യെരൂശലേമിലേക്ക് ഒരു രഹസ്യയാത്ര
അധ്യായം 65
യെരൂശലേമിലേക്ക് ഒരു രഹസ്യയാത്ര
ഇത് പൊ. യു. 32-ലെ ശരത്‌കാലമാണ്, കൂടാരപ്പെരുന്നാൾ ആസന്നമായിരിക്കുന്നു. പൊ. യു. 31-ലെ പെസഹാ പെരുന്നാളിന് യഹൂദൻമാർ യേശുവിനെ കൊല്ലാൻ ശ്രമിച്ച അന്നുമുതൽ അവൻ തന്റെ പ്രവർത്തനം മുഖ്യമായും ഗലീലയിൽ ഒതുക്കി നിർത്തിയിരിക്കുന്നു. സാദ്ധ്യതയനുസരിച്ച്, അതിനുശേഷം യേശു യഹൂദൻമാരുടെ മൂന്നു വാർഷിക തിരുനാളുകളിൽ സംബന്ധിക്കാൻ വേണ്ടി മാത്രമേ യെരൂശലേം സന്ദർശിച്ചിട്ടുളളു.
“നീ ഇവിടം വിട്ട് യഹൂദ്യയിലേക്ക് പോകുക” എന്ന് പറഞ്ഞ് യേശുവിന്റെ സഹോദരൻമാർ ഇപ്പോൾ അവനെ ഉൽസാഹിപ്പിക്കുന്നു. യരൂശലേം യഹൂദ്യയിലെ പ്രമുഖ നഗരവും മുഴു രാജ്യത്തിന്റെയും മതപരമായ കേന്ദ്രവുമാണ്. അവന്റെ സഹോദരൻമാർ ഇപ്രകാരം ന്യായവാദം ചെയ്യുന്നു: “പരസ്യമായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന യാതൊരാളും രഹസ്യമായി ഒന്നും ചെയ്യുന്നില്ല.”
യാക്കോബും ശിമോനും യോസെയും യൂദായും തങ്ങളുടെ ജ്യേഷ്‌ഠ സഹോദരൻ യേശു വാസ്‌തവത്തിൽ മശിഹായാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും പെരുന്നാളിന് വന്നുകൂടുന്ന ജനങ്ങളെയെല്ലാം അവൻ തന്റെ അത്ഭുതസിദ്ധികൾ കാണിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നിരുന്നാലും യേശുവിന് അതിലെ അപകടം മനസ്സിലാകുന്നുണ്ട്. “ലോകത്തിന് നിങ്ങളെ ദ്വേഷിക്കാൻ കാരണമൊന്നുമില്ല,” അവൻ പറയുന്നു, “എന്നാൽ അത് എന്നെ ദ്വേഷിക്കുന്നു, എന്തുകൊണ്ടെന്നാൽ അതിന്റെ പ്രവൃത്തികൾ ദുഷ്ടമെന്ന് ഞാൻ സാക്ഷ്യം പറയുന്നു.” അതുകൊണ്ട് യേശു തന്റെ സഹോദരൻമാരോട് പറയുന്നു: “നിങ്ങൾ പെരുന്നാളിന് പൊയ്‌ക്കൊളളുവിൻ; ഞാൻ ഈ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ല.”
കൂടാരപ്പെരുന്നാൾ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഒരു ആഘോഷമാണ്. എട്ടാം ദിവസം ഭക്താഡംബരപൂർവ്വകമായ ചില ചടങ്ങുകളോടെ അത് പര്യവസാനിക്കുന്നു. ഈ പെരുന്നാൾ കാർഷിക വർഷത്തിന്റെ അവസാനത്തെ കുറിക്കുന്നു. അത് വലിയ സന്തോഷത്തിന്റെയും നന്ദിപ്രകടനത്തിന്റെയും ഒരു സമയമാണ്. തീർത്ഥാടകരുടെ മുഖ്യ സംഘത്തോടൊപ്പം യേശുവിന്റെ സഹോദരൻമാർ പോയി പല ദിവസങ്ങൾക്ക് ശേഷം യേശുവും ശിഷ്യൻമാരും ജനങ്ങളുടെ കണ്ണിൽപ്പെടാതെ രഹസ്യമായി പോകുന്നു. സാധാരണ ആളുകൾ സഞ്ചരിക്കുന്നതും യോർദ്ദാനു സമീപത്തു കൂടെയുളളതുമായ വഴിയെ പോകാതെ അവർ ശമര്യയിലൂടെയുളള വഴിയെ പോകുന്നു.
യേശുവിനും കൂടെയുളളവർക്കും ഒരു ശമര്യഗ്രാമത്തിൽ താമസസൗകര്യം ആവശ്യമായതിനാൽ ഒരുക്കങ്ങൾ ചെയ്യുന്നതിന് അവൻ ചില ദൂതൻമാരെ തനിക്കു മുമ്പായി അയക്കുന്നു. യേശു യെരൂശലേമിലേക്ക് പോകുകയാണെന്നറിഞ്ഞപ്പോൾ അവനു വേണ്ടി എന്തെങ്കിലും ചെയ്യാൻ അവിടത്തെ ജനങ്ങൾ വിസമ്മതിക്കുന്നു. യാക്കോബും യോഹന്നാനും കോപിച്ച് യേശുവിനോട് ചോദിക്കുന്നു: “കർത്താവെ, ഞങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് തീ വിളിച്ചിറക്കി അവരെ നശിപ്പിക്കാൻ നീ ആഗ്രഹിക്കുന്നുവോ?” അത്തരം ഒരു കാര്യം നിർദ്ദേശിച്ചതിന് യേശു അവരെ ശാസിക്കുന്നു; തുടർന്ന് അവർ മറെറാരു ഗ്രാമത്തിലേക്ക് പോകുന്നു.
