പീലാത്തൊസിന്റെ അടുത്തുനിന്ന് ഹെരോദാവിന്റെ അടുത്തേക്കും തിരിച്ചും
അധ്യായം 122
പീലാത്തൊസിന്റെ അടുത്തുനിന്ന് ഹെരോദാവിന്റെ അടുത്തേക്കും തിരിച്ചും
താൻ ഒരു രാജാവാണെന്ന വസ്‌തുത പീലാത്തൊസിന്റെയടുത്ത് മറച്ചു വയ്‌ക്കാൻ യേശു യാതൊരു ശ്രമവും ചെയ്യുന്നില്ലെങ്കിലും തന്റെ രാജ്യം റോമാസാമ്രാജ്യത്തിന് ഒരു ഭീഷണിയല്ല എന്ന് അവൻ വിശദീകരിക്കുന്നു. “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല,” യേശു പറയുന്നു. “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഞാൻ യഹൂദൻമാരുടെ കൈയിൽ ഏൽപ്പിക്കപ്പെടാതിരിക്കത്തക്കവണ്ണം എന്റെ സേവകൻമാർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഈ ഉറവിൽ നിന്നുളളതല്ല.” അപ്രകാരം തന്റെ രാജ്യം ഒരു ഭൗമിക ഉറവിൽ നിന്നുളളതല്ല എങ്കിലും, തനിക്ക് ഒരു രാജ്യമുണ്ടെന്ന് യേശു മൂന്നുപ്രാവശ്യം അംഗീകരിച്ചു പറയുന്നു.
എന്നിരുന്നാലും പീലാത്തൊസ് അവനെ കൂടുതലായി ചോദ്യം ചെയ്യുന്നു: “കൊളളാം, അപ്പോൾ നീ ഒരു രാജാവാണോ?” അതായത് നിന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല എങ്കിലും നീ ഒരു രാജാവാണോ?
പീലാത്തൊസ് ശരിയായ നിഗമനത്തിലെത്തിയിരിക്കുന്നുവെന്ന് ഇങ്ങനെ ഉത്തരം പറഞ്ഞുകൊണ്ട് യേശു അയാളെ അറിയിക്കുന്നു: “ഞാൻ ഒരു രാജാവാണെന്ന് നീ തന്നെ പറയുന്നുവല്ലോ. ഇതിനായി ഞാൻ ജനിച്ചിരിക്കുന്നു, ഇതിനായി ഞാൻ ലോകത്തിലേക്ക് വന്നുമിരിക്കുന്നു, സത്യത്തിന് സാക്ഷ്യം വഹിക്കേണ്ടതിനു തന്നെ. സത്യത്തിന്റെ പക്ഷത്തുളള എല്ലാവരും എന്റെ സ്വരം ശ്രവിക്കുന്നു.”
അതെ, യേശു ഭൂമിയിലായിരിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ “സത്യത്തിന്” സാക്ഷ്യം വഹിക്കുക എന്നതാണ്, പ്രത്യേകിച്ച് തന്റെ രാജ്യം സംബന്ധിച്ചുളള സത്യത്തിന്. തന്റെ ജീവൻ വിലയായി നൽകേണ്ടി വരുമെങ്കിലും ആ സത്യത്തോട് വിശ്വസ്‌തനായിരിക്കാൻ യേശു തയ്യാറാണ്. “സത്യം എന്താണ്?” എന്ന് പീലാത്തൊസ് ചോദിക്കുന്നുവെങ്കിലും കൂടുതലായ വിശദീകരണത്തിനുവേണ്ടി അവൻ കാത്തു നിൽക്കുന്നില്ല. വിധി പ്രസ്‌താവിക്കാൻ വേണ്ടുവോളം അവൻ കേട്ടിരിക്കുന്നു.
പീലാത്തൊസ് കൊട്ടാരത്തിന് വെളിയിൽ കാത്തു നിൽക്കുന്ന ജനക്കൂട്ടത്തിന്റെ അടുക്കലേക്ക് മടങ്ങിച്ചെല്ലുന്നു. പ്രത്യക്ഷത്തിൽ യേശുവിനെ തന്റെ അടുക്കൽ നിർത്തിക്കൊണ്ട് മുഖ്യപുരോഹിതൻമാരോടും അവരോടുകൂടെയുളളവരോടുമായി അയാൾ പറയുന്നു: “ഞാൻ ഈ മനുഷ്യനിൽ കുററമൊന്നും കാണുന്നില്ല.”
ഈ തീരുമാനത്തിൽ കോപിഷ്‌ഠരായി ജനക്കൂട്ടം നിർബ്ബന്ധിച്ചു തുടങ്ങുന്നു: “ഗലീല മുതൽ ഇവിടെവരെ യഹൂദ്യയിലെല്ലാം ഉപദേശിച്ചുകൊണ്ട് അവൻ ജനങ്ങളെ ഇളക്കുന്നു.”
