വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുന്തിരിത്തോട്ടത്തിന്റെ ഉപമയിലൂടെ തുറന്നുകാട്ടപ്പെടുന്നു

മുന്തിരിത്തോട്ടത്തിന്റെ ഉപമയിലൂടെ തുറന്നുകാട്ടപ്പെടുന്നു

അധ്യായം 106

മുന്തിരിത്തോട്ടത്തിന്റെ ഉപമയിലൂടെ തുറന്നുകാട്ടപ്പെടുന്നു

യേശു ആലയത്തിലാണ്‌. താൻ എന്തധികാരം കൊണ്ട്‌ ഈ കാര്യങ്ങൾ ചെയ്യുന്നു എന്ന്‌ അവനോട്‌ ചോദിച്ചവരെ അവൻ കുഴപ്പിച്ചിരിക്കുന്നു. അവർ തങ്ങളുടെ കുഴഞ്ഞ അവസ്ഥയിൽ നിന്ന്‌ വിമുക്തരാകുന്നതിനു മുമ്പേ യേശു അവരോട്‌ ചോദിക്കുന്നു: “നിങ്ങൾ എന്തു വിചാരിക്കുന്നു?” തുടർന്ന്‌ ഒരു ഉപമയിലൂടെ അവർ യഥാർത്ഥത്തിൽ ഏതു തരം വ്യക്തികളാണെന്ന്‌ യേശു കാണിച്ചുകൊടുക്കുന്നു.

“ഒരു മനുഷ്യന്‌ രണ്ടു പുത്രൻമാരുണ്ടായിരുന്നു,” യേശു പറഞ്ഞു തുടങ്ങുന്നു. “അയാൾ തന്റെ മൂത്ത പുത്രനോട്‌: ‘മകനെ നീ ഇന്ന്‌ പോയി മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുക’ എന്ന്‌ പറയുന്നു. മറുപടിയായി ‘പോകാം അപ്പാ’ എന്ന്‌ അവൻ പറഞ്ഞു, എന്നാൽ പോയില്ല. രണ്ടാമത്തവനെ സമീപിച്ച്‌ അയാൾ അതുതന്നെ പറഞ്ഞു. മറുപടിയായി അവൻ പറഞ്ഞു ‘എനിക്കു വയ്യാ.’ എന്നാൽ പിന്നീട്‌ അവന്‌ ഖേദം തോന്നിയിട്ട്‌ അവൻ പോയി. ഇവരിൽ ആരാണ്‌ പിതാവിന്റെ ഇഷ്ടം ചെയ്‌തത്‌?” യേശു ചോദിക്കുന്നു.

“രണ്ടാമത്തവൻ,” അവന്റെ എതിരാളികൾ ഉത്തരമായി പറയുന്നു.

അതുകൊണ്ട്‌ യേശു വിശദീകരിക്കുന്നു: “നികുതി പിരിവുകാരും വേശ്യമാരും നിങ്ങൾക്ക്‌ മുമ്പേ സ്വർഗ്ഗരാജ്യത്തിൽ കടക്കുമെന്ന്‌ ഞാൻ സത്യമായിട്ട്‌ നിങ്ങളോട്‌ പറയുന്നു.” നികുതി പിരിവുകാരും വേശ്യമാരും ആദ്യം ഫലത്തിൽ ദൈവത്തെ സേവിക്കാൻ വിസമ്മതിച്ചു. എന്നാൽ പിന്നീട്‌ രണ്ടാമത്തെ മകനെപ്പോലെ അനുതപിക്കുകയും ദൈവത്തെ സേവിക്കുകയും ചെയ്‌തു. നേരെമറിച്ച്‌, മതനേതാക്കൻമാർ മൂത്ത പുത്രനെപ്പോലെ ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്നു, എന്നാൽ യേശു കുറിക്കൊളളുന്ന പ്രകാരം: “യോഹന്നാൻ [സ്‌നാപകൻ] നീതിയുടെ മാർഗ്ഗവുമായി നിങ്ങളുടെ അടുക്കൽ വന്നു, എന്നാൽ നിങ്ങൾ അവനെ വിശ്വസിച്ചില്ല. എന്നിരുന്നാലും നികുതി പിരിവുകാരും വേശ്യമാരും അവനെ വിശ്വസിച്ചു, നിങ്ങൾ അത്‌ കണ്ടു എങ്കിലും അവനിൽ വിശ്വസിക്കാൻ തക്കവണ്ണം നിങ്ങൾക്ക്‌ പിന്നീട്‌ അനുതാപം തോന്നിയില്ല.”

