വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനെ കുടുക്കുന്നതിൽ അവർ പരാജയപ്പെടുന്നു

യേശുവിനെ കുടുക്കുന്നതിൽ അവർ പരാജയപ്പെടുന്നു

അധ്യായം 108

യേശുവിനെ കുടുക്കുന്നതിൽ അവർ പരാജയപ്പെടുന്നു

യേശു ആലയത്തിൽ ഉപദേശിക്കുകയായിരുന്നതിനാലും തന്റെ മതപരമായ എതിരാളികളുടെ ദുഷ്ടതയെ തുറന്നു കാട്ടുന്ന മൂന്നു ഉപമകൾ അവൻ അവരോട്‌ പറഞ്ഞതിനാലും പരീശൻമാർ കോപിച്ച്‌ അവനെ അറസ്‌ററ്‌ ചെയ്യിക്കാൻ പററുന്ന എന്തെങ്കിലും അവനെക്കൊണ്ട്‌ പറയിക്കാൻ തക്കവണ്ണം അവനെ കുരുക്കിലാക്കാൻ അവർ തമ്മിൽ ആലോചന കഴിക്കുന്നു. അവർ ഒരു പദ്ധതി ആസൂത്രണം ചെയ്‌ത്‌ അവരുടെ ശിഷ്യൻമാരെ ഹെരോദാവിന്റെ പാർട്ടിക്കാരോടുകൂടെ അവനെ വാക്കിൽ കുടുക്കേണ്ടതിന്‌ അവന്റെ അടുക്കൽ അയക്കുന്നു.

“ഗുരോ”, ആ പുരുഷൻമാർ പറയുന്നു, “നീ സത്യസന്ധനാണെന്നും നീ സത്യത്തിൽ ദൈവത്തിന്റെ വഴികൾ പഠിപ്പിക്കുന്നുവെന്നും മനുഷ്യരുടെ ബാഹ്യപ്രത്യക്ഷത നോക്കാത്തതിനാൽ നീ ആരെയും പ്രത്യേകാൽ പരിഗണിക്കുന്നില്ലെന്നും ഞങ്ങൾക്കറിയാം. അതുകൊണ്ട്‌ ഞങ്ങളോട്‌ പറയു, നീ എന്തു വിചാരിക്കുന്നു? കൈസർക്ക്‌ തലവരി കൊടുക്കുന്നത്‌ ഉചിതമോ അല്ലയോ?”

ഈ മുഖസ്‌തുതിയാൽ യേശു വഞ്ചിക്കപ്പെടുന്നില്ല. ‘അല്ല, ഈ നികുതി കൊടുക്കുന്നത്‌ ഉചിതമല്ല’ എന്ന്‌ അവൻ പറഞ്ഞാൽ റോമിനെതിരെ മൽസരിച്ചു എന്ന കുററം തന്റെ മേൽ വരും എന്ന്‌ യേശു തിരിച്ചറിയുന്നു. എന്നാൽ ‘അതെ, നിങ്ങൾ ഈ നികുതി നൽകണം’ എന്ന്‌ അവൻ പറഞ്ഞാലോ റോമിനോടുളള തങ്ങളുടെ വിധേയത്വത്തെ നിന്ദ്യമായിക്കാണുന്ന യഹൂദൻമാർ അവനെ ദ്വേഷിക്കും. അതുകൊണ്ട്‌ ഉത്തരമായി അവൻ പറയുന്നു: ‘കപടഭക്തിക്കാരെ, നിങ്ങൾ എന്തിന്‌ എന്നെ പരീക്ഷിക്കുന്നു? തലവരിക്കുളള നാണയം എന്നെ കാണിക്കു.”

അവർ ഒരു നാണയം കൊണ്ടുവരുമ്പോൾ അവൻ ചോദിക്കുന്നു: “ഈ രൂപവും എഴുത്തും ആരുടേതാണ്‌?”

“കൈസരുടേത്‌,” അവർ പ്രതിവചിക്കുന്നു.

