വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രഭാഷണങ്ങളിൽ വച്ച്‌ ഏററം പ്രസിദ്ധമായത്‌

പ്രഭാഷണങ്ങളിൽ വച്ച്‌ ഏററം പ്രസിദ്ധമായത്‌

അധ്യായം 35

പ്രഭാഷണങ്ങളിൽ വച്ച്‌ ഏററം പ്രസിദ്ധമായത്‌

ഈ രംഗം ബൈബിൾ ചരിത്രത്തിലെ ഏററം സ്‌മരണാർഹമായ ഒന്നാണ്‌: തന്റെ പ്രശസ്‌ത ഗിരിപ്രഭാഷണം നിർവഹിച്ചുകൊണ്ട്‌ യേശു ഒരു മലഞ്ചെരുവിൽ ഇരിക്കുന്നു. ഈ സ്ഥാനം ഗലീലാ കടലിനടുത്താണ്‌, ഒരുപക്ഷേ കഫർന്നഹൂമിനു സമീപം. യേശു രാത്രി മുഴുവൻ ദൈവത്തോടുളള പ്രാർത്ഥനയിൽ ചെലവഴിച്ചശേഷം, അപ്പൊസ്‌തലൻമാരായിരിക്കാൻ അവൻ തന്റെ ശിഷ്യൻമാരിൽ 12പേരെ തെരഞ്ഞെടുത്തതേയുളളു. അതിനുശേഷം, എല്ലാവരെയും കൂട്ടി അവൻ മലഞ്ചെരുവിന്റെ ഈ നിരപ്പായ സ്ഥാനത്തെത്തുന്നു.

ഇതിനോടകം യേശു വളരെ ക്ഷീണിച്ചിരിക്കുന്നതിനാൽ അവന്‌ അൽപ്പം നിദ്ര ആവശ്യമാണെന്ന്‌ നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ വലിയ പുരുഷാരം എത്തിയിട്ടുണ്ട്‌. ചിലർ 96 മുതൽ 112 കിലോമീററർ വരെ അകലെനിന്ന്‌—യഹൂദ്യയിൽ നിന്നും യരൂശലേമിൽ നിന്നും—ഉളളവരാണ്‌. മററു ചിലർ ഉത്തരദിക്കിലെ സോരിൽനിന്നും സീദോനിൽ നിന്നും ഉളളവരാണ്‌. അവർ യേശുവിന്റെ വാക്കുകൾ കേൾക്കുന്നതിനും രോഗശാന്തി ലഭിക്കുന്നതിനുമായാണ്‌ വന്നിരിക്കുന്നത്‌. അവരിൽ ഭൂതങ്ങൾ സാത്താന്റെ ദുഷ്ട ദൂതൻമാർ ബാധിച്ചവർ പോലുമുണ്ട്‌.

യേശു ഇറങ്ങിവരുമ്പോൾ രോഗികൾ അവനെ സ്‌പർശിക്കുന്നതിനുവേണ്ടി അവന്റെയടുത്തു വരുന്നു! അവൻ അവരെയെല്ലാം സൗഖ്യമാക്കുന്നു. അതിനുശേഷം യേശു പ്രത്യക്ഷത്തിൽ മലയുടെ ഉയർന്ന ഒരു സ്ഥാനത്തേക്ക്‌ കയറുന്നു. അവിടെയിരുന്നുകൊണ്ട്‌ തന്റെ മുമ്പാകെ നിരപ്പായ പ്രദേശത്ത്‌ കൂടിയിരിക്കുന്ന പുരുഷാരത്തോട്‌ ഉപദേശിച്ചു തുടങ്ങുന്നു. അതിനെക്കുറിച്ച്‌ ചിന്തിക്കുക! ഇപ്പോൾ ആ സദസ്സിൽ ഗുരുതരമായ വൈകല്യത്താൽ കഷ്ടപ്പെടുന്ന ഒററ വ്യക്തിപോലുമില്ല!

ഈ അത്ഭുത പ്രവർത്തനങ്ങൾ നിർവഹിക്കാൻ പ്രാപ്‌തനായ ഈ ഉപദേഷ്ടാവിന്റെ വാക്കുകൾ ശ്രദ്ധിക്കാൻ ആളുകൾ വളരെ ഉൽസുകരാണ്‌. എന്നിരുന്നാലും യേശു മുഖ്യമായും തന്റെ ശിഷ്യൻമാരുടെ പ്രയോജനത്തിനായി പ്രസംഗം നിർവഹിക്കുന്നു. അവർ സാദ്ധ്യതയനുസരിച്ച്‌ അവനോട്‌ ഏററം അടുത്താണിരിക്കുന്നത്‌. എന്നാൽ നമുക്കും പ്രയോജനമനുഭവിക്കാൻ കഴിയത്തക്കവണ്ണം മത്തായിയും ലൂക്കോസും ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

മത്തായിയുടെ വിവരണം ലൂക്കോസിന്റേതിനേക്കാൾ ഏതാണ്ട്‌ നാലു മടങ്ങ്‌ ദീർഘമാണ്‌. കൂടാതെ, മത്തായിയുടെ വിവരണത്തിലെ ചില ഭാഗങ്ങൾ യേശു തന്റെ ശുശ്രൂഷയുടെ മറെറാരവസരത്തിൽ പറഞ്ഞതായി ലൂക്കോസ്‌ വിവരിക്കുന്നു. ഇത്‌ മത്തായി 6:9-13-നോട്‌ ലൂക്കോസ്‌ 11:1-4-ഉം മത്തായി 6:25-34നോട്‌ ലൂക്കോസ്‌ 12:22-31-ഉം താരതമ്യപ്പെടുത്തുമ്പോൾ നിരീക്ഷിക്കാവുന്നതാണ്‌. എന്നാൽ ഇത്‌ ആശ്ചര്യകരമല്ല. കാരണം യേശു സ്‌പഷ്ടമായും ഒരേ കാര്യങ്ങൾ ഒന്നിലധികം പ്രാവശ്യം പഠിപ്പിച്ചിട്ടുണ്ട്‌. ലൂക്കോസ്‌ ഈ പഠിപ്പിക്കലുകളിൽ ചിലത്‌ മറെറാരു പശ്ചാത്തലത്തിൽ രേഖപ്പെടുത്താനിഷ്ടപ്പെട്ടു.

യേശുവിന്റെ പ്രഭാഷണത്തെ വളരെ മൂല്യവത്താക്കുന്നത്‌ അതിലെ ആത്മീയ വിവരങ്ങളുടെ ആഴം മാത്രമല്ല, മറിച്ച്‌ ഈ സത്യങ്ങൾ അവതരിപ്പിക്കുന്നതിലെ ലാളിത്യവും വ്യക്തതയുമാണ്‌. അവൻ സാധാരണ അനുഭവങ്ങളിലേക്ക്‌ ശ്രദ്ധയാകർഷിക്കുകയും ആളുകൾക്ക്‌ സുപരിചിതമായിരിക്കുന്ന കാര്യങ്ങൾ ഉപയോഗിക്കുകയും ചെയ്‌തു. അങ്ങനെ തന്റെ ആശയങ്ങൾ ദൈവിക മാർഗ്ഗത്തിൽ മെച്ചപ്പെട്ട ജീവൻ അന്വേഷിക്കുന്ന സകലർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു.

ആരാണ്‌ യഥാർത്ഥത്തിൽ സന്തുഷ്ടർ?

