വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മൈനകളുടെ ഉപമ

മൈനകളുടെ ഉപമ

അധ്യായം 100

മൈനകളുടെ ഉപമ

യേശു ഒരുപക്ഷേ ഇപ്പോഴും സക്കായിയുടെ ഭവനത്തിലാണ്‌. യെരൂശലേമിലേക്കുളള മാർഗ്ഗമദ്ധ്യേ അവൻ അവിടെ പാർത്തു. യെരൂശലേമിലെത്തുമ്പോൾ യേശു തന്നെത്താൻ മശിഹായായി പ്രഖ്യാപിക്കുമെന്നും അവന്റെ രാജ്യം സ്ഥാപിക്കുമെന്നും ശിഷ്യൻമാർ വിശ്വസിക്കുന്നു. ഈ ആശയം തിരുത്തുന്നതിനും രാജ്യത്തിനുവേണ്ടി ഇനിയും ദീർഘകാലം കാത്തിരിക്കേണ്ടതുണ്ടെന്ന്‌ പ്രകടമാക്കാനും യേശു ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു.

യേശു പറയുന്നു: “കുലീനനായൊരു മനുഷ്യൻ രാജത്വം പ്രാപിച്ച്‌ മടങ്ങി വരേണ്ടതിന്‌ ഒരു വിദൂരദേശത്തേക്ക്‌ യാത്രപോയി.” ആ “കുലീനനായ മനുഷ്യൻ” യേശുവും “വിദൂരദേശം” സ്വർഗ്ഗവുമാണ്‌. യേശു അവിടെ എത്തുമ്പോൾ അവന്റെ പിതാവ്‌ അവന്‌ രാജകീയാധികാരം കൊടുക്കും.

എന്നിരുന്നാലും യാത്ര പുറപ്പെടുന്നതിന്‌ മുമ്പായി ആ കുലീനനായ മനുഷ്യൻ തന്റെ പത്തു അടിമകളെ വിളിച്ച്‌: “ഞാൻ വരുവോളം വ്യാപാരം ചെയ്യുക,” എന്ന്‌ പറഞ്ഞ്‌ അവരിൽ ഓരോരുത്തനും ഓരോ വെളളി മൈന നൽകുന്നു. ഇതിന്റെ ആദ്യ നിവൃത്തിയിൽ ആ പത്തു അടിമകൾ യേശുവിന്റെ ആദിമശിഷ്യൻമാരെ പ്രതിനിധാനം ചെയ്യുന്നു. വിപുലമായ അർത്ഥത്തിൽ അവർ യേശുവിനോടുകൂടെ സ്വർഗ്ഗീയ രാജ്യത്തിൽ അവകാശികളായിരിക്കാൻ പ്രതീക്ഷിക്കുന്ന എല്ലാവരെയും ചിത്രീകരിക്കുന്നു.

വെളളി മൈനകൾ വിലപ്പെട്ട നാണയങ്ങളാണ്‌. ഓരോന്നും ഒരു കർഷകത്തൊഴിലാളിയുടെ മൂന്നു മാസത്തെ വേതനത്തിനൊപ്പം വരുന്നു. എന്നാൽ ഈ മൈനകൾ എന്തിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌? ഈ അടിമകൾ അവകൊണ്ട്‌ എന്തു വ്യാപാരമാണ്‌ ചെയ്യേണ്ടിയിരുന്നത്‌?

വാഗ്‌ദത്തം ചെയ്യപ്പെട്ട രാജ്യത്തിൽ യേശു രാജാവായി വരുന്നതുവരെ ദൈവരാജ്യത്തിന്റെ കൂടുതൽ അവകാശികളെ ഉൽപ്പാദിപ്പിക്കുന്നതിന്‌ ആത്മജനനം പ്രാപിച്ച ശിഷ്യൻമാർക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന ആസ്‌തികളെയാണ്‌ മൈനകൾ പ്രതിനിധാനം ചെയ്യുന്നത്‌. പുനരുത്ഥാനം പ്രാപിക്കുകയും ശിഷ്യൻമാർക്ക്‌ പ്രത്യക്ഷനാവുകയും ചെയ്‌തശേഷം കൂടുതൽ ശിഷ്യൻമാരെ ഉളവാക്കുന്നതിനും അതുവഴി സ്വർഗ്ഗരാജ്യവർഗ്ഗത്തിലേക്ക്‌ കൂടുതൽ ആളുകളെ ചേർക്കുന്നതിനുമായി യേശു അവർക്ക്‌ ഈ പ്രതീകാത്മക മൈനകൾ നൽകി.

