വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യപുത്രൻ വെളിപ്പെടുമ്പോൾ

മനുഷ്യപുത്രൻ വെളിപ്പെടുമ്പോൾ

അധ്യായം 93

മനുഷ്യപുത്രൻ വെളിപ്പെടുമ്പോൾ

യേശു വടക്ക്‌ (ശമര്യയിലോ ഗലീലയിലോ) ആയിരിക്കെ രാജ്യത്തിന്റെ വരവിനെ സംബന്ധിച്ച്‌ പരീശൻമാർ അവനോട്‌ ചോദിക്കുന്നു. അത്‌ വലിയ ആഡംബരത്തോടും പ്രതാപപ്രകടനത്തോടും കൂടെ വരുമെന്നാണ്‌ അവർ വിശ്വസിക്കുന്നത്‌. എന്നാൽ യേശു പറയുന്നു: “ദൈവരാജ്യം പ്രത്യക്ഷത്തിൽ ഗൗനിക്കത്തക്കവണ്ണമല്ല വരുന്നത്‌, ‘നോക്കൂ! ഇവിടെ’ എന്നോ അല്ലെങ്കിൽ ‘അവിടെ!’ എന്നോ ആളുകൾ പറയുകയില്ല. എന്തുകൊണ്ടെന്നാൽ നോക്കൂ! ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ട്‌.”

“നിങ്ങളുടെ ഇടയിൽ” എന്ന യേശുവിന്റെ വാക്കുകൾ “നിങ്ങളുടെ ഉളളിൽ” എന്ന്‌ ചിലപ്പോൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ ദൈവരാജ്യം ദൈവത്തിന്റെ ദാസൻമാരുടെ ഹൃദയങ്ങളിൽ വാഴ്‌ചനടത്തുന്നതായി യേശു അർത്ഥമാക്കിയെന്ന്‌ ചിലർ വിചാരിച്ചിട്ടുണ്ട്‌. എന്നാൽ പ്രകടമായും ദൈവരാജ്യം യേശു ആരോട്‌ സംസാരിക്കുന്നുവോ ആ അവിശ്വാസികളായ പരീശൻമാരുടെ ഹൃദയങ്ങളിലല്ല. എന്നിരുന്നാലും അത്‌ അവരുടെയിടയിലാണ്‌, എന്തുകൊണ്ടെന്നാൽ ദൈവരാജ്യത്തിന്റെ നിയമിത രാജാവായ യേശുക്രിസ്‌തു അവരുടെ ഇടയിൽ തന്നെയുണ്ട്‌.

സാദ്ധ്യതയനുസരിച്ച്‌, പരീശൻമാർ പോയശേഷമാണ്‌ ദൈവരാജ്യത്തിന്റെ വരവിനെപ്പററി യേശു കൂടുതലായി തന്റെ ശിഷ്യൻമാരോട്‌ സംസാരിക്കുന്നത്‌. അവൻ ഇപ്രകാരം മുന്നറിയിപ്പു നൽകുമ്പോൾ രാജ്യാധികാരത്തിലുളള അവന്റെ ഭാവി സാന്നിദ്ധ്യമാണ്‌ വിശേഷാൽ അവന്റെ മനസ്സിലുളളത്‌: “‘നോക്കൂ അവിടെ!’ അല്ലെങ്കിൽ ‘നോക്കൂ ഇവിടെ!’ എന്ന്‌ ആളുകൾ നിങ്ങളോട്‌ പറയും. [ഈ വ്യാജമശിഹാകളുടെ] പിന്നാലെ പുറപ്പെട്ടു ചെല്ലരുത്‌. എന്തുകൊണ്ടെന്നാൽ ഇടിമിന്നൽ അതിന്റെ പ്രകാശത്താൽ ആകാശത്തിൻ കീഴിൽ ഒരു ഭാഗത്തു നിന്ന്‌ മറെറാരു ഭാഗത്തേക്ക്‌ മിന്നുന്നതുപോലെ മനുഷ്യപുത്രനും ആയിരിക്കും.” അതുകൊണ്ട്‌ ഇടിമിന്നൽ ഒരു പ്രദേശത്തെല്ലാം കാണപ്പെടുന്നതുപോലെ രാജ്യാധികാരത്തിലുളള അവന്റെ സാന്നിദ്ധ്യത്തിന്റെ തെളിവുകളും അത്‌ കാണാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വ്യക്തമായി കാണാൻ കഴിയും എന്നാണ്‌ യേശു സൂചിപ്പിക്കുന്നത്‌.

