വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ അവസാനത്തെ പെസഹ ആസന്നമായിരിക്കുന്നു

യേശുവിന്റെ അവസാനത്തെ പെസഹ ആസന്നമായിരിക്കുന്നു

അധ്യായം 112

യേശുവിന്റെ അവസാനത്തെ പെസഹ ആസന്നമായിരിക്കുന്നു

നീസാൻ 11-ാം തീയതി ചൊവ്വാഴ്‌ച അവസാനിക്കാറാകുമ്പോഴേക്കും യേശു ഒലിവു മലയിലിരുന്നുകൊണ്ട്‌ തന്റെ അപ്പൊസ്‌തലൻമാരെ പഠിപ്പിക്കുന്നത്‌ മതിയാക്കുന്നു. അത്‌ എത്ര തിരക്കും ബുദ്ധിമുട്ടും നിറഞ്ഞ ദിവസമായിരുന്നു! ഇപ്പോൾ ഒരുപക്ഷേ ബെഥനിയിലേക്കുളള മടക്ക യാത്രയിൽ അവൻ അപ്പൊസ്‌തലൻമാരോട്‌ പറയുന്നു: “ഇനിയും രണ്ടും ദിവസം കഴിഞ്ഞാൽ പെസഹായാണെന്ന്‌ നിങ്ങൾക്കറിയാം, മനുഷ്യപുത്രൻ വധിക്കപ്പെടേണ്ടതിന്‌ ഏൽപ്പിച്ചു കൊടുക്കപ്പെടാൻ പോകുന്നു.”

അടുത്ത ദിവസം നീസാൻ 12 ബുധനാഴ്‌ച യേശു അപ്പൊസ്‌തലൻമാരോടുകൂടെ സ്വകാര്യമായി ചെലവഴിക്കുന്നു. തലേദിവസം അവൻ മതനേതാക്കൻമാരെ പരസ്യമായി ശാസിച്ചിരുന്നു, അവർ അവനെ കൊല്ലാൻ അന്വേഷിക്കുകയാണെന്ന്‌ അവൻ തിരിച്ചറിയുന്നു. പിറേറന്ന്‌ വൈകിട്ട്‌ അപ്പൊസ്‌തലൻമാരോടൊപ്പം പെസഹ ആഘോഷിക്കുന്നതിൽ നിന്ന്‌ യാതൊന്നും തന്നെ തടയാൻ ആഗ്രഹിക്കാത്തതുകൊണ്ട്‌ ബുധനാഴ്‌ച അവൻ പരസ്യമായി എങ്ങും പ്രത്യക്ഷപ്പെടുന്നില്ല.

അതേസമയം മുഖ്യപുരോഹിതൻമാരും ജനത്തിന്റെയിടയിലെ മൂപ്പൻമാരും പ്രധാന പുരോഹിതനായ കയ്യാഫാവിന്റെ മുററത്ത്‌ സമ്മേളിച്ചിരിക്കുകയാണ്‌. തലേദിവസത്തെ യേശുവിന്റെ കടന്നാക്രമണത്തിന്റെ വേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്ത അവർ അവനെ കൗശലപൂർവ്വം പിടികൂടി കൊന്നു കളയുന്നതിന്‌ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്‌. എന്നിരുന്നാലും “ജനങ്ങൾ ബഹളം ഉണ്ടാക്കാതിരിക്കേണ്ടതിന്‌ പെരുന്നാളിന്‌ വേണ്ട” എന്ന്‌ അവർ പറഞ്ഞുകൊണ്ടിരിക്കുന്നു. യേശുവിന്‌ ജനപ്രീതിയുളളതുകൊണ്ട്‌ അവർ ജനങ്ങളെ ഭയപ്പെടുന്നു.

യേശുവിനെ വധിക്കാൻ മതനേതാക്കൻമാർ ദുഷ്ടമായ ആലോചന നടത്തിക്കൊണ്ടിരിക്കുമ്പോൾ അവർ ഒരു സന്ദർശകനെ സ്വീകരിക്കുന്നു. അത്‌ യേശുവിന്റെ സ്വന്തം അപ്പൊസ്‌തലൻമാരിൽ ഒരാളായ യൂദാ ഈസ്‌കാരിയോത്ത്‌ ആണെന്നുളളത്‌ അവരെ അതിശയിപ്പിക്കുന്നു. തന്റെ യജമാനനെ ഒററിക്കൊടുക്കുക എന്നുളള ഹീനമായ ആശയം സാത്താൻ അവന്റെ ഹൃദയത്തിൽ നട്ടിരിക്കുന്നു! “അവനെ നിങ്ങൾക്ക്‌ ഏൽപ്പിച്ചു തരുന്നതിന്‌ നിങ്ങൾ എനിക്ക്‌ എന്തു തരും?” എന്ന്‌ യൂദാ അന്വേഷിക്കുമ്പോൾ അവർക്ക്‌ എന്തോരു സന്തോഷമാണ്‌. ന്യായപ്രമാണനിയമമനുസരിച്ച്‌ ഒരു അടിമയുടെ വിലയായ 30 വെളളിനാണയം അവന്‌ കൊടുക്കാമെന്ന്‌ അവർ സന്തോഷപൂർവ്വം സമ്മതിക്കുന്നു. അപ്പോൾ മുതൽ ചുററുപാടും ജനക്കൂട്ടം ഇല്ലാത്ത ഒരു സമയത്ത്‌ യേശുവിനെ ഒററിക്കൊടുക്കാനുളള ഒരു നല്ല അവസരം യൂദാ അന്വേഷിക്കുന്നു.