എല്ലാവരും സന്തുഷ്ടരായിരിക്കാനാഗ്രഹിക്കുന്നു. ഇത്‌ മനസ്സിലാക്കിക്കൊണ്ട്‌ യേശു തന്റെ മലമ്പ്രസംഗം യഥാർത്ഥത്തിൽ സന്തുഷ്ടരായവരെ വർണ്ണിച്ചുകൊണ്ട്‌ തുടങ്ങുന്നു. നമുക്കു സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ ഇത്‌ പെട്ടെന്നുതന്നെ തന്റെ ബൃഹത്തായ സദസ്സിന്റെ ശ്രദ്ധ പിടിച്ചെടുക്കുന്നു. എന്നിരുന്നാലും അവന്റെ പ്രാരംഭവാക്കുകൾ അനേകർക്ക്‌ പരസ്‌പരവിരുദ്ധമെന്നു തോന്നിയിരിക്കണം.

തന്റെ പ്രസ്‌താവനകൾ തന്റെ ശിഷ്യൻമാരിലേക്ക്‌ തിരിച്ചുവിട്ടുകൊണ്ട്‌ യേശു തുടങ്ങുന്നു: “ദരിദ്രരായ നിങ്ങൾ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ ദൈവരാജ്യം നിങ്ങളുടേതാകുന്നു. ഇപ്പോൾ വിശക്കുന്ന നിങ്ങൾ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങൾക്കു നിറയും. ഇപ്പോൾ കരയുന്ന നിങ്ങൾ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങൾ ചിരിക്കും. മനുഷ്യർ നിങ്ങളെ വെറുക്കുമ്പോഴൊക്കെയും നിങ്ങൾ സന്തുഷ്ടരാകുന്നു . . . അന്ന്‌ സന്തോഷിച്ചു തുളളിച്ചാടുക, എന്തുകൊണ്ടെന്നാൽ നോക്കൂ! നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലുതാകുന്നു.”

ഇത്‌ യേശുവിന്റെ പ്രഭാഷണത്തിന്റെ മുഖവുരയെക്കുറിച്ചുളള ലൂക്കോസിന്റെ വിവരമാണ്‌. എന്നാൽ മത്തായിയുടെ രേഖയനുസരിച്ച്‌ സൗമ്യപ്രകൃതരും കരുണയുളളവരും ഹൃദയശുദ്ധിയുളളവരും സമാധാനമുളളവരുംകൂടെ സന്തുഷ്ടരാണെന്ന്‌ യേശു പറയുന്നു. അവർ ഭൂമിയെ അവകാശമാക്കുന്നതുകൊണ്ടും അവർ ദൈവത്തെ കാണുമെന്നുളളതുകൊണ്ടും അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടുമെന്നുളളതുകൊണ്ടുമാണ്‌ അവർ സന്തുഷ്ടരായിരിക്കുന്നത്‌ എന്ന്‌ യേശു പ്രസ്‌താവിക്കുന്നു.

ഏതായാലും സന്തുഷ്ടരായിരിക്കുകയെന്നതുകൊണ്ട്‌ യേശു അർത്ഥമാക്കുന്നത്‌ കേവലം ഒരുവന്‌ വിനോദമനുഭവപ്പെടുമ്പോഴത്തെപ്പോലെ ആഹ്ലാദമോ ഉല്ലാസമോ ഉണ്ടായിരിക്കുകയെന്നല്ല, യഥാർത്ഥസന്തുഷ്ടി ഏറെ അഗാധമാണ്‌, ജീവിതത്തിൽ സംതൃപ്‌തിയും ചാരിതാർത്ഥ്യവും ഉണ്ടായിരിക്കുക എന്ന ആശയം അതുൾക്കൊളളുന്നു.

അതുകൊണ്ട്‌ യഥാർത്ഥസന്തുഷ്ടർ തങ്ങളുടെ ആത്മീയാവശ്യത്തെ തിരിച്ചറിയുന്നവരും തങ്ങളുടെ പാപാവസ്ഥയിൽ ദുഃഖിക്കുന്നവരും ദൈവത്തെ അറിയാനും സേവിക്കാനും ഇടയാകുന്നവരും ആണെന്ന്‌ യേശു പ്രകടമാക്കുന്നു. അപ്പോൾ ദൈവേഷ്ടം ചെയ്യുന്നതു നിമിത്തം അവർ വെറുക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്‌താലും തങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നുവെന്നും നിത്യജീവന്റെ പ്രതിഫലം അവനിൽനിന്നു ലഭിക്കുമെന്നും അവർക്കറിയാവുന്നതുകൊണ്ട്‌ അവർ സന്തുഷ്ടരാണ്‌.

എന്നിരുന്നാലും, ഇന്നത്തെ ചിലരെപ്പോലെ യേശുവിന്റെ ശ്രോതാക്കളിലനേകർ സമ്പൽസമൃദ്ധിയോടെ ഉല്ലാസമനുഭവിക്കുന്നതാണ്‌ ഒരുവനെ സന്തുഷ്ടനാക്കുന്നതെന്ന്‌ വിശ്വസിക്കുന്നു. അങ്ങനെയല്ലെന്ന്‌ യേശുവിനറിയാം. തന്റെ ശ്രോതാക്കളിലനേകരെയും അതിശയിപ്പിക്കുമാറ്‌ ഒരു വൈപരീത്യം വരച്ചുകാട്ടിക്കൊണ്ട്‌ അവൻ പറയുന്നു:

“ധനികരേ, നിങ്ങൾക്കു മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക്‌ പൂർണ്ണമായി നിങ്ങളുടെ ആശ്വാസം ലഭിക്കുകയാണ്‌. ഇപ്പോൾ നിറഞ്ഞിരിക്കുന്ന നിങ്ങൾക്ക്‌ മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരേ മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ നിങ്ങൾ വിലപിക്കുകയും കരയുകയും ചെയ്യും. സകല മനുഷ്യരും നിങ്ങളെക്കുറിച്ച്‌ പ്രശംസിച്ചുപറയുമ്പോഴെല്ലാം മഹാകഷ്ടം, എന്തെന്നാൽ അവരുടെ പൂർവപിതാക്കൻമാർ കളളപ്രവാചകൻമാരോട്‌ ഇങ്ങനെയുളള കാര്യങ്ങളാണ്‌ ചെയ്‌തത്‌.”

യേശു എന്താണർത്ഥമാക്കുന്നത്‌? സമ്പത്തുണ്ടായിരിക്കുന്നതും ചിരി സഹിതം ഉല്ലാസങ്ങളിലേർപ്പെടുന്നതും മനുഷ്യരുടെ പ്രശംസ നേടുന്നതും കഷ്ടം വരുത്തിക്കൂട്ടുന്നതെന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ഒരു വ്യക്തിക്ക്‌ ആ കാര്യങ്ങൾ ഉണ്ടായിരിക്കുകയും അവയെ വിലമതിക്കുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തുഷ്ടി കൈവരുത്തുന്ന ഏകസംഗതിയായ ദൈവസേവനം അയാളുടെ ജീവിതത്തിൽ നിന്ന്‌ പുറന്തളളപ്പെടുന്നു. അതേസമയം, കേവലം ദരിദ്രനോ പട്ടിണിക്കാരനോ വിലപിക്കുന്നവനോ ആയിരിക്കുന്നതുകൊണ്ട്‌ ഒരാൾ സന്തുഷ്ടനാകുമെന്ന്‌ യേശു അർത്ഥമാക്കിയില്ല. എന്നിരുന്നാലും, അങ്ങനെയുളള പ്രാതികൂല്യങ്ങളനുഭവിക്കുന്ന ആളുകൾ യേശുവിന്റെ ഉപദേശങ്ങൾക്കു ചെവികൊടുത്തേക്കാം, അവർ അങ്ങനെ യഥാർത്ഥ സന്തുഷ്ടിയാൽ അനുഗ്രഹിക്കപ്പെടുന്നു.

