യേശുവിന്റെ മരണം സമീപിക്കവേ ശിഷ്യൻമാർ തമ്മിൽ തർക്കിക്കുന്നു
അധ്യായം 98
യേശുവിന്റെ മരണം സമീപിക്കവേ ശിഷ്യൻമാർ തമ്മിൽ തർക്കിക്കുന്നു
യേശുവും ശിഷ്യൻമാരും ഇപ്പോൾ യോർദ്ദാൻ നദീ തീരത്താണ്, അവിടെ അവർ പെരെയാ പ്രദേശത്തു നിന്ന് യഹൂദ്യയിലേക്ക് നദി കുറുകെ കടക്കുന്നു. അവരോടൊപ്പം പൊ. യു. 33-ലെ പെസഹാ ആഘോഷത്തിന് പോകുന്ന മററനേകരും യാത്ര ചെയ്യുന്നുണ്ട്. പെരുന്നാളിന് ഇനിയും ഏതാണ്ട് ഒരാഴ്‌ചയേയുളളു.
യേശു ശിഷ്യൻമാർക്ക് മുമ്പായി നടക്കുന്നു, അവന്റെ ധീരമായ നിശ്ചയദാർഢ്യം കണ്ടിട്ട് അവർക്ക് അതിശയം തോന്നുന്നു. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ലാസർ മരിക്കുകയും യേശു പെരയയിൽ നിന്ന് യഹൂദ്യയിലേക്ക് പോകാൻ തുടങ്ങുകയും ചെയ്‌തപ്പോൾ “അവനോടുകൂടെ മരിക്കേണ്ടതിന് നമുക്കും പോകാം” എന്ന് പറഞ്ഞ് തോമസ് മററുളളവരെ പ്രോൽസാഹിപ്പിച്ചത് അനുസ്‌മരിക്കുക. യേശു ലാസറിനെ ഉയർപ്പിച്ചശേഷം യേശുവിനെ വധിക്കാൻ സൻഹെദ്രീം പദ്ധതി ആസൂത്രണം ചെയ്‌തു എന്നും ഓർക്കുക. വീണ്ടും യഹൂദ്യയിലേക്ക് പ്രവേശിക്കുമ്പോൾ ശിഷ്യൻമാരെ ഭയം കടന്നുപിടിക്കുന്നതിൽ അതിശയമില്ല.
സംഭവിക്കാനിരിക്കുന്നതിനുവേണ്ടി അവരെ സജ്ജരാക്കുന്നതിന് യേശു പന്തിരുവരെ സ്വകാര്യമായി അടുക്കെ വിളിച്ച് അവരോട് ഇപ്രകാരം പറയുന്നു: “ഇതാ നാം ഇപ്പോൾ യെരൂശലേമിനെ സമീപിക്കുകയാണ്, മനുഷ്യപുത്രൻ പ്രധാന പുരോഹിതൻമാരുടെയും ശാസ്‌ത്രിമാരുടെയും കയ്യിൽ ഏൽപ്പിക്കപ്പെടും, അവർ അവനെ മരണത്തിന് വിധിക്കുകയും ജനതകളിൽ നിന്നുളള പുരുഷൻമാർക്ക് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. അവർ അവനെ പരിഹസിക്കുകയും അവന്റെ മേൽ തുപ്പുകയും അവനെ അടിക്കുകയും കൊല്ലുകയും ചെയ്യും, എന്നാൽ മൂന്നാം ദിവസം അവൻ ഉയർത്തെഴുന്നേൽക്കും.”
സമീപ മാസങ്ങളിൽ തന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് യേശു ശിഷ്യൻമാരോട് പറയുന്നത് ഇത് മൂന്നാം പ്രാവശ്യമാണ്. അവർ അവനെ ശ്രദ്ധിക്കുന്നുവെങ്കിലും മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. അത് ഒരുപക്ഷേ ഇസ്രായേലിന്റെ രാജ്യം ഭൂമിയിൽ പുനഃസ്ഥാപിക്കപ്പെടുമെന്ന് അവർ വിശ്വസിക്കുന്നതുകൊണ്ടും ക്രിസ്‌തുവിനോടുകൂടെ ഒരു ഭൗമിക രാജ്യത്തിൽ മഹത്വവും ബഹുമാനവും ആസ്വദിക്കാൻ അവർ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നതുകൊണ്ടും ആയിരിക്കാം.
