വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ ആദ്യത്തെ ശിഷ്യൻമാർ

യേശുവിന്റെ ആദ്യത്തെ ശിഷ്യൻമാർ

അധ്യായം 14

യേശുവിന്റെ ആദ്യത്തെ ശിഷ്യൻമാർ

മരുഭൂമിയിൽ 40 ദിവസം കഴിച്ചശേഷം യേശു തന്നെ സ്‌നാപനപ്പെടുത്തിയ യോഹന്നാന്റെ അടുത്തേക്ക്‌ മടങ്ങുന്നു. അവൻ വരുമ്പോൾ അവനെ ചൂണ്ടി തന്റെ സമീപത്ത്‌ നിൽക്കുന്നവരോടായി യോഹന്നാൻ വിളിച്ചു പറയുന്നു: “നോക്കൂ, ലോകത്തിന്റെ പാപത്തെ ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്‌! എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു, അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട്‌ എനിക്ക്‌ മുമ്പനായിത്തീർന്നു എന്ന്‌ ഞാൻ പറഞ്ഞവൻ ഇവൻതന്നെ.” യോഹന്നാൻ അവന്റെ മച്ചുനനായ യേശുവിനെക്കാൾ പ്രായം കൂടിയവനായിരുന്നെങ്കിലും, യേശു സ്വർഗ്ഗത്തിൽ ഒരു ആത്മവ്യക്തിയായി തനിക്കു മുമ്പേ സ്ഥിതിചെയ്‌തിരുന്നുവെന്ന്‌ യോഹന്നാന്‌ അറിയാം.

എന്നിരുന്നാലും ഏതാനും ആഴ്‌ചകൾക്കു മുൻപ്‌ യേശു സ്‌നാപനമേൽക്കാൻ വന്നപ്പോൾ യേശു മശിഹായാണോ എന്ന്‌ യോഹന്നാന്‌ അത്ര നിശ്ചയമില്ലായിരുന്നതായി തോന്നുന്നു. “ഞാനും അവനെ അറിഞ്ഞിരുന്നില്ല,” യോഹന്നാൻ സമ്മതിക്കുന്നു. “എന്നാൽ ജലത്തിൽ സ്‌നാപനം കഴിപ്പിക്കുന്നവനായി ഞാൻ രംഗത്തു വന്നത്‌ അവനെ ഇസ്രായേലിന്‌ കാണിച്ചു കൊടുക്കാനായിരുന്നു.”

യേശുവിനെ സ്‌നാപനം കഴിപ്പിച്ചപ്പോൾ എന്തു സംഭവിച്ചുവെന്ന്‌ യോഹന്നാൻ തുടർന്നു വിശദീകരിക്കുന്നു: “ആത്മാവ്‌ പ്രാവുപോലെ സ്വർഗ്ഗത്തിൽ നിന്ന്‌ ഇറങ്ങി അവന്റെമേൽ ഇരിക്കുന്നത്‌ ഞാൻ കണ്ടു. ഞാൻ അവനെ അറിഞ്ഞിരുന്നില്ല, എന്നാൽ വെളളത്തിൽ സ്‌നാപനം കഴിപ്പിക്കാൻ എന്നെ അയച്ചവൻ എന്നോട്‌ പറഞ്ഞു, ‘ആരുടെമേൽ ആത്മാവ്‌ ഇറങ്ങിവരുന്നതായി നീ കാണുന്നുവോ അവനാകുന്നു പരിശുദ്ധാത്മാവിനാൽ സ്‌നാപനം കഴിപ്പിക്കുന്നവൻ.’ ഞാൻ അത്‌ കണ്ടിരിക്കുന്നു, ഇവൻ ദൈവത്തിന്റെ പുത്രനാകുന്നുവെന്ന്‌ ഞാൻ സാക്ഷ്യം വഹിച്ചുമിരിക്കുന്നു.”

അടുത്ത ദിവസം യോഹന്നാൻ തന്റെ രണ്ട്‌ ശിഷ്യൻമാരോടൊപ്പം നിൽക്കുന്നു. യേശു കടന്നുവരുമ്പോൾ വീണ്ടും അവൻ പറയുന്നു: “നോക്കൂ, ദൈവത്തിന്റെ കുഞ്ഞാട്‌!” ഇതിങ്കൽ, യോഹന്നാൻ സ്‌നാപകന്റെ ഈ രണ്ട്‌ ശിഷ്യൻമാർ യേശുവിനെ അനുഗമിക്കുന്നു. അവരിൽ ഒരാൾ അന്ത്രെയോസ്‌ ആണ്‌. മറേറയാൾ, സ്‌പഷ്ടമായും, ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ആളുതന്നെ, അവന്റെ പേരും യോഹന്നാൻ എന്നാണ്‌. സൂചനയനുസരിച്ച്‌ ഈ യോഹന്നാനും യേശുവിന്റെ ഒരു മച്ചുനനാണ്‌, മറിയയുടെ സഹോദരിയായ ശലോമയുടെ ഒരു മകനായിരുന്നതിനാൽ തന്നെ.

യേശു തിരിഞ്ഞപ്പോൾ തന്നെ അനുഗമിക്കുന്ന അന്ത്രെയോസിനെയും യോഹന്നാനെയും കാണുകയിൽ, ഇപ്രകാരം ചോദിക്കുന്നു: “നിങ്ങൾ എന്താണ്‌ അന്വേഷിക്കുന്നത്‌?”

“ഗുരോ, നീ എവിടെയാണ്‌ പാർക്കുന്നത്‌?” എന്ന്‌ അവർ ചോദിക്കുന്നു.

“വന്ന്‌ കാൺമിൻ,” എന്ന്‌ യേശു ഉത്തരം നൽകുന്നു.