ഭാവിയിലെ തന്റെ സാന്നിദ്ധ്യകാലത്ത്‌ ആളുകളുടെ മനോഭാവം എന്തായിരിക്കും എന്നു കാണിക്കാൻ പുരാതനകാലത്തെ സംഭവങ്ങളുമായി ചില താരതമ്യപ്പെടുത്തലുകൾ നടത്തുന്നു. അവൻ വിശദീകരിക്കുന്നു: “നോഹയുടെ നാളുകളിൽ സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കും . . . അതുപോലെ ലോത്തിന്റെ നാളുകളിൽ സംഭവിച്ചതുപോലെയും: അവർ തിന്നുകയും കുടിക്കുകയും വാങ്ങുകയും വിൽക്കുകയും നടുകയും പണിയുകയും ചെയ്‌തുകൊണ്ടിരുന്നു. എന്നാൽ ലോത്ത്‌ സോദോം വിട്ട നാളിൽ സ്വർഗ്ഗത്തിൽ നിന്ന്‌ അഗ്നിയും ഗന്ധകവും വർഷിക്കുകയും അവരെ എല്ലാവരെയും നശിപ്പിക്കുകയും ചെയ്‌തു. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിലും അതുപോലെതന്നെയായിരിക്കും.”

യേശു, നോഹയുടെയും ലോത്തിന്റെയും നാളുകളിലെ ആളുകൾ തിന്നുക, കുടിക്കുക, വാങ്ങുക, വിൽക്കുക, നടുക, പണിയുക എന്നിങ്ങനെയുളള സാധാരണ അനുദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുകൊണ്ട്‌ അവർ നശിപ്പിക്കപ്പെട്ടു എന്ന്‌ പറയുകയായിരുന്നില്ല. നോഹയും ലോത്തും അവരുടെ കുടുംബങ്ങളും ഇതൊക്കെ ചെയ്‌തിരുന്നു. എന്നാൽ മററുളളവർ ദൈവേഷ്ടത്തിന്‌ ശ്രദ്ധകൊടുക്കാതെ അത്തരം അനുദിന കൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു, അക്കാരണത്താലാണ്‌ അവർ നശിപ്പിക്കപ്പെട്ടത്‌. അതേകാരണത്താൽ മഹോപദ്രവത്തിൽ ഈ വ്യവസ്ഥിതിയിൻമേൽ ക്രിസ്‌തു വെളിപ്പെടുമ്പോൾ ആളുകൾ നശിപ്പിക്കപ്പെടും.

രാജ്യാധികാരത്തിലുളള തന്റെ ഭാവി സാന്നിദ്ധ്യത്തിന്റെ തെളിവിനോട്‌ പെട്ടെന്ന്‌ പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്‌ യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അന്ന്‌ പുരമുകളിൽ ഇരിക്കുന്നവൻ തന്റെ സാധനങ്ങൾ എടുക്കാൻ വേണ്ടി വീട്ടിനുളളിൽ പ്രവേശിക്കരുത്‌. അതുപോലെ വയലിലായിരിക്കുന്നവനും മടങ്ങിപ്പോകരുത്‌. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾക.”

