വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യെശയ്യാവിന്റെ പ്രവചനം നിവർത്തിക്കുന്നു

യെശയ്യാവിന്റെ പ്രവചനം നിവർത്തിക്കുന്നു

അധ്യായം 33

യെശയ്യാവിന്റെ പ്രവചനം നിവർത്തിക്കുന്നു

പരീശരും ഹെരോദാവിന്റെ പാർട്ടിക്കാരും തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന്‌ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ യേശുവും അവന്റെ ശിഷ്യൻമാരും ഗലീലക്കടൽക്കരക്ക്‌ പോകുന്നു. ഇവിടെ പലസ്‌തീന്റെ എല്ലാ ഭാഗത്തുനിന്നും അതിന്റെ അതിരുകൾക്കപ്പുറത്തുനിന്നും വലിയ പുരുഷാരം അവന്റെയടുത്തെത്തുന്നു. അവൻ അനേകരെ സൗഖ്യമാക്കുന്നു, അതിന്റെ ഫലമായി വലിയ രോഗങ്ങളുളള അനേകരും അവനെ തൊടുന്നതിനുവേണ്ടി മുമ്പോട്ട്‌ തളളുന്നു.

പുരുഷാരം വലുതാകയാൽ തുടർച്ചയായുളള തന്റെ ഉപയോഗത്തിനായി ഒരു പടക്‌ ക്രമീകരിക്കാൻ യേശു തന്റെ ശിഷ്യൻമാരോടാവശ്യപ്പെടുന്നു. തീരത്തുനിന്ന്‌ പടക്‌ നീക്കിയാൽ പുരുഷാരം തന്നെ തളളുന്നത്‌ ഒഴിവാക്കാൻ കഴിയും. അവന്‌ പടകിൽ ഇരുന്നുകൊണ്ട്‌ അവരെ ഉപദേശിക്കുന്നതിനോ കടലിലൂടെ മറെറാരു സ്ഥലത്തുപോയി അവിടെയുളളവരെ സഹായിക്കുന്നതിനോ കഴിയും.

യേശുവിന്റെ പ്രവർത്തനം “പ്രവാചകനായ യെശയ്യാവ്‌ പറഞ്ഞത്‌” നിവർത്തിക്കുന്നുവെന്ന്‌ ശിഷ്യനായ മത്തായി കുറിക്കൊളളുന്നു. അതിനുശേഷം യേശു നിവർത്തിക്കുന്ന പ്രവചനം മത്തായി ഉദ്ധരിക്കുന്നു:

“ഇതാ! ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉളളം അംഗീകരിക്കുന്ന എന്റെ പ്രിയൻ! ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും. അവൻ ജനതകൾക്ക്‌ നീതി അറിയിക്കും. അവൻ കോലാഹലമുണ്ടാക്കയില്ല, നിലവിളിക്കയില്ല, ആരും തെരുവുകളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. ചതഞ്ഞ ഈറൽ അവൻ ഒടിച്ചുകളയുകയില്ല, പുകയുന്നതിരി കെടുത്തുകയില്ല, അവൻ നീതി ജയത്തോളം നടത്തും. വാസ്‌തവത്തിൽ അവന്റെ നാമത്തിൽ ജനതകൾ പ്രത്യാശ വെക്കും.”

വാസ്‌തവത്തിൽ യേശു ദൈവം അംഗീകരിക്കുന്ന പ്രിയ ദാസനാണ്‌. വ്യാജമതപാരമ്പര്യങ്ങളാൽ മറക്കപ്പെട്ടിരുന്ന യഥാർത്ഥ നീതിയെ അവൻ വ്യക്തമാക്കുന്നു. ദൈവനിയമത്തെ അന്യായമായി ബാധകമാക്കിയതിനാൽ പരീശൻമാർ ശബ്ബത്തിൽ ഒരു രോഗിയുടെ സഹായത്തിന്‌ എത്തുകപോലുമില്ലായിരുന്നു! അതുകൊണ്ട്‌ ദൈവത്തിന്റെ നീതി വ്യക്തമാക്കിക്കൊണ്ട്‌ യേശു അന്യായമായ പാരമ്പര്യങ്ങളുടെ ഭാരത്തിൽ നിന്ന്‌ ആളുകളെ സ്വതന്ത്രരാക്കുന്നു. അത്‌ നിമിത്തം മതനേതാക്കൾ യേശുവിനെ കൊല്ലാൻ നോക്കുന്നു.

‘അവൻ കോലാഹലമുണ്ടാക്കയില്ല, തെരുവുകളിൽ കേൾക്കത്തക്കവിധം ശബ്ദം ഉയർത്തുകയില്ല’ എന്നതിന്റെ അർത്ഥമെന്താണ്‌? അവൻ ആളുകളെ സൗഖ്യമാക്കുമ്പോൾ ‘തന്നെ വെളിപ്പെടുത്തരുതെന്ന്‌ കർശനമായി ആജ്ഞാപിക്കുന്നു.’ തെരുവുകളിൽ ഉച്ചസ്വരത്തിൽ തന്നെ പരസ്യപ്പെടുത്തണമെന്നോ തന്നെക്കുറിച്ച്‌ ആവേശമുളവാക്കുന്നതോ തെററായ ധാരണ നൽകുന്നതോ ആയ റിപ്പോർട്ടുകൾ ആളുകൾ പറഞ്ഞു പരത്തണമെന്നോ അവൻ ആഗ്രഹിക്കുന്നില്ല.

കൂടാതെ, യേശു ആശ്വാസദായകമായ തന്റെ ദൂത്‌ വഹിക്കുന്നത്‌ പ്രതീകാത്മകമായി വളച്ച്‌ ചവിട്ടിമെതിച്ച ഈറൽ പോലെയുളളവർക്കുവേണ്ടിയാണ്‌. അവർ പുകയുന്ന തിരിപോലെയാണ്‌, അവരുടെ ജീവന്റെ അവസാനത്തെ പൊരിയും ഏതാണ്ട്‌ നീറിയതുപോലെയാണ്‌. യേശു ചതഞ്ഞ ഈറൽ ഒടിച്ചുകളയുകയോ പുകയുന്ന തിരി കെടുത്തുകയോ ചെയ്യുന്നില്ല. പിന്നെയോ അവൻ സ്‌നേഹത്തോടും ആർദ്രതയോടും കൂടെ എളിയവരെ വിദഗ്‌ദ്‌ധമായി ഉയർത്തുകയാണ്‌. വാസ്‌തവത്തിൽ ജനതകൾക്ക്‌ പ്രത്യാശ വെക്കാൻ കഴിയുന്ന ഒരുവൻ യേശുവാണ്‌. മത്തായി 12:15-21; മർക്കോസ്‌ 3:7-12; യെശയ്യാവ്‌ 42:1-4.

▪ യേശു തെരുവുകളിൽ തന്റെ ശബ്ദം ഉയർത്താതെയും കോലാഹലമുണ്ടാക്കാതെയും നീതി വ്യക്തമാക്കുന്നതെങ്ങനെ?

▪ ആരാണ്‌ ചതഞ്ഞ ഈറൽപോലെയും പുകയുന്ന തിരിപോലെയും ആയിരിക്കുന്നത്‌, യേശു അവരോടിടപെടുന്നതെങ്ങനെ?