വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യെരൂശലേമിലേക്കുളള യേശുവിന്റെ അവസാന യാത്രയിൽ പത്തു കുഷ്‌ഠരോഗികൾ സൗഖ്യമാക്കപ്പെടുന്നു

യെരൂശലേമിലേക്കുളള യേശുവിന്റെ അവസാന യാത്രയിൽ പത്തു കുഷ്‌ഠരോഗികൾ സൗഖ്യമാക്കപ്പെടുന്നു

അധ്യായം 92

യെരൂശലേമിലേക്കുളള യേശുവിന്റെ അവസാന യാത്രയിൽ പത്തു കുഷ്‌ഠരോഗികൾ സൗഖ്യമാക്കപ്പെടുന്നു

യെരൂശലേം വിട്ട്‌ യെരൂശലേമിന്‌ വടക്കുകിഴക്കായി ഒരുപക്ഷേ 24 കിലോമീററർ മാത്രം വിദൂരത്തിലുളള എഫ്രയീമിലേക്ക്‌ യാത്ര ചെയ്‌തുകൊണ്ട്‌ തന്നെ വധിക്കാനുളള സൻഹെദ്രീമിന്റെ ശ്രമങ്ങളെ യേശു വിഫലമാക്കുന്നു. തന്റെ ശത്രുക്കളിൽ നിന്ന്‌ അകന്ന്‌ തന്റെ ശിഷ്യൻമാരോടൊപ്പം യേശു അവിടെ പാർക്കുന്നു.

എന്നിരുന്നാലും പൊ. യു. 33-ലെ പെസഹാ പെരുന്നാളിന്റെ സമയം സമീപിക്കുകയാണ്‌, പെട്ടെന്നുതന്നെ യേശു വീണ്ടും യാത്രയാകുന്നു. അവൻ ശമര്യയിലൂടെ ഗലീലവരെ പോകുന്നു. ഇത്‌ ആ പ്രദേശത്തെക്കുളള മരണത്തിനു മുമ്പത്തെ അവന്റെ അവസാനയാത്രയാണ്‌. ഗലീലയിലായിരിക്കെ, സാദ്ധ്യതയനുസരിച്ച്‌ അവനും അവന്റെ ശിഷ്യൻമാരും പെസഹാപെരുന്നാളിൽ സംബന്ധിക്കാൻ യെരൂശലേമിലേക്ക്‌ യാത്ര ചെയ്യുന്ന മററുളളവരോട്‌ ചേരുന്നു. അവർ യോർദ്ദാന്‌ കിഴക്ക്‌ പെരെയ പ്രദേശത്തുകൂടെയുളള വഴിയിലൂടെ യാത്ര ചെയ്യുന്നു.

ഈ യാത്രയുടെ പ്രാരംഭത്തിൽ ശമര്യയിലൊ ഗലീലയിലൊ ഉളള ഒരു ഗ്രാമത്തിൽ വച്ച്‌ കുഷ്‌ഠം ബാധിച്ച പത്തു പുരുഷൻമാർ അവനെ കണ്ടുമുട്ടുന്നു. ഈ ഭയങ്കര രോഗം സാവകാശം ഒരു വ്യക്തിയുടെ ശരീരഭാഗങ്ങൾ—കൈവിരലുകളും കാൽവിരലുകളും ചെവികളും മൂക്കും ചുണ്ടുകളും—കാർന്നു തിന്നുന്നു. ഈ രോഗം മററുളളവർക്ക്‌ പടർന്ന്‌ പിടിക്കാതിരിക്കാൻ കുഷ്‌ഠരോഗികളെ സംബന്ധിച്ച്‌ ദൈവത്തിന്റെ നിയമത്തിൽ ഈ വ്യവസ്ഥയുണ്ടായിരുന്നു: “അവൻ അധരം മൂടിക്കൊണ്ട്‌ ‘അശുദ്ധൻ, അശുദ്ധൻ!’ എന്ന്‌ വിളിച്ചു പറയണം. അവന്‌ രോഗം ഉളള നാളൊക്കെയും അവൻ അശുദ്ധനായിരിക്കണം. . . . അവൻ തനിച്ച്‌ പാർക്കേണം.”

ഈ പത്തു കുഷ്‌ഠരോഗികൾ അവർക്കായുളള ദൈവത്തിന്റെ നിയമം അനുസരിച്ചുകൊണ്ട്‌ യേശുവിൽ നിന്ന്‌ അകന്നു മാറിനിന്നു. എന്നാൽ, “യേശുവേ, ഗുരോ, ഞങ്ങളോട്‌ കരുണ തോന്നേണമേ” എന്ന്‌ അവർ ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു.

അവരെ വിദൂരത്തിൽ കണ്ടിട്ട്‌ യേശു അവരോട്‌ കൽപ്പിക്കുന്നു: “പോയി നിങ്ങളെത്തന്നെ പുരോഹിതൻമാർക്ക്‌ കാണിച്ചു കൊടുക്കുവിൻ.” രോഗം ഭേദമായ കുഷ്‌ഠരോഗിക്ക്‌ രോഗം ഭേദമായി എന്ന്‌ പ്രഖ്യാപിക്കാൻ ദൈവത്തിന്റെ നിയമം പുരോഹിതൻമാരെ അധികാരപ്പെടുത്തിയിരുന്നതിനാലാണ്‌ യേശു ഇങ്ങനെ പറയുന്നത്‌. അങ്ങനെ അവർക്ക്‌ ആരോഗ്യമുളള മററുളളവരോടുകൂടെ വസിക്കുന്നതിനുളള അനുവാദം കിട്ടുന്നു.

