മുന്തിരിത്തോട്ടത്തിലെ വേലക്കാർ
അധ്യായം 97
മുന്തിരിത്തോട്ടത്തിലെ വേലക്കാർ
“അനേകം മുമ്പൻമാർ പിമ്പൻമാരും പിമ്പൻമാർ മുമ്പൻമാരുമാകും” എന്ന് യേശു പറഞ്ഞതേയുളളു. ഇപ്പോൾ ഒരു കഥ പറഞ്ഞുകൊണ്ട് അവൻ അത് വ്യക്തമാക്കുന്നു. “സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിലേക്ക് വേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട ഒരു മനുഷ്യനോട്, ഒരു വീട്ടുടയവനോട് സദൃശമാകുന്നു,” എന്ന് അവൻ പറയുന്നു.
യേശു തുടരുന്നു: “[വീട്ടുടയവൻ] വേലക്കാരോട് ഒരു ദിവസത്തേക്ക് ഒരു വെളളിക്കാശ് പറഞ്ഞൊത്തിട്ട് അവരെ തന്റെ മുന്തിരിത്തോട്ടത്തിലേക്ക് പറഞ്ഞയച്ചു. മൂന്നാം മണിനേരത്തും അയാൾ പുറപ്പെട്ടു, മററു ചിലർ ചന്തസ്ഥലത്ത് തൊഴിലില്ലാതെ നിൽക്കുന്നതു കണ്ടിട്ട് ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്ക് പോകുവിൻ ന്യായമായത് നിങ്ങൾക്ക് തരാം’ എന്ന് അവരോട് പറഞ്ഞു. അതുകൊണ്ട് അവർ പോയി. വീണ്ടും അവൻ ആറാം മണി നേരത്തും ഒൻപതാം മണി നേരത്തും അങ്ങനെതന്നെ ചെയ്‌തു. അവസാനം പതിനൊന്നാം മണിനേരത്തും അവൻ പോയി മററു ചിലർ അവിടെ നിൽക്കുന്നതു കണ്ടിട്ട് അവൻ അവരോട്, “നിങ്ങൾ തൊഴിലില്ലാതെ പകൽ മുഴുവൻ ഇവിടെ നിന്നത് എന്തുകൊണ്ട്?’ എന്നു ചോദിച്ചു. അവർ അവനോട് പറഞ്ഞു: ‘ഞങ്ങളെ ആരും കൂലിക്ക് വിളിക്കാഞ്ഞതുകൊണ്ടു തന്നെ.’ ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്ക് പോകുവിൻ’ എന്ന് അവൻ അവരോട് പറഞ്ഞു.”
ഈ വീട്ടുടമ അല്ലെങ്കിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമ യഹോവയാം ദൈവമാണ്, മുന്തിരിത്തോട്ടം ഇസ്രായേൽ ജനതയും. മുന്തിരിത്തോട്ടത്തിലെ വേലക്കാർ ന്യായപ്രമാണ നിയമത്തിൻ കീഴിലേക്ക് വരുത്തപ്പെട്ട ആളുകളാണ്; വിശേഷിച്ചും അപ്പൊസ്‌തലൻമാരുടെ നാളുകളിൽ ജീവിച്ചിരുന്ന യഹൂദൻമാർ. ദിവസം മുഴുവൻ പ്രവർത്തിക്കുന്ന വേലക്കാരുമായിട്ടാണ് കൂലി സംബന്ധിച്ച് കരാർ ചെയ്യപ്പെട്ടത്. ഒരു ദിവസത്തെ വേലക്കുളള കൂലി ഒരു വെളളിക്കാശ് ആണ്. “മൂന്നാം മണിനേരം” രാവിലെ 9 മണി ആയതിനാൽ മൂന്നാമത്തെയും ആറാമത്തെയും ഒൻപതാമത്തെയും പതിനൊന്നാമത്തെയും മണിക്കൂറുകളിൽ വിളിക്കപ്പെട്ടവർ ക്രമത്തിൽ 9, 6, 3, 1 മണിക്കൂറുകൾ മാത്രമെ ജോലി ചെയ്യുന്നുളളു.