അവർ യാത്ര ചെയ്യുകയിൽ ഒരു ശാസ്‌ത്രി യേശുവിനോട് പറയുന്നു: “ഗുരോ, നീ എവിടെ പോകയാണെങ്കിലും ഞാൻ നിന്നെ അനുഗമിക്കാം.”
“കുറുനരികൾക്ക് മാളങ്ങളും ആകാശത്തിലെ പക്ഷികൾക്ക് കൂടുകളുമുണ്ട്,” യേശു മറുപടിയായി പറയുന്നു. “എന്നാൽ മനുഷ്യപുത്രന് തല ചായ്‌ക്കാൻ ഇടമില്ല.” ആ ശാസ്‌ത്രി തന്റെ അനുഗാമിയായിത്തീരുകയാണെങ്കിൽ അയാൾ കഷ്ടം അനുഭവിക്കേണ്ടി വരും എന്ന് യേശു വിശദീകരിക്കുകയാണ്. അത്തരമൊരു ജീവിതം തെരഞ്ഞെടുക്കാൻ കഴിയാതവണ്ണം ശാസ്‌ത്രി ഉന്നതഭാവമുളളവനാണ് എന്നാണ് സൂചന.
മറെറാരു മനുഷ്യനോട് യേശു പറയുന്നു: “എന്നെ അനുഗമിക്കുക.”
“ആദ്യമേ ഞാൻ പോയി എന്റെ പിതാവിനെ അടക്കം ചെയ്യാൻ അനുവദിക്കണം,” ആ മനുഷ്യൻ മറുപടിയായി പറയുന്നു.
“മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ,” യേശു പ്രതിവചിക്കുന്നു, “എന്നാൽ നീ പോയി ദൈവരാജ്യം പ്രസംഗിക്കുക.” പ്രത്യക്ഷത്തിൽ, ആ മമനുഷ്യന്റെ പിതാവ് അപ്പോഴും മരിച്ചിട്ടില്ലായിരുന്നു, മരിച്ചിരുന്നുവെങ്കിൽ അയാൾ അവിടെ വന്ന് യേശുവിനെ ശ്രദ്ധിക്കാൻ സാദ്ധ്യതയില്ല. ആ മകൻ പിതാവിന്റെ മരണംവരെ കാത്തിരിക്കാനുളള സാവകാശമാണ് ആവശ്യപ്പെടുന്നത്? അയാൾ ദൈവരാജ്യം തന്റെ ജീവിതത്തിൽ ഒന്നാമത് വയ്‌ക്കാൻ തയ്യാറല്ല.
അവർ യെരൂശലേമിലേക്കുളള യാത്ര തുടരവേ മറെറാരു മനുഷ്യൻ യേശുവിനോട് പറയുന്നു: “കർത്താവേ, ഞാൻ നിശ്ചയമായും നിന്നെ അനുഗമിക്കാം, എന്നാൽ ആദ്യം പോയി വീട്ടിലുളളവരോട് യാത്ര ചോദിക്കാൻ എന്നെ അനുവദിക്കണം.”
ഉത്തരമായി യേശു പറയുന്നു: “കലപ്പയിൽ കൈ വച്ചിട്ട് പിമ്പിലുളള വസ്‌തുക്കളിലേക്ക് നോക്കുന്നവൻ ദൈവരാജ്യത്തിന് കൊളളാവുന്നവനല്ല.” യേശുവിന്റെ ശിഷ്യൻമാരായിരിക്കാൻ ആഗ്രഹിക്കുന്നവർ രാജ്യസേവനത്തിൽ തങ്ങളുടെ ദൃഷ്ടികൾ പതിപ്പിക്കണം. കലപ്പക്കാരൻ നേരെ മുമ്പോട്ട് നോക്കുന്നില്ലെങ്കിൽ ഉഴവുചാൽ വളഞ്ഞു പോകാൻ ഇടയുളളതുപോലെ ഈ പഴയ വ്യവസ്ഥിതിയിലേക്ക് പിന്തിരിഞ്ഞു നോക്കുന്ന ഏതൊരുവനും നിത്യജീവനിലേക്ക് നയിക്കുന്ന പാതയിൽ നിന്ന് ഇടറി മാറാൻ ഇടയുണ്ട്. യോഹന്നാൻ 7:2-10; ലൂക്കോസ് 9:51-62; മത്തായി 8:19-22.
▪ യേശുവിന്റെ സഹോദരൻമാർ ആരെല്ലാമാണ്, അവർ അവനെ സംബന്ധിച്ച് എന്തു വിചാരിക്കുന്നു?
▪ ശമര്യാക്കാർ ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നത് എന്തുകൊണ്ടാണ്, യാക്കോബും യോഹന്നാനും എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു?
▪ വഴിയിൽ വച്ച് യേശു നടത്തുന്ന മൂന്നു സംഭാഷണങ്ങൾ ഏതൊക്കെയാണ്, ആത്മത്യാഗപരമായ സേവനത്തിന്റെ ആവശ്യം അവൻ ഊന്നിപ്പറയുന്നത് എപ്രകാരമാണ്?