വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർത്തയോടുളള ഉപദേശവും പ്രാർത്ഥന സംബന്ധിച്ച പ്രബോധനവും

മാർത്തയോടുളള ഉപദേശവും പ്രാർത്ഥന സംബന്ധിച്ച പ്രബോധനവും

അധ്യായം 74

മാർത്തയോടുളള ഉപദേശവും പ്രാർത്ഥന സംബന്ധിച്ച പ്രബോധനവും

യേശുവിന്റെ യഹൂദ്യ ദേശത്തെ ശുശ്രൂഷക്കിടയിൽ അവൻ ബെഥനി എന്ന ഗ്രാമത്തിൽ പ്രവേശിക്കുന്നു. മാർത്തയും മറിയയും അവരുടെ സഹോദരനായ ലാസറും താമസിക്കുന്നത്‌ അവിടെയാണ്‌. ഒരുപക്ഷേ യേശു തന്റെ ശുശ്രൂഷക്കിടയിൽ നേരത്തെതന്നെ ഈ മൂന്നുപേരെയും കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ ഇപ്പോൾത്തന്നെ അവൻ അവരുടെ ഒരു അടുത്ത സുഹൃത്താണ്‌. ഏതായാലും യേശു ഇപ്പോൾ മാർത്തയുടെ ഭവനത്തിൽ ചെല്ലുകയും അവളാൽ സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു.

തനിക്കുളളതിൽ ഏററവും നല്ലത്‌ അവന്‌ നൽകാൻ അവൾ തൽപ്പരയാണ്‌. വാസ്‌തവത്തിൽ വാഗ്‌ദത്ത മശിഹാ ഒരുവന്റെ ഭവനം സന്ദർശിക്കുക എന്നത്‌ ഒരു മഹത്തായ ബഹുമതി തന്നെയാണ്‌! അതുകൊണ്ട്‌ ഒരു സമൃദ്ധമായ സദ്യ ഒരുക്കുന്നതിലും യേശുവിന്റെ അവിടത്തെ താമസം കൂടുതൽ സുഖപ്രദവും ആസ്വാദ്യകരവുമാക്കുന്നതിനുവേണ്ടി മററു വിശദാംശങ്ങൾ ശ്രദ്ധിക്കുന്നതിനും മാർത്ത ഏർപ്പെടുന്നു.

നേരെമറിച്ച്‌, മാർത്തയുടെ സഹോദരിയായ മറിയ യേശുവിന്റെ പാദത്തിങ്കൽ ഇരുന്നുകൊണ്ട്‌ അവനെ ശ്രദ്ധിക്കുന്നു. കുറച്ചു സമയം കഴിയുമ്പോൾ മാർത്ത യേശുവിനെ സമീപിച്ച്‌ ഇപ്രകാരം പറയുന്നു: “കർത്താവെ, എന്റെ സഹോദരി ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാൻ എന്നെ തനിയെ വിട്ടിരിക്കുന്നതിൽ നിനക്ക്‌ വിചാരമില്ലയോ? അതുകൊണ്ട്‌, എന്നെ സഹായിപ്പാൻ അവളോട്‌ പറഞ്ഞാലും.”

എന്നാൽ മറിയയോട്‌ എന്തെങ്കിലും പറയാൻ യേശു വിസമ്മതിക്കുന്നു. മറിച്ച്‌, ഭൗതിക കാര്യങ്ങൾ സംബന്ധിച്ച്‌ അതിരുകവിഞ്ഞ്‌ ഉൽക്കണ്‌ഠാകുലയാകുന്നതിനെപ്പററി അവൻ മാർത്തയെ ഉപദേശിക്കുന്നു. “മാർത്താ, മാർത്താ,” അവൻ ദയാപൂർവ്വം അവളെ ശാസിക്കുന്നു, “നീ അനേക കാര്യങ്ങളെക്കുറിച്ച്‌ വിചാരപ്പെട്ടും മനംകലങ്ങിയുമിരിക്കുന്നു. എന്നാൽ കുറച്ചു കാര്യങ്ങളേ ആവശ്യമായിരിക്കുന്നുളളു അല്ലെങ്കിൽ ഒന്നുമതി.” ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അനേകം വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ട്‌ വളരെയധികം സമയം ചെലവഴിക്കേണ്ടയാവശ്യമില്ല എന്നാണ്‌ യേശു പറയുന്നത്‌. ഏതാനും ചിലതോ ഒരു വിഭവം മാത്രം പോലുമോ മതിയാകും.