പന്ത്രണ്ട് മണിക്കൂർ അല്ലെങ്കിൽ ദിവസം മുഴുവൻ ജോലി ചെയ്‌തവർ തുടർച്ചയായി മതപരമായ സേവനങ്ങളിൽ ഏർപ്പെട്ടിരുന്ന യഹൂദ നേതാക്കൻമാരെ പ്രതിനിധാനം ചെയ്യുന്നു. അവർ ജീവിതത്തിന്റെ ഭൂരിഭാഗവും മീൻപിടുത്തത്തിലോ മറേറതെങ്കിലും ലൗകിക ജോലിയിലോ ഏർപ്പെട്ടിരുന്ന ക്രിസ്‌തു ശിഷ്യൻമാരിൽ നിന്ന് വ്യത്യസ്‌തരാണ്. ഇവർ യേശുവിന്റെ ശിഷ്യൻമാരായിരിക്കാൻ വേണ്ടി അവരെ കൂട്ടിച്ചേർക്കാൻ പൊ. യു. 29-വരെ “വീട്ടുടയവൻ” യേശുവിനെ അയച്ചിരുന്നില്ല. അപ്രകാരം അവർ “പിമ്പൻമാർ” അല്ലെങ്കിൽ പതിനൊന്നാം മണിക്കൂറിൽ മുന്തിരിത്തോട്ടത്തിൽ വന്ന ജോലിക്കാരായിത്തീർന്നു.
ഒടുവിൽ, യേശുവിന്റെ മരണത്തോടുകൂടി പ്രതീകാത്മക ജോലി ദിവസം അവസാനിക്കുകയും വേലക്കാർക്ക് കൂലി കൊടുക്കാനുളള സമയം വന്നെത്തുകയും ചെയ്‌തു. ഇവിടെ വിശദീകരിക്കപ്പെട്ടിരിക്കുന്നപ്രകാരം ഒടുവിൽ വന്നവർക്ക് ആദ്യം കൂലികൊടുക്കുക എന്ന അസാധാരണ നിയമം ഇവിടെ പാലിക്കപ്പെടുന്നു: “സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ തന്റെ വിചാരകനോട്, ‘വേലക്കാരെ വിളിച്ച് പിമ്പൻമാർ മുതൽ മുമ്പൻമാർ വരെ അവർക്ക് കൂലി കൊടുക്കുക’ എന്ന് പറഞ്ഞു. പതിനൊന്നാം മണിക്കൂറിൽ വന്ന പുരുഷൻമാർ വന്നപ്പോൾ അവരിൽ ഓരോരുത്തനും ഓരോ വെളളിക്കാശ് ലഭിച്ചു. അതുകൊണ്ട് ആദ്യത്തവർ വന്നപ്പോൾ അവർക്ക് കൂടുതൽ ലഭിക്കുമെന്ന് അവർ നിഗമനം ചെയ്‌തു; എന്നാൽ അവർക്കും ഒരു വെളളിക്കാശ് എന്ന നിരക്കിലേ കൂലി ലഭിച്ചുളളു. അത് ലഭിച്ചപ്പോൾ അവർ വീട്ടുടയവനെതിരെ പിറുപിറുക്കാൻ തുടങ്ങുകയും ഇങ്ങനെ പറയുകയും ചെയ്‌തു: ‘ഈ പിമ്പൻമാർ ഒരു മണിക്കൂർ മാത്രമേ ജോലി ചെയ്‌തുളളു; എന്നിട്ടും നീ അവരെ പകലത്തെ ഭാരവും കത്തുന്ന വെയിലും സഹിച്ച ഞങ്ങളോട് തുല്യരാക്കിയല്ലോ!’ എന്നാൽ അവരിൽ ഒരുവനോട് മറുപടിയായി വീട്ടുടയവൻ പറഞ്ഞു: ‘സ്‌നേഹിതാ, ഞാൻ നിന്നോട് അന്യായമൊന്നും ചെയ്യുന്നില്ല. നീ ഒരു വെളളിക്കാശിന് എന്നോട് പറഞ്ഞൊത്തു, ഇല്ലേ? നിന്റേത് വാങ്ങി പൊയ്‌ക്കൊൾക. നിനക്കൊപ്പം ഈ പിമ്പനും കൊടുപ്പാനാണ് എനിക്ക് മനസ്സ്. എനിക്കുളളതുകൊണ്ട് മനസ്സുപോലെ ചെയ്യാൻ എനിക്ക് അവകാശമില്ലയോ? അതോ ഞാൻ നല്ലവനാകകൊണ്ട് നിന്റെ കണ്ണ് ദുഷ്ടമാണോ’” യേശു നേരത്തെ പറഞ്ഞ ഒരാശയം പറഞ്ഞുകൊണ്ട് ഉപസംഹരിക്കുന്നു: “ഇങ്ങനെ പിമ്പൻമാർ മുമ്പൻമാരും മുമ്പൻമാർ പിമ്പൻമാരുമായിരിക്കും.”