യഹൂദൻമാരുടെ ന്യായബോധമില്ലാത്ത മതഭ്രാന്ത് പീലാത്തൊസിനെ അതിശയിപ്പിച്ചിരിക്കണം. അതുകൊണ്ട് മുഖ്യപുരോഹിതൻമാരും മൂപ്പൻമാരും ബഹളം തുടരുമ്പോൾ പീലാത്തൊസ് യേശുവിന് നേരെ തിരിഞ്ഞ് ചോദിക്കുന്നു: “അവർ നിനക്കെതിരെ എന്തെല്ലാം കാര്യങ്ങളാണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് നീ കേൾക്കുന്നില്ലേ?” എന്നാൽ യേശു യാതൊരു മറുപടിയും പറയാൻ ശ്രമിക്കുന്നില്ല. ഈ വന്യമായ ആരോപണങ്ങൾക്ക് മുമ്പിൽ പ്രശാന്തത കൈവെടിയാത്ത യേശുവിനെ കണ്ട് പീലാത്തൊസ് ആശ്ചര്യപ്പെടുന്നു.
യേശു ഒരു ഗലീലക്കാരനാണെന്ന് അറിയുമ്പോൾ തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുളള ഒരു മാർഗ്ഗം പീലാത്തൊസ് കാണുന്നു. ഗലീലയുടെ ഭരണാധിപനായ ഹെരോദാവ് അന്തിപ്പാസ് (മഹാനായ ഹെരോദാവിന്റെ പുത്രൻ) പെസഹാ ആഘോഷത്തിനായി യെരൂശലേമിൽ എത്തിയിട്ടുണ്ട്, അതുകൊണ്ട് പീലാത്തൊസ് യേശുവിനെ അവന്റെ അടുക്കലേക്ക് അയക്കുന്നു, നേരത്തെ ഹെരോദാവ് അന്തിപ്പാസ് സ്‌നാപകയോഹന്നാന്റെ തല ഛേദിച്ചു, പിന്നീട് യേശു ചെയ്‌തുകൊണ്ടിരുന്ന അത്ഭുതപ്രവർത്തനങ്ങളെക്കുറിച്ച് കേട്ടപ്പോൾ യേശു വാസ്‌തവത്തിൽ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേററ യോഹന്നാനാണെന്ന് വിചാരിച്ച് അയാൾ ഭയപ്പെട്ടു.
ഇപ്പോൾ യേശുവിനെ നേരിൽ കാണാൻ അവസരം ലഭിച്ചതിൽ ഹെരോദാവ് വളരെയധികം സന്തോഷിക്കുന്നു. അത് അവന് യേശുവിന്റെ ക്ഷേമത്തിൽ താൽപ്പര്യമുളളതുകൊണ്ടോ അവനെതിരെ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾ ശരിയോ തെറേറാ എന്ന് കണ്ടുപിടിക്കാൻ അവൻ ആഗ്രഹിക്കുന്നതുകൊണ്ടോ അല്ല. മറിച്ച് അയാൾക്ക് വെറുതെ ഒരു കൗതുകം തോന്നുന്നു, യേശു എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുന്നതു കാണാനും അവൻ ആഗ്രഹിക്കുന്നു.
എന്നാൽ ഹെരോദാവിന്റെ കൗതുകത്തെ തൃപ്‌തിപ്പെടുത്താൻ യേശു വിസമ്മതിക്കുന്നു. വാസ്‌തവത്തിൽ ഹെരോദാവ് അവനെ ചോദ്യം ചെയ്യുമ്പോൾ യേശു ഒരു വാക്കുപോലും മറുപടിയായി പറയുന്നില്ല. നിരാശനായി ഹെരോദാവും അവന്റെ പടയാളികളും ചേർന്ന് യേശുവിനെ പരിഹസിക്കുന്നു. അവർ അവനെ വർണ്ണപ്പകിട്ടുളള ഒരു വസ്‌ത്രം ധരിപ്പിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. പിന്നീട് അവർ അവനെ പീലാത്തൊസിന്റെ അടുത്തേക്ക് മടക്കി അയക്കുന്നു. അതിന്റെ ഫലമായി നേരത്തെ ശത്രുതയിലായിരുന്ന ഹെരോദാവും പീലാത്തൊസും നല്ല സുഹൃത്തുക്കളായിത്തീരുന്നു.
