വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹൂദ്യയിലേക്ക്‌ ഒരു കൃപാദൗത്യം

യഹൂദ്യയിലേക്ക്‌ ഒരു കൃപാദൗത്യം

അധ്യായം 89

യഹൂദ്യയിലേക്ക്‌ ഒരു കൃപാദൗത്യം

ഏതാനും ആഴ്‌ചകൾക്ക്‌ മുൻപ്‌ യെരൂശലേമിലെ സമർപ്പണ തിരുനാളിന്റെ സമയത്ത്‌ യഹൂദൻമാർ യേശുവിനെ വധിക്കാൻ ശ്രമിച്ചു. അതുകൊണ്ട്‌ അവൻ ഗലീലാ കടലിൽ നിന്ന്‌ വളരെ ദൂരയല്ലാത്ത ഒരു സ്ഥലത്തേക്ക്‌ വടക്കോട്ടു യാത്ര ചെയ്‌തു.

അടുത്തകാലത്ത്‌ യോർദ്ദാന്‌ കിഴക്ക്‌ പെരയാ പ്രദേശത്തെ ഗ്രാമങ്ങളിൽ പ്രസംഗിച്ചുകൊണ്ട്‌ അവൻ വീണ്ടും തെക്കോട്ട്‌ യെരൂലേമിനെ ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു. ധനവാന്റെയും ലാസറിന്റെയും ഉപമ പറഞ്ഞശേഷം നേരത്തെ ഗലീലയിൽ വച്ച്‌ പഠിപ്പിച്ച കാര്യങ്ങൾ ശിഷ്യൻമാരെ പഠിപ്പിക്കുന്നതിൽ തുടരുന്നു.

ഉദാഹരണമായി, ദൈവത്തിന്റെ ഈ “ചെറിയവരിൽ ഒരുത്തന്‌ ഇടർച്ച വരുത്തുന്നതിനേക്കാൾ ഒരു മനുഷ്യന്‌ നല്ലത്‌ അവന്റെ കഴുത്തിൽ ഒരു തിരികല്ല്‌ കെട്ടി അവൻ കടലിൽ എറിയപ്പെടുന്നതാണ്‌,” എന്ന്‌ യേശു പറഞ്ഞു. “[ഒരു സഹോദരൻ] ഒരു ദിവസം ഏഴുപ്രാവശ്യം നിന്നോട്‌ പാപം ചെയ്യുന്നുവെങ്കിലും ഏഴുപ്രാവശ്യവും വന്ന്‌ ‘ഞാൻ അനുതപിക്കുന്നു’ എന്ന്‌ നിന്നോടു പറഞ്ഞാൽ നീ അവനോട്‌ ക്ഷമിക്കണം” എന്ന്‌ വിശദീകരിച്ചുകൊണ്ട്‌ യേശു ക്ഷമയുടെ ആവശ്യകതയും ഊന്നിപ്പറയുന്നു.

“ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു തരേണമേ,” എന്ന്‌ ശിഷ്യൻമാർ അപേക്ഷിക്കുമ്പോൾ മറുപടിയായി യേശു പറയുന്നു: “നിങ്ങൾക്ക്‌ ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ കാട്ടത്തിയോട്‌, ‘വേരോടെ പറിഞ്ഞു കടലിൽ പോയി നിൽക്കുക!’ എന്നു പറഞ്ഞാൽ അത്‌ നിങ്ങളെ അനുസരിക്കും.” അതുകൊണ്ട്‌ ഒരു അൽപ്പ വിശ്വാസത്തിനുപോലും വലിയ കാര്യങ്ങൾ നേടാൻ കഴിയും.

