വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനെ വധിക്കാൻ കൂടുതലായ ശ്രമങ്ങൾ

യേശുവിനെ വധിക്കാൻ കൂടുതലായ ശ്രമങ്ങൾ

അധ്യായം 81

യേശുവിനെ വധിക്കാൻ കൂടുതലായ ശ്രമങ്ങൾ

ഇതു ശീതകാലമാകയാൽ യേശു ശലോമോന്റെ മണ്ഡപം എന്നറിയപ്പെടുന്ന സ്ഥലത്തുകൂടെ നടക്കുകയായിരുന്നു. യഹൂദൻമാർ അവനെ വളഞ്ഞ്‌, “നീ എത്രത്തോളം ഞങ്ങളുടെ ദേഹികളെ അനിശ്ചിതത്വത്തിൽ നിർത്തും? നീ ക്രിസ്‌തു ആകുന്നുവെങ്കിൽ ഞങ്ങളോട്‌ തുറന്നു പറയുക” എന്ന്‌ പറഞ്ഞു തുടങ്ങുന്നു.

“ഞാൻ നിങ്ങളോട്‌ പറഞ്ഞു കഴിഞ്ഞു,” യേശു പ്രതിവചിക്കുന്നു, “എന്നാൽ നിങ്ങൾ വിശ്വസിക്കുന്നില്ല.” കിണററുകരയിലെ ശമര്യസ്‌ത്രീയോട്‌ പറഞ്ഞതുപോലെ യേശു അവരോട്‌ താൻ ക്രിസ്‌തുവാണ്‌ എന്ന്‌ നേരിട്ട്‌ പറഞ്ഞിരുന്നില്ല. എന്നിരുന്നാലും താൻ മുകളിൽ നിന്നുളളവനാണെന്നും അബ്രഹാമിന്‌ മുമ്പേയുളളവനാണെന്നും വിശദീകരിച്ചപ്പോൾ യേശു ഫലത്തിൽ താൻ ആരാണെന്ന്‌ വെളിപ്പെടുത്തിയിരുന്നു.

എന്നിരുന്നാലും തന്റെ പ്രവൃത്തികളെ ക്രിസ്‌തു ചെയ്യുമെന്ന്‌ ബൈബിളിൽ മൂൻകൂട്ടിപറഞ്ഞിരുന്ന കാര്യങ്ങളോട്‌ താരതമ്യം ചെയ്‌തുകൊണ്ട്‌ താൻ ക്രിസ്‌തുവാണെന്ന്‌ ജനങ്ങൾതന്നെ ഒരു തീരുമാനത്തിലെത്തണമെന്ന്‌ യേശു ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്‌ താൻ ക്രിസ്‌തുവാണെന്ന്‌ ആരോടും പറയരുതെന്ന്‌ യേശു നേരത്തെ ശിഷ്യൻമാരോട്‌ പറഞ്ഞിരുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ ശത്രുക്കളായ ഈ യഹൂദൻമാരോട്‌ യേശു തുടർന്ന്‌ ഇങ്ങനെ പറയുന്നത്‌: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്ക്‌ സാക്ഷ്യം വഹിക്കുന്നു. എന്നാൽ നിങ്ങൾ വിശ്വസിക്കുന്നില്ല.”

എന്തുകൊണ്ടാണ്‌ അവർ വിശ്വസിക്കാഞ്ഞത്‌? യേശു ക്രിസ്‌തുവാണെന്നുളളതിന്‌ തെളിവില്ലാഞ്ഞിട്ടാണോ? അല്ല, ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു അതിന്റെ കാരണം നൽകുന്നു: “നിങ്ങൾ എന്റെ ആടുകളല്ല. എന്റെ ആടുകൾ എന്റെ ശബ്ദം ഗ്രഹിക്കുകയും ഞാൻ അവയെ അറിയുകയും ചെയ്യുന്നു, അവ എന്നെ അനുഗമിക്കുന്നു. ഞാൻ അവക്ക്‌ നിത്യജീവൻ നൽകുന്നു, അവ ഒരുനാളും നശിപ്പിക്കപ്പെടുകയില്ല, അവയെ ആരും എന്റെ കയ്യിൽനിന്ന്‌ പിടിച്ചുപറിക്കയുമില്ല. എന്റെ പിതാവ്‌ എനിക്ക്‌ നൽകിയിരിക്കുന്നത്‌ മറെറല്ലാററിനെക്കാളും വലുതാണ്‌, അവയെ ആർക്കും എന്റെ പിതാവിന്റെ കൈയ്യിൽ നിന്ന്‌ പിടിച്ചു പറിക്കാൻ സാദ്ധ്യമല്ല.”

ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു താനും പിതാവുമായുളള അടുത്തബന്ധത്തെ വിശദീകരിക്കുന്നു: “ഞാനും പിതാവും ഒന്നാകുന്നു.” യേശു ഭൂമിയിലും പിതാവ്‌ സ്വർഗ്ഗത്തിലും ആയിരിക്കുന്നതിനാൽ വ്യക്തമായും അക്ഷരാർത്ഥത്തിലോ ശാരീരികമായോ അവർ ഒന്നാണ്‌ എന്നല്ല അവൻ പറയുന്നത്‌. മറിച്ച്‌ അവർ ഉദ്ദേശ്യത്തിൽ ഒന്നാണെന്ന്‌, അവർ ഐക്യത്തിലാണ്‌ എന്നാണ്‌ അവൻ അർത്ഥമാക്കുന്നത്‌.

യേശുവിന്റെ വാക്കുകളിൽ കോപിഷ്‌ഠരായ യഹൂദൻമാർ, നേരത്തെ കൂടാരപ്പെരുന്നാളിന്റെ സമയത്ത്‌ ചെയ്‌തതുപോലെ യേശുവിനെ കൊല്ലാൻ വേണ്ടി കല്ലുകൾ പെറുക്കിയെടുക്കുന്നു. തന്നെ കൊല്ലാൻ തയ്യാറായി നിൽക്കുന്നവരെ ധൈര്യപൂർവ്വം അഭിമുഖീകരിച്ചുകൊണ്ട്‌ യേശു ചോദിക്കുന്നു: “പിതാവിൽ നിന്നുളള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങൾക്ക്‌ കാണിച്ചു തന്നിരിക്കുന്നു. ഇതിൽ ഏതുപ്രവൃത്തി നിമിത്തമാണ്‌ നിങ്ങൾ എന്നെ കല്ലെറിയുന്നത്‌?”

“നല്ല പ്രവൃത്തി നിമിത്തമല്ല ഞങ്ങൾ നിന്നെ കല്ലെറിയുന്നത്‌,” അവർ പറയുന്നു, “മറിച്ച്‌ ദൈവദൂഷണം നിമിത്തം, എന്തുകൊണ്ടെന്നാൽ നീ ഒരു മനുഷ്യനാണെങ്കിലും നീ നിന്നെത്തന്നെ ഒരു ദൈവമാക്കിയിരിക്കുന്നു.” യേശു ഒരിക്കലും ഒരു ദൈവമാണെന്ന്‌ അവകാശപ്പെടാഞ്ഞതിനാൽ യഹൂദൻമാർ എന്തുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌?

പ്രത്യക്ഷ

ത്തിൽ, ദൈവത്തിന്‌ മാത്രമുളളതെന്ന്‌ അവർ വിശ്വസിക്കുന്ന ശക്തികൾ തനിക്കുളളതായി യേശു അവകാശപ്പെടുന്നതുകൊണ്ടായിരിക്കണം. ഉദാഹരണത്തിന്‌, “ഞാൻ അവക്ക്‌ നിത്യജീവൻ നൽകുന്നു” എന്ന്‌ “ആടുകളെ” സംബന്ധിച്ച്‌ അവൻ അപ്പോൾ പറഞ്ഞതേ ഉണ്ടായിരുന്നുളളു, അത്‌ യാതൊരു മനുഷ്യനും ചെയ്യാൻ കഴിയാഞ്ഞതാണ്‌. എന്നിരുന്നാലും പിതാവിൽനിന്ന്‌ അധികാരം സ്വീകരിക്കുന്നതായി യേശു അംഗീകരിച്ചു പറഞ്ഞു എന്ന വസ്‌തുത യഹൂദൻമാർ അവഗണിക്കുന്നു.

യേശു ദൈവത്തേക്കാൾ താണ ഒരുവനായിരിക്കുന്നതായേ അവകാശപ്പെടുന്നുളളു എന്ന്‌ ഇപ്രകാരം ചോദിച്ചുകൊണ്ട്‌ അവൻ പ്രകടമാക്കുന്നു: “‘“നിങ്ങൾ ദൈവങ്ങൾ ആകുന്നു,” എന്ന്‌ ഞാൻ പറഞ്ഞു,’ എന്ന്‌ നിങ്ങളുടെ ന്യായപ്രമാണത്തിൽ [സങ്കീർത്തനം 82:6] എഴുതപ്പെട്ടിട്ടില്ലേ? ആർക്കെതിരെ ദൈവത്തിന്റെ അരുളപ്പാടുകൾ വന്നുവോ അവരെ അവൻ ‘ദൈവങ്ങൾ’ എന്ന്‌ വിളിച്ചുവെങ്കിൽ പിതാവ്‌ വിശുദ്ധീകരിച്ച്‌ ലോകത്തിലേക്ക്‌ അയച്ചിരിക്കുന്ന എന്നോട്‌, ഞാൻ ദൈവത്തിന്റെ പുത്രനാണ്‌ എന്ന്‌ പറഞ്ഞതിനാൽ ‘നീ ദൈവദൂഷണം പറയുന്നു’ എന്ന്‌ നിങ്ങൾ പറയുന്നുവോ?”