ഈ മതനേതാക്കൻമാരുടെ പരാജയം വെറുതെ ദൈവത്തെ സേവിക്കുന്നതിൽ അവഗണന കാണിച്ചതു മാത്രമല്ല എന്ന്‌ യേശു അടുത്തതായി പ്രകടമാക്കുന്നു. അല്ല, അവർ വാസ്‌തവത്തിൽ ദുഷ്ടത പ്രവർത്തിക്കുന്ന മനുഷ്യരാണ്‌. യേശു തുടരുന്നു: “ഗൃഹസ്ഥനായൊരു മനുഷ്യനുണ്ടായിരുന്നു, അയാൾ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അയാൾ അതിന്‌ ചുററും വേലികെട്ടുകയും ഒരു ചക്കു കുഴിച്ചിടുകയും ഒരു ഗോപുരം പണിയുകയും ചെയ്‌തു. അയാൾ അത്‌ കൃഷിക്കാരെ പാട്ടത്തിന്‌ ഏൽപ്പിച്ചിട്ട്‌ വിദേശത്തേക്കു പോയി. ഫലകാലം വന്നപ്പോൾ ഫലം വാങ്ങേണ്ടതിന്‌ അയാൾ കൃഷിക്കാരുടെ അടുക്കലേക്ക്‌ തന്റെ അടിമകളെ അയച്ചു. എന്നാൽ കൃഷിക്കാർ ആ അടിമകളിൽ ഒരുത്തനെ അടിച്ചു, ഒരുത്തനെ കൊന്നു, മറെറാരുവനെ കല്ലെറിഞ്ഞു. വീണ്ടും അയാൾ മുമ്പത്തേതിലും അധികമായി വേറെ അടിമകളെ അയച്ചു എന്നാൽ ആ കൃഷിക്കാർ അവരോടും അതുതന്നെ ചെയ്‌തു.”

ഗൃഹസ്ഥനായ യഹോവ തന്റെ “മുന്തിരിത്തോട്ടത്തിലെ” “കൃഷിക്കാരുടെ” അടുക്കലേക്ക്‌ അയച്ച “അടിമകൾ” പ്രവാചകൻമാരാണ്‌. ഈ കൃഷിക്കാർ ഇസ്രായേൽ ജനതയുടെ മുഖ്യ പ്രതിനിധികളാണ്‌. ഇസ്രായേൽ ജനതയെ ദൈവത്തിന്റെ “മുന്തിരിത്തോട്ട”മായി ബൈബിൾ തിരിച്ചറിയിക്കുന്നു.

“കൃഷിക്കാർ” തന്റെ “അടിമകളെ” ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്‌തതിനാൽ, യേശു വിശദീകരിക്കുന്നു: “ഒടുവിൽ [മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ] ‘അവർ എന്റെ പുത്രനെ ആദരിക്കും’ എന്നു പറഞ്ഞുകൊണ്ട്‌ തന്റെ പുത്രനെ അവരുടെ അടുക്കലേക്ക്‌ അയക്കുന്നു. പുത്രനെ കാണുമ്പോൾ ‘ഇവനാണ്‌ അവകാശി; നമുക്ക്‌ ഇവനെ കൊന്നിട്ട്‌ ഇവന്റെ അവകാശം തട്ടിയെടുക്കാം’ എന്ന്‌ കൃഷിക്കാർ തമ്മിൽ തമ്മിൽ പറയുന്നു! അതുകൊണ്ട്‌ അവർ അവനെ പിടിച്ച്‌ മുന്തിരിത്തോട്ടത്തിന്റെ പുറത്തുകൊണ്ടുപോയി കൊന്നു കളഞ്ഞു.”

ഇപ്പോൾ ആ മതനേതാക്കൻമാരെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ യേശു ചോദിക്കുന്നു: “മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ ആ കൃഷിക്കാരോട്‌ എന്തു ചെയ്യും?”

