വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യെരൂശലേമിലേക്കുളള യാത്രകൾ

യെരൂശലേമിലേക്കുളള യാത്രകൾ

അധ്യായം 10

യെരൂശലേമിലേക്കുളള യാത്രകൾ

വസന്തകാലം ആഗതമായിരിക്കുന്നു. ഇത്‌ ജോസഫിന്റെ കുടുംബത്തിന്‌ കൂട്ടുകാരോടും വീട്ടുകാരോടുമൊപ്പം പെസഹാ ആഘോഷിക്കുന്നതിനുവേണ്ടി യെരൂശലേമിലേക്കുളള അവരുടെ വാർഷിക വസന്തകാല യാത്രയ്‌ക്കുളള സമയമാണ്‌. അവർ ഏതാണ്ട്‌ 100 കിലോമീററർ വരുന്ന ഒരു യാത്ര തുടങ്ങുമ്പോൾ പതിവുപോലെയുളള ഉൻമേഷം തന്നെ. യേശുവിന്‌ ഇപ്പോൾ 12 വയസ്സുണ്ട്‌. അവൻ പ്രത്യേക താല്‌പര്യത്തോടെയാണ്‌ പെരുന്നാളിനായി നോക്കിയിരിക്കുന്നത്‌.

യേശുവിനും അവന്റെ കുടുംബത്തിനും പെസഹാ കേവലം ഒരു ദിവസത്തെ സംഗതിയല്ല. അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനുവേണ്ടി പിൻവരുന്ന ഏഴു ദിവസവും അവിടെ താമസിക്കാറുണ്ട്‌. അവർ അതിനെ പെസഹാ കാലത്തിന്റെ ഭാഗമായി കണക്കാക്കുന്നു. അതുകൊണ്ട്‌ നസറെത്തിലെ അവരുടെ ഭവനത്തിൽനിന്നുളള മുഴുയാത്രയും യെരൂശലേമിലെ താമസവും ഉൾപ്പെടെ, ഏകദേശം രണ്ടാഴ്‌ച വേണ്ടിവരുന്നു. എന്നാൽ ഈ വർഷം യേശു ഉൾപ്പെടുന്ന ചില സംഗതികൾ നിമിത്തം അതിൽ കൂടുതൽ സമയം വേണ്ടിവരുന്നു.

യെരൂശലേമിൽനിന്നുളള മടക്കയാത്രയിൽ പ്രശ്‌നം വെളിച്ചത്തുവരുന്നു. ഒന്നിച്ച്‌ യാത്ര ചെയ്യുന്ന കൂട്ടുകാരുടെയോ വീട്ടുകാരുടെയോ കൂട്ടത്തിൽ യേശു ഉണ്ടായിരിക്കുമെന്നാണ്‌ ജോസഫും മറിയയും വിചാരിക്കുന്നത്‌. പക്ഷേ, രാത്രിക്ക്‌ അവർ യാത്രയവസാനിപ്പിച്ചിട്ടുപോലും അവൻ പ്രത്യക്ഷപ്പെടുന്നില്ല. അവർ അവനെ തങ്ങളുടെ സഹയാത്രികരുടെയിടയിൽ അന്വേഷിച്ചു തുടങ്ങുന്നു. അവനെ ഒരിടത്തും കണ്ടെത്തുന്നില്ല. അതുകൊണ്ട്‌ ജോസഫും മറിയയും അവനെ അന്വേഷിച്ചുകൊണ്ട്‌ യരൂശലേമോളം മടങ്ങിപ്പോകുന്നു.

ഒരു ദിവസം മുഴുവൻ അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല. രണ്ടാം ദിവസവും അവർക്ക്‌ അവനെ കണ്ടെത്താൻ കഴിയുന്നില്ല. അവസാനം മൂന്നാം ദിവസം അവർ ആലയത്തിലേക്ക്‌ പോകുന്നു. അവിടെ ഒരു ഹോളിൽ യഹൂദ ഉപദേഷ്ടാക്കളുടെ മദ്ധ്യത്തിൽ ഇരുന്ന്‌, അവരോട്‌ ചോദ്യങ്ങൾ ചോദിക്കുകയും അവരെ ശ്രദ്ധിക്കുകയും ചെയ്യുന്നതായി അവനെ കണ്ടെത്തുന്നു.

“മകനേ, നീ ഞങ്ങളോടിങ്ങനെ ചെയ്‌തതെന്ത്‌?” മറിയ ചോദിക്കുന്നു. “നിന്റെ അപ്പനും ഞാനും വലിയ മന:ക്ലേശത്തോടെ നിന്നെ അന്വേഷിക്കുകയായിരുന്നു.”

തന്നെ എവിടെ കണ്ടെത്താമെന്ന്‌ അവർ അറിയാതിരുന്നതിനാൽ യേശു അത്ഭുതപ്പെട്ടു. “നിങ്ങൾ എന്നെ തിരയേണ്ടിയിരുന്നതെന്തുകൊണ്ട്‌?” അവൻ ചോദിക്കുന്നു. “ഞാൻ ഇവിടെ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കണമെന്ന്‌ നിങ്ങൾക്കറിയത്തില്ലായിരുന്നുവോ?”

തന്റെ മാതാപിതാക്കൾക്ക്‌ ഇതറിവില്ലാതിരുന്നതെന്തുകൊണ്ടെന്ന്‌ യേശുവിന്‌ മനസ്സിലാകുന്നില്ല. അതിങ്കൽ, യേശു തന്റെ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക്‌ മടങ്ങിപ്പോയി അവർക്ക്‌ കീഴ്‌പ്പെട്ടിരിക്കുന്നു. അവൻ ജ്ഞാനത്തിലും ശാരീരിക വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വരുന്നു. അതെ, അവൻ തന്റെ ശൈശവം മുതൽ, ആത്മീയ താല്‌പര്യങ്ങൾ അന്വേഷിക്കുന്നതിൽ മാത്രമല്ല തന്റെ മാതാപിതാക്കളോട്‌ ബഹുമാനം കാണിക്കുന്നതിലും നല്ല ഒരു മാതൃക വെക്കുന്നു. ലൂക്കോസ്‌ 2:40-52; 22:7.

▪ യേശു തന്റെ കുടുംബത്തോടൊപ്പം ഏത്‌ വസന്തകാലയാത്രയാണ്‌ പതിവായി ചെയ്‌തത്‌, അതിന്‌ എത്ര ദിവസമെടുത്തിരുന്നു?

▪ യേശുവിന്‌ 12 വയസ്സുണ്ടായിരുന്നപ്പോൾ ചെയ്‌ത യാത്രാവേളയിൽ എന്തു സംഭവിച്ചു?

▪ ഇന്നത്തെ യുവാക്കൾക്ക്‌ യേശു ഏതു മാതൃക വയ്‌ക്കുന്നു?