അടുത്തതായി തന്റെ ശിഷ്യൻമാരെ സംബോധനചെയ്‌തുകൊണ്ട്‌ യേശു പറയുന്നു: “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു.” തീർച്ചയായും അവർ അക്ഷരീയമായി ഉപ്പാണെന്ന്‌ അവൻ അർത്ഥമാക്കുന്നില്ല. എന്നാൽ ഉപ്പ്‌ ഒരു സംരക്ഷകവസ്‌തുവാണ്‌. യഹോവയുടെ ആലയത്തിലെ യാഗപീഠത്തിനരികെ ധാരാളം ഉപ്പു കൂട്ടിയിട്ടിരുന്നു. ഔദ്യോഗിക കൃത്യങ്ങൾ നിർവഹിച്ചിരുന്ന പുരോഹിതൻമാർ യാഗങ്ങൾക്ക്‌ ഉപ്പുചേർക്കാൻ അതുപയോഗിച്ചിരുന്നു.

യേശുവിന്റെ ശിഷ്യൻമാർക്ക്‌ ആളുകളുടെമേൽ ഒരു സംരക്ഷകസ്വാധീനമുണ്ടെന്നുളള അർത്ഥത്തിൽ അവർ “ഭൂമിയുടെ ഉപ്പാണ്‌.” തീർച്ചയായും അവർ വഹിക്കുന്ന ദൂതിന്‌ ചെവികൊടുക്കുന്ന സകലരുടെയും ജീവനെ അത്‌ സംരക്ഷിക്കും! അത്‌ അങ്ങനെയുളള ആളുകളുടെ ജീവിതത്തിൽ സ്ഥിരത, ഭക്തി, വിശ്വസ്‌തത എന്നിങ്ങനെയുളള ഗുണങ്ങൾ കൈവരുത്തുകയും അവരിലെ ആത്മീയവും ധാർമ്മികവുമായ ഏത്‌ അധഃപതനത്തെയും തടയുകയും ചെയ്യും.

“നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു” എന്ന്‌ യേശു തന്റെ ശിഷ്യൻമാരോടു പറയുന്നു. ഒരു വിളക്ക്‌ ഒരു കുട്ടക്കീഴിൽ വെക്കാതെ ഒരു വിളക്കു തണ്ടിൻമേൽ വെക്കുന്നതുകൊണ്ട്‌ “അതുപോലെ നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പാകെ പ്രകാശിപ്പിക്കുക” എന്ന്‌ യേശു പറയുന്നു. തങ്ങളുടെ പരസ്യസാക്ഷീകരണത്താലും ബൈബിൾ തത്വങ്ങൾക്കനുയോജ്യമായ നടത്തയുടെ തിളക്കമുളള മാതൃകകളായി സേവിച്ചുകൊണ്ടും യേശുവിന്റെ ശിഷ്യൻമാർ അത്‌ ചെയ്യുന്നു.

തന്റെ അനുഗാമികൾക്ക്‌ ഒരു ഉയർന്ന പ്രമാണം

മതനേതാക്കൻമാർ യേശുവിനെ ദൈവിക ന്യായപ്രമാണത്തിന്റെ ലംഘകൻ ആയി പരിഗണിക്കുന്നു. അടുത്ത കാലത്ത്‌ അവനെ കൊല്ലാൻപോലും അവർ ഗൂഢാലോചന നടത്തിയിരുന്നു. അതുകൊണ്ട്‌ യേശു തന്റെ മലമ്പ്രസംഗം തുടരുമ്പോൾ അവൻ വിശദീകരിക്കുന്നു: “ന്യായപ്രമാണത്തെയോ പ്രവാചകൻമാരെയോ നശിപ്പിക്കാൻ ഞാൻ വന്നുവെന്ന്‌ വിചാരിക്കരുത്‌. നശിപ്പിക്കാനല്ല, നിവർത്തിക്കാനാണ്‌ ഞാൻ വന്നത്‌.”

യേശുവിന്‌ ദൈവത്തിന്റെ ന്യായപ്രമാണത്തോട്‌ സമുന്നതമായ ആദരവുണ്ട്‌, അതുണ്ടായിരിക്കാൻ മററുളളവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അവൻ പറയുകയാണ്‌: “അതുകൊണ്ട്‌, ഈ ഏററവും ചെറിയ കൽപ്പനകളിൽ ഒന്നിനെ ലംഘിക്കുകയും ആ ഫലത്തിൽ മനുഷ്യവർഗ്ഗത്തെ പഠിപ്പിക്കുകയും ചെയ്യുന്നതാരോ അവൻ സ്വർഗ്ഗരാജ്യത്തോടുളള ബന്ധത്തിൽ ‘ഏററവും ചെറിയവൻ’ എന്നു വിളിക്കപ്പെടും.” അങ്ങനെയുളള ഒരാൾ രാജ്യത്തിൽ പ്രവേശിക്കുകയേ ഇല്ലെന്നാണതിന്റെ അർത്ഥം.

ദൈവത്തിന്റെ ന്യായപ്രമാണത്തെ അശേഷവും അവഗണിക്കാതെ അതിന്റെ ലംഘനത്തിനു സഹായിക്കുന്ന മനോഭാവങ്ങളെപ്പോലും യേശു കുററം വിധിക്കുന്നു. “നീ കൊലപാതകം ചെയ്യരുത്‌” എന്ന്‌ ന്യായപ്രമാണം പറയുന്നുവെന്ന്‌ ഗൗനിച്ചശേഷം “എന്നിരുന്നാലും, തന്റെ സഹോദരനോട്‌ കുപിതനായി തുടരുന്ന ഏതൊരാളും നീതിന്യായകോടതിയോട്‌ കണക്കു ബോധിപ്പിക്കേണ്ടി വരും” എന്ന്‌ അവൻ കൂട്ടിച്ചേർക്കുന്നു.

ഒരു സഹകാരിയോട്‌, ഒരുപക്ഷേ കൊലപാതകത്തിലേക്കുതന്നെ നയിച്ചുകൊണ്ട്‌ കുപിതനായി തുടരുന്നത്‌ വളരെ ഗൗരവമുളളതാകയാൽ സമാധാനം നേടാൻ ഒരുവൻ എത്രത്തോളം പോകണമെന്ന്‌ യേശു വിശദമാക്കുന്നു. അവൻ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “അപ്പോൾ, നീ യാഗപീഠത്തിങ്കലേക്ക്‌ ഒരു വഴിപാടു കൊണ്ടുവരുമ്പോൾ നിന്റെ സഹോദരന്‌ നിനക്കെതിരായി എന്തെങ്കിലും ഉണ്ടെന്ന്‌ നീ ഓർക്കുന്നുവെങ്കിൽ നിന്റെ വഴിപാട്‌ അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചിട്ട്‌ പോകുക; ആദ്യമായി നിന്റെ സഹോദരനോട്‌ സമാധാനത്തിലാവുക, പിന്നീട്‌, തിരിച്ചു വന്നിട്ട്‌ നിന്റെ വഴിപാട്‌ അർപ്പിക്കുക.”

