വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂതബാധിതനായ കുട്ടി സൗഖ്യമാക്കപ്പെടുന്നു

ഭൂതബാധിതനായ കുട്ടി സൗഖ്യമാക്കപ്പെടുന്നു

അധ്യായം 61

ഭൂതബാധിതനായ കുട്ടി സൗഖ്യമാക്കപ്പെടുന്നു

യേശുവും പത്രോസും യാക്കോബും യോഹന്നാനും വിദൂരത്തിൽ, സാദ്ധ്യതയനുസരിച്ച്‌ ഹെർമ്മോൻ പർവ്വതത്തിലെ ഒരു കൊടുമുടിയിലായിരിക്കുമ്പോൾ മററ്‌ ശിഷ്യൻമാർ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു. മടങ്ങിയെത്തുമ്പോൾ എന്തോ പ്രശ്‌നമുണ്ടെന്ന്‌ യേശു പെട്ടെന്നുതന്നെ തിരിച്ചറിയുന്നു. തന്റെ ശിഷ്യൻമാർക്ക്‌ ചുററും ഒരു ജനക്കൂട്ടമുണ്ട്‌, ശാസ്‌ത്രിമാർ അവരോട്‌ ഒരു സംവാദത്തിലേർപ്പെട്ടിരിക്കുകയാണ്‌. യേശുവിനെ കാണുകയിൽ ജനങ്ങൾക്ക്‌ വലിയ ആശ്ചര്യം തോന്നി, അവനെ അഭിവാദ്യം ചെയ്യാൻ അവർ ഓടിക്കൂടുന്നു. “നിങ്ങൾ അവരോട്‌ എന്തിനെപററിയാണ്‌ തർക്കിക്കുന്നത്‌?” എന്ന്‌ അവൻ ചോദിക്കുന്നു.

ജനക്കൂട്ടത്തിൽ നിന്ന്‌ മുമ്പോട്ടുവന്ന്‌ ഒരു മനുഷ്യൻ യേശുവിന്റെ മുമ്പാകെ മുട്ടുകുത്തി നിന്നുകൊണ്ട്‌ ഇപ്രകാരം വിശദീകരിക്കുന്നു: “ഗുരോ, എന്റെ മകനെ ഒരു ഊമ ആത്മാവ്‌ ബാധിച്ചിരിക്കുന്നു; അത്‌ അവനെ പിടികൂടുമ്പോഴെല്ലാം അവനെ നിലത്തു തളളിയിടുന്നു, അവന്റെ വായിൽ നുരയും പതയും വരികയും അവൻ പല്ല്‌ കടിക്കുകയും അവന്റെ ശക്തി ക്ഷയിക്കുകയും ചെയ്യുന്നു. അതിനെ പുറത്താക്കാൻ ഞാൻ നിന്റെ ശിഷ്യൻമാരോട്‌ ആവശ്യപ്പെട്ടു, എന്നാൽ അവർക്ക്‌ അതിന്‌ കഴിഞ്ഞില്ല.”

ഒരുപക്ഷേ ശിഷ്യൻമാരുടെ ശ്രമങ്ങളെ പരിഹസിച്ചുകൊണ്ട്‌ കുട്ടിയെ സൗഖ്യമാക്കാനുളള അവരുടെ പരാജയത്തിൽ നിന്ന്‌ പ്രത്യക്ഷത്തിൽ പരമാവധി മുതലെടുക്കാനാണ്‌ ശാസ്‌ത്രിമാർ ശ്രമിക്കുന്നത്‌. കൃത്യം ആ നിർണ്ണായക ഘട്ടത്തിൽ യേശു രംഗത്തു വരുന്നു. അവൻ ചോദിക്കുന്നു: “വിശ്വാസമില്ലാത്ത തലമുറയേ, എത്രകാലം ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കണം? എത്രകാലം ഞാൻ നിങ്ങളെ സഹിക്കണം?”