വെളളിക്കാശ് നൽകപ്പെടുന്നത് യേശുവിന്റെ മരണത്തിങ്കലല്ല, മറിച്ച് പൊ. യു. 33-ലെ പെന്തക്കോസ്‌തിൽ “കാര്യവിചാരകനായ” യേശുക്രിസ്‌തു തന്റെ ശിഷ്യൻമാരുടെമേൽ പരിശുദ്ധാത്മാവിനെ പകരുമ്പോഴാണ്. യേശുവിന്റെ ഈ ശിഷ്യൻമാർ “പിമ്പൻമാരെ”പ്പോലെ അല്ലെങ്കിൽ പതിനൊന്നാം മണിക്കൂറിൽ വന്ന വേലക്കാരെപ്പോലെയാണ്. വെളളിക്കാശ് പരിശുദ്ധാത്മ വരത്തെ തന്നെ പ്രതിനിധാനം ചെയ്യുന്നില്ല. വെളളിക്കാശ് ശിഷ്യൻമാർ ഇവിടെ ഭൂമിയിൽ ഉപയോഗിക്കേണ്ട എന്തോ ആണ്. അത് അവരുടെ ജീവിത മാർഗ്ഗത്തെ, അവരുടെ നിത്യജീവിതത്തെ അർത്ഥമാക്കുന്ന എന്തോ ആണ്. അത് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ അഭിഷേകം ചെയ്യപ്പെട്ട ഒരു ആത്മീയ ഇസ്രായേല്യനായിരിക്കുന്നതിന്റെ പദവിയാണ്.
യേശുവിന്റെ ശിഷ്യൻമാർക്ക് കൂലി ലഭിച്ചുവെന്നും അവർ തങ്ങളുടെ പ്രതീകാത്മക വെളളിക്കാശ് ഉപയോഗിക്കുകയാണെന്നും, ആദ്യം വിളിക്കപ്പെട്ടവർ കാണുന്നു. എന്നാൽ തങ്ങൾക്ക് പരിശുദ്ധാത്മാവിനേക്കാളും അതിനോട് ബന്ധപ്പെട്ട രാജ്യപദവികളേക്കാളും അധികം ലഭിക്കാൻ അവർ ആഗ്രഹിക്കുന്നു. അവരുടെ പിറുപിറുപ്പും എതിർപ്പും മുന്തിരിതോട്ടത്തിലെ “പിമ്പൻ”മാരായ ക്രിസ്‌തുവിന്റെ ശിഷ്യൻമാരെ പീഡിപ്പിക്കുന്നതിന്റെ രൂപത്തിലാണ്.
യേശുവിന്റെ ഉപമയുടെ ഏക നിവൃത്തി ഒന്നാം നൂററാണ്ടിലെ ആ നിവൃത്തി മാത്രമാണോ? അല്ല, ഈ ഇരുപതാം നൂററാണ്ടിൽ ക്രൈസ്‌തവമണ്ഡലത്തിലെ പുരോഹിത വർഗ്ഗം അവരുടെ സ്ഥാനവും ഉത്തരവാദിത്തങ്ങളും നിമിത്തം ദൈവത്തിന്റെ പ്രതീകാത്മക മുന്തിരിത്തോട്ടത്തിൽ “ആദ്യം” വേലക്ക് വിളിക്കപ്പെട്ടവരായിരുന്നിട്ടുണ്ട്. വാച്ച്‌ടവ്വർ ബൈബിൾ ആൻഡ് ട്രാക്‌ററ് സൊസൈററിയോട് ബന്ധപ്പെട്ട സമർപ്പിത പ്രസംഗകരെ ദൈവസേവനത്തിൽ അംഗീകാരമുളള നിയമനം ലഭിച്ചവരിൽ ഏററവും “പിമ്പൻമാരാ”യിട്ടാണ് അവർ കണക്കാക്കിയിട്ടുളളത്. എന്നാൽ വാസ്‌തവത്തിൽ പുരോഹിതവർഗ്ഗം നിന്ദിച്ചിട്ടുളള ഇവർക്കു തന്നെയാണ് വെളളിക്കാശ്—ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിന്റെ അഭിഷിക്ത സ്ഥാനപതികളായി സേവിക്കാനുളള പദവി—ലഭിച്ചിട്ടുളളത്. മത്തായി 19:30–20:16.
▪ മുന്തിരിത്തോട്ടം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥനും 12 മണിക്കൂറും 1 മണിക്കൂറും വേല ചെയ്‌തവും ആരെ പ്രതിനിധാനം ചെയ്യുന്നു?
▪ പ്രതീകാത്മക പ്രവൃത്തി ദിവസം അവസാനിച്ചതെപ്പോൾ, കൂലി നൽകപ്പെട്ടത് എപ്പോൾ?
▪ കൂലി നൽകിയ വെളളിക്കാശ് എന്തിനെ പ്രതിനിധാനം ചെയ്യുന്നു?