വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനെ പിടിക്കുന്നതിൽ അവർ പരാജയപ്പെടുന്നു

യേശുവിനെ പിടിക്കുന്നതിൽ അവർ പരാജയപ്പെടുന്നു

അധ്യായം 67

യേശുവിനെ പിടിക്കുന്നതിൽ അവർ പരാജയപ്പെടുന്നു

കൂടാരപ്പെരുന്നാളിന്റെ ആഘോഷങ്ങൾക്കിടയിൽ യേശുവിനെ പിടികൂടാൻ മതനേതാക്കൻമാർ പോലീസ്‌ ഉദ്യോഗസ്ഥൻമാരെ അയക്കുന്നു. അവൻ ഒളിക്കാൻ ശ്രമിക്കുന്നില്ല. മറിച്ച്‌, ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യേശു പരസ്യമായി പഠിപ്പിച്ചുകൊണ്ടിരുന്നു: “എന്നെ അയച്ചവന്റെ അടുക്കലേക്ക്‌ മടങ്ങിപ്പോകുന്നതിന്‌ മുമ്പ്‌ അൽപ്പകാലംകൂടെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങൾ എന്നെ അന്വേഷിക്കും എന്നാൽ കണ്ടെത്തുകയില്ല, ഞാൻ ആയിരിക്കുന്നിടത്ത്‌ നിങ്ങൾക്ക്‌ വരാൻ കഴിയുകയുമില്ല.”

യഹൂദൻമാർക്ക്‌ മനസ്സിലാകുന്നില്ല, അതുകൊണ്ട്‌ അവർ പരസ്‌പരം ചോദിക്കുന്നു: “നമുക്ക്‌ അവനെ കണ്ടെത്താൻ കഴിയാതിരിക്കത്തക്കവണ്ണം ഈ മനുഷ്യൻ എങ്ങോട്ടാണ്‌ പോകാനിരിക്കുന്നത്‌? ഗ്രീക്കുകാർക്കിടയിൽ ചിതറിപ്പാർക്കുന്ന യഹൂദൻമാരുടെ അടുത്തേക്ക്‌ പോകാനും ഗ്രീക്കുകാരെ പഠിപ്പിക്കാനും അവൻ ഉദ്ദേശിക്കുന്നില്ല, ഉവ്വോ? ‘നിങ്ങൾ എന്നെ അന്വേഷിക്കും എന്നാൽ കണ്ടെത്തുകയില്ല എന്നും ഞാൻ ആയിരിക്കുന്നിടത്ത്‌ നിങ്ങൾക്ക്‌ വരാൻ കഴിയുകയില്ല’ എന്നും അവൻ പറഞ്ഞതിന്റെ അർത്ഥമെന്താണ്‌?” യേശു വാസ്‌തവത്തിൽ തന്റെ ആസന്നമായ മരണത്തെയും തന്റെ ശത്രുക്കൾക്ക്‌ കടന്നുവരാൻ കഴിയാത്തിടമായ സ്വർഗ്ഗത്തിലെ ജീവനിലേക്കുളള തന്റെ പുനരുത്ഥാനത്തെയും കുറിച്ചാണ്‌ സംസാരിക്കുന്നത്‌.

പെരുന്നാളിന്റെ ഏഴാമത്തേതും അവസാനത്തേതുമായ ദിവസം വന്നെത്തുന്നു. പെരുന്നാളിന്റെ ഓരോ ദിവസവും പ്രഭാതത്തിൽ ഒരു പുരോഹിതൻ ശീലോഹാം കുളത്തിൽ നിന്നും കൊണ്ടുവന്ന വെളളം ബലിപീഠത്തിന്റെ ചുവട്ടിലേക്ക്‌ ഒഴുകിചെല്ലുവാൻ തക്കവണ്ണം ഒഴിച്ചിരുന്നു. ഒരുപക്ഷേ ദിവസംതോറുമുളള ഈ ചടങ്ങിനെപ്പററി ആളുകളെ അനുസ്‌മരിപ്പിച്ചുകൊണ്ട്‌ യേശു വിളിച്ചു പറയുന്നു: “ദാഹിക്കുന്ന ഏവനും എന്റെ അടുക്കൽ വന്ന്‌ കുടിക്കട്ടെ. എന്നിൽ വിശ്വാസം അർപ്പിക്കുന്നവന്‌ തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നപ്രകാരം, അവന്റെ ഉളളിൽനിന്ന്‌ ജീവജലനദി ഒഴുകും.”