“എന്നാൽ,” യേശു തുടരുന്നു, “അവന്റെ പൗരൻമാർ [കുലീനനായ ആ മനുഷ്യനെ] വെറുത്തിട്ട്‌, ‘അവൻ ഞങ്ങളുടെമേൽ രാജാവായിരിക്കാൻ ഞങ്ങൾക്ക്‌ സമ്മതമല്ല,’ എന്ന്‌ പറയിക്കാൻ അവന്റെ പിന്നാലെ സ്ഥാനപതികളെ അയച്ചു.” ഈ പൗരൻമാർ യേശുവിന്റെ ശിഷ്യൻമാർ ഒഴികെയുളള ഇസ്രായേല്യർ അല്ലെങ്കിൽ യഹൂദൻമാരാണ്‌. യേശു സ്വർഗ്ഗത്തിലേക്ക്‌ പോയശേഷം അവന്റെ ശിഷ്യൻമാരെ പീഡിപ്പിച്ചുകൊണ്ട്‌ അവൻ തങ്ങളുടെമേൽ രാജാവായിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്ന്‌ യഹൂദൻമാർ വ്യക്തമാക്കി. അപ്രകാരം സ്ഥാനപതിമാരെ അയച്ച പൗരൻമാരെപ്പോലെ അവർ പെരുമാറുകയായിരുന്നു.

ആ പത്തു അടിമകൾ അവരുടെ മൈനകൾ എങ്ങനെയാണ്‌ ഉപയോഗിക്കുന്നത്‌? യേശു ഇപ്രകാരം വിശദീകരിക്കുന്നു: “ഒടുവിൽ അവൻ മടങ്ങിയെത്തിയപ്പോൾ താൻ വെളളി നാണയം നൽകിയിരുന്ന അടിമകൾ വ്യാപാരം ചെയ്‌ത്‌ എന്തു നേടി എന്ന്‌ കാണാൻവേണ്ടി അവരെ വിളിക്കാൻ അവൻ കൽപ്പിച്ചു. ‘യജമാനനെ, നിന്റെ മൈന പത്തു മൈനകൾ നേടിയിരിക്കുന്നു,’ എന്ന്‌ പറഞ്ഞുകൊണ്ട്‌ ഒന്നാമത്തവൻ അവന്റെ മുമ്പിലെത്തി. അതുകൊണ്ട്‌ അവൻ അവനോട്‌: ‘കൊളളാം, നല്ല അടിമേ, നീ അത്യൽപ്പത്തിൽ വിശ്വസ്‌തനായിരുന്നതുകൊണ്ട്‌ നീ പത്തു നഗരങ്ങൾക്ക്‌ അധിപതിയായിരിക്കും.’ അപ്പോൾ രണ്ടാമത്തവനും വന്ന്‌: ‘യജമാനനെ, നിന്റെ മൈന അഞ്ചു മൈനകൾ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അവനോടും അവൻ ‘നീയും അഞ്ചു നഗരങ്ങൾക്ക്‌ അധിപതിയായിരിക്കുക’ എന്ന്‌ പറഞ്ഞു.”

പത്തു മൈനകളുളള അടിമ പൊ. യു. 33-ലെ പെന്തക്കോസ്‌ത്‌ മുതൽ ഇന്നോളമുളള ശിഷ്യൻമാരുടെ ഒരു വർഗ്ഗത്തെ അഥവാ സംഘത്തെ ചിത്രീകരിക്കുന്നു, അവരിൽ അപ്പൊസ്‌തലൻമാരും ഉൾപ്പെടുന്നു. അഞ്ചു മൈനകൾ സമ്പാദിച്ച അടിമയും അതേ കാലയളവിൽ ഉണ്ടായിരുന്നവരും തങ്ങളുടെ അവസരങ്ങൾക്കും പ്രാപ്‌തികൾക്കും അനുസരണമായി അവരുടെ രാജാവിന്റെ ഭൂമിയിലെ ആസ്‌തികൾ വർദ്ധിപ്പിച്ചവരുമായ ശിഷ്യൻമാരുടെ ഒരു സംഘത്തെ പ്രതിനിധാനം ചെയ്യുന്നു. ഇരുകൂട്ടരും ഉൽസാഹപൂർവ്വം സുവാർത്ത പ്രസംഗിക്കുകയും തൽഫലമായി ശരിയായ ഹൃദയനിലയുളള അനേകർ ക്രിസ്‌ത്യാനികളായിത്തീരുകയും ചെയ്യുന്നു. അടിമകളിൽ ഒൻപതുപേർ വിജയകരമായി വ്യാപാരം ചെയ്യുകയും തങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുകയും ചെയ്‌തു.