സന്നിഹിതരായിരിക്കുന്ന എല്ലാവരോടുമായി യേശു സംസാരിക്കുന്നതായി തോന്നുന്നു, എന്നാൽ അവന്റെ വാക്കുകൾ പ്രത്യേകിച്ചും തന്റെ ശിഷ്യൻമാരെ ശല്യം ചെയ്‌തുകൊണ്ടിരുന്ന ശാസ്‌ത്രിമാർക്ക്‌ നേരെയാണ്‌ തിരിച്ചു വിടപ്പെട്ടിരുന്നത്‌ എന്നതിന്‌ സംശയമില്ല. പിന്നീട്‌ ആ കുട്ടിയെപ്പററി യേശു പറഞ്ഞു: “അവനെ എന്റെ അടുക്കൽ കൊണ്ടുവരിക.” എന്നാൽ ആ കുട്ടി യേശുവിന്റെ അടുക്കൽ വരുമ്പോൾ ഭൂതം അവനെ തളളിതാഴെയിടുന്നു. അവൻ നിലത്തുകിടന്ന്‌ ഉരുളുകയും അവന്റെ വായിൽ നുരക്കുകയും ചെയ്‌തു.

“അവന്‌ ഇത്‌ സംഭവിക്കാൻ തുടങ്ങിയിട്ട്‌ എത്രകാലമായി” എന്ന്‌ യേശു ചോദിക്കുന്നു.

“ബാല്യം മുതൽ അങ്ങനെയാണ്‌,” അവന്റെ പിതാവ്‌ പ്രതിവചിക്കുന്നു. “അവനെ നശിപ്പിക്കേണ്ടതിന്‌ [ഭൂതം] കൂടെക്കൂടെ അവനെ തീയിലും വെളളത്തിലും തളളിയിടുന്നു.” തുടർന്ന്‌ ആ പിതാവ്‌ കേണപേക്ഷിക്കുന്നു: “നിനക്ക്‌ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങളോട്‌ ദയതോന്നി ഞങ്ങളെ സഹായിക്കണം.”

ഒരുപക്ഷേ അനേക വർഷങ്ങളായി ആ പിതാവ്‌ സഹായം തേടുകയായിരുന്നു. ഇപ്പോഴാകട്ടെ യേശുവിന്റെ ശിഷ്യൻമാർ പരാജയപ്പെട്ടതിനാൽ അയാൾ കടുത്ത നിരാശയിലാണ്‌. അയാളുടെ യാചന കേട്ടിട്ട്‌ പ്രോൽസാഹജനകമാംവണ്ണം യേശു പറയുന്നു: “‘കഴിയുമെങ്കിൽ!’ എന്നോ, വിശ്വാസമുളള ഒരുവന്‌ സകല കാര്യവും കഴിയും.”

ആ പിതാവ്‌ ഉടൻ നിലവിളിച്ചു പറഞ്ഞു: “എനിക്ക്‌ വിശ്വാസമുണ്ട്‌!” എന്നാൽ അയാൾ തുടർന്നു യാചിക്കുന്നു: “എനിക്ക്‌ വിശ്വാസം കുറവുണ്ടെങ്കിൽ എന്നെ സഹായിക്കണമേ.”

പുരുഷാരം ഓടിക്കൂടുന്നതു കണ്ടിട്ട്‌ യേശു ഭൂതത്തെ ശാസിക്കുന്നു: “ഊമനും ചെകിടനുമായ ആത്മാവെ, ഇവനെ വിട്ടുപോകു, ഇനി അവനിൽ പ്രവേശിക്കരുത്‌ എന്ന്‌ ഞാൻ നിന്നോട്‌ ആജ്ഞാപിക്കുന്നു.” പുറപ്പെട്ടു പോകയിൽ കുട്ടി നിലവിളിക്കാനും നിലത്തു കിടന്നുരുളാനും ആ ഭൂതം ഇടയാക്കുന്നു. തൽഫലമായി “അവൻ മരിച്ചുപോയി!” എന്ന്‌ മിക്കവരും പറഞ്ഞു തുടങ്ങുന്നു. എന്നാൽ യേശു ആ കുട്ടിയുടെ കൈക്ക്‌ പിടിച്ച്‌ അവനെ എഴുന്നേൽപ്പിക്കുന്നു.