നീതിയില്ലാത്ത മാനുഷ ന്യായാധിപൻമാരെപ്പോലും തിരുവെഴുത്തുകൾ “ദൈവങ്ങൾ” എന്ന്‌ വിളിക്കുന്നതിനാൽ “ഞാൻ ദൈവത്തിന്റെ പുത്രനാണ്‌” എന്ന്‌ യേശു പറഞ്ഞതിൽ ഈ യഹൂദൻമാർക്ക്‌ അവനിൽ എന്തു കുററമാണ്‌ ആരോപിക്കാൻ കഴിയുന്നത്‌? യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലായെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കേണ്ട. എന്നാൽ ഞാൻ അവ ചെയ്യുന്നുവെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിലും, പിതാവ്‌ എന്നോടുളള ഐക്യത്തിലും ഞാൻ പിതാവിനോടുളള ഐക്യത്തിലുമാണെന്ന്‌ നിങ്ങൾ അറിയേണ്ടതിനും ആ അറിവിൽ തുടരേണ്ടതിനും, എന്റെ പ്രവൃത്തിയെ വിശ്വസിപ്പിൻ.”

യേശു ഇതു പറയുമ്പോൾ യഹൂദൻമാർ അവനെ പിടികൂടാൻ ശ്രമിക്കുന്നു. എന്നാൽ നേരത്തെ കൂടാരപ്പെരുന്നാൾ സമയത്തു ചെയ്‌തതുപോലെ അവൻ അവരുടെ പിടിയിൽ നിന്ന്‌ ഒഴിഞ്ഞു മാറുന്നു. അവൻ യെരൂശലേം വിട്ട്‌ യോർദ്ദാൻ കടന്ന്‌ നാലു വർഷങ്ങൾക്ക്‌ മുൻപ്‌ യോഹന്നാൻ സ്‌നാപനം കഴിപ്പിച്ചു തുടങ്ങിയ സ്ഥലത്തേക്ക്‌ പോയി. ഈ സ്ഥലം ഗലീലാക്കടലിന്റെ തെക്കേ കരയിൽ നിന്ന്‌ ഏറെ അകലത്തിലല്ല, യെരൂശലേമിൽനിന്ന്‌ ഏകദേശം രണ്ടു ദിവസത്തെ വഴിയകലം മാത്രം.

അവിടെ അനേകർ യേശുവിന്റെ അടുക്കൽ വരികയും അവർ ഇങ്ങനെ പറഞ്ഞു തുടങ്ങുകയും ചെയ്യുന്നു: “യോഹന്നാൻ അടയാളം ഒന്നും കാണിച്ചിട്ടില്ല. എന്നാൽ ഇവനെക്കുറിച്ച്‌ യോഹന്നാൻ പറഞ്ഞതൊക്കെയും സത്യമായിരുന്നു.” അപ്രകാരം അവിടെ അനേകർ യേശുവിൽ വിശ്വസിച്ചു. യോഹന്നാൻ 10:22-42; 4:26; 8:23, 58; മത്തായി 16:20.

▪ ആളുകൾ ക്രിസ്‌തു എന്ന നിലയിൽ തന്നെ ഏതു വിധത്തിൽ തിരിച്ചറിയാനാണ്‌ യേശു ആഗ്രഹിക്കുന്നത്‌?

▪ യേശുവും അവന്റെ പിതാവും ഒന്നായിരിക്കുന്നത്‌ എങ്ങനെയാണ്‌?

▪ യേശു തന്നെത്തന്നെ ഒരു ദൈവമാക്കുന്നുവെന്ന്‌ യഹൂദൻമാർ പറയാൻ ഇടയായത്‌ പ്രത്യക്ഷത്തിൽ എന്തുകൊണ്ടാണ്‌?

▪ സങ്കീർത്തനപുസ്‌തകത്തിൽ നിന്നുളള യേശുവിന്റെ ഉദ്ധരണി താൻ ദൈവത്തോട്‌ സമനായിരിക്കുന്നതായി അവകാശപ്പെടുന്നില്ല എന്ന്‌ എങ്ങനെ പ്രകടമാക്കുന്നു?