വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുന്നു

യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുന്നു

അധ്യായം 52

യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുന്നു

പന്ത്രണ്ട്‌ അപ്പൊസ്‌തലൻമാർ ഗലീലയിലുടനീളം ശ്രദ്ധേയമായ ഒരു പ്രസംഗപര്യടനം ആസ്വദിക്കുന്നു. ഇപ്പോൾ, യോഹന്നാന്റെ വധത്തിനുശേഷം താമസിയാതെ, അവർ യേശുവിന്റെ അടുക്കലേക്കു മടങ്ങിവരുകയും തങ്ങളുടെ അത്ഭുതകരമായ അനുഭവം വിവരിക്കുകയും ചെയ്യുന്നു. അവർ ക്ഷീണിതരാണെന്നും അവർക്ക്‌ ഭക്ഷിക്കാൻപോലും സമയമില്ലാത്തവിധം വളരെയധികമാളുകൾ വരുകയും പോകുകയും ചെയ്യുന്നുവെന്നും കാണുകയാൽ ‘നിങ്ങൾക്ക്‌ വിശ്രമിക്കാൻ കഴിയുന്നിടമായ ഒരു ഏകാന്തസ്ഥലത്തേക്ക്‌ നമുക്ക്‌ തനിച്ചുപോകാം’ എന്ന്‌ യേശു പറയുന്നു.

ഒരുപക്ഷേ കഫർന്നഹൂമിനടുത്ത്‌ തങ്ങളുടെ വളളത്തിൽ കയറി അവർ വിദൂരത്തിലുളള ഒരു സ്ഥലത്തേക്ക്‌ പോകുന്നു, തെളിവനുസരിച്ച്‌ യോർദ്ദാനു കിഴക്ക്‌ ബേത്ത്‌സയിദക്കപ്പുറത്തേക്ക്‌. എന്നിരുന്നാലും അവർ വിട്ടുപോകുന്നത്‌ അനേകർ കാണുന്നു. മററുളളവർ അതിനെക്കുറിച്ചു മനസ്സിലാക്കുന്നു. അവരെല്ലാം തീരത്തുകൂടെ മുൻകടന്ന്‌ ഓടുന്നു. വളളം കരക്കടുക്കുമ്പോൾ അവർ അവരെ സ്വീകരിക്കാൻ അവിടെയുണ്ട്‌.

വളളത്തിൽനിന്നിറങ്ങി വലിയ ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു അനുകമ്പാർദ്രനാകുന്നു, എന്തുകൊണ്ടെന്നാൽ ആളുകൾ ഒരു ഇടയനില്ലാത്ത ആടുകളെപ്പോലെയാണ്‌. തന്നിമിത്തം അവൻ അവരുടെ രോഗികളെ സൗഖ്യമാക്കുകയും അവരെ അനേകം കാര്യങ്ങൾ പഠിപ്പിച്ചുതുടങ്ങുകയും ചെയ്യുന്നു.

പെട്ടെന്ന്‌ സമയം കടന്നുപോകുന്നു. യേശുവിന്റെ ശിഷ്യൻമാർ അവന്റെ അടുക്കൽ വന്ന്‌ പറയുന്നു: “ഈ സ്ഥലം ഒററപ്പെട്ടതാണ്‌, ഇപ്പോൾത്തന്നെ ഇതു വൈകിയ നാഴികയാണ്‌. അവരെ പറഞ്ഞയക്കുക, അവർ നാട്ടിൻപുറത്തേക്കും ചുററുപാടുമുളള ഗ്രാമങ്ങളിലേക്കും പോയി ഭക്ഷിക്കാൻ എന്തെങ്കിലും വാങ്ങട്ടെ.”

എന്നിരുന്നാലും, മറുപടിയായി യേശു പറയുന്നു: “നിങ്ങൾ എന്തെങ്കിലും അവർക്ക്‌ ഭക്ഷിക്കാൻ കൊടുക്കുക.” പിന്നീട്‌, താൻ എന്തു ചെയ്യാൻ പോകുന്നുവെന്ന്‌ യേശുവിന്‌ അറിയാമെന്നുളളതുകൊണ്ട്‌ “ഇവർക്ക്‌ ഭക്ഷിക്കാൻ കൊടുക്കാൻ നാം എവിടെനിന്ന്‌ അപ്പം വാങ്ങും” എന്നു ചോദിച്ചുകൊണ്ട്‌ ഫിലിപ്പോസിനെ അവൻ പരീക്ഷിക്കുന്നു.