പത്തു കൽപ്പനകളിൽ ഏഴാമത്തേതിലേക്ക്‌ ശ്രദ്ധ തിരിച്ചുകൊണ്ട്‌ യേശു തുടരുന്നു: “‘വ്യഭിചാരം ചെയ്യരുത്‌’ എന്ന്‌ പറയപ്പെട്ടുവെന്ന്‌ നിങ്ങൾ കേട്ടു.” എന്നിരുന്നാലും വ്യഭിചാരത്തിലേക്കുളള സ്ഥിരമായ മനോഭാവത്തെപ്പോലും യേശു കുററംവിധിക്കുന്നു. “ഒരു സ്‌ത്രീയോടു വികാരം തോന്നുമാറ്‌ അവളെ നോക്കിക്കൊണ്ടിരിക്കുന്ന ഏതൊരാളും അപ്പോൾത്തന്നെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തിരിക്കുന്നുവെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.”

യേശു ഇവിടെ ക്ഷണികമായ ഒരു അധാർമ്മിക ചിന്തയേക്കുറിച്ച്‌ സംസാരിക്കുകയല്ല, പിന്നെയോ ‘നോക്കിക്കൊണ്ടിരിക്കുന്ന’തിനെക്കുറിച്ചാണ്‌. അങ്ങനെയുളള തുടർച്ചയായ നോട്ടം വികാരപരമായ ആഗ്രഹത്തെ ഉണർത്തുന്നു. അതിന്‌, അവസരം കിട്ടുകയാണെങ്കിൽ, വ്യഭിചാരത്തിൽ കലാശിക്കാൻ കഴിയും. ഒരു വ്യക്തിക്ക്‌ ഇത്‌ സംഭവിക്കാതെ എങ്ങനെ തടയാൻ കഴിയും? അങ്ങേയററത്തെ നടപടികൾ എങ്ങനെ ആവശ്യമായി വന്നേക്കാമെന്ന്‌ വിശദമാക്കിക്കൊണ്ട്‌ യേശു പറയുന്നു: “ഇപ്പോൾ നിന്റെ ആ വലതുകണ്ണ്‌ നിന്നെ ഇടറിക്കുന്നുവെങ്കിൽ അത്‌ പറിച്ചെടുത്ത്‌ നിന്നിൽനിന്ന്‌ എറിഞ്ഞുകളയുക. . . . കൂടാതെ, നിന്റെ വലതുകൈ നിന്നെ ഇടറിക്കുന്നുവെങ്കിൽ അത്‌ വെട്ടി നിന്നിൽ നിന്ന്‌ ദൂരെയെറിയുക.”

ആളുകൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ രോഗബാധിതമായ ഒരു അക്ഷരീയ അവയവത്തെ ബലി ചെയ്യാൻ മിക്കപ്പോഴും സന്നദ്ധരാണ്‌. എന്നാൽ യേശു പറയുന്നതനുസരിച്ച്‌ അധാർമ്മിക ചിന്തയും പ്രവർത്തനങ്ങളും ഒഴിവാക്കാൻ എന്തിനെയും, ഒരു കണ്ണോ കൈയോ പോലെ വിലയുളളതിനെപ്പോലും ‘എറിഞ്ഞുകളയുന്നത്‌’ അതിനെക്കാൾ ജീവൽപ്രധാനമാണ്‌. അതല്ലെങ്കിൽ അങ്ങനെയുളളവർ ഗീഹെന്നായിലേക്ക്‌ (യരൂശലേമിനടുത്തുളള എരിയുന്ന ഒരു ചവററുകൂന) എറിയപ്പെടുമെന്ന്‌ യേശു വിശദീകരിക്കുന്നു, അത്‌ നിത്യനാശത്തെ പ്രതീകപ്പെടുത്തുന്നു.

ദ്രോഹവും ഇടർച്ചയും വരുത്തിക്കൂട്ടുന്നവരോട്‌ എങ്ങനെ ഇടപെടാമെന്നും യേശു ചർച്ചചെയ്യുന്നു. “ദുഷ്ടനായവനോട്‌ എതിർക്കരുത്‌, എന്നാൽ നിന്റെ വലത്തെ ചെകിട്ടത്ത്‌ തട്ടുന്ന ആർക്കും മറേറതുംകൂടെ കാണിച്ചുകൊടുക്കുക എന്നതായിരുന്നു അവന്റെ ഉപദേശം. ആക്രമിക്കപ്പെടുന്നുവെങ്കിൽ തന്നെത്തന്നെയും കുടുംബത്തെയും സംരക്ഷിക്കരുതെന്ന്‌ യേശു അർത്ഥമാക്കുന്നില്ല. ഒരു തട്ട്‌ ശാരീരികമായി ഉപദ്രവിക്കുന്നതിനല്ല, പിന്നെയോ അവഹേളിക്കുന്നതിനാണ്‌. അതുകൊണ്ട്‌ ആരെങ്കിലും തുറന്ന കൈകൊണ്ട്‌ അക്ഷരീയമായി തട്ടിക്കൊണ്ടോ കുത്തുവാക്കുകളുപയോഗിച്ചുകൊണ്ടോ ഒരു ശണ്‌ഠയോ വാദമോ ഇളക്കിവിടാൻ ശ്രമിക്കുന്നുവെങ്കിൽ പകരംവീട്ടാൻ ശ്രമിക്കുന്നത്‌ തെററാണെന്നാണ്‌ യേശു പറയുന്നത്‌.

ഒരുവന്റെ അയൽക്കാരനെ സ്‌നേഹിക്കണമെന്നുളള ദൈവനിയമത്തിലേക്ക്‌ ശ്രദ്ധ തിരിച്ചശേഷം യേശു പ്രസ്‌താവിക്കുന്നു: “എന്നിരുന്നാലും ഞാൻ നിങ്ങളോട്‌ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുന്നതിലും നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലും തുടരുക.” അങ്ങനെ ചെയ്യുന്നതിനുളള ഒരു ശക്തമായ കാരണം നൽകിക്കൊണ്ട്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “[അങ്ങനെ] നിങ്ങൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രൻമാരാണെന്ന്‌ നിങ്ങളെത്തന്നെ തെളിയിക്കുക, എന്തുകൊണ്ടെന്നാൽ അവൻ ദുഷ്ടജനങ്ങളുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുന്നു.”

യേശു തന്റെ പ്രഭാഷണത്തിന്റെ ഈ ഭാഗം ഇങ്ങനെ ബുദ്ധിയുപദേശിച്ചുകൊണ്ട്‌ ഉപസംഹരിക്കുന്നു: “അതനുസരിച്ച്‌ നിങ്ങളുടെ സ്വർഗ്ഗീയ പിതാവ്‌ പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങൾ പൂർണ്ണരായിരിക്കണം.” സമ്പൂർണ്ണമായ അർത്ഥത്തിൽ ആളുകൾക്ക്‌ പൂർണ്ണരായിരിക്കാമെന്ന്‌ യേശു അർത്ഥമാക്കുന്നില്ല. എന്നാൽ ദൈവത്തെ അനുകരിക്കുന്നതിനാൽ അവർക്ക്‌ തങ്ങളുടെ ശത്രുക്കളെപ്പോലും ഉൾപ്പെടുത്താൻ തക്കവണ്ണം തങ്ങളുടെ സ്‌നേഹത്തെ വികസിപ്പിക്കാൻ കഴിയും. ലൂക്കോസിന്റെ സമാന്തരവിവരണം യേശുവിന്റെ വാക്കുകളെ ഇങ്ങനെ രേഖപ്പെടുത്തുന്നു: “നിങ്ങളുടെ പിതാവ്‌ കരുണയുളളവനായിരിക്കുന്നതുപോലെ കരുണയുളളവരായിത്തീരുന്നതിൽ തുടരുക.”