ക്രിസ്‌തുവിന്റെ സാന്നിദ്ധ്യത്തിന്റെ തെളിവുകൾ പ്രത്യക്ഷമാകുമ്പോൾ തങ്ങളുടെ ഭൗതിക സ്വത്തുക്കളോടുളള അടുപ്പം ഉടനടി നടപടി സ്വീകരിക്കുന്നതിൽ നിന്ന്‌ ആളുകളെ തടയാൻ അനുവദിക്കാവുന്നതല്ല. സോദോം വിട്ടുപോകുമ്പോൾ ലോത്തിന്റെ ഭാര്യ പിമ്പിൽ വിട്ടുപോന്ന വസ്‌തുക്കളിലേക്ക്‌ ആകാംക്ഷയോടെ പിന്തിരിഞ്ഞു നോക്കുകയും അവൾ ഒരു ഉപ്പുതൂണായിത്തീരുകയും ചെയ്‌തു.

തന്റെ ഭാവി സാന്നിദ്ധ്യകാലത്ത്‌ സംജാതമാകുന്ന സാഹചര്യത്തിന്റെ വർണ്ണന തുടർന്നുകൊണ്ട്‌ യേശു തന്റെ ശിഷ്യൻമാരോട്‌ ഇപ്രകാരം പറയുന്നു: “അന്നുരാത്രിയിൽ രണ്ടു പുരുഷൻമാർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തൻ കൂട്ടിക്കൊണ്ടുപോകപ്പെടും; മററവൻ ഉപേക്ഷിക്കപ്പെടും. രണ്ട്‌ സ്‌ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുവൾ കൂട്ടിക്കൊണ്ട്‌ പോകപ്പെടും, മററവൾ ഉപേക്ഷിക്കപ്പെടും.”

കൂട്ടിക്കൊണ്ടുപോകപ്പെടുന്നത്‌ നോഹ തന്റെ കുടുംബത്തോടൊപ്പം പെട്ടകത്തിൽ പ്രവേശിക്കുന്നതിനോടും ദൂതൻമാർ ലോത്തിനെയും കുടുംബത്തെയും സോദോമിന്‌ പുറത്തേക്ക്‌ നയിക്കുന്നതിനോടും ഒത്തു വരുന്നു. അത്‌ രക്ഷയെ അർത്ഥമാക്കുന്നു. നേരെ മറിച്ച്‌ ഉപേക്ഷിക്കപ്പെടുന്നത്‌ നശിപ്പിക്കപ്പെടുന്നതിനെ അർത്ഥമാക്കുന്നു.

അപ്പോൾ ശിഷ്യൻമാർ “കർത്താവേ എവിടെ?” എന്ന്‌ അവനോട്‌ ചോദിക്കുന്നു.

“ശവം ഉളേളടത്ത്‌ കഴുകൻമാർ ഒന്നിച്ചു കൂടുന്നു,” യേശു ഉത്തരമായി പറയുന്നു. രക്ഷക്കായി “കൂട്ടിക്കൊണ്ടു പോകപ്പെടുന്നവർ” “ശവത്തിനടുത്ത്‌” ഒന്നിച്ചു കൂടുന്നതിനാൽ അവർ കഴുകൻമാരെപ്പോലെ ദീർഘവീക്ഷണമുളളവരാണ്‌. ശവം രാജ്യാധികാരത്തിലുളള യേശുവിന്റെ അദൃശ്യസാന്നിദ്ധ്യത്തെയും യഹോവ പ്രദാനം ചെയ്യുന്ന ആത്മീയ വിരുന്നിനെയും പരാമർശിക്കുന്നു. ലൂക്കോസ്‌ 17:20-37; ഉൽപ്പത്തി 19:26.

▪ രാജ്യം പരീശൻമാരുടെ ഇടയിലായിരുന്നത്‌ എങ്ങനെയാണ്‌?

▪ ക്രിസ്‌തുവിന്റെ സാന്നിദ്ധ്യം ഇടിമിന്നൽപോലെയായിരിക്കുന്നത്‌ ഏതു വിധത്തിലാണ്‌?

▪ ക്രിസ്‌തുവിന്റെ സാന്നിദ്ധ്യകാലത്തെ അവരുടെ പ്രവർത്തനം നിമിത്തം ആളുകൾ നശിപ്പിക്കപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?

▪ കൂട്ടിക്കൊണ്ടു പോകപ്പെടുക, ഉപേക്ഷിക്കപ്പെടുക എന്നിവയുടെ അർത്ഥമെന്താണ്‌?