ഥാനത്തിന്‌ അപ്പൊസ്‌തലൻമാരെ അയച്ചപ്പോൾ അവർ ഗവർണർമാരുടെയും രാജാക്കൻമാരുടെയും മുമ്പാകെ വരുത്തപ്പെട്ടില്ല. മാത്രവുമല്ല, വിശ്വാസികൾ അന്ന്‌ കുടുംബാംഗങ്ങളാൽ മരണത്തിന്‌ ഏൽപ്പിക്കപ്പെട്ടില്ല.

അതുകൊണ്ട്‌, അവന്റെ ശിഷ്യൻമാർ “മനുഷ്യപുത്രൻ വന്നെത്തുന്നതുവരെ” തങ്ങളുടെ പ്രസംഗപര്യടനം പൂർത്തീകരിക്കുകയില്ല എന്നു പറഞ്ഞതിനാൽ, മഹത്വീകരിക്കപ്പെട്ട രാജാവായ യേശുക്രിസ്‌തു അർമ്മഗെദ്ദോനിൽ യഹോവയുടെ വധാധികൃത ഉദ്യോഗസ്ഥനായി വന്നെത്തുന്നതുവരെ തന്റെ ശിഷ്യൻമാർ ദൈവത്തിന്റെ സ്ഥാപിതരാജ്യത്തെക്കുറിച്ചുളള പ്രസംഗത്താൽ മുഴുനിവസിതഭൂമിയിലെയും പര്യടനം പൂർത്തിയാക്കുകയില്ലെന്ന്‌ യേശു പ്രാവചനികമായി നമ്മോടു പറയുകയായിരുന്നു.

തന്റെ പ്രസംഗനിർദ്ദേശങ്ങൾ തുടർന്നുകൊണ്ട്‌ യേശു പറയുന്നു: “ഒരു ശിഷ്യൻ തന്റെ ഗുരുവിനു മീതെയല്ല, ഒരു അടിമ അവന്റെ യജമാനനു മീതെയുമല്ല.” അതുകൊണ്ട്‌ അവന്റെ ശിഷ്യൻമാർ, അവന്‌ ദൈവരാജ്യം പ്രസംഗിച്ചതു നിമിത്തം ലഭിച്ചതുപോലെയുളള ദുഷ്‌പെരുമാററവും പീഡനവും ലഭിക്കാൻ പ്രതീക്ഷിക്കേണ്ടതാണ്‌. എന്നാലും അവൻ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ദേഹിയെ കൊല്ലാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയമുളളവരായിത്തീരരുത്‌; എന്നാൽ ദേഹിയെയും ദേഹത്തെയും ഗീഹെന്നയിൽ നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.”

യേശു ഈ കാര്യത്തിൽ മാതൃകവെച്ചു. അവൻ സർവശക്തനായ യഹോവയാം ദൈവത്തോടുളള വിശ്വസ്‌തതയിൽ വിട്ടുവീഴ്‌ച ചെയ്യുന്നതിനു പകരം നിർഭയം മരണം സഹിച്ചു. അതെ, ഒരുവന്റെ “ദേഹിയെ” (ഈ സന്ദർഭത്തിൽ ഒരു ജീവനുളള ദേഹിയെന്ന നിലയിലുളള ഒരുവന്റെ ഭാവിപ്രതീക്തകൾ) നശിപ്പിക്കാനോ, അല്ലെങ്കിൽ നിത്യജീവൻ അനുഭവിക്കാൻ ഒരാളെ ഉയർപ്പിക്കാനോ കഴിവുളളവൻ യഹോവയാണ്‌. യഹോവ എത്ര സ്‌നേഹവും അനുകമ്പയുമുളള സ്വർഗ്ഗീയപിതാവാണ്‌!

യേശു അടുത്തതായി തന്റെ ശിഷ്യൻമാർക്കായുളള യഹോവയുടെ സ്‌നേഹപൂർവകമായ കരുതലിനെ ഊന്നിപ്പറയുന്ന ഒരു ദൃഷ്ടാന്തത്താൽ അവരെ പ്രോൽസാഹിപ്പിക്കുന്നു. “നിസ്സാരമൂല്യമുളള ഒരു നാണയത്തിന്‌ രണ്ടു കുരികിലിനെ വിൽക്കുന്നില്ലയോ?” അവൻ ചോദിക്കുകയാണ്‌, “എന്നിരുന്നാലും, അവയിലൊന്നും നിങ്ങളുടെ പിതാവിന്റെ അറിവില്ലാതെ നിലത്തുവീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ മുടികൾ പോലും എണ്ണപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ഭയപ്പെടരുത്‌: നിങ്ങൾ അനേകം കുരികിലുകളെക്കാൾ വിലയുളളവരാണ്‌.”

യേശു ശിഷ്യൻമാർക്കു പ്രഘോഷിക്കാൻ നിയോഗിക്കുന്ന രാജ്യദൂത്‌ ചിലർ അതു സ്വീകരിക്കുകയും മററു ചിലർ അതു നിരസിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങളെ ഭിന്നിപ്പിക്കും. “ഭൂമിയിൽ സമാധാനം വരുത്താൻ ഞാൻ വന്നുവെന്നു വിചാരിക്കരുത്‌. സമാധാനമല്ല വാളത്രേ വരുത്താൻ ഞാൻ വന്നത്‌” എന്ന്‌ അവൻ വിശദീകരിക്കുന്നു. അങ്ങനെ, ബൈബിൾസത്യം സ്വീകരിക്കാൻ ഒരു കുടുംബാംഗത്തിന്‌ ധൈര്യം വേണം. “എന്നെക്കാളധികം അപ്പനോടോ അമ്മയോടോ പ്രിയമുളളവൻ എനിക്കു യോഗ്യനല്ല, എന്നെക്കാളധികം മകനോടോ മകളോടോ പ്രിയമുളളവൻ എനിക്കു യോഗ്യനല്ല” എന്ന്‌ യേശു പ്രസ്‌താവിക്കുന്നു.

തന്റെ ശിഷ്യൻമാരെ സ്വീകരിക്കുന്നവർ തന്നെയും സ്വീകരിക്കുന്നുവെന്ന്‌ തന്റെ നിർദ്ദേശങ്ങൾ ഉപസംഹരിച്ചുകൊണ്ട്‌ യേശു വിശദീകരിക്കുന്നു. “ഈ ചെറിയവരിൽ ഒരുവന്‌ അയാൾ ഒരു ശിഷ്യനായിരിക്കുന്നതുകൊണ്ട്‌ ഒരു പാത്രം തണുത്ത വെളളം കൊടുക്കുന്ന ഏവനും തീർച്ചയായും അവന്റെ പ്രതിഫലം നഷ്ടപ്പെടുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” മത്തായി 10:16-42.

▪ യേശു തന്റെ ശിഷ്യൻമാർക്ക്‌ എന്തു മുന്നറിയിപ്പുകൾ കൊടുക്കുന്നു?

▪ അവൻ അവർക്ക്‌ എന്ത്‌ പ്രോൽസാഹനവും ആശ്വാസവും കൊടുക്കുന്നു?

▪ യേശുവിന്റെ പ്രബോധനങ്ങൾ ആധുനികകാല ക്രിസ്‌ത്യാനികൾക്കും ബാധകമായിരിക്കുന്നതെന്തുകൊണ്ട്‌?

▪ യേശുവിന്റെ ഒരു ശിഷ്യൻ തന്റെ ഗുരുവിനു മീതെയായിരിക്കാത്തതെങ്ങനെ?