പ്രാർത്ഥനയും ദൈവത്തിലുളള ആശ്രയവും

യേശു തന്റെ പ്രഭാഷണം തുടരവെ തങ്ങൾക്കുണ്ടെന്ന്‌ ഭാവിക്കുന്ന ദൈവിക ഭക്തി പരസ്യമായി പ്രകടിപ്പിക്കുന്ന കപടഭക്തിക്കാരെ കുററം വിധിക്കുന്നു. “നിങ്ങൾ ദാനധർമ്മം ചെയ്യുമ്പോൾ കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിങ്ങൾക്കു മുമ്പാകെ കാഹളം മുഴക്കരുത്‌” എന്ന്‌ അവൻ പറയുന്നു.

“കൂടാതെ, പ്രാർത്ഥിക്കുകയിൽ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ ആയിരിക്കരുത്‌; എന്തുകൊണ്ടെന്നാൽ മററുളളവർക്ക്‌ കാണപ്പെടേണ്ടതിന്‌ സിന്നഗോഗുകളിലും വിശാലമായ തെരുവുകളുടെ കോണുകളിലും നിന്ന്‌ പ്രാർത്ഥിക്കാൻ അവർ ഇഷ്ടപ്പെടുന്നു,” എന്ന്‌ യേശു തുടർന്നു പറയുന്നു. മറിച്ച്‌, അവൻ പ്രബോധിപ്പിക്കുന്നു: “നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ സ്വകാര്യ മുറിയിൽ കടന്ന്‌ കതകടച്ച്‌ രഹസ്യത്തിലുളള നിന്റെ പിതാവിനോട്‌ പ്രാർത്ഥിക്കുക.” യേശു തന്നെ പരസ്യമായി പ്രാർത്ഥിച്ചു, അതുകൊണ്ട്‌ അവൻ അത്തരം പ്രാർത്ഥനകളെ കുററം വിധിക്കുകയല്ല. ശ്രോതാക്കളിൽ തങ്ങളെപ്പററി നല്ല ധാരണ സൃഷ്ടിക്കുന്നതിനും അവരുടെ ആദരവ്‌ പിടിച്ചു പററുന്നതിനുംവേണ്ടിയുളള പ്രാർത്ഥനകളെയാണ്‌ അവൻ കുററം വിധിക്കുന്നത്‌.

യേശു തുടർന്ന്‌ ബുദ്ധിയുപദേശിക്കുന്നു: “പ്രാർത്ഥിക്കുകയിൽ ജനതകളിലെ ആളുകളെപ്പോലെ നിങ്ങൾ ഒരേ സംഗതികൾ വീണ്ടും വീണ്ടും ആവർത്തിച്ചു പറയരുത്‌. ആവർത്തനം അതിൽത്തന്നെ തെററാണെന്ന്‌ യേശു അർത്ഥമാക്കുന്നില്ല. ഒരിക്കൽ അവൻതന്നെ പ്രാർത്ഥനയിൽ “ഒരേ വാക്ക്‌” ആവർത്തിച്ച്‌ ഉപയോഗിച്ചു. എന്നാൽ മനഃപ്പാഠമാക്കിയ ഒരേ വാക്കുകൾ “വീണ്ടും വീണ്ടും” ആവർത്തിക്കുന്നതിനെയാണ്‌ അവൻ അംഗീകരിക്കാത്തത്‌, മനഃപ്പാഠമാക്കിയ പ്രാർത്ഥന ഉരുവിട്ടുകൊണ്ട്‌ കൊന്തഉരുട്ടുന്നവർ ചെയ്യുന്നതുപോലെതന്നെ.

പ്രാർത്ഥിക്കാൻ തന്റെ ശ്രോതാക്കളെ സഹായിക്കുന്നതിന്‌ യേശു ഏഴു അപേക്ഷകൾ അടങ്ങുന്ന ഒരു മാതൃകാ പ്രാർത്ഥന നൽകി. അവയിൽ ആദ്യത്തെ മൂന്നെണ്ണം ഉചിതമായി ദൈവത്തിന്റെ പരമാധികാരത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും അംഗീകരിക്കുന്നു. അവ ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടുന്നതിനും അവന്റെ രാജ്യം വരുന്നതിനും അവന്റെ ഇഷ്ടം ചെയ്യപ്പെടുന്നതിനും വേണ്ടിയുളള അപേക്ഷകളാണ്‌. ശേഷിച്ച നാലെണ്ണം വ്യക്തിപരമായ അപേക്ഷകളാണ്‌, അതായത്‌ അനുദിന ആഹാരത്തിനും പാപങ്ങളുടെ മോചനത്തിനും ഒരുവന്റെ സഹിച്ചു നിൽക്കാനുളള പ്രാപ്‌തിക്ക്‌ അപ്പുറം പരീക്ഷിക്കപ്പെടാതിരിക്കേണ്ടതിനും ദുഷ്ടനായവനിൽനിന്ന്‌ വിടുവിക്കപ്പെടേണ്ടതിനും തന്നെ.

തുടർന്ന്‌ യേശു ഭൗതിക വസ്‌തുക്കൾക്ക്‌ കണക്കിലധികം ഊന്നൽകൊടുക്കുന്നതിന്റെ അപകടത്തെപ്പററി സംസാരിക്കുന്നു. അവൻ ഇപ്രകാരം പ്രബോധിപ്പിക്കുന്നു: “കീടങ്ങളും തുരുമ്പും തിന്നുന്നതും കളളൻമാർ കവർന്നെടുക്കുന്നതുമായ ഭൂമിയിൽ നിങ്ങൾക്കായിത്തന്നെ നിക്ഷേപങ്ങൾ സ്വരുക്കൂട്ടുന്നത്‌ നിർത്തുക.” അത്തരം നിക്ഷേപങ്ങൾ നശിച്ചുപോകും എന്നു മാത്രമല്ല അവ ദൈവമുമ്പാകെ ഒരു യോഗ്യതയും നേടിത്തരുകയില്ല.