വാസ്‌തവത്തിൽ യേശു ഇവിടെ പരിശുദ്ധാത്മാവ്‌ പകരപ്പെടുമ്പോൾ ഉണ്ടാകുന്ന മഹത്തായ അനന്തര ഫലങ്ങളെപ്പററിയാണ്‌ സംസാരിക്കുന്നത്‌. പിറേറ വർഷം പെന്തക്കോസ്‌ത്‌നാളിൽ പരിശുദ്ധാത്മാവിന്റെ ഈ പകരൽ സംഭവിക്കുന്നു. നൂററിയിരുപതു ശിഷ്യൻമാർ ജനങ്ങൾക്ക്‌ ശുശ്രൂഷ ചെയ്‌തു തുടങ്ങുമ്പോൾ ജീവജലനദി ഒഴുകിത്തുടങ്ങുന്നു. എന്നാൽ അപ്പോൾവരെ ക്രിസ്‌തുവിന്റെ ശിഷ്യൻമാരിൽ ആരും പരിശുദ്ധാത്മാവുകൊണ്ട്‌ അഭിഷേകം ചെയ്യപ്പെടുകയോ സ്വർഗ്ഗീയ ജീവനിലേക്ക്‌ വിളിക്കപ്പെടുകയോ ചെയ്‌തിട്ടില്ല എന്ന അർത്ഥത്തിൽ അവർക്ക്‌ പരിശുദ്ധാത്മാവ്‌ ഇല്ല.

യേശുവിന്റെ പഠിപ്പിക്കലിനോടുളള പ്രതികരണമായി ചിലർ ഇപ്രകാരം പറയുന്നു: “ഇത്‌ തീർച്ചയായും ആ പ്രവാചകനാണ്‌,” തെളിവനുസരിച്ച്‌, വരുമെന്ന്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്ന മോശയേക്കാൾ വലിയ പ്രവാചകനെയാണ്‌ അവർ പരാമർശിക്കുന്നത്‌. മററുചിലർ പറയുന്നു: “ഇത്‌ ക്രിസ്‌തുവാണ്‌.” എന്നാൽ മററുചിലർ പ്രതിഷേധിക്കുന്നു: ക്രിസ്‌തു വാസ്‌തവത്തിൽ ഗലീലയിൽ നിന്നല്ല വരുന്നത്‌, ആണോ? ക്രിസ്‌തു ദാവീദിന്റെ സന്തതിയായിരിക്കുമെന്നും ദാവീദ്‌ വസിച്ചിരുന്ന ഗ്രാമമായ ബേത്‌ലഹേമിൽ നിന്ന്‌ വരുന്നുവെന്നും തിരുവെഴുത്തുകളിൽ പറഞ്ഞിട്ടില്ലേ?”

അങ്ങനെ ജനക്കൂട്ടത്തിനിടയിൽ ഒരു ഭിന്നത വികാസം പ്രാപിക്കുന്നു. യേശു പിടിക്കപ്പെടണമെന്ന്‌ ചിലർ ആഗ്രഹിക്കുന്നു, എന്നാൽ ആരും അവന്റെമേൽ കൈവയ്‌ക്കുന്നില്ല. പോലീസ്‌ ഉദ്യോസ്ഥൻമാർ യേശുവിനെ കൂടാതെ മടങ്ങിവരുമ്പോൾ പ്രധാനപുരോഹിതൻമാരും പരീശൻമാരും ചോദിക്കുന്നു: “നിങ്ങൾ അവനെ പിടിച്ചുകൊണ്ടുവരാഞ്ഞത്‌ എന്ത്‌?”

“യാതൊരു മനുഷ്യനും ഇതുവരെ ഇങ്ങനെ സംസാരിച്ചിട്ടില്ല” എന്ന്‌ ഉദ്യോഗസ്ഥൻമാർ മറുപടി പറയുന്നു.

കോപിഷ്‌ഠരായ മതനേതാക്കൻമാർ പരിഹാസവും ദുർവ്യാഖ്യാനവും ദുഷിയും പ്രയോഗിക്കുന്നു. അവർ പരിഹസിക്കുന്നു: “നിങ്ങളും വഴിതെററിക്കപ്പെട്ടോ? ഭരണാധിപൻമാരിൽ ആരെങ്കിലുമോ പരീശൻമാരിൽ ആരെങ്കിലുമോ അവനിൽ വിശ്വസിച്ചിട്ടില്ല ഉണ്ടോ? എന്നാൽ ന്യായപ്രമാണം അറിയാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടവരാകുന്നു.”

