വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവും ധനികനായ യുവഭരണാധിപനും

യേശുവും ധനികനായ യുവഭരണാധിപനും

അധ്യായം 96

യേശുവും ധനികനായ യുവഭരണാധിപനും

യേശു പെരെയാ പ്രദേശത്തുകൂടെ യെരൂശലേമിലേക്ക്‌ യാത്ര ചെയ്യുമ്പോൾ ഒരു യുവാവ്‌ ഓടി വന്ന്‌ അവന്റെ മുമ്പാകെ മുട്ടുകുത്തി നിൽക്കുന്നു. അയാൾ ഒരു ഭരണാധിപൻ എന്ന്‌ വിളിക്കപ്പെട്ടിരിക്കുന്നു, അയാൾ പ്രാദേശിക സിന്നഗോഗിൽ ഒരു പ്രമുഖ സ്ഥാനമുളളവനാണെന്നോ അല്ലെങ്കിൽ സൻഹെദ്ദ്രീമിലെ തന്നെ ഒരു അംഗംപോലുമാണെന്നോ ആയിരിക്കാം അതിന്റെ അർത്ഥം. കൂടാതെ അയാൾ ഒരു വലിയ ധനികനുമാണ്‌. “നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കേണ്ടതിന്‌ ഞാൻ എന്തുചെയ്യണം?” അയാൾ ചോദിക്കുന്നു.

“എന്നെ നല്ലവൻ എന്ന്‌ വിളിക്കുന്നത്‌ എന്ത്‌?” മറുപടിയായി യേശു പറയുന്നു. “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” സാദ്ധ്യതയനുസരിച്ച്‌ ഈ യുവാവ്‌ “നല്ലവൻ” എന്നത്‌ ഒരു സ്ഥാനപ്പേരായി ഉപയോഗിക്കുന്നു, അതുകൊണ്ട്‌ അത്തരമൊരു സ്ഥാനപ്പേര്‌ ദൈവത്തിന്‌ മാത്രമുളളതാണെന്ന്‌ യേശു അയാളോട്‌ പറയുന്നു.

“എന്നിരുന്നാലും,” യേശു തുടരുന്നു, “നീ ജീവനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൽപ്പനകൾ അനുസരിച്ചുകൊണ്ടേയിരിക്കുക.”

“ഏതു കൽപ്പനകൾ?” ആ മനുഷ്യൻ ചോദിക്കുന്നു.

പത്തുകൽപ്പനകളിൽ അഞ്ചെണ്ണം ഉദ്ധരിച്ചുകൊണ്ട്‌ യേശു ഉത്തരം നൽകുന്നു. “എന്തിന്‌, നീ കൊലചെയ്യരുത്‌, നീ വ്യഭിചാരം ചെയ്യരുത്‌, നീ മോഷ്ടിക്കരുത്‌, നീ കളളസാക്ഷ്യം പറയരുത്‌, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” അതിലും പ്രധാനമായ ഒരു കൽപ്പന കൂട്ടിച്ചേർത്തുകൊണ്ട്‌ യേശു പറയുന്നു: “നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരെയും സ്‌നേഹിക്കണം.”

“ഇവയെല്ലാം ഞാൻ എന്റെ ചെറുപ്പം മുതൽ അനുസരിച്ചു പോരുന്നു,” ആ മനുഷ്യൻ തികഞ്ഞ ആത്മാർത്ഥതയോടെ പറയുന്നു. “എനിക്ക്‌ ഇനി എന്തു കുറവാണുളളത്‌?”

ആ മമനുഷ്യന്റെ തീവ്രവും ആത്മാർത്ഥവുമായ അപേക്ഷ കേട്ടിട്ട്‌ യേശുവിന്‌ അയാളോട്‌ സ്‌നേഹം തോന്നുന്നു. എന്നാൽ അയാൾക്ക്‌ ഭൗതിക വസ്‌തുക്കളോടുളള താൽപ്പര്യം മനസ്സിലാക്കിയിട്ട്‌ അയാളുടെ പോരായ്‌മ യേശു ചൂണ്ടിക്കാട്ടുന്നു: “നിനക്ക്‌ ഒരു കുറവുണ്ട്‌: പോയി നിനക്കുളളതെല്ലാം വിററ്‌ ദരിദ്രർക്ക്‌ കൊടുക്കുക, എന്നാൽ നിനക്ക്‌ സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും, പിന്നെ വന്ന്‌ എന്റെ ഒരു അനുഗാമിയായിരിക്കുക.

