വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ സ്‌നാപനം

യേശുവിന്റെ സ്‌നാപനം

അധ്യായം 12

യേശുവിന്റെ സ്‌നാപനം

യോഹന്നാൻ പ്രസംഗം തുടങ്ങി ഏതാണ്ട്‌ ആറു മാസം കഴിഞ്ഞ്‌, ഇപ്പോൾ 30 വയസ്സുളള യേശു യോർദ്ദാനിൽ അവന്റെയടുത്തേക്ക്‌ വരുന്നു. എന്തിനുവേണ്ടിയാണ്‌? ചങ്ങാത്തത്തിനുവേണ്ടിയുളള ഒരു സന്ദർശനം നടത്താനാണോ? യോഹന്നാന്റെ വേല എത്രമാത്രം പുരോഗമിക്കുന്നുണ്ടെന്ന്‌ കാണുന്നതിലെ യേശുവിന്റെ താൽപ്പര്യം നിമിത്തമാണോ? അല്ല. തന്നെ സ്‌നാപനപ്പെടുത്താൻ യേശു യോഹന്നാനോട്‌ ആവശ്യപ്പെടുന്നു.

യോഹന്നാൻ ഉടനെ എതിർക്കുന്നു: “ഞാൻ നിന്നാൽ സ്‌നാപനം ഏൽക്കേണ്ടവനാണ്‌, പിന്നെ നീ എന്റെയടുക്കൽ വരുന്നുവോ?” തന്റെ മച്ചുനനായ യേശു ദൈവത്തിന്റെ പ്രത്യേക സന്തതിയാണെന്ന്‌ യോഹന്നാനറിയാം. എന്തിനധികം, മറിയ യേശുവിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ അവരെ സന്ദർശിച്ച സന്ദർഭത്തിൽ യോഹന്നാൻ തന്റെ അമ്മയുടെ വയററിൽ കിടന്ന്‌ സന്തോഷത്തോടെ തുളളിച്ചാടിയതാണ്‌! യോഹന്നാന്റെ മാതാവായ എലീശബെത്ത്‌ പിന്നീട്‌ ഇതു സംബന്ധിച്ച്‌ അവനോട്‌ തീർച്ചയായും പറഞ്ഞിട്ടുണ്ട്‌. കൂടാതെ, യേശുവിന്റെ ജനനത്തെ സംബന്ധിച്ച്‌ ദൂതന്റെ അറിയിപ്പിനെക്കുറിച്ചും അവൻ ജനിച്ച രാത്രി ദൂതൻമാർ ഇടയൻമാർക്ക്‌ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും അവൾ അവനോട്‌ പറഞ്ഞിട്ടുണ്ടായിരിക്കണം.

അതുകൊണ്ട്‌ യേശു യോഹന്നാന്‌ ഒരു അപരിചിതനേയല്ല. തന്റെ സ്‌നാപനം യേശുവിനുവേണ്ടിയുളളതല്ലെന്ന്‌ യോഹന്നാന്‌ അറിയുകയും ചെയ്യാം. അത്‌ തങ്ങളുടെ പാപങ്ങളെക്കുറിച്ച്‌ അനുതപിക്കുന്നവർക്കുവേണ്ടിയുളളതാണ്‌. എന്നാൽ യേശു പാപമില്ലാത്തവനാണ്‌. യോഹന്നാന്റെ എതിർപ്പ്‌ ഉണ്ടായിരുന്നിട്ടും യേശു നിർബന്ധംപിടിക്കുന്നു: “ഇപ്രാവശ്യം ഇതു നടക്കട്ടെ, ആ വിധത്തിൽ നീതിയായതെല്ലാം നിർവ്വഹിക്കുന്നത്‌ നമുക്ക്‌ ഉചിതം.”

യേശു സ്‌നാപനപ്പെടുന്നത്‌ ഉചിതമായിരിക്കുന്നതെന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ യേശുവിന്റെ സ്‌നാപനം പാപങ്ങളെക്കുറിച്ചുളള അനുതാപത്തിന്റെയല്ല, പിന്നെയോ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിന്‌ സ്വയം വിട്ടുകൊടുക്കുന്നതിന്റെ ഒരടയാളമാണ്‌. യേശു ഒരാശാരിയായിരുന്നു. എന്നാൽ ദൈവം തന്നെ ഭൂമിയിലേക്കയച്ചപ്പോൾ താൻ നിർവ്വഹിക്കേണ്ടിയിരുന്ന ശുശ്രൂഷ തുടങ്ങുന്നതിനുളള സമയമായിരുന്നു ഇത്‌. യോഹന്നാൻ യേശുവിനെ സ്‌നാപനപ്പെടുത്തിയപ്പോൾ അവൻ അസാധാരണമായ എന്തെങ്കിലും സംഭവിക്കുമെന്ന്‌ പ്രതീക്ഷിച്ചതായി നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ?

കൊളളാം, യോഹന്നാൻ പിന്നീട്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “വെളളത്തിൽ സ്‌നാപനം കഴിപ്പിക്കാൻ എന്നെ അയച്ചവൻ എന്നോട്‌ പറഞ്ഞു, ‘ആരുടെമേൽ ആത്മാവ്‌ ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുന്നുവോ അവനാണ്‌ പരിശുദ്ധാത്മാവിനാൽ സ്‌നാപനം കഴിപ്പിക്കുന്നവൻ.’” അതുകൊണ്ട്‌ താൻ സ്‌നാപനപ്പെടുത്തുന്ന ആരുടെയെങ്കിലുംമേൽ ദൈവാത്മാവ്‌ വരാൻ യോഹന്നാൻ പ്രതീക്ഷിച്ചിരുന്നു. അതിനാൽ യേശു വെളളത്തിൽ നിന്ന്‌ കയറിയ സമയം “ദൈവാത്മാവ്‌ ഒരു പ്രാവിനെപ്പോലെ അവന്റെമേൽ വന്ന”പ്പോൾ അവൻ വാസ്‌തവത്തിൽ അതിശയിക്കാൻ ഇടയില്ല.