ഇതിങ്കൽ ഒരു പരീശനും യഹൂദൻമാരുടെ ഭരണാധിപൻമാരിൽ ഒരാളുമായ (സൻഹദ്രീമിലെ ഒരംഗം) നിക്കോദേമൊസ്‌ യേശുവിനുവേണ്ടി സംസാരിക്കാൻ ധൈര്യപ്പെടുന്നു. രണ്ടരവർഷങ്ങൾക്കുമുമ്പ്‌ നിക്കോദേമൊസ്‌ രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്ന്‌ അവനിൽ വിശ്വാസം പ്രകടമാക്കിയത്‌ നിങ്ങൾ ഓർമ്മിക്കുന്നുണ്ടായിരിക്കുമല്ലോ. ഇപ്പോൾ നിക്കോദേമൊസ്‌ പറയുന്നു: “ഒരു മനുഷ്യനിൽ നിന്ന്‌ അയാൾ എന്താണ്‌ ചെയ്യുന്നത്‌ എന്ന്‌ കേൾക്കാതെ അയാളെ ന്യായം വിധിക്കാൻ നമ്മുടെ നിയമം അനുവദിക്കുന്നില്ല, ഉവ്വോ?”

തങ്ങളിൽപെട്ട ഒരാൾതന്നെ യേശുവിനെ പിന്താങ്ങുന്നതിൽ പരീശൻമാർ കൂടുതൽ കോപിഷ്‌ഠരായിത്തീരുന്നു. “നീയും ഗലീലയിൽ നിന്നുളളവനല്ല, ആണോ?” അവൻ പരിഹാസപൂർവ്വം ചോദിക്കുന്നു. “പരിശോധിച്ചു നോക്കുക, ഗലീലയിൽ നിന്ന്‌ ഒരു പ്രവാചകനും എഴുന്നേൽക്കുന്നില്ലല്ലോ.”

ഗലീലയിൽ നിന്ന്‌ ഒരു പ്രവാചകൻ വരും എന്ന്‌ തിരുവെഴുത്തുകൾ നേരിട്ട്‌ പറയുന്നില്ലെങ്കിലും ആ പ്രദേശത്ത്‌ “ഒരു വലിയ പ്രകാശം” കാണപ്പെടുമെന്ന്‌ പറഞ്ഞുകൊണ്ട്‌ ക്രിസ്‌തു അവിടെ നിന്ന്‌ വരുന്നതായി അവ ചൂണ്ടിക്കാണിക്കുന്നു. മാത്രവുമല്ല യേശു ബേത്‌ലഹേമിലാണ്‌ ജനിച്ചത്‌, അവൻ ദാവീദിന്റെ ഒരു സന്തതിയുമായിരുന്നു. ഒരുപക്ഷേ പരീശൻമാർക്ക്‌ ഇത്‌ അറിയാമെങ്കിലും സാദ്ധ്യതയനുസരിച്ച്‌ യേശുവിനെക്കുറിച്ച്‌ ജനങ്ങൾക്കുളള തെററിദ്ധാരണ പരത്തിയതിന്‌ അവരാണ്‌ ഉത്തരവാദികൾ. യോഹന്നാൻ 7:32-52; യെശയ്യാവ്‌ 9:1, 2; മത്തായി 4:13-17.

▪ പെരുന്നാളിന്റെ ഓരോ ദിവസവും പ്രഭാതത്തിൽ എന്തു സംഭവിക്കുന്നു, യേശു അതിങ്കലേക്ക്‌ ശ്രദ്ധ ക്ഷണിക്കുകയായിരുന്നേക്കാവുന്നത്‌ എങ്ങനെ?

▪ ഉദ്യോഗസ്ഥൻമാർ യേശുവിനെ പിടിച്ചുകൊണ്ടുവരുന്നതിൽ പരാജയപ്പെട്ടത്‌ എന്തുകൊണ്ട്‌, മതനേതാക്കൻമാർ എങ്ങനെ പ്രതികരിക്കുന്നു?

▪ നിക്കോദേമൊസ്‌ ആരാണ്‌, യേശുവിനോടുളള അയാളുടെ മനോഭാവമെന്താണ്‌, അവന്റെ സഹപ്രവർത്തകരായ പരീശൻമാർ അയാളോട്‌ എങ്ങനെ ഇടപെടുന്നു?

▪ ക്രിസ്‌തു ഗലീലയിൽ നിന്ന്‌ വരുമെന്നുളളതിന്‌ എന്ത്‌ തെളിവുണ്ട്‌?