പുനരുത്ഥാന പ്രത്യാശ
അധ്യായം 90
പുനരുത്ഥാന പ്രത്യാശ
ഒടുവിൽ യേശു യെരൂശലേമിൽനിന്ന് ഏതാണ്ട് മൂന്ന് കിലോമീററർ അകലെ ബെഥനി എന്ന ഗ്രാമത്തിന്റെ പ്രാന്ത പ്രദേശത്ത് എത്തിച്ചേരുന്നു. ലാസറിന്റെ മരണവും ശവസംസ്‌ക്കാരവും കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. അവന്റെ സഹോദരിമാരായ മറിയയും മാർത്തയും ഇപ്പോഴും വിലാപം കഴിക്കുകയാണ്, അവരെ ആശ്വസിപ്പിക്കുന്നതിന് അനേകർ അവരുടെ വീട്ടിൽ എത്തിയിരിക്കുന്നു.
അവർ വിലപിച്ചുകൊണ്ടിരിക്കുമ്പോൾ യേശു വരുന്നുണ്ടെന്ന് ആരോ വന്ന് മാർത്തയോട് പറയുന്നു. അതുകൊണ്ട് പ്രത്യക്ഷത്തിൽ അവളുടെ സഹോദരിയോട് പറയാതെ തന്നെ അവൾ എഴുന്നേററ് യേശുവിനെ എതിരേൽക്കാൻ വേഗത്തിൽ പുറപ്പെട്ട് ചെല്ലുന്നു. യേശുവിനെ സമീപിക്കുമ്പോൾ കഴിഞ്ഞ നാലു ദിവസമായി അവളും അവളുടെ സഹോദരിയും ഒരുപക്ഷേ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന കാര്യം അവൾ വീണ്ടും പറയുന്നു: “നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.”
എന്നിരുന്നാലും തന്റെ സഹോദരനുവേണ്ടി ഇനിയും എന്തെങ്കിലും ചെയ്യാൻ യേശുവിന് കഴിയുമെന്ന് സൂചിപ്പിച്ചുകൊണ്ട് മാർത്ത പ്രത്യാശ പ്രകടിപ്പിക്കുന്നു. “നീ ദൈവത്തോട് എന്തുതന്നെ ചോദിച്ചാലും ദൈവം അത് നിനക്കു തരും എന്ന് ഞാൻ അറിയുന്നു,” എന്ന് അവൾ പറയുന്നു.
“നിന്റെ സഹോദരൻ ഉയർത്തെഴുന്നേൽക്കും,” യേശു വാഗ്‌ദാനം ചെയ്യുന്നു.
അബ്രഹാമും മററ് ദൈവദാസൻമാരും നോക്കിപ്പാർത്തിരുന്നതും ഭാവിയിൽ സംഭവിക്കാനിരിക്കുന്നതുമായ ഭൗമിക പുനരുത്ഥാനത്തെപ്പററിയാണ് യേശു സംസാരിക്കുന്നത് എന്ന് മാർത്ത മനസ്സിലാക്കുന്നു. അതുകൊണ്ട് മറുപടിയായി അവൾ പറയുന്നു: “അവൻ ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ ഉയർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം.”
എന്നിരുന്നാലും ഇങ്ങനെ മറുപടി പറഞ്ഞുകൊണ്ട് യേശു ഉടനടിയുളള ആശ്വാസത്തിന്റെ പ്രതീക്ഷ നൽകുന്നു: “ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു,” “എന്നിൽ വിശ്വസിക്കുന്നവൻ, മരിച്ചാലും ജീവിക്കും; ജീവനോടിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല,” എന്ന് പറഞ്ഞുകൊണ്ട് മരണത്തിൻമേൽ ദൈവം തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് അവൻ മാർത്തയെ അനുസ്‌മരിപ്പിക്കുന്നു.