എന്നാൽ യേശുവിന്റെ സ്‌നാപനസമയത്ത്‌ അതിൽ കൂടുതൽ സംഭവിച്ചു. അവന്‌ ‘സ്വർഗ്ഗങ്ങൾ തുറക്കപ്പെടുന്നു’. അതിന്റെ അർത്ഥമെന്താണ്‌? പ്രകടമായും അതിന്റെ അർത്ഥം സ്‌നാപനമേൽക്കുകയിൽ മനുഷ്യനാകുന്നതിനു മുമ്പത്തെ സ്വർഗ്ഗത്തിലെ അവന്റെ ജീവിതത്തെക്കുറിച്ചുളള ഓർമ്മ അവന്‌ തിരികെ ലഭിക്കുന്നു. അപ്രകാരം യഹോവയാം ദൈവത്തിന്റെ ഒരു ആത്മപുത്രനെന്ന നിലയിലുളള ജീവിതം മനുഷ്യനാകുന്നതിന്‌ മുമ്പത്തെ അവന്റെ ആസ്‌തിക്യത്തിൽ ദൈവം തന്നോട്‌ സംസാരിച്ച കാര്യങ്ങൾ സഹിതം യേശു ഇപ്പോൾ മുഴുവനായും ഓർമ്മിക്കുന്നു.

കൂടാതെ, അവന്റെ സ്‌നാപന സമയത്ത്‌ സ്വർഗ്ഗത്തിൽ നിന്നുളള ഒരു ശബ്ദം ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ഇത്‌ ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പ്രിയപുത്രനാകുന്നു.” അത്‌ ആരുടെ ശബ്ദമായിരുന്നു? യേശുവിന്റെതന്നെ ശബ്ദമായിരുന്നോ? ഒരിക്കലുമല്ല! അത്‌ ദൈവത്തിന്റെതായിരുന്നു. വ്യക്തമായും ചിലർ അവകാശപ്പെടുന്നതുപോലെ യേശു ദൈവം തന്നെയല്ല മറിച്ച്‌ ദൈവപുത്രനാണ്‌.

എന്നിരുന്നാലും, യേശു ആദ്യമനുഷ്യനായ ആദാം ആയിരുന്നതുപോലെ ദൈവത്തിന്റെ ഒരു മാനുഷപുത്രനാണ്‌. ശിഷ്യനായ ലൂക്കോസ്‌ യേശുവിന്റെ സ്‌നാപനത്തെക്കുറിച്ച്‌ വർണ്ണിച്ചശേഷം ഇപ്രകാരം എഴുതുന്നു: “യേശു തന്നെയും അവന്റെ വേല ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സുളളവനായിരുന്നു, അവൻ ജോസഫിന്റെ മകൻ എന്ന്‌ ജനം വിചാരിച്ചു. ജോസഫ്‌ ഹേലിയുടെ മകൻ . . . ദാവീദിന്റെ മകൻ . . . അബ്രഹാമിന്റെ മകൻ . . . നോഹയുടെ മകൻ . . . ദൈവത്തിന്റെ മകനായ ആദാമിന്റെ മകൻ.”

ആദാം “ദൈവത്തിന്റെ മാനുഷപുത്രനാ”യിരുന്നതുപോലെയായിരുന്നു യേശുവും. ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യനായിരുന്നു യേശു. നാം യേശുവിന്റെ ജീവിതം പരിശോധിക്കുമ്പോൾ അത്‌ പ്രകടമാകും. എന്നുവരികിലും സ്‌നാപനത്തോടെ അവൻ ദൈവവുമായി ഒരു പുതിയ ബന്ധത്തിലേക്ക്‌ വരുന്നു, അവൻ ദൈവത്തിന്റെ ഒരു ആത്മീയ പുത്രനുംകൂടെ ആയിരുന്നു. നാശത്തിനു വിധിക്കപ്പെട്ട മനുഷ്യവർഗ്ഗത്തിനു വേണ്ടി തന്റെ മാനുഷ ജീവനെ എന്നേക്കുമായി ബലി ചെയ്യുന്നതിലേക്ക്‌ നയിക്കുന്ന ഒരു ഗതിക്ക്‌ അതുവഴി തുടക്കമിട്ടു. മത്തായി 3:13-17; ലൂക്കോസ്‌ 3:21-38; 1:34-36, 44; 2:10-14; യോഹന്നാൻ 1:32-34; എബ്രായർ 10:5-9.

▪ യേശു യോഹന്നാന്‌ ഒരു അപരിചിതനല്ലാതിരുന്നതെന്തുകൊണ്ട്‌?

▪ യേശു യാതൊരു പാപവും ചെയ്യാഞ്ഞിട്ടും അവൻ സ്‌നാപനമേററതെന്തുകൊണ്ട്‌?

▪ യേശുവിനെക്കുറിച്ച്‌ യോഹന്നാൻ അറിഞ്ഞതിന്റെ വീക്ഷണത്തിൽ, ദൈവാത്മാവ്‌ യേശുവിന്റെമേൽ വന്നപ്പോൾ അവൻ വിസ്‌മയിച്ചുപോകാഞ്ഞതെന്തുകൊണ്ട്‌?