വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യെരൂശലേമിലേക്കുളള ക്രിസ്‌തുവിന്റെജയോൽസവ പ്രവേശം

യെരൂശലേമിലേക്കുളള ക്രിസ്‌തുവിന്റെജയോൽസവ പ്രവേശം

അധ്യായം 102

യെരൂശലേമിലേക്കുളള ക്രിസ്‌തുവിന്റെജയോൽസവ പ്രവേശം

പിറേറന്ന്‌ രാവിലെ, നീസാൻ 9-ാം തീയതി ഞായറാഴ്‌ച യേശുവും ശിഷ്യൻമാരും ബെഥനി വിട്ട്‌ ഒലിവ്‌ മല കയറി യെരൂശലേമിലേക്ക്‌ പോകുന്നു. പെട്ടെന്നു തന്നെ ഒലിവു മലയിൽ സ്ഥിതിചെയ്യുന്ന ബെദ്‌ഫാഗെയെ അവർ സമീപിക്കുന്നു. യേശു തന്റെ ശിഷ്യൻമാരിൽ രണ്ടുപേർക്ക്‌ ഇപ്രകാരം നിർദ്ദേശം നൽകുന്നു:

“നിങ്ങൾ മുന്നിൽ കാണുന്ന ഗ്രാമത്തിലേക്ക്‌ ചെല്ലുവിൻ. നിങ്ങൾ ചെല്ലുന്നയുടനെ അവിടെ ഒരു കഴുതയെയും അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച്‌ എന്റെ അടുക്കൽ കൊണ്ടുവരിക. ആരെങ്കിലും നിങ്ങളോട്‌ എന്തെങ്കിലും പറഞ്ഞാൽ ‘കർത്താവിന്‌ അവയെക്കൊണ്ട്‌ ആവശ്യമുണ്ട്‌’ എന്ന്‌ പറയുവിൻ. അപ്പോൾ അയാൾ അവയെ തന്നയക്കും.”

ഈ നിർദ്ദേശങ്ങൾക്ക്‌ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയുമായി ബന്ധമുണ്ടെന്ന്‌ തിരിച്ചറിയുന്നതിൽ ആദ്യം ശിഷ്യൻമാർ പരാജയപ്പെട്ടുവെങ്കിലും പിന്നീട്‌ അവർ അത്‌ തിരിച്ചറിയുന്നു. ദൈവത്തിന്റെ വാഗ്‌ദത്ത രാജാവ്‌ യെരൂശലേമിലേക്ക്‌ ഒരു കഴുതപ്പുറത്തു അതെ “ഒരു പെൺകഴുതയുടെ കുട്ടിയായ കഴുതയുടെ പുറത്തു തന്നെ” കയറി വരുമെന്ന്‌ സെഖര്യാവ്‌ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞിരുന്നു. സമാനമായി ശലോമോൻ രാജാവും തന്റെ അഭിഷേകത്തിനായി എഴുന്നെളളിയത്‌ ഒരു കഴുത കുട്ടിയുടെ പുറത്തു കയറിയായിരുന്നു.

ശിഷ്യൻമാർ ബെത്‌ഫാഗെയിൽ പ്രവേശിച്ച്‌ കഴുതക്കുട്ടിയെയും അതിന്റെ തളളയെയും അഴിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന ചിലർ “നിങ്ങൾ എന്താണ്‌ ഈ ചെയ്യുന്നത്‌?” എന്ന്‌ ചോദിക്കുന്നു. ഈ മൃഗങ്ങൾ കർത്താവിനു വേണ്ടിയാണ്‌ എന്ന്‌ അവരോട്‌ പറയപ്പെടുമ്പോൾ അവയെ യേശുവിന്റെ അടുത്തേക്ക്‌ കൊണ്ടുപോകാൻ അവർ സമ്മതിക്കുന്നു. ശിഷ്യൻമാർ തങ്ങളുടെ പുറങ്കുപ്പായങ്ങൾ തളളക്കഴുതയുടെയും അതിന്റെ കുട്ടിയുടെയും പുറത്തു വിരിക്കുന്നു, എന്നാൽ യേശു ആ കഴുതക്കുട്ടിയുടെ പുറത്താണ്‌ കയറുന്നത്‌.