അന്നു ജീവിച്ചിരുന്ന വിശ്വസ്‌തരായ ആളുകൾ ഒരിക്കലും മരിക്കയില്ല എന്നല്ല യേശു മാർത്തയോട് പറയുന്നത്. അല്ല, എന്നാൽ അവനിൽ വിശ്വാസം അർപ്പിച്ചാൽ അത് നിത്യജീവനിലേക്ക് നയിച്ചേക്കാം എന്നാണ് അവൻ പറയുന്ന ആശയം. അവസാന നാളുകളിൽ ഉയർപ്പിക്കപ്പെടുന്നതിനാലാണ് മിക്കയാളുകളും അത്തരമൊരു ജീവിതം ആസ്വദിക്കുക. എന്നാൽ വിശ്വസ്‌തരായ മററുളളവർ ഈ വ്യവസ്ഥിതിയുടെ സമാപനത്തെ അതിജീവിക്കും, അവരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ വാക്കുകൾ തികച്ചും അക്ഷരാർത്ഥത്തിൽ സത്യമായിരിക്കും. അവർ ഒരുനാളും മരിക്കുകയില്ല! ശ്രദ്ധേയമായ ഈ പ്രസ്‌താവന നടത്തിയശേഷം യേശു മാർത്തയോട് ചോദിക്കുന്നു, “നീ ഇതു വിശ്വസിക്കുന്നുവോ?”
“ഉവ്വ്, കർത്താവേ,” അവൾ പ്രസ്‌താവിക്കുന്നു. “ലോകത്തിലേക്ക് വരുവാനുളള ദൈവപുത്രനായ ക്രിസ്‌തു നീ തന്നെ എന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു.”
തുടർന്ന് മാർത്ത അവളുടെ സഹോദരിയെ വിളിക്കാൻ തിടുക്കത്തിൽ പോകുന്നു, സ്വകാര്യമായി അവളോട് പറയുന്നു: “ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു.” അത് കേട്ടയുടനെ അവൾ വീട് വിട്ടിറങ്ങുന്നു. അവൾ പോകുന്നത് മററുളളവർ കാണുമ്പോൾ അവൾ കല്ലറയുടെ സമീപത്തേക്ക് പോവുകയാണെന്ന് വിചാരിച്ച് അവരും പിന്നാലെ പോകുന്നു.
യേശുവിന്റെ അടുത്തെത്തുമ്പോൾ മറിയ കരഞ്ഞുകൊണ്ട് അവന്റെ കാൽക്കൽ വീഴുന്നു: “കർത്താവെ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു,” എന്ന് അവൾ പറയുന്നു. മറിയയും അവളോടുകൂടെയുളള ജനക്കൂട്ടവും കരയുന്നതു കാണുമ്പോൾ യേശുവിന്റെ ഹൃദയത്തെ അത് ആഴമായി സ്‌പർശിക്കുന്നു. “നിങ്ങൾ അവനെ വച്ചത് എവിടെ?” എന്ന് അവൻ ചോദിക്കുന്നു.
“കർത്താവെ, വന്നു കാണുക,” അവർ പറയുന്നു.
“നോക്കൂ, ഇവന് അവനോട് എത്ര സ്‌നേഹമുണ്ടായിരുന്നു!” എന്ന് യഹൂദൻമാർ പറയാൻ ഇടയാക്കിക്കൊണ്ട് യേശുവും കണ്ണീർ പൊഴിക്കുന്നു.
ഏതാനും മാസം മുമ്പ് കൂടാരപ്പെരുന്നാളിന്റെ സമയത്ത് യേശു ജൻമനാ അന്ധനായിരുന്ന ഒരാളെ സൗഖ്യമാക്കിയത് അനുസ്‌മരിച്ചുകൊണ്ട് ചിലർ ചോദിക്കുന്നു: “അന്ധന്റെ കണ്ണുകൾ തുറന്ന ഇവന് ഇയാൾ മരിക്കാതെ തടയാൻ കഴിയുകയില്ലായിരുന്നോ?” യോഹന്നാൻ 5:21; 6:40; 9:1-7; 11:17-37.
▪ യേശു ഒടുവിൽ ബെഥനിയിൽ എത്തിച്ചേരുന്നത് എപ്പോഴാണ്, അവിടുത്തെ അവസ്ഥ എന്താണ്?
▪ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നതിന് മാർത്തക്ക് എന്തടിസ്ഥാനമാണുളളത്?
▪ ലാസറിന്റെ മരണത്താൽ യേശു എപ്രകാരം ബാധിക്കപ്പെടുന്നു?