ആ മനുഷ്യൻ എഴുന്നേററ്‌ തീവ്രമായ ദുഃഖത്തോടെ പിരിഞ്ഞു പോകുമ്പോൾ തീർച്ചയായും സഹതാപത്തോടെ യേശു അയാളെ നോക്കുന്നു. യഥാർത്ഥ നിക്ഷേപത്തിന്റെ മൂല്യം മനസ്സിലാക്കാൻ കഴിയാതവണ്ണം അയാളുടെ സമ്പത്ത്‌ അയാളെ അന്ധനാക്കുന്നു. “പണക്കാർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്‌ എത്ര പ്രയാസമാണ്‌!” ദുഃഖത്തോടെ യേശു പറയുന്നു.

യേശുവിന്റെ വാക്കുകൾ ശിഷ്യൻമാരെ അന്ധാളിപ്പിക്കുന്നു. എന്നാൽ അവൻ അതേതുടർന്ന്‌ ഒരു പൊതുനിയമം പ്രസ്‌താവിക്കുമ്പോൾ അവരുടെ ആശ്ചര്യം വർദ്ധിക്കുന്നു: “ഒരു ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌.”

“വാസ്‌തവത്തിൽ ആർക്കാണ്‌ രക്ഷപ്പെടാൻ കഴിയുക?” ശിഷ്യൻമാർ ചോദിക്കുന്നു.

അവർക്ക്‌ നേരെ നോക്കിക്കൊണ്ട്‌ മറുപടിയായി യേശു പറയുന്നു: “മനുഷ്യർക്ക്‌ അത്‌ അസാദ്ധ്യമാണ്‌, എന്നാൽ ദൈവത്തിന്‌ അങ്ങനെയല്ല. ദൈവത്തിന്‌ എല്ലാം സാദ്ധ്യമാണ്‌.”

ധനികനായ ആ യുവഭരണാധിപന്റേതിൽ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു തെരഞ്ഞെടുപ്പ്‌ തങ്ങൾ നടത്തിയിട്ടുണ്ട്‌ എന്ന്‌ കുറിക്കൊണ്ടുകൊണ്ട്‌ പത്രോസ്‌ പറയുന്നു: “നോക്കൂ! ഞങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ നിന്നെ അനുഗമിച്ചിരിക്കുന്നു.” അതുകൊണ്ട്‌ അവൻ ചോദിക്കുന്നു: “ഞങ്ങൾക്ക്‌ വാസ്‌തവത്തിൽ എന്തു കിട്ടും?”

“പുനർസൃഷ്ടിയിൽ മനുഷ്യപുത്രൻ തന്റെ മഹത്വമുളള സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചവരായ നിങ്ങളും പന്ത്രണ്ട്‌ സിംഹാസനങ്ങളിലിരുന്നു ഇസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കും,” യേശു വാഗ്‌ദാനം ചെയ്യുന്നു. അതെ, കാര്യങ്ങൾ ഏദൻ തോട്ടത്തിലേതുപോലെയായിരിക്കാൻ ഭൂമിയിലെ അവസ്ഥകളുടെ ഒരു പുനർസൃഷ്ടിയുണ്ടായിരിക്കുമെന്ന്‌ യേശു പ്രകടമാക്കുകയാണ്‌. പത്രോസിനും മററു ശിഷ്യൻമാർക്കും യേശുവിനോടുകൂടെ ഈ ഭൂവിസ്‌തൃതമായ പറുദീസയിൻമേൽ ഭരണം നടത്താനുളള പ്രതിഫലം ലഭിക്കും. തീർച്ചയായും അത്ര മഹത്തായ ഒരു പ്രതിഫലം ഏതു ത്യാഗത്തിനും തക്ക മൂല്യമുളളതാണ്‌!