നീസാൻ 13, ബുധനാഴ്‌ച സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു. യേശു യെരീഹോയിൽ നിന്ന്‌ വന്നത്‌ വെളളിയാഴ്‌ചയായിരുന്നു, അതുകൊണ്ട്‌ യേശു ബെഥനിയിൽ ചെലവഴിക്കുന്ന ആറാമത്തേതും അവസാനത്തേതുമായ രാത്രിയാണിത്‌. പിറേറന്ന്‌ വ്യാഴാഴ്‌ച അന്നു സൂര്യാസ്‌തമയത്തിനു ശേഷം ആരംഭിക്കുന്ന പെസഹാക്കുളള അവസാന തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്‌. പെസഹാകുഞ്ഞാടിനെ അറുക്കേണ്ടതും മുഴുവനോടെ ചുട്ടെടുക്കേണ്ടതും അപ്പോഴാണ്‌. അവർ പെരുന്നാൾ എവിടെ ആഘോഷിക്കും, ആരാണ്‌ അതിനുളള ഒരുക്കങ്ങൾ നടത്തുക?

യൂദാ മുഖ്യ പുരോഹിതൻമാർക്ക്‌ വിവരം നൽകുന്നതിനും അവർ പെസഹാ ആഘോഷത്തിനിടയിൽ അവനെ പിടികൂടുന്നതിനും ഇടയാക്കാതിരിക്കേണ്ടതിന്‌ യേശു അത്‌ സംബന്ധിച്ച വിശദാംശങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ, സാദ്ധ്യതയനുസരിച്ച്‌ വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ്‌ അധികം താമസിയാതെ, “പോയി നാം പെസഹാ ഭക്ഷിക്കേണ്ടതിന്‌ ഒരുക്കങ്ങൾ ചെയ്യുവിൻ” എന്ന്‌ പറഞ്ഞുകൊണ്ട്‌ യേശു ബെഥനിയിൽ നിന്ന്‌ പത്രോസിനെയും യോഹന്നാനെയും അയക്കുന്നു.

“ഞങ്ങൾ അത്‌ എവിടെ ഒരുക്കാനാണ്‌ നീ ആഗ്രഹിക്കുന്നത്‌,” അവർ ചോദിക്കുന്നു.

“നിങ്ങൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ,” യേശു വിശദീകരിക്കുന്നു, “ഒരു മൺകുടത്തിൽ വെളളവും ചുമന്നുകൊണ്ട്‌ പോകുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടും. അവൻ പ്രവേശിക്കുന്ന വീട്ടിലേക്ക്‌ അവന്റെ പിന്നാലെ ചെല്ലുക. ആ വീട്ടുടമയോട്‌ നിങ്ങൾ ഇങ്ങനെ പറയണം: ‘“ഞാൻ എന്റെ ശിഷ്യൻമാരോടുകൂടെ പെസഹാ കഴിക്കാനുളള മുറി ഏതാണ്‌?” എന്ന്‌ ഗുരു നിന്നോട്‌ ചോദിക്കുന്നു.’ ആ മനുഷ്യൻ വിരിച്ചൊരുക്കിയ വിശാലമായ ഒരു മാളികമുറി നിങ്ങളെ കാണിച്ചു തരും അവിടെ ഒരുക്കങ്ങൾ ചെയ്യുവിൻ.”

വീട്ടുടയവൻ യേശുവിന്റെ ഒരു ശിഷ്യനാണെന്നുളളതിന്‌ സംശയമില്ല, അയാൾ ഒരുപക്ഷേ ഈ പ്രത്യേക അവസരത്തിൽ തന്റെ വീട്‌ ഉപയോഗിക്കാനുളള യേശുവിന്റെ ഈ അഭ്യർത്ഥന പ്രതീക്ഷിക്കുന്നുണ്ടാകണം. ഏതായാലും പത്രോസും യോഹന്നാനും യെരൂശലേമിലെത്തുമ്പോൾ യേശു മുൻകൂട്ടി പറഞ്ഞപ്രകാരമെല്ലാം അവർ കണ്ടെത്തുന്നു. അതുകൊണ്ട്‌ കുഞ്ഞാടിനെ ശരിയാക്കുന്നതിലും യേശുവും അവന്റെ 12 അപ്പൊസ്‌തലൻമാരുമായി 13 പേർക്ക്‌ പെസഹാ ആഘോഷിക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ചെയ്യുന്നതിനും അവർ ശ്രദ്ധിക്കുന്നു. മത്തായി 26:1-5, 14-19; മർക്കോസ്‌ 14:1, 2, 10-16; ലൂക്കോസ്‌ 22:1-13; പുറപ്പാട്‌ 21:32.

▪ പ്രത്യക്ഷത്തിൽ യേശു ബുധനാഴ്‌ച എന്തു ചെയ്യുന്നു, എന്തുകൊണ്ട്‌?

▪ പ്രധാനപുരോഹിതന്റെ വീട്ടിൽ എന്തു യോഗമാണ്‌ നടക്കുന്നത്‌, ഏത്‌ ഉദ്ദേശ്യത്തിലാണ്‌ യൂദാ മതനേതാക്കൻമാരെ സന്ദർശിക്കുന്നത്‌?

▪ വ്യാഴാഴ്‌ച യേശു ആരെ യെരൂശലേമിലേക്ക്‌ അയക്കുന്നു, എന്തിനുവേണ്ടി?

▪ ഇങ്ങനെ അയക്കപ്പെട്ടവർ ഒരിക്കൽകൂടി യേശുവിന്റെ അത്ഭുതശക്തികൾ വെളിവാക്കുന്ന എന്തു കണ്ടെത്തുന്നു?