അതുകൊണ്ട്‌ യേശു പറയുന്നു: “സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ സ്വരൂപിച്ചുകൊൾവിൻ.” ദൈവസേവനം ജീവിതത്തിൽ ഒന്നാമത്‌ വയ്‌ക്കുന്നതിനാൽ നിങ്ങൾക്കതു ചെയ്യാൻ കഴിയും. അപ്രകാരം നിങ്ങൾ ദൈവമുമ്പാകെ സ്വരുക്കൂട്ടുന്ന യോഗ്യതയോ അതിന്റെ മഹത്തായ പ്രതിഫലമോ എടുത്തുകളയാൻ ആർക്കും കഴിയുകയില്ല. തുടർന്ന്‌ യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”

ഭൗതികത്വത്തിന്റെ കെണിയെ സംബന്ധിച്ച്‌ യേശു കൂടുതലായി ഈ ചിത്രീകരണം നൽകുന്നു: “ശരീരത്തിന്റെ വിളക്ക്‌ കണ്ണാണ്‌. അപ്പോൾ നിങ്ങളുടെ കണ്ണ്‌ ലളിതമാണെങ്കിൽ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും; എന്നാൽ നിങ്ങളുടെ കണ്ണ്‌ ദുഷ്ടമാണെങ്കിൽ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും.” ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന കണ്ണ്‌ ശരീരത്തിന്‌ ഇരുണ്ട സ്ഥലത്ത്‌ പ്രകാശിക്കുന്ന ഒരു വിളക്കുപോലെയാണ്‌. ശരിയായി കാണുന്നതിന്‌ കണ്ണ്‌ ലളിതമായിരിക്കണം. അതായത്‌, അത്‌ ഒരു സംഗതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാത്ത കണ്ണ്‌ കാര്യങ്ങൾ സംബന്ധിച്ച തെററായ വിലയിരുത്തലിലേക്ക്‌, ഭൗതിക അനുധാവനങ്ങൾ ദൈവിക സേവനത്തിന്‌ മുമ്പിൽ വയ്‌ക്കുന്നതിലേക്ക്‌ നയിക്കുന്നു. അതിന്റെ ഫലമോ, “ശരീരം മുഴുവൻ” ഇരുണ്ടതായിത്തീരുന്നു.

ശക്തമായ ഒരു ചിത്രീകരണത്തിലൂടെ യേശു ഈ സംഗതി അതിന്റെ പാരമ്യത്തിലെത്തിക്കുന്നു: “ആർക്കും രണ്ട്‌ യജമാനൻമാർക്കുവേണ്ടി അടിമവേല ചെയ്യാൻ കഴിയുകയില്ല. ഒന്നുകിൽ ഒരുവനെ വെറുക്കുകയും മററവനെ സ്‌നേഹിക്കുകയും ചെയ്യും, അല്ലെങ്കിൽ ഒരുവനോട്‌ പററിനിന്നുകൊണ്ട്‌ മററവനോട്‌ അവജ്ഞ കാട്ടും. നിങ്ങൾക്ക്‌ ദൈവത്തിനുവേണ്ടിയും ധനത്തിനുവേണ്ടിയും അടിമവേല ചെയ്യാൻ കഴിയുകയില്ല.”

ഈ ബുദ്ധിയുപദേശം പറഞ്ഞുകൊടുത്തശേഷം ദൈവസേവനം ഒന്നാമത്‌ വയ്‌ക്കുന്നുവെങ്കിൽ ഭൗതികാവശ്യങ്ങൾ സംബന്ധിച്ച്‌ അവർ ഉൽക്കണ്‌ഠപ്പെടേണ്ടതില്ല എന്ന്‌ യേശു തന്റെ ശ്രോതാക്കൾക്ക്‌ ഉറപ്പ്‌ കൊടുക്കുന്നു. “ആകാശത്തിലെ പക്ഷികളെ ഉററു നോക്കുവിൻ,” അവൻ പറയുന്നു, “എന്തുകൊണ്ടെന്നാൽ അവ വിത്തു വിതക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ ശേഖരിച്ചു വയ്‌ക്കുകയോ ചെയ്യുന്നില്ല; എന്നിട്ടും നിങ്ങളുടെ സ്വർഗ്ഗീയ പിതാവ്‌ അവയെ പോററുന്നു.” എന്നിട്ട്‌ അവൻ ചോദിക്കുന്നു: “നിങ്ങൾ അവരെക്കാൾ വിലപ്പെട്ടവരല്ലയോ?”

അടുത്തതായി യേശു വയലിലെ ലില്ലിപുഷ്‌പങ്ങളെ ചൂണ്ടിക്കാട്ടിയിട്ട്‌ “ശലോമോൻപോലും തന്റെ സർവ്വമഹത്വത്തിലും അവയിലൊന്നിനെപ്പോലെ അണിയിക്കപ്പെട്ടിരുന്നില്ല” എന്ന്‌ കുറിക്കൊളളുന്നു. “അപ്പോൾ വയലിലെ സസ്യങ്ങളെ ദൈവം വസ്‌ത്രം ധരിപ്പിക്കുന്നുവെങ്കിൽ അൽപ്പവിശ്വാസികളെ, അതിലധികമായി നിങ്ങളെ വസ്‌ത്രം ധരിപ്പിക്കുകയില്ലയോ?” എന്ന്‌ അവൻ തുടർന്ന്‌ ചോദിക്കുന്നു. അതുകൊണ്ട്‌ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു ഉപസംഹരിക്കുന്നു: “‘നാം എന്തു തിന്നും?’ അല്ലെങ്കിൽ ‘നാം എന്തു കുടിക്കും?’ അല്ലെങ്കിൽ ‘നാം എന്തു ധരിക്കും?’ എന്നിങ്ങനെ വിചാരപ്പെടരുത്‌. . . . എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക്‌ ഈവക കാര്യങ്ങളെല്ലാം ആവശ്യമാണെന്ന്‌ നിങ്ങളുടെ സ്വർഗ്ഗീയ പിതാവിനറിയാം. അതുകൊണ്ട്‌ ഒന്നാമത്‌ രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക. എന്നാൽ ഈ കാര്യങ്ങളെല്ലാം നിങ്ങൾക്ക്‌ കൂട്ടപ്പെടും.”

ജീവനിലേക്കുളള വഴി

ജീവനിലേക്കുളള വഴി യേശുവിന്റെ പഠിപ്പിക്കലുകൾക്കനുസരണമായി പ്രവർത്തിക്കുന്ന വഴിയാണ്‌. എന്നാൽ ഇത്‌ എളുപ്പത്തിൽ ചെയ്യാവുന്നതല്ല. ദൃഷ്ടാന്തത്തിന്‌ പരീശൻമാർ മററുളളവരെ പരുഷമായി വിധിക്കുന്നതിന്‌ ചായ്‌വുളളവരാണ്‌, സാധ്യതയനുസരിച്ച്‌ പലരും അവരെ അനുകരിക്കയും ചെയ്യുന്നു. അതുകൊണ്ട്‌ യേശു തന്റെ ഗിരിപ്രഭാഷണം തുടരുമളവിൽ, അവൻ ഈ താക്കീതു നൽകുന്നു: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്‌ വിധിക്കുന്നത്‌ നിർത്തുക; എന്തുകൊണ്ടെന്നാൽ നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും.

അമിതവിമർശകരായ പരീശൻമാരുടെ നേതൃത്വത്തെ പിൻപററുന്നത്‌ അപകടകരമാണ്‌. ലൂക്കോസിന്റെ വിവരണമനുസരിച്ച്‌ യേശു ഈ അപകടത്തെ ഇപ്രകാരം ദൃഷ്ടാന്തീകരിക്കുന്നു: “അന്ധനായ ഒരു മനുഷ്യന്‌ ഒരു അന്ധനായ മനുഷ്യനെ നയിക്കാൻ കഴിയുകയില്ല, കഴിയുമോ? ഇരുവരും ഒരു കുഴിയിൽ വീഴും, ഇല്ലേ?”