യേശു യെരൂശലേമിലേക്കുളള തന്റെ സവാരി തുടരവെ അവന്റെ പിന്നാലെയുളള ജനക്കൂട്ടം എണ്ണത്തിൽ പെരുകുന്നു. മിക്കയാളുകളും തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുന്നു, മററുളളവരാകട്ടെ മരച്ചില്ലകൾ വെട്ടി വഴിയിൽ വിതറുന്നു. “യഹോവയുടെ നാമത്തിൽ രാജാവായി വരുന്നവൻ അനുഗ്രഹീതനാകുന്നു!” എന്ന്‌ അവർ വിളിച്ചു പറയുന്നു. “സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും!”

ജനക്കൂട്ടത്തിലുണ്ടായിരുന്ന പരീശൻമാരിൽ ചിലർ ഈ ഘോഷം കേട്ട്‌ അസ്വസ്ഥരായിത്തീരുകയും യേശുവിനോട്‌ പരാതിപ്പെടുകയും ചെയ്യുന്നു: “ഗുരോ നിന്റെ ശിഷ്യൻമാരെ ശാസിച്ച്‌ അടക്കി നിർത്തുക.” എന്നാൽ യേശു മറുപടിയായി പറയുന്നു: “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തു വിളിക്കും.”

യേശു യെരൂശലേമിനെ സമീപിക്കുമ്പോൾ അവൻ ആ നഗരത്തെ വീക്ഷിക്കുകയും ഇപ്രകാരം പറഞ്ഞുകൊണ്ട്‌ അതിനെച്ചൊല്ലി വിലപിക്കാൻ തുടങ്ങുകയും ചെയ്യുന്നു: “ഈ നാളിൽ നിന്റെ സമാധാനത്തിനുളളത്‌ നീയും തിരിച്ചറിഞ്ഞിരുന്നെങ്കിൽ കൊളളായിരുന്നു—എന്നാൽ ഇപ്പോൾ അവ നിന്റെ കണ്ണിൽ നിന്ന്‌ മറക്കപ്പെട്ടിരിക്കുന്നു.” യേശു മുൻകൂട്ടി പറയുന്ന പ്രകാരം അവരുടെ മനഃപൂർവ്വമായ അനുസരണക്കേടിന്‌ യെരൂശലേം വില ഒടുക്കേണ്ടി വരും:

“നിന്റെ ശത്രുക്കൾ [തിത്തോസ്‌ എന്ന സൈന്യാധിപന്റെ കീഴിലുളള റോമാക്കാർ] നിനക്കു ചുററും കൂർത്ത തടികൾകൊണ്ട്‌ കോട്ട പണിയുകയും നിന്നെ വളയുകയും എല്ലാ വശങ്ങളിൽ നിന്നും നിന്നെ ഞെരുക്കുകയും നിന്നെയും നിന്നിലുളള നിന്റെ മക്കളെയും നിലത്തു തളളിയിടുകയും നിന്നിൽ കല്ലിൻമേൽ കല്ല്‌ ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും.” യേശു മുൻകൂട്ടിപ്പറഞ്ഞ ഈ നാശം 37 വർഷങ്ങൾക്കു ശേഷം പൊ. യു. 70-ൽ സംഭവിക്കുന്നു.

ഏതാനും ആഴ്‌ചകൾക്ക്‌ മുമ്പ്‌ യേശു ലാസറിനെ ഉയർപ്പിച്ചത്‌ ഈ ജനക്കൂട്ടത്തിൽ അനേകർ കണ്ടിരുന്നു. ഇവർ മററുളളവരോട്‌ ആ അത്ഭുതത്തെപ്പററി പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട്‌ യേശു യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളികിവശായി. “ഇവൻ ആരാണ്‌?” ആളുകൾക്ക്‌ അറിയണം. “ഇത്‌ ഗലീലയിലെ നസറെത്തിൽ നിന്നുളള പ്രവാചകനായ യേശുവാണ്‌!” ഇതു കാണുമ്പോൾ തങ്ങൾക്ക്‌ ഇതു സംബന്ധിച്ച്‌ ഒന്നും ചെയ്യാൻ കഴിയാഞ്ഞതിൽ പരീശൻമാർ വിലപിക്കുന്നു, എന്തുകൊണ്ടെന്നാൽ അവർ പറയുംപ്രകാരം ലോകം മുഴുവൻ അവന്റെ പിന്നാലെ പോയിരിക്കുന്നു.”