യേശു തുടരുന്നു: “എന്നാൽ അവരിൽ നിന്ന്‌ വ്യത്യസ്‌തനായി ഒരുവൻ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ വരുന്നു: ‘യജമാനനെ, ഇതാ നിന്റെ മൈന, ഞാൻ അത്‌ ഒരു തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്നു. നീ ഒരു കഠിന മനുഷ്യനാകകൊണ്ട്‌ എനിക്ക്‌ നിന്നെ ഭയമായിരുന്നു, നീ വയ്‌ക്കാത്തത്‌ എടുക്കുകയും വിതക്കാത്തത്‌ കൊയ്യുകയും ചെയ്യുന്നവനാണ്‌.’ അവൻ അവനോട്‌ പറഞ്ഞു, ‘ദുഷ്ടനായ അടിമേ, നിന്റെ വായ്‌കൊണ്ടു തന്നെ ഞാൻ നിന്നെ കുററം വിധിക്കുന്നു. ഞാൻ വയ്‌ക്കാത്തത്‌ എടുക്കുകയും വിതക്കാത്തത്‌ കൊയ്യുകയും ചെയ്യുന്ന ഒരു കഠിന മനുഷ്യനാണെന്ന്‌ നീ അറിഞ്ഞിരുന്നു അല്ലേ? എങ്കിൽ പിന്നെ നീ നിന്റെ പണം ഒരു ബാങ്കിൽ നിക്ഷേപിക്കാഞ്ഞത്‌ എന്ത്‌? എങ്കിൽ ഞാൻ വരുമ്പോൾ എനിക്ക്‌ അത്‌ പലിശയോടുകൂടെ വാങ്ങാമായിരുന്നല്ലോ.’ ‘അവന്റെ മൈന അവനിൽ നിന്ന്‌ എടുത്ത്‌ പത്തുളളവന്‌ കൊടുക്കുവിൻ’ എന്ന്‌ അവൻ സമീപത്തുളളവരോട്‌ പറഞ്ഞു.”

ആ ദുഷ്ട അടിമയെ സംബന്ധിച്ചിടത്തോളം പ്രതീകാത്മക മൈനയുടെ നഷ്ടം സ്വർഗ്ഗീയ രാജ്യത്തിലെ സ്ഥാനത്തിന്റെ നഷ്ടത്തെ അർത്ഥമാക്കുന്നു. അതെ, പത്തു നഗരങ്ങളെയോ അഞ്ചു നഗരങ്ങളെയൊ ഭരിക്കുന്നതുപോലെയുളള ഒരു പദവിയാണ്‌ അവൻ നഷ്ടമാക്കുന്നത്‌. അവൻ ചെയ്യുന്ന എന്തെങ്കിലും ദുഷ്ടത നിമിത്തമല്ല മറിച്ച്‌ തന്റെ യജമാനന്റെ രാജ്യ സമ്പത്ത്‌ വർദ്ധിപ്പിക്കുന്നതിനുവേണ്ടി വേല ചെയ്യുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടാണ്‌ ആ അടിമ ദുഷ്ടനായി പ്രഖ്യാപിക്കപ്പെടുന്നത്‌ എന്ന്‌ കുറിക്കൊളളുക.

ദുഷ്ട അടിമയുടെ മൈന ആദ്യത്തെ അടിമക്ക്‌ നൽകപ്പെടുമ്പോൾ ഈ പ്രതിഷേധ സ്വരം ഉയരുന്നു: “യജമാനനെ, അവന്‌ പത്തു മൈനകൾ ഉണ്ട്‌!” എന്നിരുന്നാലും യേശു മറുപടിയായി ഇപ്രകാരം പറയുന്നു: “ഉളളവന്‌ ഏവനും കൂടുതലായി നൽകപ്പെടും; ഇല്ലാത്തവനിൽ നിന്നോ അവന്‌ ഉളളതും കൂടെ എടുക്കപ്പെടും. മാത്രവുമല്ല, ഞാൻ രാജാവായിത്തീരുന്നത്‌ ഇഷ്ടപ്പെടാഞ്ഞ ഈ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന്‌ എന്റെ മുമ്പിൽ വച്ച്‌ കൊന്നുകളയുവിൻ.” ലൂക്കോസ്‌ 19:11-27; മത്തായി 28:19, 20.

▪ മൈനകളുടെ ഉപമ പറയാൻ യേശുവിനെ പ്രേരിപ്പിച്ചതെന്താണ്‌?

▪ കുലീനനായ മനുഷ്യൻ ആരാണ്‌, അയാൾ പോകുന്ന ദൂരദേശം ഏതാണ്‌?

▪ ആ അടിമകൾ ആരാണ്‌, മൈനകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

▪ പൗരൻമാർ ആരാണ്‌, അവർ തങ്ങളുടെ വിദ്വേഷം എങ്ങനെ പ്രകടമാക്കുന്നു?

▪ ഒരു അടിമ ദുഷ്ടനെന്ന്‌ വിളിക്കപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌, അവന്‌ മൈന നഷ്ടമാകുന്നത്‌ എന്തിനെ അർത്ഥമാക്കുന്നു?