“അവർ ദുഷ്ടൻമാരായതുകൊണ്ട്‌,” ആ മതനേതാക്കൻമാർ ഉത്തരമായി പറയുന്നു, “അവൻ അവരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം വിളവു പാകമാകുമ്പോൾ അനുഭവം തരുന്ന മററ്‌ കൃഷിക്കാരെ ഏൽപ്പിക്കുകയും ചെയ്യും.”

അങ്ങനെ അവർ അറിയാതെ തങ്ങളുടെമേൽ തന്നെ ന്യായവിധി ഉച്ചരിക്കുന്നു, എന്തുകൊണ്ടെന്നാൽ യഹോവയുടെ ഇസ്രായേൽ എന്ന ദേശീയ “മുന്തിരിത്തോട്ടത്തിലെ” ഇസ്രായേല്യ കൃഷിക്കാരിൽ അവരും ഉൾപ്പെടുന്നു. അത്തരം കൃഷിക്കാരിൽ നിന്ന്‌ യഹോവ ആവശ്യപ്പെടുന്ന ഫലം യഥാർത്ഥ മശിഹായായ അവന്റെ പുത്രനിലുളള വിശ്വാസമാണ്‌. അത്തരം ഫലം നൽകുന്നതിലുളള അവരുടെ പരാജയം സംബന്ധിച്ച്‌ യേശു ഇപ്രകാരം മുന്നറിയിപ്പ്‌ നൽകുന്നു: “‘പണിക്കാർ തളളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലായിത്തീർന്നിരിക്കുന്നു. അത്‌ യഹോവയാൽ സംഭവിച്ചിരിക്കുന്നു, അത്‌ നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു’ എന്ന്‌ തിരുവെഴുത്തുകളിൽ [സങ്കീർത്തനം 118:22, 23ൽ] നിങ്ങൾ വായിച്ചിട്ടില്ലയോ?” അതുകൊണ്ടാണ്‌ ദൈവരാജ്യം നിങ്ങളിൽ നിന്ന്‌ എടുത്ത്‌ അതിന്റെ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു ജനതക്ക്‌ നൽകപ്പെടും എന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നത്‌. കൂടാതെ ഈ കല്ലിൽ വീഴുന്ന ഏതൊരുവനും തകർന്ന്‌ പോകും. ആരുടെയെങ്കിലുംമേൽ അത്‌ വീണാലോ അവൻ ധൂളിയായിപ്പോകും.”

യേശു ഇപ്പോൾ തങ്ങളെപ്പററിയാണ്‌ സംസാരിക്കുന്നത്‌ എന്ന്‌ ശാസ്‌ത്രിമാരും പുരോഹിതൻമാരും തിരിച്ചറിയുകയും യഥാർത്ഥ “അവകാശി”യായ അവനെ കൊന്നുകളയാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ദൈവരാജ്യത്തിൽ ഭരണാധിപൻമാരായിരിക്കാനുളള പദവി ഒരു ജനതയെന്ന നിലയിൽ അവരിൽ നിന്ന്‌ എടുത്തുകളയുകയും ഉചിതമായ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മുന്തിരി കൃഷിക്കാരുടെ ഒരു പുതിയ ജനതക്ക്‌ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

യേശുവിനെ ഭയപ്പെടുകയാൽ മതനേതാക്കൻമാർ ഈ സന്ദർഭത്തിൽ യേശുവിനെ വധിക്കാൻ ശ്രമിക്കുന്നില്ല. മത്തായി 21:28-46; മർക്കോസ്‌ 12:1-12; ലൂക്കോസ്‌ 20:9-19; യെശയ്യാവ്‌ 5:1-7.

▪ യേശുവിന്റെ ആദ്യ ഉപമയിലെ രണ്ടു പുരുഷൻമാർ ആരെ പ്രതിനിധാനം ചെയ്യുന്നു?

▪ രണ്ടാമത്തെ ഉപമയിൽ “വീട്ടുടമ” “മുന്തിരിത്തോട്ടം” “കൃഷിക്കാർ” “അടിമകൾ” “അവകാശി” എന്നിവ ആരെ പ്രതിനിധാനം ചെയ്യുന്നു?

▪ ‘മുന്തിരിത്തോട്ടത്തിലെ കൃഷിക്കാർക്ക്‌’ എന്ത്‌ സംഭവിക്കും, ആർ അവരുടെ സ്ഥാനം ഏറെറടുക്കും?