യെരൂശലേമിലെ തന്റെ സന്ദർശന വേളകളിലെ പതിവനുസരിച്ച്‌ ഉപദേശിക്കാൻ വേണ്ടി യേശു ആലയത്തിലേക്ക്‌ പോകുന്നു. അവിടെ അന്ധരും മുടന്തരും അവന്റെ അടുക്കൽ വരികയും അവൻ അവരെ സൗഖ്യമാക്കുകയും ചെയ്യുന്നു! യേശു ചെയ്യുന്ന അത്ഭുതകാര്യങ്ങൾ കാണുകയും ആലയത്തിൽ കുട്ടികൾ “ദാവീദു പുത്രാ രക്ഷിക്കണമേ!” എന്ന്‌ വിളിച്ചു പറയുന്നതു കേൾക്കുകയും ചെയ്യുമ്പോൾ പ്രധാന പുരോഹിതൻമാരും ശാസ്‌ത്രിമാരും കോപിച്ച്‌ “ഇവർ പറയുന്നത്‌ നീ കേൾക്കുന്നില്ലയോ?” എന്ന്‌ അവനോട്‌ പ്രതിഷേധപൂർവ്വം ചോദിക്കുന്നു.

“ഉവ്വ്‌,” യേശു പ്രതിവചിക്കുന്നു. “‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്ന്‌ നീ പുകഴ്‌ച ഒരുക്കിയിരിക്കുന്നു’ എന്ന്‌ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?”

യേശു തുടർന്ന്‌ ഉപദേശിക്കുകയും തനിക്ക്‌ ചുററും ആലയത്തിലുളളതെല്ലാം നോക്കിക്കാണുകയും ചെയ്യുന്നു. നേരം വൈകിയപ്പോൾ പന്ത്രണ്ടു പേരോടുകൂടെ അവൻ തിരിച്ച്‌ ബെഥനിയിലേക്കുളള ഏതാണ്ട്‌ മൂന്നു കിലോമീററർ ദൂരം യാത്ര ചെയ്യുന്നു. അവൻ അവിടെ സാദ്ധ്യതയനുസരിച്ച്‌ തന്റെ സ്‌നേഹിതനായ ലാസറിന്റെ ഭവനത്തിൽ ഞായറാഴ്‌ച രാത്രി കഴിച്ചു കൂട്ടുന്നു. മത്തായി 21:1-11, 14-17; മർക്കോസ്‌ 11:1-11; ലൂക്കോസ്‌ 19:29-44; യോഹന്നാൻ 12:12-19; സെഖരിയാവ്‌ 9:9.

▪ എപ്പോൾ എപ്രകാരമാണ്‌ ഒരു രാജാവെന്ന നിലയിൽ യേശു യെരൂശലേമിൽ പ്രവേശിക്കുന്നത്‌?

▪ ജനക്കൂട്ടം യേശുവിനെ പുകഴ്‌ത്തിപ്പറയുന്നത്‌ എത്രമേൽ മർമ്മപ്രധാനമായിരിക്കുന്നു?

▪ യെരൂശലേമിനെ വീക്ഷിക്കുമ്പോൾ യേശുവിന്‌ എന്തു വികാരമാണുണ്ടാകുന്നത്‌, അവൻ ഏതു പ്രവചനം ഉച്ചരിക്കുന്നു?

▪ യേശു ആലയത്തിൽ ചെല്ലുമ്പോൾ എന്തു സംഭവിക്കുന്നു?