പെസഹാപ്പെരുന്നാളിന് പോകുന്ന യാത്രക്കാർക്കിടയിൽ അപ്പൊസ്‌തലൻമാരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മയായ ശലോമയുമുണ്ട്. യേശു ഈ പുരുഷൻമാരെ “ഇടിമുഴക്കത്തിന്റെ പുത്രൻമാർ” എന്ന് വിളിച്ചിരിക്കുന്നു, നിസ്സംശയമായും അത് അവരുടെ തീവ്രമായ മനോഭാവം നിമിത്തമാണ്. ക്രിസ്‌തുവിന്റെ രാജ്യത്തിൽ പ്രാമുഖ്യത നേടാനുളള താൽപ്പര്യം അവർ കുറച്ചുകാലമായി വച്ചുപുലർത്തിയിരിക്കുന്നു. അവർ തങ്ങളുടെ താൽപ്പര്യം അവരുടെ അമ്മയെ അറിയിച്ചിട്ടുമുണ്ട്. അവൾ ഇപ്പോൾ യേശുവിനെ സമീപിച്ച് അവന്റെ മുമ്പാകെ വണങ്ങി അവനോട് ഒരു അനുഗ്രഹം അപേക്ഷിക്കുന്നു.
“നിനക്ക് എന്തു വേണം?” യേശു ചോദിക്കുന്നു.
“നിന്റെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രൻമാർ ഒരുത്തൻ നിന്റെ വലതുവശത്തും മററവൻ നിന്റെ ഇടതു വശത്തും ഇരിക്കാൻ അരുളിച്ചെയ്യണമേ” എന്ന് അവൾ പറയുന്നു.
ഈ അപേക്ഷയുടെ ഉറവ് മനസ്സിലാക്കിക്കൊണ്ട് യേശു യാക്കോബിനോടും യോഹന്നാനോടും പറയുന്നു: “നിങ്ങൾ എന്താണ് ആവശ്യപ്പെടുന്നത് എന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കാനിരിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്ക് കഴിയുമോ?”
“ഞങ്ങൾക്ക് കഴിയും,” അവർ ഉത്തരമായി പറയുന്നു. താൻ കഠിനമായ പീഡനത്തെയും ഒടുവിൽ മരണത്തെയും അഭിമുഖീകരിക്കുകയാണെന്ന് യേശു ഇപ്പോൾതന്നെ അവരോട് പറഞ്ഞതേയുളളുവെങ്കിലും താൻ കുടിക്കാനിരിക്കുന്ന “പാനപാത്രം” എന്ന് അവൻ പറഞ്ഞത് അതിനെപ്പററിയാണെന്ന് അവർ തിരിച്ചറിയുന്നില്ല.
എന്നിരുന്നാലും യേശു അവരോട് പറയുന്നു: “നിങ്ങൾ വാസ്‌തവത്തിൽ എന്റെ പാനപാത്രം കുടിക്കും. എന്നാൽ എന്റെ വലതുഭാഗത്തും ഇടതുഭാഗത്തും ഇരിക്കാനുളള വരം നൽകുക എന്നത് എനിക്കുളളതല്ല. അത് എന്റെ പിതാവ് ആർക്കായി ഒരുക്കിയിരിക്കുന്നുവോ അവർക്കുളളതാണ്.”