“അതുകൊണ്ട്‌ കൈസറുടെ വസ്‌തുക്കൾ കൈസർക്കും ദൈവത്തിന്റെ വസ്‌തുക്കൾ ദൈവത്തിനും തിരികെ കൊടുക്കുക.” കൊളളാം, യേശുവിന്റെ ആധികാരികമായ ഉത്തരം കേൾക്കുമ്പോൾ അവർ അതിശയിക്കുന്നു. അവർ അവനെ വിട്ട്‌പോകുന്നു.

യേശുവിനെതിരെ എന്തെങ്കിലും കണ്ടുപിടിക്കുന്നതിൽ പരീശൻമാർ പരാജയപ്പെട്ടത്‌ കണ്ടിട്ട്‌ പുനരുത്ഥാനം ഇല്ല എന്ന്‌ പറയുന്ന സദൂക്യർ അവനെ സമീപിച്ച്‌ ഇപ്രകാരം ചോദിക്കുന്നു: “ഗുരോ, ‘ഒരു മനുഷ്യൻ മക്കൾ ഇല്ലാത്തവനായി മരിച്ചാൽ അവന്റെ സഹോദരൻ അയാളുടെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്‌ മക്കളെ ജനിപ്പിക്കണ’മെന്ന്‌ മോശെ കൽപ്പിച്ചുവല്ലോ. ഇതാ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരൻമാരുണ്ടായിരുന്നു; മൂത്തവൻ വിവാഹം കഴിച്ചശേഷം മരിച്ചു, മക്കളില്ലായ്‌കയാൽ തന്റെ ഭാര്യയെ സഹോദരന്‌ വിട്ടേച്ചുപോയി. രണ്ടാമനും മൂന്നാമനും ഏഴാമത്തവൻ വരെ അങ്ങനെ സംഭവിച്ചു. ഒടുവിൽ ആ സ്‌ത്രീയും മരിച്ചു. അതുകൊണ്ട്‌ പുനരുത്ഥാനത്തിൽ അവൾ ഈ ഏഴു പേരിൽ ആർക്ക്‌ ഭാര്യയായിരിക്കും? അവൾ എല്ലാവർക്കും ഭാര്യയായിരുന്നുവല്ലോ.”

മറുപടിയായി യേശു പറയുന്നു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്‌കയാൽ അല്ലയോ തെററിപ്പോകുന്നത്‌? എന്തുകൊണ്ടെന്നാൽ അവർ മരിച്ചവരുടെ ഇടയിൽ നിന്ന്‌ എഴുന്നേൽക്കുമ്പോൾ പുരുഷൻമാർ വിവാഹം കഴിക്കുകയോ സ്‌ത്രീകൾ വിവാഹത്തിന്‌ കൊടുക്കപ്പെടുകയോ ചെയ്യുന്നില്ല, മറിച്ച്‌ അവർ സ്വർഗ്ഗത്തിലെ ദൂതൻമാരെപ്പോലെ ആയിരിക്കും. എന്നാൽ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച്‌ മോശെയുടെ പുസ്‌തകത്തിൽ മുൾപ്പടർപ്പിനെക്കുറിച്ചുളള വിവരണത്തിൽ ദൈവം അവനോട്‌ ഇപ്രകാരം പറഞ്ഞതായി നിങ്ങൾ വായിച്ചിട്ടില്ലയോ? ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്‌ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു.’ അവൻ മരിച്ചവരുടെയല്ല ജീവിച്ചിരിക്കുന്നവരുടെ ദൈവമത്രെ. നിങ്ങൾ വളരെ തെററിപ്പോയിരിക്കുന്നു.”

വീണ്ടും യേശുവിന്റെ മറുപടി കേട്ടിട്ട്‌ ജനക്കൂട്ടം വിസ്‌മയിച്ചു. “ഗുരോ നീ നന്നായി സംസാരിച്ചിരിക്കുന്നു” എന്ന്‌ ശാസ്‌ത്രിമാരിൽ ചിലരും സമ്മതിച്ചു പറയുന്നു.