ഫിലിപ്പോസിന്റെ വീക്ഷണത്തിൽ സാഹചര്യം അസാദ്ധ്യമാണ്‌. എന്തിന്‌, ഏതാണ്ട്‌ 5,000 പുരുഷൻമാരുണ്ട്‌, സ്‌ത്രീകളെയും കുട്ടികളെയുംകൂടെ കൂട്ടിയാൽ ഒരുപക്ഷേ 10,000ത്തിൽ കൂടുതൽ പേരുണ്ടായിരിക്കാം! “ഓരോരുത്തർക്കും അല്‌പം കിട്ടാൻ ഇരുനൂറു വെളളിക്കാശ്‌ [ഒരു വെളളിക്കാശ്‌ അന്ന്‌ ഒരു ദിവസത്തെ കൂലിയായിരുന്നു] വിലക്കുളള അപ്പം അവർക്കു മതിയാകയില്ല” എന്ന്‌ ഫിലിപ്പോസ്‌ പ്രതിവചിക്കുന്നു.

ഒരുപക്ഷേ, ഇത്രയധികം പേരെ പോഷിപ്പിക്കുന്നതിന്റെ അസാദ്ധ്യത കാണിക്കാൻ അന്ത്രെയോസ്‌ സ്വമേധയാ മുന്നോട്ടുവരുന്നു: “അഞ്ച്‌ യവത്തപ്പവും രണ്ടു ചെറിയ മീനും ഉളള ഒരു ബാലൻ ഇവിടെയുണ്ട്‌, എന്നാൽ ഇത്രയധികം പേരുടെ ഇടയിൽ അവ എന്തുണ്ട്‌?” എന്ന്‌ അവൻ കൂട്ടിച്ചേർക്കുന്നു.

അത്‌ ക്രി.വ. 32ലെ പെസഹായ്‌ക്കു തൊട്ടുമുമ്പത്തെ വസന്തകാലമാകയാൽ, ധാരാളം പച്ചപ്പുല്ലുണ്ട്‌. അതുകൊണ്ട്‌ 50ഉം 100ഉം പേരുടെ കൂട്ടങ്ങൾ വീതം പുൽപ്പുറത്തിരിക്കാൻ യേശു തന്റെ ശിഷ്യൻമാരെക്കൊണ്ട്‌ ജനങ്ങളോടു പറയിക്കുന്നു. അവൻ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ സ്വർഗ്ഗത്തിലേക്കു നോക്കി വാഴ്‌ത്തുന്നു. പിന്നീട്‌ അവൻ അപ്പം നുറുക്കാനും മീൻ വിഭജിക്കാനും തുടങ്ങുന്നു. അവൻ അവ തന്റെ ശിഷ്യൻമാർക്കു കൊടുക്കുന്നു. അവർ അവ ജനങ്ങൾക്കു വിതരണംചെയ്യുന്നു. അത്‌ഭുതകരമായി, സകലരും വേണ്ടുവോളം ഭക്ഷിക്കുന്നു!

അനന്തരം യേശു തന്റെ ശിഷ്യൻമാരോട്‌ പറയുന്നു: “യാതൊന്നും പാഴാകാതിരിക്കത്തക്കവണ്ണം ശേഷിച്ച കഷണങ്ങൾ ശേഖരിക്കുക.” അവർ അങ്ങനെ ചെയ്യുമ്പോൾ, അവർ തിന്നു ശേഷിച്ചവയിൽനിന്ന്‌ 12 കുട്ടകൾ നിറക്കുന്നു! മത്തായി 14:13-21; മർക്കോസ്‌ 6:30-44; ലൂക്കോസ്‌ 9:10-17; യോഹന്നാൻ 6:1-13.

▪ യേശു തന്റെ അപ്പൊസ്‌തലൻമാർക്കുവേണ്ടി ഒരു സ്വകാര്യസ്ഥലം അന്വേഷിക്കുന്നതെന്തുകൊണ്ട്‌?

▪ യേശു തന്റെ ശിഷ്യൻമാരെ എങ്ങോട്ടു കൊണ്ടുപോകുന്നു, അവരുടെ വിശ്രമത്തിന്റെ ആവശ്യം നിറവേറാതെപോകുന്നതെന്തുകൊണ്ട്‌?

▪ വൈകുന്നേരം, ശിഷ്യൻമാർ എന്തിനു പ്രോൽസാഹിപ്പിക്കുന്നു, യേശു ജനത്തിനുവേണ്ടി എങ്ങനെ കരുതുന്നു?