യേശു മടങ്ങിയെത്തുമ്പോൾ പീലാത്തൊസ് മുഖ്യപുരോഹിതൻമാരെയും യഹൂദഭരണാധിപൻമാരെയും ജനങ്ങളെയും വിളിച്ചുകൂട്ടി അവരോട് പറയുന്നു: “ആളുകളെ വിപ്ലവത്തിന് പ്രേരിപ്പിക്കുന്നു എന്ന് പറഞ്ഞ് നിങ്ങൾ ഈ മനുഷ്യനെ എന്റെ അടുക്കൽ കൊണ്ടു വന്നു, എന്നാൽ നോക്കൂ! ഞാൻ നിങ്ങളുടെ മുമ്പാകെ വച്ച് അവനെ വിചാരണ ചെയ്‌തു. എന്നാൽ നിങ്ങൾ അവനെതിരെ കൊണ്ടുവരുന്ന ആരോപണങ്ങൾക്കുളള അടിസ്ഥാനമൊന്നും ഞാൻ അവനിൽ കാണുന്നില്ല. വാസ്‌തവത്തിൽ ഹെരോദാവും കണ്ടില്ല. എന്തുകൊണ്ടെന്നാൽ അവൻ അവനെ നമ്മുടെ അടുത്തേക്ക് മടക്കി അയച്ചിരിക്കുന്നു; നോക്കൂ! അവൻ മരണശിക്ഷക്ക് യോഗ്യമായത് യാതൊന്നും ചെയ്‌തിട്ടില്ല. അതുകൊണ്ട് ഞാൻ അവനെ അടിപ്പിച്ച് വിട്ടയക്കും.”
അങ്ങനെ രണ്ടു പ്രാവശ്യം യേശു നിരപരാധിയാണെന്ന് പീലാത്തൊസ് പ്രഖ്യാപിച്ചിരിക്കുന്നു. അവനെ വിട്ടയക്കാൻ അയാൾക്ക് താൽപ്പര്യമുണ്ട്, എന്തുകൊണ്ടെന്നാൽ പുരോഹിതൻമാർ അവനെ ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത് വെറും അസൂയമൂലമാണെന്ന് അയാൾ തിരിച്ചറിയുന്നു. പീലാത്തൊസ് യേശുവിനെ വിട്ടയക്കാനുളള ശ്രമം തുടരുമ്പോൾ അങ്ങനെ ചെയ്യാൻ കൂടുതലായ പ്രേരണ അയാൾക്ക് ലഭിക്കുന്നു. അയാൾ ന്യായാസനത്തിലിരിക്കുമ്പോൾ അയാളെ അതിന് ഉൽസാഹിപ്പിച്ചുകൊണ്ട് അയാളുടെ ഭാര്യ ഒരു സന്ദേശം കൊടുത്തയക്കുന്നു: “ആ നീതിമാനെതിരെ യാതൊന്നും ചെയ്യരുത് എന്തുകൊണ്ടെന്നാൽ അവൻ നിമിത്തം ഞാൻ ഇന്ന് ഒരു സ്വപ്‌നത്തിൽ [പ്രത്യക്ഷത്തിൽ ദിവ്യ ഉറവിൽ നിന്നുളള ഒന്ന്] വളരെ കഷ്ടം അനുഭവിച്ചു.”
എന്നാൽ താൻ അങ്ങനെ ചെയ്യേണ്ടതാണെന്ന് അറിയാമെങ്കിലും പീലാത്തൊസിന് ഈ നിരപരാധിയായ മനുഷ്യനെ എങ്ങനെ വിട്ടയക്കാൻ കഴിയും? യോഹന്നാൻ 18:36-38; ലൂക്കോസ് 23:4-16; മത്തായി 27:12-14, 18, 19; 14:1, 2; മർക്കോസ് 15:2-5.
▪ രാജത്വം സംബന്ധിച്ചുളള ചോദ്യത്തിന് യേശു എങ്ങനെ മറുപടി കൊടുക്കുന്നു?
▪ ഏത് “സത്യത്തിന്” വേണ്ടി സാക്ഷ്യം വഹിച്ചുകൊണ്ടാണ് യേശു തന്റെ ഭൗമിക ജീവിതം ചെലവഴിച്ചത്?
▪ പീലാത്തൊസിന്റെ വിധിതീർപ്പ് എന്താണ്, ആളുകൾ എങ്ങനെ പ്രതികരിക്കുന്നു, പീലാത്തൊസ് യേശുവിനെ എന്തുചെയ്യുന്നു?
▪ ഹെരോദാവ് അന്തിപ്പാസ് ആരാണ്, യേശുവിനെ കാണുകയിൽ അയാൾ വളരെയധികം സന്തോഷിക്കുന്നത് എന്തുകൊണ്ട്, അയാൾ അവനോട് എന്തു ചെയ്യുന്നു?
▪ യേശുവിനെ വിട്ടയക്കാൻ പീലാത്തൊസിന് താൽപ്പര്യമുളളത് എന്തുകൊണ്ട്?