വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ ജനനം—എവിടെ, എപ്പോൾ?

യേശുവിന്റെ ജനനം—എവിടെ, എപ്പോൾ?

അധ്യായം 5

യേശുവിന്റെ ജനനം—എവിടെ, എപ്പോൾ?

റോമൻ സാമ്രാജ്യത്തിന്റെ ഭരണാധിപനായ ഔഗുസ്‌തൊസ്‌ കൈസർ സകലരും പേർവഴി ചാർത്തേണ്ടതിന്‌ താന്താന്റെ ജൻമനഗരത്തിലേക്ക്‌ മടങ്ങി പോകണമെന്ന്‌ കൽപ്പന പുറപ്പെടുവിച്ചു. അതുകൊണ്ട്‌ ജോസഫ്‌ തന്റെ ജൻമസ്ഥലമായ ബെത്‌ലഹേം നഗരത്തിലേക്ക്‌ പോകുന്നു.

ബെത്‌ലഹേമിൽ പേർവഴി ചാർത്താൻ അനേകരുണ്ട്‌. ജോസഫിനും മറിയയക്കും താമസിക്കാൻ കണ്ടെത്താവുന്ന ഏകസ്ഥലം ഒരു കാലിത്തൊഴുത്താണ്‌. കഴുതകളെയും മററ്‌ മൃഗങ്ങളെയും കെട്ടിയിട്ടുളള ഇവിടെ യേശു ജനിക്കുന്നു. മറിയ അവനെ തുണിക്കണ്ടങ്ങളിൽ പൊതിഞ്ഞ്‌, മൃഗങ്ങൾക്കുവേണ്ടി ഭക്ഷണം സൂക്ഷിക്കപ്പെട്ടിരിക്കുന്ന സ്ഥലമായ പുൽത്തൊട്ടിയിൽ കിടത്തുന്നു.

ഔഗുസ്‌തൊസ്‌ കൈസർ നിശ്ചയമായും ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിലാണ്‌ പേർവഴി ചാർത്താനുളള തന്റെ കൽപ്പന പുറപ്പെടുവിച്ചത്‌. അത്‌ യേശു ബെത്‌ലഹേമിൽ ജാതനാകാൻ ഇടവരുത്തി. വാഗ്‌ദത്ത ഭരണാധിപന്റെ ജൻമസ്ഥാനം ആ നഗരമായിരിക്കുമെന്ന്‌ തിരുവെഴുത്തുകൾ വളരെ മുമ്പേ അറിയിച്ചിരുന്നു.

ഇത്‌ എത്ര പ്രധാനമായ ഒരു രാത്രിയാണ്‌! വയലുകളിൽ ഒരു പററം ഇടയൻമാർക്കുചുററും തേജോമയമായ വെളിച്ചം ചുററിമിന്നുന്നു. അത്‌ യഹോവയുടെ തേജസ്സാണ്‌! അതോടൊപ്പം യഹോവയുടെ ദൂതൻ അവരോട്‌ ഇപ്രകാരം പറയുന്നു: “ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാൽ നോക്കൂ! സകല ജനങ്ങൾക്കും ഉണ്ടാകുവാനുളള ഒരു മഹാസന്തോഷം ഞാൻ നിങ്ങളെ അറിയിക്കുകയാണ്‌. എന്തുകൊണ്ടെന്നാൽ കർത്താവായ യേശു എന്ന രക്ഷകൻ ഇന്ന്‌ ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കുളള അടയാളം ഇതാണ്‌: കച്ചകളിൽ പൊതിഞ്ഞ്‌ ഒരു ശിശു പുൽതൊട്ടിയിൽ കിടക്കുന്നതായി നിങ്ങൾ കണ്ടെത്തും.” പെട്ടെന്ന്‌ നിരവധി ദൂതൻമാർ പ്രത്യക്ഷപ്പെട്ട്‌ ഇങ്ങനെ പാടുന്നു: “അത്യുന്നതങ്ങളിൽ ദൈവത്തിന്‌ മഹത്വം, ഭൂമിയിൽ സൻമനസ്സുളള മനുഷ്യരുടെ ഇടയിൽ സമാധാനം.”

ദൂതൻമാർ തങ്ങളെ വിട്ടുപോകുമളവിൽ ഇടയൻമാർ അന്യോന്യം ഇങ്ങനെ പറയുന്നു: “യഹോവ നമ്മോട്‌ അറിയിച്ചിരിക്കുന്ന ഈ കാര്യം കാണാൻ നമുക്ക്‌ ബെത്‌ലഹേമോളം പോകാം.” അവർ ധൃതിപിടിച്ച്‌ പോകുന്നു. അവർ യേശുവിനെ കാണുമെന്ന്‌ പറഞ്ഞ അതേ സ്ഥാനത്ത്‌ അവനെ കണ്ടെത്തുന്നു. ദൂതൻ തങ്ങളോട്‌ പറഞ്ഞത്‌ ഇടയൻമാർ വിവരിക്കുമ്പോൾ, അത്‌ കേൾക്കുന്നവരെല്ലാം ആശ്ചര്യപ്പെടുന്നു. മറിയ ഈ വർത്തമാനമെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച്‌ ധ്യാനിച്ചുകൊണ്ടിരുന്നു.

യേശു ഡിസംബർ 25-നാണ്‌ ജനിച്ചതെന്ന്‌ ഇന്ന്‌ അനേകരും വിശ്വസിക്കുന്നു. എന്നാൽ ബെത്‌ലഹേമിൽ ഡിസംബർ മാസം മഴയുളള ഒരു ശൈത്യകാലമാണ്‌. വർഷത്തിന്റെ ആ കാലത്ത്‌ ഇടയൻമാർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളുമായി രാത്രികാലങ്ങളിൽ വയലിൽ കഴിയുകയില്ലായിരുന്നു. കൂടാതെ, റോമൻ കൈസർ, തനിക്കെതിരെ മത്സരിക്കാൻ ചായ്‌വുളള ഒരു ജനത്തോട്‌, അതിശൈത്യകാലത്ത്‌ യാത്ര ചെയ്‌ത്‌ പേർവഴി ചാർത്താൻ ആവശ്യപ്പെടാനുളള സാദ്ധ്യതയില്ല. തെളിവനുസരിച്ച്‌, യേശു വർഷത്തിലെ ശരത്‌ക്കാലാരംഭത്തിന്റെ ഏതെങ്കിലും സമയത്താണ്‌ ജനിച്ചത്‌. ലൂക്കോസ്‌ 2:1-20; മീഖാ 5:2.

▪ ജോസഫും മറിയയും ബെത്‌ലഹേമിലേക്ക്‌ യാത്ര ചെയ്യുന്നത്‌ എന്തുകൊണ്ട്‌?

▪ യേശു ജനിച്ച രാത്രിയിൽ അത്ഭുതകരമായ എന്തു സംഭവിക്കുന്നു?

▪ യേശു ഡിസംബർ 25-ന്‌ അല്ല ജനിച്ചതെന്ന്‌ നാം എങ്ങനെ അറിയുന്നു?