അടുത്തതായി, സർവ്വശക്തനായ ദൈവത്തിന്റെ ഒരു ദാസന്‌ ഉണ്ടായിരിക്കേണ്ട ഉചിതമായ മനോഭാവം ചിത്രീകരിക്കാൻ യേശു ഒരു യഥാർത്ഥ ജീവിതാനുഭവം വിവരിക്കുന്നു. “നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്‌ക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെങ്കിൽ,” യേശു പ്രസ്‌താവിക്കുന്നു, “അവൻ വയലിൽ നിന്ന്‌ വരുമ്പോൾ ‘ഉടൻ വന്ന്‌ മേശക്കൽ ചാരിക്കിടക്കുക,’ എന്ന്‌ നിങ്ങളിൽ ആരാണ്‌ അവനോട്‌ പറയുന്നത്‌? മറിച്ച്‌, ‘എനിക്ക്‌ അത്താഴത്തിന്‌ എന്തെങ്കിലും ഒരുക്കുക, ഞാൻ തിന്നു കുടിച്ച്‌ തീരുവോളം അരകെട്ടി എനിക്ക്‌ ശുശ്രൂഷ ചെയ്യുക, അതിനുശേഷം നിനക്ക്‌ തിന്നുകയും കുടിക്കുകയും ചെയ്യാം’ എന്ന്‌ പറയുകയില്ലേ? നിയോഗിക്കപ്പെട്ട കാര്യങ്ങൾ ചെയ്‌തു കഴിയുമ്പോഴും അയാൾക്ക്‌ അവനോട്‌ നന്ദി തോന്നുകയില്ല, തോന്നുമോ? അതുപോലെ തന്നെ നിങ്ങളും നിയോഗിക്കപ്പെട്ട ജോലി എല്ലാം ചെയ്‌തശേഷം, ‘ഞങ്ങൾ ഒന്നിനും കൊളളാത്ത അടിമകൾ അത്രേ. ഞങ്ങൾ ഞങ്ങളുടെ ചുമതല നിർവ്വഹിച്ചതേയുളളു’ എന്ന്‌ പറയുക.” അപ്രകാരം ദൈവത്തെ സേവിക്കുകയിൽ തങ്ങൾ എന്തോ ദയാപ്രവൃത്തി ചെയ്യുകയാണ്‌ എന്ന്‌ ദൈവത്തിന്റെ ദാസൻമാർ ഒരിക്കലും വിചാരിക്കരുത്‌. മറിച്ച്‌, ഭവനത്തിലെ ആശ്രയയോഗ്യരായ അംഗങ്ങളെന്ന നിലയിൽ അവനെ ആരാധിക്കുന്നതിനുളള പദവിയെ അവർ എല്ലായ്‌പ്പോഴും അനുസ്‌മരിക്കണം.

പ്രത്യക്ഷത്തിൽ യേശു ഈ ചിത്രീകരണം നടത്തുന്നതിന്റെ തൊട്ടുപിന്നാലെയാണ്‌ ഒരു സന്ദേശവാഹകൻ അവിടെയെത്തുന്നത്‌. അവനെ യഹൂദ്യയിലെ ബെഥനിയിൽ വസിക്കുന്ന ലാസറിന്റെ സഹോദരിമാരായ മറിയയും മാർത്തയുംകൂടി പറഞ്ഞയച്ചതായിരുന്നു. “കർത്താവേ, നോക്കൂ! നിനക്ക്‌ പ്രിയനായവൻ ദീനമായിക്കിടക്കുന്നു,” സന്ദേശവാഹകൻ അറിയിക്കുന്നു.

യേശു പറയുന്നു: “ഇത്‌ മരണത്തിനായിട്ടുളള രോഗമല്ല ഇതിലൂടെ ദൈവപുത്രൻ മഹത്വീകരിക്കപ്പെടേണ്ടതിന്‌ ദൈവമഹത്വത്തിനായിട്ടത്രേ.” രണ്ടു ദിവസം കൂടി അവിടെ പാർത്തശേഷം യേശു തന്റെ ശിഷ്യൻമാരോട്‌ പറയുന്നു: “നമുക്ക്‌ വീണ്ടും യഹൂദ്യയിലേക്ക്‌ പോകാം.” “ഗുരോ യഹൂദൻമാർ ഈയിടെത്തന്നെ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ,” അവർ അവനെ അനുസ്‌മരിക്കുന്നു, “എന്നാൽ നീ വീണ്ടും അവിടേക്ക്‌ പോവുകയാണോ?”

“പകലിന്‌ പന്ത്രണ്ട്‌ മണിക്കൂർ സമയം ഇല്ലയോ?” മറുപടിയായി യേശു ചോദിക്കുന്നു. “പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിലെ വെളിച്ചം കാണുന്നതുകൊണ്ട്‌ യാതൊന്നിനെയും തട്ടി ഇടറിവീഴുന്നില്ല. എന്നാൽ ആരെങ്കിലും രാത്രിയിൽ നടക്കുന്നുവെങ്കിലോ അവന്‌ വെളിച്ചമില്ലാത്തനിനാൽ എന്തിനെയെങ്കിലും തട്ടിവീഴും.”