മററുളളവരുടെ തെററുകൾ വലിപ്പപ്പെടുത്തിക്കാണിച്ചുകൊണ്ടും അവരെ അധിക്ഷേപിച്ചുകൊണ്ടും അമിത വിമർശകരായിരിക്കുന്നത്‌ ഒരു ഗൗരവമുളള കുററമാണ്‌. അതുകൊണ്ട്‌ യേശു ഇങ്ങനെ ചോദിക്കുന്നു: “നോക്കൂ! നിന്റെ സ്വന്തം കണ്ണിൽ ഒരു കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട്‌ നിന്റെ കണ്ണിൽ നിന്ന്‌ തുരുമ്പ്‌ എടുക്കാൻ എന്നെ അനുവദിക്കുക’ എന്ന്‌ എങ്ങനെ പറയാൻ കഴിയും? കപടഭക്താ! ആദ്യം നിന്റെ സ്വന്തം കണ്ണിൽ നിന്ന്‌ കഴുക്കോൽ എടുത്തുകളയുക, അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിൽ നിന്ന്‌ തുരുമ്പ്‌ നീക്കം ചെയ്യുന്നതിന്‌ വ്യക്തമായി കാണും.”

യേശുവിന്റെ ശിഷ്യൻമാർ മററാളുകളോടുളള ബന്ധത്തിൽ വിവേചനയൊന്നും ഉപയോഗിക്കരുത്‌ എന്ന്‌ ഇതിനർത്ഥമില്ല. എന്തുകൊണ്ടെന്നാൽ അവൻ ഇപ്രകാരം പറയുന്നു: “വിശുദ്ധമായത്‌ പട്ടികൾക്ക്‌ കൊടുക്കരുത്‌, നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുമ്പിൽ എറിയുകയുമരുത്‌.” ദൈവത്തിന്റെ വചനത്തിൽ നിന്നുളള സത്യങ്ങൾ വിശുദ്ധമാണ്‌. അവ ആലങ്കാരിക മുത്തുകളെപ്പോലെയാണ്‌. എന്നാൽ, പട്ടികളെപ്പോലെയൊ പന്നികളെപ്പോലെയൊ ഉളള ചില വ്യക്തികൾ ഈ വിലയേറിയ സത്യങ്ങൾക്ക്‌ യാതൊരു വിലമതിപ്പും കാണിക്കുന്നില്ലെങ്കിൽ യേശുവിന്റെ ശിഷ്യൻമാർ ആ ആളുകളെ വിട്ടുപോകയും കൂടുതൽ സ്വീകാര്യക്ഷമമായ കാതുകൾ തേടുകയും ചെയ്യണം.

യേശു തന്റെ മലമ്പ്രസംഗത്തിൽ നേരത്തെ പ്രാർത്ഥനയെ സംബന്ധിച്ച്‌ ചർച്ചചെയ്‌തെങ്കിലും അവൻ ഇപ്പോൾ അതിൽ ഉററിരിക്കുന്നതിന്റെ ആവശ്യം ഊന്നിപ്പറയുന്നു: “ചോദിച്ചുകൊണ്ടിരിക്കുക,” അവൻ പ്രേരിപ്പിക്കുന്നു, “അത്‌ നിങ്ങൾക്ക്‌ നൽകപ്പെടും.” ദൈവത്തിന്‌ പ്രാർത്ഥന കേൾക്കുന്നതിനുളള സന്നദ്ധതയെ ചിത്രീകരിക്കാൻ യേശു ഇപ്രകാരം ചോദിക്കുന്നു: “നിങ്ങളുടെയിടയിൽ മകൻ അപ്പം ചോദിക്കുന്ന മനുഷ്യൻ ആരാണ്‌—അയാൾ അവന്‌ കല്ല്‌ കൊടുക്കുകയില്ല, കൊടുക്കുമോ? . . . അതുകൊണ്ട്‌ ദുഷ്ടരെങ്കിലും നിങ്ങളുടെ മക്കൾക്ക്‌ നല്ല ദാനങ്ങൾ കൊടുക്കാൻ നിങ്ങൾക്ക്‌ അറിയാമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്‌ തന്നോട്‌ ചോദിക്കുന്നവർക്ക്‌ നല്ല വസ്‌തുക്കൾ എത്രയധികം കൊടുക്കും?”

പിന്നീട്‌ യേശു പൊതുവെ സുവർണ്ണനിയമം എന്നറിയപ്പെടുന്ന ഒരു സുപ്രസിദ്ധ പെരുമാററചട്ടം നൽകുന്നു. അവൻ പറഞ്ഞു: “അതുകൊണ്ട്‌, മനുഷ്യർ നിങ്ങൾക്ക്‌ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ അവർക്കും അതുപോലെതന്നെ ചെയ്യുവിൻ.” ഈ ചട്ടം അനുസരിച്ച്‌ ജീവിക്കുന്നതിൽ, മററുളളവർ നിങ്ങളോട്‌ പെരുമാറാൻ ആഗ്രഹിക്കുന്നതുപോലെ അവരോട്‌ പെരുമാറിക്കൊണ്ട്‌ അവർക്ക്‌ നൻമ ചെയ്യുകയെന്ന ക്രിയാത്മക നടപടി ഉൾപ്പെടുന്നു.

ജീവനിലേക്കുളള വഴി എളുപ്പമുളളതല്ല എന്ന്‌ യേശുവിന്റെ പ്രബോധനത്തിലൂടെ വെളിപ്പെടുത്തുന്നു: “ഇടുങ്ങിയ പടിവാതിലിലൂടെ അകത്തു കടക്കുക; എന്തുകൊണ്ടെന്നാൽ നാശത്തിലേക്കു നയിക്കുന്ന പാത വീതിയുളളതും വിശാലവുമാകുന്നു, അതിലെ പോകുന്നവർ അനേകരും ആകുന്നു; നേരെമറിച്ച്‌ ജീവനിലേക്ക്‌ നയിക്കുന്ന പടിവാതിൽ ഇടുങ്ങിയതും പാത ഞെരുക്കമുളളതും ആണ്‌, അതു കണ്ടെത്തുന്നവർ ചുരുക്കവുമാണ്‌.”

വഴിതെററിക്കപ്പെടുന്നതിന്റെ അപകടം വലുതാണ്‌, അതുകൊണ്ട്‌ യേശു ഇപ്രകാരം മുന്നറിയിക്കുന്നു: “ചെമ്മരിയാടിന്റെ ആവരണത്തിൽ നിങ്ങളുടെ അടുക്കൽ വരുന്ന കളളപ്രവാചകൻമാരെ സൂക്ഷിച്ചുകൊളളുക, എന്നാൽ അകമെ അവർ ആർത്തിപൂണ്ട ചെന്നായ്‌ക്കളാണ്‌.” നല്ല വൃക്ഷങ്ങളെയും ചീത്ത വൃക്ഷങ്ങളെയും അവയുടെ ഫലങ്ങളാൽ തിരിച്ചറിയാൻ കഴിയുന്നതുപോലെ തന്നെ വ്യാജപ്രവാചകൻമാരെ അവരുടെ നടത്തയാലും ഉപദേശങ്ങളാലും തിരിച്ചറിയാൻ കഴിയും എന്ന്‌ യേശു ചൂണ്ടിക്കാട്ടി.

തുടർന്നുകൊണ്ട്‌, ഒരു ആൾ കേവലം എന്ത്‌ പറയുന്നു എന്നതല്ല എന്നാൽ അയാൾ എന്തു ചെയ്യുന്നു എന്നതാണ്‌ തന്റെ ശിഷ്യനാക്കുന്നത്‌ എന്ന്‌ യേശു വിശദീകരിക്കുന്നു. ചിലയാളുകൾ യേശു തങ്ങളുടെ കർത്താവാകുന്നു എന്ന്‌ അവകാശപ്പെടുന്നു, എന്നാൽ അവർ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നില്ലെങ്കിൽ, “ഞാൻ അവരോട്‌ നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരേ എന്നെ വിട്ടുപോകുക എന്ന്‌ ഏററുപറയും” എന്ന്‌ അവൻ പറയുന്നു.