ഈ പത്തു കുഷ്‌ഠരോഗികൾക്ക്‌ യേശുവിന്റെ അത്ഭുത സിദ്ധികളിൽ വിശ്വാസമുണ്ട്‌. അതുകൊണ്ട്‌ അപ്പോഴും സൗഖ്യമാക്കപ്പെട്ടിട്ടില്ലെങ്കിലും അവർ പുരോഹിതൻമാരെ കാണാൻ തിടുക്കത്തിൽ പോകുന്നു. വഴിയിൽ വച്ച്‌ യേശുവിലുളള അവരുടെ വിശ്വാസത്തിന്‌ പ്രതിഫലം ലഭിക്കുന്നു. അവർക്ക്‌ വീണ്ടുകിട്ടിയ അവരുടെ ആരോഗ്യം അവർക്ക്‌ കാണാനും അനുഭവിക്കാനും കഴിയുന്നു!

ശുദ്ധരാക്കപ്പെട്ട കുഷ്‌ഠരോഗികളിൽ ഒൻപതുപേരും അവരുടെ യാത്ര തുടരുന്നു. എന്നാൽ പത്താമത്തവൻ, ഒരു ശമര്യാക്കാരൻ യേശുവിനെ അന്വേഷിച്ച്‌ മടങ്ങിവരുന്നു. എന്തിന്‌? എന്തുകൊണ്ടെന്നാൽ തനിക്ക്‌ സംഭവിച്ച കാര്യം സംബന്ധിച്ച്‌ അവന്‌ വളരെയധികം നന്ദിയുണ്ട്‌. അവൻ ഉയർന്ന സ്വരത്തിൽ ദൈവത്തെ സ്‌തുതിക്കുന്നു, യേശുവിനെ കണ്ടെത്തുമ്പോൾ അവന്‌ നന്ദി പറഞ്ഞുകൊണ്ട്‌ അവന്റെ കാൽക്കൽ വീഴുന്നു.

മറുപടിയായി യേശു ചോദിക്കുന്നു: “പത്തു പേരാണ്‌ സൗഖ്യമാക്കപ്പെട്ടത്‌, അല്ലേ? അപ്പോൾ മറേറ ഒൻപതു പേർ എവിടെ? ഈ അന്യജനതയിൽപെട്ടവനല്ലാതെ ആരും ദൈവത്തിന്‌ നന്ദി കൊടുക്കാൻ മടങ്ങിവന്നില്ലല്ലോ?”

പിന്നീട്‌ ആ ശമര്യാക്കാരനോട്‌ അവൻ പറയുന്നു: “എഴുന്നേററ്‌ നിന്റെ വഴിക്ക്‌ പൊയ്‌ക്കൊൾക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു.”

യേശു പത്ത്‌ കുഷ്‌ഠരോഗികളെ സൗഖ്യമാക്കിയതിനെപ്പററി നാം വായിക്കുമ്പോൾ “മറേറ ഒൻപതു പേർ എവിടെ?” എന്നുളള ചോദ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന പാഠം നാം ഹൃദിസ്ഥമാക്കേണ്ടതാണ്‌. ആ ഒൻപതു പേർ പ്രകടമാക്കിയ നന്ദിയില്ലായ്‌മ ഗുരുതരമായ ഒരു പിശകായിരുന്നു. ദൈവത്തിന്റെ നീതിയുളള പുതിയ ലോകത്തിലെ നിത്യജീവന്റെ വാഗ്‌ദാനം ഉൾപ്പെടെ ദൈവത്തിൽ നിന്ന്‌ ലഭിക്കുന്ന നൻമകൾക്ക്‌ നാം ആ ശമര്യാക്കാരെനെപ്പോലെ നന്ദിയുളളവരാണെന്ന്‌ പ്രകടമാക്കുമോ? യോഹന്നാൻ 11:54, 55; ലൂക്കോസ്‌ 17:11-19; ലേവ്യാപുസ്‌തകം 13:16, 17, 45, 46; വെളിപ്പാട്‌ 21:3, 4.

▪ തന്നെ വധിക്കാനുളള ശ്രമങ്ങളെ യേശു വിഫലമാക്കുന്നത്‌ എങ്ങനെയാണ്‌?

▪ യേശു അടുത്തതായി എവിടെ യാത്ര ചെയ്യുന്നു, അവന്റെ ലക്ഷ്യസ്ഥാനം ഏതാണ്‌?

▪ കുഷ്‌ഠരോഗികൾ ദൂരെ മാറിനിൽക്കുന്നത്‌ എന്തുകൊണ്ടാണ്‌, പുരോഹിതൻമാരുടെ അടുത്ത്‌ പോകാൻ യേശു അവരോട്‌ പറയുന്നത്‌ എന്തുകൊണ്ടാണ്‌?

▪ ഈ അനുഭവത്തിൽ നിന്ന്‌ നാം എന്തു പാഠം പഠിക്കണം?