നേരത്തെ പ്രസംഗവേലക്കായി പറഞ്ഞയക്കപ്പെട്ടപ്പോൾ ശിഷ്യൻമാർ ഭൂതങ്ങളെ പുറത്താക്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട്‌ ഇപ്പോൾ ഒരു വീട്ടിൽ ചെന്നപ്പോൾ അവർ സ്വകാര്യമായി യേശുവിനോട്‌ ചോദിക്കുന്നു: “ഞങ്ങൾക്ക്‌ അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്‌ എന്തുകൊണ്ടാണ്‌?”

അത്‌ അവരുടെ വിശ്വാസരാഹിത്യംകൊണ്ടാണ്‌ എന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ യേശു പറയുന്നു: “പ്രാർത്ഥനയാലല്ലാതെ ഒന്നിനാലും ഈ ജാതി പുറപ്പെട്ടുപോകയില്ല.” പ്രത്യക്ഷത്തിൽ ഈ സംഗതിയിൽ ഉൾപ്പെട്ടിരുന്ന പ്രബലനായ ഭൂതത്തെ പുറത്താക്കാൻ തയ്യാറെടുപ്പ്‌ ആവശ്യമായിരുന്നു. ശക്തമായ വിശ്വാസവും ശക്തി നൽകുന്ന ദൈവത്തിന്റെ സഹായത്തിനുവേണ്ടിയുളള പ്രാർത്ഥനയും അത്യാവശ്യമായിരുന്നു.

തുടർന്ന്‌ യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “നിങ്ങൾക്ക്‌ ഒരു കടുകുമണിയോളം വിശ്വാസമുണ്ടായിരുന്നാൽ നിങ്ങൾ ഈ മലയോട്‌ ‘ഇവിടെ നിന്ന്‌ മാറിപ്പോക’ എന്ന്‌ പറഞ്ഞാൽ അത്‌ മാറിപ്പോകും, നിങ്ങൾക്ക്‌ യാതൊന്നും അസാദ്ധ്യമായിരിക്കയില്ല.” വിശ്വാസത്തിന്‌ എന്തു ശക്തിയാണുളളത്‌!

യഹോവയുടെ സേവനത്തിലെ പുരോഗതിക്ക്‌ വിലങ്ങുതടിയാകുന്ന തടസ്സങ്ങളും പ്രയാസങ്ങളും വലിയ അക്ഷരീയ പർവ്വതങ്ങളെപ്പോലെ പിടിച്ചുകയറാനോ നീക്കംചെയ്യാനോ കഴിയാത്തതായി കാണപ്പെട്ടേക്കാം. എന്നിരുന്നാലും നാം വെളളമൊഴിച്ചു കൊടുത്തുകൊണ്ടും വളരാൻ പ്രോൽസാഹിപ്പിച്ചുകൊണ്ടും നമ്മുടെ ഹൃദയത്തിൽ വിശ്വാസം നട്ടുവളർത്തുന്നുവെങ്കിൽ അത്‌ വികസിക്കുകയും പർവ്വത സമാനമായ തടസ്സങ്ങളെയും പ്രയാസങ്ങളെയും തരണം ചെയ്യാൻ നമ്മെ പ്രാപ്‌തരാക്കുകയും ചെയ്യുമെന്നാണ്‌ യേശു കാണിച്ചു തരുന്നത്‌. മർക്കോസ്‌ 9:14-29; മത്തായി 17:19, 20; ലൂക്കോസ്‌ 9:37-43.

▪ ഹെർമ്മോൻ പർവ്വതത്തിൽ നിന്ന്‌ മടങ്ങി വരുമ്പോൾ യേശു ഏതു സാഹചര്യത്തെയാണ്‌ നേരിടുന്നത്‌?

▪ ഭൂതബാധിതനായ കുട്ടിയുടെ പിതാവിന്‌ യേശു എന്തു പ്രോൽസാഹനമാണ്‌ നൽകുന്നത്‌?

▪ ഭൂതത്തെ പുറത്താക്കാൻ ശിഷ്യൻമാർക്ക്‌ കഴിയാത്തത്‌ എന്തുകൊണ്ടായിരുന്നു?

▪ വിശ്വാസത്തിന്‌ എത്രത്തോളം ശക്തമായിത്തീരാൻ കഴിയുമെന്നാണ്‌ യേശു കാണിച്ചുതരുന്നത്‌?