മാർത്തയുടെ ഉദ്ദേശ്യങ്ങൾ നല്ലതാണ്‌; അതിഥിപ്രിയയായ ഒരു ആതിഥേയയായിരിക്കാൻ അവൾ ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഭൗതിക കരുതലുകൾക്ക്‌ ശ്രദ്ധ കൊടുക്കാനുളള വ്യഗ്രത നിമിത്തം ദൈവത്തിന്റെ സ്വന്തം പുത്രനിൽ നിന്ന്‌ വ്യക്തിപരമായ പ്രബോധനം ലഭിക്കാനുളള അവസരം അവൾ പാഴാക്കുന്നു! അതുകൊണ്ട്‌ യേശു ഇപ്രകാരം പറഞ്ഞു നിർത്തുന്നു: “മറിയ നല്ല അംശം അവൾക്കായി തെരഞ്ഞെടുത്തിരിക്കുന്നു, അത്‌ അവളിൽ നിന്ന്‌ എടുത്തു മാററപ്പെടുകയില്ല.”

പിന്നീട്‌, മറെറാരു അവസരത്തിൽ ശിഷ്യൻമാരിൽ ഒരാൾ യേശുവിനോട്‌ ചോദിക്കുന്നു: “കർത്താവെ, യോഹന്നാൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ.” ഒരുപക്ഷേ ഏതാണ്ട്‌ ഒന്നരവർഷങ്ങൾക്കു മുൻപ്‌ തന്റെ ഗിരിപ്രഭാഷണത്തിനിടക്ക്‌ യേശു മാതൃകാപ്രാർത്ഥന പറഞ്ഞു കൊടുത്തപ്പോൾ ഈ ശിഷ്യൻ സന്നിഹിതനായിരുന്നില്ല. അതുകൊണ്ട്‌ യേശു തന്റെ നിർദ്ദേശങ്ങൾ ആവർത്തിക്കുകയും പ്രാർത്ഥനയിൽ ഉററിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നതിന്‌ ഒരു ദൃഷ്ടാന്തം നൽകുകയും ചെയ്യുന്നു.

“നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്‌നേഹിതൻ ഉണ്ടായിരുന്നിട്ട്‌, നിങ്ങൾ അർദ്ധരാത്രിയിൽ അവന്റെ അടുക്കൽ ചെന്ന്‌, ‘സ്‌നേഹിതാ, എനിക്ക്‌ മൂന്നപ്പം വായ്‌പ തരേണം എന്തുകൊണ്ടെന്നാൽ എന്റെ ഒരു സ്‌നേഹിതൻ യാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവന്‌ വിളമ്പിക്കൊടുക്കാൻ എന്റെ പക്കൽ ഒന്നുമില്ല’ എന്ന്‌ പറയുന്നുവെന്നിരിക്കട്ടെ. അവൻ അകത്തു നിന്ന്‌, ‘എന്നെ ശല്യം ചെയ്യാതിരിക്കു. കതക്‌ അടച്ചിരിക്കുന്നു, എന്റെ കൊച്ചുകുട്ടികൾ എന്നോടുകൂടെ കിടക്കുന്നു; എനിക്ക്‌ എഴുന്നേററ്‌ നിനക്ക്‌ ഒന്നും തരുവാൻ നിവൃത്തിയില്ല,’ എന്ന്‌ പറഞ്ഞാലും, സ്‌നേഹിതനായതുകൊണ്ട്‌ അയാൾ എഴുന്നേററ്‌ ഒന്നുംകൊടുക്കുകയില്ലെങ്കിലും തുടർച്ചയായി ശല്യം ചെയ്യുന്നതുകൊണ്ട്‌ എഴുന്നേററ്‌ അയാൾക്ക്‌ ആവശ്യമായതു കൊടുക്കും എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നു.”