എന്നിരുന്നാലും യേശു തറപ്പിച്ചു പറയുന്നതുപോലെ ഇപ്പോൾ പോലും പ്രതിഫലങ്ങൾ ഉണ്ട്‌: “എനിക്കു വേണ്ടിയും സുവാർത്തക്കു വേണ്ടിയും വീടോ സഹോദരൻമാരെയോ സഹോദരിമാരെയോ അമ്മയെയോ അപ്പനെയോ മക്കളെയോ വയലുകളെയോ ഉപേക്ഷിച്ചിട്ട്‌ ഈ കാലത്തുതന്നെ പീഡനത്തോടുകൂടെ നൂറു മടങ്ങ്‌ വീടുകളെയും സഹോദരൻമാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വയലുകളെയും വരാനിരിക്കുന്ന വ്യവസ്ഥിതിയിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല.”

യേശു വാഗ്‌ദാനം ചെയ്യുന്നതുപോലെ ശിഷ്യൻമാർ ലോകത്തിൽ എവിടെപ്പോയാലും അവർ സഹക്രിസ്‌ത്യാനികളുമായിട്ട്‌ സ്വാഭാവിക കുടുംബാംഗങ്ങളുമായിട്ടുളളതിനേക്കാൾ കൂടുതൽ അടുത്തതും വിലപ്പെട്ടതുമായ ബന്ധം ആസ്വദിക്കുന്നു. പ്രത്യക്ഷത്തിൽ, ധനികനായ ആ യുവഭരണാധിപൻ ഈ പ്രതിഫലവും ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിലെ നിത്യജീവനും നഷ്ടമാക്കുന്നു.

പിന്നീട്‌ യേശു ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “എന്നിരുന്നാലും മുമ്പൻമാർ പലരും പിമ്പൻമാരും പിമ്പൻമാർ പലരും മുമ്പൻമാരും ആകും.” അവൻ എന്താണ്‌ അർത്ഥമാക്കുന്നത്‌?

ധനവാനായ ഈ യുവഭരണാധിപനെപ്പോലെ മതപരമായ പദവികളാസ്വദിക്കുന്ന പല “മുമ്പൻമാരും” രാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നാണ്‌ അവൻ അർത്ഥമാക്കുന്നത്‌. അവർ “പിമ്പൻമാർ” ആയിരിക്കും. എന്നാൽ സ്വയനീതിക്കാരായ പരീശൻമാർ, “പിമ്പൻമാർ”—നിലത്തെ ആളുകൾ അല്ലെങ്കിൽ അംഹാരെററ്‌സ്‌—എന്ന നിലയിൽ പരിഹസിക്കുന്ന, യേശുവിന്റെ ശിഷ്യൻമാർ ഉൾപ്പെടെയുളള അനേകർ “മുമ്പൻമാരാ”യിത്തീരും. അവർ “മുമ്പൻമാരാ”യിത്തീരുക എന്നതിന്റെ അർത്ഥം രാജ്യത്തിൽ ക്രിസ്‌തുവിനോടുകൂടെ സഹഭരണാധിപൻമാരായിത്തീരാനുളള പദവി അവർക്ക്‌ ലഭിക്കും എന്നാണ്‌. മർക്കോസ്‌ 10:17-31; മത്തായി 19:16-30; ലൂക്കോസ്‌ 18:18-30.

▪ പ്രത്യക്ഷത്തിൽ, ഈ ധനികനായ യുവാവ്‌ ഏതുതരം ഭരണാധിപനാണ്‌?

▪ നല്ലവൻ എന്നു വിളിക്കപ്പെടുന്നതിനെ യേശു എതിർക്കുന്നത്‌ എന്തുകൊണ്ടാണ്‌?

▪ യുവഭരണാധിപന്റെ അനുഭവം ധനികനായിരിക്കുന്നതിന്റെ അപകടത്തെ എങ്ങനെ ചിത്രീകരിക്കുന്നു?

▪ യേശു തന്റെ അനുയായികൾക്ക്‌ എന്തു പ്രതിഫലം വാഗ്‌ദാനം ചെയ്യുന്നു?

▪ മുമ്പൻമാർ പിമ്പൻമാരും പിമ്പൻമാർ മുമ്പൻമാരുമായിത്തീരുന്നതെങ്ങനെ?