“പകൽ സമയം” അല്ലെങ്കിൽ യേശുവിന്റെ ഭൗമിക ശുശ്രൂഷക്ക്‌ ദൈവം അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിട്ടില്ലാത്തതിനാൽ അത്‌ അവസാനിക്കുന്നതുവരെ ആർക്കും അവനെ ഉപദ്രവിക്കാൻ കഴിയുകയില്ല എന്നാണ്‌ പ്രത്യക്ഷത്തിൽ യേശു അർത്ഥമാക്കുന്നത്‌. ശേഷിച്ചിരിക്കുന്ന ചുരുങ്ങിയ “പകൽ സമയം” അവൻ പൂർണ്ണമായും ഉപയോഗിക്കേണ്ടതുണ്ട്‌, കാരണം പിന്നീട്‌ അവന്റെ ശത്രുക്കൾ അവനെ കൊന്നു കഴിയുമ്പോൾ “രാത്രി” വരും.

യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “നമ്മുടെ സുഹൃത്തായ ലാസർ ഉറങ്ങുകയാണ്‌, എങ്കിലും അവനെ ഉണർത്തുവാൻ ഞാൻ അങ്ങോട്ടു പോവുകയാണ്‌.”

ലാസർ ഉറക്കത്തിൽ വിശ്രമിക്കുകയാണെന്നും അത്‌ അവൻ സുഖം പ്രാപിക്കും എന്നുളളതിന്റെ ശുഭസൂചനയാണെന്നും വിചാരിച്ചുകൊണ്ട്‌ ശിഷ്യൻമാർ പറയുന്നു: “കർത്താവെ, അവൻ ഉറങ്ങുകയാണെങ്കിൽ അവൻ സൗഖ്യം പ്രാപിക്കും.”

അപ്പോൾ യേശു അവരോട്‌ തുറന്നു പറയുന്നു: “ലാസർ മരിച്ചുപോയി. നിങ്ങൾ വിശ്വസിക്കേണ്ടതിന്‌, ഞാൻ അവിടെ ഇല്ലാതിരുന്നതിൽ നിങ്ങളെച്ചൊല്ലി ഞാൻ സന്തോഷിക്കുന്നു. എന്നാൽ നമുക്ക്‌ അവന്റെ അടുത്തേക്ക്‌ പോകാം.”

യഹൂദ്യയിൽ യേശു വധിക്കപ്പെടാൻ ഇടയുണ്ടെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടും എന്നാൽ അവനെ പിന്താങ്ങാൻ ആഗ്രഹിച്ചിട്ടും തോമസ്‌ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ സഹശിഷ്യൻമാരെ പ്രോൽസാഹിപ്പിക്കുന്നു: “നാം അവനോടുകൂടെ മരിക്കേണ്ടതിന്‌ നമുക്ക്‌ പോകാം.” അതുകൊണ്ട്‌ തങ്ങളുടെ ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ട്‌ ശിഷ്യൻമാർ യേശുവിന്റെ കൃപാദൗത്യത്തിൽ അവനോടൊപ്പം യഹൂദ്യയിലേക്ക്‌ പോകുന്നു. ലൂക്കോസ്‌ 13:22; 17:1-10; യോഹന്നാൻ 10:22, 31, 40-42; 11:1-16.

▪ സമീപകാലങ്ങളിൽ യേശു എവിടെയാണ്‌ പ്രസംഗിച്ചിരുന്നത്‌?

▪ യേശു ഏതു ഉപദേശങ്ങൾ ആവർത്തിക്കുന്നു, ഏത്‌ ആശയം വ്യക്തമാക്കാൻ ഏത്‌ യഥാർത്ഥ ജീവിതാനുഭവമാണ്‌ യേശു വിവരിക്കുന്നത്‌?

▪ യേശുവിന്‌ എന്തു വാർത്ത ലഭിക്കുന്നു, “പകൽവെളിച്ച”മെന്നും “രാത്രി”യെന്നുമുളളതിനാൽ അവൻ എന്താണ്‌ അർത്ഥമാക്കുന്നത്‌?

▪ “അവനോടുകൂടെ മരിക്കേണ്ടതിന്‌ നമുക്ക്‌ പോകാം,” എന്നു പറയുമ്പോൾ തോമസ്‌ എന്താണ്‌ അർത്ഥമാക്കുന്നത്‌?