ഒടുവിൽ, യേശു തന്റെ പ്രസംഗം സ്‌മരണാർഹമായ ഈ വാക്കുകളോടെ ഉപസംഹരിപ്പിക്കുന്നു: “എന്റെ ഈ വാക്കുകൾ കേൾക്കുകയും അവ ചെയ്യുകയും ചെയ്യുന്ന ഓരോരുത്തനും തന്റെ വീട്‌ പാറക്കൂട്ടത്തിൻമേൽ പണിത വിവേകിയായ ഒരു മനുഷ്യനോട്‌ ഉപമിക്കപ്പെടും. മഴ പെയ്യുകയും വെളളം പൊങ്ങുകയും കാററ്‌ വീശുകയും ആ വീടിനെതിരെ ആഞ്ഞടിക്കുകയും ചെയ്‌തു എങ്കിലും അത്‌ വീണില്ല, എന്തുകൊണ്ടെന്നാൽ അത്‌ പാറക്കൂട്ടത്തിൻമേൽ അടിസ്ഥാനമിട്ടതായിരുന്നു.”

നേരെമറിച്ച്‌, യേശു ഇപ്രകാരം പ്രസ്‌താവിക്കുന്നു: “എന്റെ ഈ വാക്കുകൾ കേൾക്കുകയും അവയെ ചെയ്യാതിരിക്കുകയും ചെയ്യുന്ന ഓരോരുത്തനും തന്റെ വീട്‌ മണലിൻമേൽ പണിത മഠയനായ ഒരു ആളോട്‌ ഉപമിക്കപ്പെടും. മഴ പെയ്യുകയും വെളളം പൊങ്ങുകയും കാററ്‌ വീശുകയും ആ വീടിനെതിരെ അടിക്കുകയും ചെയ്‌തു, അത്‌ തകർന്നുവീണു, അതിന്റെ തകർച്ച വലിയതായിരുന്നു.”

യേശു തന്റെ പ്രസംഗം പൂർത്തിയാക്കിയപ്പോൾ, ജനക്കൂട്ടം അവന്റെ പഠിപ്പിക്കൽ വിധത്തിൽ അതിശയിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ അവരെ അധികാരമുളള ഒരുവനെന്ന നിലയിലാണ്‌, അല്ലാതെ അവരുടെ മതനേതാക്കൻമാരെപ്പോലെയല്ല പഠിപ്പിക്കുന്നത്‌. ലൂക്കോസ്‌ 6:12-23; മത്തായി 5:1-12; 6:24-26; മത്തായി 5:13-48; 6:1-34; 26:36-45; 7:1-29; ലൂക്കോസ്‌ 6:27-49.

▪ യേശുവിന്റെ ഏററം സ്‌മരണാർഹമായ പ്രഭാഷണം എവിടെവച്ചാണ്‌ നടത്തപ്പെട്ടത്‌, ആരെല്ലാം സന്നിഹിതരായിരുന്നു, അത്‌ നിർവഹിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ എന്ത്‌ സംഭവിച്ചിരുന്നു?

▪ ലൂക്കോസ്‌ യേശുവിന്റെ ഉപദേശങ്ങളിൽ ചിലത്‌ മറെറാരു പശ്ചാത്തലത്തിൽ രേഖപ്പെടുത്തുന്നത്‌ ആശ്ചര്യമല്ലാത്തത്‌ എന്തുകൊണ്ട്‌?

▪ യേശുവിന്റെ പ്രഭാഷണത്തെ വളരെ മൂല്യവത്താക്കുന്നതെന്ത്‌?

▪ യഥാർത്ഥത്തിൽ സന്തുഷ്ടർ ആരാണ്‌, എന്തുകൊണ്ട്‌?

▪ ആർക്ക്‌ മഹാകഷ്ടമുണ്ടാകുന്നു, എന്തുകൊണ്ട്‌?

▪ യേശുവിന്റെ ശിഷ്യൻമാർ “ഭൂമിയുടെ ഉപ്പും” “ലോകത്തിന്റെ വെളിച്ചവും” ആയിരിക്കുന്നതെങ്ങനെ?

▪ യേശു ദൈവത്തിന്റെ ന്യായപ്രമാണത്തോട്‌ എങ്ങനെ സമുന്നതമായ ആദരവ്‌ കാട്ടുന്നു?

▪ കൊലപാതകത്തിന്റെയും വ്യഭിചാരത്തിന്റെയും കാരണങ്ങളെ പിഴുതുമാററുന്നതിന്‌ യേശു എന്ത്‌ പ്രബോധനം കൊടുക്കുന്നു?

▪ മറെറ ചെകിട്‌ കാണിച്ചുകൊടുക്കുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ യേശു എന്തർത്ഥമാക്കുന്നു?

▪ ദൈവം പൂർണ്ണനായിരിക്കുന്നതുപോലെ നമുക്ക്‌ എങ്ങനെ പൂർണ്ണരായിരിക്കാം?

▪ പ്രാർത്ഥന സംബന്ധിച്ച്‌ യേശു എന്തു നിർദ്ദേശങ്ങളാണ്‌ നൽകുന്നത്‌?

▪ സ്വർഗ്ഗത്തിലെ നിക്ഷേപങ്ങൾ കൂടുതൽ ശ്രേഷ്‌ഠമായിരിക്കുന്നത്‌ എങ്ങനെയാണ്‌; അവ എങ്ങനെ സമ്പാദിക്കാം?

▪ ഭൗതികത്വം ഒഴിവാക്കാൻ ഒരുവനെ സഹായിക്കുന്നതിന്‌ എന്തു ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടിരിക്കുന്നു?

▪ ഉൽക്കണ്‌ഠപ്പെടേണ്ടയാവശ്യമില്ല എന്ന്‌ യേശു പറയുന്നത്‌ എന്തുകൊണ്ടാണ്‌?

▪ മററുളളവരെ വിധിക്കുന്നതിനെ സംബന്ധിച്ച്‌ യേശു എന്ത്‌ പറയുന്നു; എന്നിരുന്നാലും തന്റെ ശിഷ്യൻമാർ ആളുകളെക്കുറിച്ച്‌ വിവേചന ഉപയോഗിക്കേണ്ട ആവശ്യമുണ്ടെന്ന്‌ അവൻ എങ്ങനെ കാണിക്കുന്നു?

▪ യേശു പ്രാർത്ഥനയെ സംബന്ധിച്ച്‌ കൂടുതലായി എന്തു പറയുന്നു, ഏതു പെരുമാററച്ചട്ടം നൽകുകയും ചെയ്യുന്നു?

▪ ജീവനിലേക്കുളള വഴി എളുപ്പമുളളതല്ലായിരിക്കുമെന്നും വഴിതെററിക്കപ്പെടുന്നതിന്റെ ഒരു അപകടമുണ്ടെന്നും യേശു എങ്ങനെ കാണിക്കുന്നു?

▪ യേശു തന്റെ പ്രസംഗം എങ്ങനെ ഉപസംഹരിപ്പിക്കുന്നു, അതിന്‌ എന്ത്‌ ഫലമുണ്ട്‌?