ഇപ്പോൾ ഉച്ചകഴിഞ്ഞ്‌ ഏകദേശം നാലുമണിയാണ്‌. ദിവസത്തിന്റെ ശേഷിച്ച ഭാഗം അന്ത്രെയോസും യോഹന്നാനും യേശുവിനോടുകൂടെ ചെലവഴിക്കുന്നു. അതിനുശേഷം പത്രോസ്‌ എന്നു പേരുളള തന്റെ സഹോദരനെ എത്രയും പെട്ടെന്ന്‌ കണ്ടെത്തുവാൻ തക്കവണ്ണം അന്ത്രെയോസ്‌ അത്രകണ്ട്‌ ആവേശഭരിതനാണ്‌. “ഞങ്ങൾ മശിഹായെ കണ്ടെത്തിയിരിക്കുന്നു” എന്ന്‌ അവൻ പത്രോസിനോട്‌ പറയുന്നു. അതിനുശേഷം അവൻ പത്രോസിനെ യേശുവിന്റെ അടുത്തേക്ക്‌ കൊണ്ടുപോകുന്നു. ഒരുപക്ഷേ, അതേസമയം തന്നെ യോഹന്നാൻ തന്റെ സഹോദരനായ യാക്കോബിനെ കണ്ടെത്തുകയും അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുകയും ചെയ്യുന്നുണ്ട്‌. എങ്കിലും തന്റെ സ്വഭാവത്തിന്‌ ചേർച്ചയായി, യോഹന്നാൻ തന്റെ സുവിശേഷത്തിൽ തന്നെ സംബന്ധിച്ച ഈ വിവരം ഒഴിവാക്കുകയാണ്‌.

അടുത്തദിവസം യേശു അന്ത്രെയോസിന്റെയും പത്രോസിന്റെയും ജൻമനഗരമായ ബേത്സയിദയിൽ നിന്നുളള ഫിലിപ്പോസിനെ കണ്ടെത്തുന്നു, അവനെ ക്ഷണിക്കുകയും ചെയ്യുന്നു: “എന്റെ അനുഗാമിയായിരിക്കുക.”

അതിനുശേഷം ഫിലിപ്പോസ്‌ ബർത്തലോമായി എന്നും പേരുളള നഥനയേലിനെ കണ്ടെത്തി ഇപ്രകാരം പറയുന്നു: “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകൻമാരും എഴുതിയിരിക്കുന്നവനെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. നസറെത്തിൽ നിന്നുളള ജോസഫിന്റെ മകനായ യേശു തന്നെ.” നഥനയേലിന്‌ സംശയമാണ്‌. “നസറെത്തിൽ നിന്ന്‌ വല്ല നൻമയും വരുമോ?” എന്ന്‌ അവൻ ചോദിക്കുന്നു.

“വന്നു കാണുക,” ഫിലിപ്പോസ്‌ ക്ഷണിക്കുന്നു. അവർ യേശുവിന്റെ അടുത്ത്‌ വരുമ്പോൾ അവൻ നഥനയേലിനെക്കുറിച്ച്‌ ഇപ്രകാരം പറയുന്നു: “നോക്കൂ, സാക്ഷാൽ ഒരു ഇസ്രായേല്യൻ, അവനിൽ കപടം അശേഷമില്ല.”

“നീ എന്നെ അറിയുന്നതെങ്ങനെ?” നഥനയേൽ ചോദിക്കുന്നു.

“ഫിലിപ്പോസ്‌ നിന്നെ വിളിക്കുന്നതിനു മുമ്പേ, നീ അത്തിവൃക്ഷത്തിൻകീഴിൽ ആയിരുന്നപ്പോൾ തന്നെ ഞാൻ നിന്നെ കണ്ടു,” യേശു ഉത്തരം നൽകുന്നു.

നഥനയേൽ അത്ഭുതപ്പെടുന്നു. “ഗുരോ, നീ ദൈവപുത്രനാണ്‌, നീ ഇസ്രായേലിന്റെ രാജാവാണ്‌,” അവൻ പ്രതിവചിക്കുന്നു.

“ഞാൻ നിന്നെ അത്തിവൃക്ഷത്തിന്റെ കീഴെ കണ്ടു എന്നു പറഞ്ഞതുകൊണ്ട്‌ നീ വിശ്വസിക്കുന്നുവോ?” യേശു ചോദിക്കുന്നു. “നീ അതിലും വലിയ കാര്യങ്ങൾ കാണും.” പിന്നീട്‌ അവൻ ഇപ്രകാരം വാഗ്‌ദാനം ചെയ്യുന്നു: “സത്യം സത്യമായി ഞാൻ നിങ്ങളോട്‌ പറയുന്നു, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവപുത്രൻമാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും.”

ഇതിനെ തുടർന്ന്‌, പെട്ടെന്നുതന്നെ യേശു അവന്റെ പുതിയ ശിഷ്യൻമാരുമായി യോർദ്ദാൻ താഴ്‌വര വിട്ട്‌ ഗലീലയിലേക്ക്‌ പോകുന്നു. യോഹന്നാൻ 1:29-51.

▪ യേശുവിന്റെ ആദ്യത്തെ ശിഷ്യൻമാർ ആരെല്ലാമാണ്‌?

▪ പത്രോസിനെയും, ഒരുപക്ഷേ യാക്കോബിനെയും, യേശുവിന്‌ പരിചയപ്പെടുത്തിക്കൊടുത്തതെങ്ങനെ?

▪ യേശു ദൈവപുത്രനാണെന്ന്‌ നഥനയേലിനെ ബോദ്ധ്യപ്പെടുത്തുന്നതെന്ത്‌?