ഈ താരതമ്യത്തിലൂടെ തന്റെ കഥയിലെ സുഹൃത്തിനെപ്പോലെ നമ്മുടെ പ്രാർത്ഥനകൾക്ക്‌ ഉത്തരം നൽകാൻ യഹോവ മനസ്സൊരുക്കമില്ലാത്തവനാണ്‌ എന്ന്‌ സൂചിപ്പിക്കാൻ യേശു ഉദ്ദേശിച്ചില്ല. ഇല്ല, തുടരെയുളള അപേക്ഷകൾക്ക്‌ മനസ്സൊരുക്കമില്ലാത്ത ഒരു സ്‌നേഹിതൻ പ്രതികരണം കാട്ടുമെങ്കിൽ നമ്മുടെ സ്‌നേഹവാനായ സ്വർഗ്ഗീയപിതാവ്‌ അതിലും എത്രയധികം! അതുകൊണ്ട്‌ യേശു തുടർന്ന്‌ പറയുന്നു: “അതിൻപ്രകാരം ഞാൻ നിങ്ങളോട്‌ പറയുന്നു, ചോദിച്ചുകൊണ്ടേയിരിപ്പിൻ, നിങ്ങൾക്ക്‌ കിട്ടും; അന്വേഷിച്ചുകൊണ്ടേയിരിപ്പിൻ, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടേയിരിപ്പിൻ, നിങ്ങൾക്ക്‌ തുറന്നുകിട്ടും. എന്തുകൊണ്ടെന്നാൽ ചോദിച്ചുകൊണ്ടിരിക്കുന്ന ഏവനും ലഭിക്കുന്നു, അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഏവനും കണ്ടെത്തുന്നു, മുട്ടിക്കൊണ്ടിരിക്കുന്ന ഏവനും തുറന്നുകിട്ടും.”

തുടർന്ന്‌ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു അപൂർണ്ണരും പാപികളുമായ മാനുഷ പിതാക്കൻമാരെ പരാമർശിക്കുന്നു: “മകൻ മൽസ്യം ചോദിച്ചാൽ മൽസ്യത്തിനുപകരം ഒരുപക്ഷേ പാമ്പിനെ കൊടുക്കുന്ന ഏതു പിതാവാണ്‌ നിങ്ങളുടെയിടയിൽ ഉളളത്‌? അല്ലെങ്കിൽ അവൻ മുട്ടചോദിച്ചാൽ തേളിനെ കൊടുക്കുന്നതായിട്ട്‌? അതുകൊണ്ട്‌ ദുഷ്ടരായിരുന്നിട്ടുകൂടി നിങ്ങൾ നിങ്ങളുടെ മക്കൾക്ക്‌ നല്ല ദാനങ്ങളെ കൊടുക്കാൻ അറിയുന്നുവെങ്കിൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവ്‌ എത്രയധികമായി തന്നോട്‌ യാചിക്കുന്നവർക്ക്‌ പരിശുദ്ധാത്മാവിനെ നൽകും!” വാസ്‌തവത്തിൽ, പ്രാർത്ഥനയിൽ ഉററിരിക്കാൻ എത്ര പ്രചോദനാത്മകമായ പ്രോൽസാഹനമാണ്‌ യേശു നൽകുന്നത്‌. ലൂക്കോസ്‌ 10:38–11:13.

▪ മാർത്താ യേശുവിനുവേണ്ടി അത്ര വിപുലമായ തയ്യാറെടുപ്പുകൾ നടത്തുന്നത്‌ എന്തിനാണ്‌?

▪ മറിയ എന്തു ചെയ്യുന്നു, യേശു മാർത്തയെ പ്രശംസിക്കാതെ മറിയയെ പ്രശംസിക്കുന്നതെന്തുകൊണ്ടാണ്‌?

▪ പ്രാർത്ഥന സംബന്ധിച്ചുളള തന്റെ നിർദ്ദേശങ്ങൾ ആവർത്തിക്കാൻ യേശുവിനെ പ്രേരിപ്പിക്കുന്നത്‌ എന്ത്‌?

▪ പ്രാർത്ഥനയിൽ ഉററിരിക്കേണ്ടതിന്റെ ആവശ്യകത യേശു ദൃഷ്ടാന്തീകരിക്കുന്നതെങ്ങനെ?