യേശു സദൂക്യരെ നിശബ്ദരാക്കിയതിനെപ്പററി കേട്ടിട്ട്‌ പരീശൻമാർ ഒരു സംഘമായി അവന്റെ അടുക്കൽ വരുന്നു. അവനെ കൂടുതലായി പരീക്ഷിക്കുന്നതിന്‌ ശാസ്‌ത്രിമാരിൽ ഒരുവൻ അവനോട്‌: “ഗുരോ ന്യായപ്രമാണത്തിലെ ഏററവും വലിയ കൽപ്പന ഏതാകുന്നു?” എന്ന്‌ ചോദിക്കുന്നു.

മറുപടിയായി യേശു: “ഒന്നാമത്തേത്‌ ഇതാകുന്നു, ‘ഇസ്രായേലേ കേൾക്ക, നിന്റെ ദൈവമായ യഹോവ ഏക യഹോവയാകുന്നു, നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്‌നേഹിക്കണം.’ രണ്ടാമത്തേത്‌ ഇതാകുന്നു, ‘നീ നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കേണം.’ ഇതിലും വലുതായി യാതൊരു കൽപ്പനയും ഇല്ല.” വാസ്‌തവത്തിൽ യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഈ രണ്ടു കൽപ്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകൻമാരും അടങ്ങിയിരിക്കുന്നു.”

“ഗുരോ നീ സത്യത്തിന്‌ ചേർച്ചയായി നന്നായി സംസാരിച്ചിരിക്കുന്നു,” ആ ശാസ്‌ത്രി സമ്മതിക്കുന്നു. “‘അവൻ ഏകനാകുന്നു, അവനല്ലാതെ മറെറാരുത്തനുമില്ല.’ അവനെ ഒരുവന്റെ മുഴുഹൃദയത്തോടും മുഴുഗ്രാഹ്യത്തോടും മുഴുശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും ഒരുവന്റെ അയൽക്കാരനെ തന്നെപ്പോലെ തന്നെ സ്‌നേഹിക്കുന്നതും എല്ലാ ദഹനയാഗങ്ങളെക്കാളും ബലികളെക്കാളും വിലപ്പെട്ടതാകുന്നു.”

ആ ശാസ്‌ത്രി ബുദ്ധിപൂർവ്വം സംസാരിച്ചിരിക്കുന്നു എന്ന്‌ കണ്ട്‌ യേശു അയാളോട്‌ പറയുന്നു: “നീ ദൈവരാജ്യത്തിൽ അകലെയല്ല.”

ഇപ്പോൾ കഴിഞ്ഞ മൂന്നു ദിവസമായി—ഞായർ, തിങ്കൾ, ചൊവ്വ—യേശു ആലയത്തിൽ ഉപദേശിക്കുകയായിരുന്നു. ജനങ്ങൾ സന്തോഷപൂർവ്വം അവനെ ശ്രവിച്ചിരിക്കുന്നു. എന്നാൽ മതനേതാക്കൻമാർ അവനെ കൊന്നുകളയാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇതുവരെയുളള അവരുടെ ശ്രമങ്ങൾ വ്യർത്ഥമായിപ്പോയി. മത്തായി 22:15-40; മർക്കോസ്‌ 12:13-34; ലൂക്കോസ്‌ 20:20-40.

▪ യേശുവിനെ കുടുക്കാൻ പരീശൻമാർ എന്തു പദ്ധതിയാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌, അവൻ ‘ഉവ്വ്‌’ എന്നോ ‘ഇല്ല’ എന്നോ പറഞ്ഞാൽ എന്തു സംഭവിക്കുമായിരുന്നു?

▪ തന്നെ കുരുക്കാനുളള സദൂക്യരുടെ ശ്രമത്തെ യേശു എങ്ങനെയാണ്‌ പരാജയപ്പെടുത്തുന്നത്‌?

▪ യേശുവിനെ പരീക്ഷിക്കാൻ പരീശൻമാർ കൂടുതലായ എന്തു ശ്രമം നടത്തുന്നു, എന്തു ഫലത്തോടെ?

▪ യെരൂശലേമിലെ തന്റെ അന്തിമ ശുശ്രൂഷക്കാലത്ത്‌ എത്ര ദിവസമാണ്‌ യേശു ആലയത്തിൽ ഉപദേശിക്കുന്നത്‌, എന്തു ഫലത്തോടെ?