പിന്നീട് യാക്കോബും യോഹന്നാനും ആവശ്യപ്പെട്ടത് എന്തെന്ന് ശേഷം പത്തു അപ്പൊസ്‌തലൻമാർ മനസ്സിലാക്കുമ്പോൾ അവർ നീരസപ്പെടുന്നു. ആരാണ് ഏററവും വലിയവൻ എന്ന് നേരത്തെ അപ്പൊസ്‌തലൻമാർക്കിടയിലുണ്ടായ തർക്കത്തിൽ ഒരുപക്ഷേ യാക്കോബും യോഹന്നാനും പ്രമുഖ പങ്കുവഹിച്ചിരുന്നു. ഈ സംഗതി സംബന്ധിച്ച് യേശു നൽകിയ ബുദ്ധ്യുപദേശം അവർ ബാധകമാക്കിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ അവരുടെ അപേക്ഷ വെളിപ്പെടുത്തുന്നത്. സങ്കടകരമെന്നു പറയട്ടെ പ്രാമുഖ്യതക്കുവേണ്ടിയുളള അവരുടെ ആഗ്രഹം ഇപ്പോഴും ശക്തമാണ്.
അതുകൊണ്ട് ഇപ്പോഴത്തെ ഈ തർക്കവും അത് ഉളവാക്കിയിരിക്കുന്ന നീരസവും കൈകാര്യം ചെയ്യുന്നതിന് യേശു പന്തിരുവരെ വിളിച്ചുകൂട്ടുന്നു. അവരെ സ്‌നേഹപൂർവ്വം ബുദ്ധ്യുപദേശിച്ചുകൊണ്ട് അവൻ ഇങ്ങനെ പറയുന്നു: “ജനതകളിലെ ഭരണാധിപൻമാർ അവരുടെമേൽ കർത്തൃത്വം ചെയ്യുന്നുവെന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നുവെന്നും നിങ്ങൾ അറിയുന്നുവല്ലോ. നിങ്ങളുടെയിടയിലെ രീതി അങ്ങനെയല്ല; മറിച്ച്, നിങ്ങളുടെയിടയിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം, ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയാകണം.”
യേശു വിശദീകരിക്കുന്നപ്രകാരം അവർ അനുകരിക്കേണ്ട മാതൃക അവൻ വച്ചിരിക്കുന്നു: “മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും അനേകർക്കുവേണ്ടി തന്റെ ദേഹിയെ മറുവിലയായി കൊടുക്കാനും വന്നതുപോലെ തന്നെ.” യേശു മററുളളവർക്ക് ശുശ്രൂഷ ചെയ്‌തിരിക്കുന്നു എന്നു മാത്രമല്ല മനുഷ്യവർഗ്ഗത്തിനുവേണ്ടി മരിക്കുന്ന അളവോളം അങ്ങനെതന്നെ ചെയ്യും! ശുശ്രൂഷിക്കപ്പെടുന്നതിനേക്കാളേറെ ശുശ്രൂഷിക്കുന്നതിനും ഒരു പ്രമുഖസ്ഥാനത്തായിരിക്കുന്നതിനേക്കാൾ ഒരു എളിയസ്ഥാനത്തായിരിക്കുന്നതിനും ആഗ്രഹിക്കുന്ന ക്രിസ്‌തുവിന്റെ അതേ മാനസ്സിക ഭാവമാണ് ശിഷ്യൻമാർക്കും ഉണ്ടായിരിക്കേണ്ടത്. മത്തായി 20:17-28; മർക്കോസ് 3:17; 9:33-37; 10:32-45; ലൂക്കോസ് 18:31-34; യോഹന്നാൻ 11:16.
▪ ഇപ്പോൾ ഭയം ശിഷ്യൻമാരെ പിടികൂടുന്നത് എന്തുകൊണ്ട്?
▪ പെട്ടെന്നുതന്നെ സംഭവിക്കാനിരിക്കുന്നതിനുവേണ്ടി യേശു തന്റെ ശിഷ്യൻമാരെ ഒരുക്കുന്നത് എങ്ങനെയാണ്?
▪ യേശുവിനോട് എന്ത് അപേക്ഷ നടത്തപ്പെടുന്നു, മററ് അപ്പൊസ്‌തലൻമാർ അതിനാൽ എപ്രകാരം ബാധിക്കപ്പെടുന്നു?
▪ തന്റെ അപ്പൊസ്‌തലൻമാർക്കിടയിലെ പ്രശ്‌നം യേശു എങ്ങനെ കൈകാര്യം ചെയ്യുന്നു?