വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു ഒരു വിധവയുടെദുഃഖം അകററുന്നു

യേശു ഒരു വിധവയുടെദുഃഖം അകററുന്നു

അധ്യായം 37

യേശു ഒരു വിധവയുടെദുഃഖം അകററുന്നു

യേശു സൈനികോദ്യോഗസ്ഥന്റെ ദാസനെ സൗഖ്യമാക്കിയശേഷം താമസിയാതെ അവൻ കഫർന്നഹൂമിന്‌ 32-ൽപരം കിലോമീററർ തെക്കുപടിഞ്ഞാറുളള ഒരു നഗരമായ നയീനിലേക്കു പോകുന്നു. അവന്റെ ശിഷ്യൻമാരും ഒരു വലിയ പുരുഷാരവും അവന്റെ കൂടെ പോകുന്നു. ഒരുപക്ഷേ സന്ധ്യയോടടുത്താണ്‌ അവർ നയീന്റെ പ്രാന്തപ്രദേശത്ത്‌ എത്തുന്നത്‌. അവിടെ അവർ ഒരു ശവസംസ്‌ക്കാരഘോഷയാത്ര കാണുന്നു. ഒരു ചെറുപ്പക്കാരന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന്‌ നഗരത്തിനു വെളിയിലേക്കു കൊണ്ടുപോകുകയാണ്‌.

അമ്മയുടെ സാഹചര്യം വിശേഷാൽ ശോകാത്മകമാണ്‌. കാരണം അവർ ഒരു വിധവയാണ്‌. ഇത്‌ അവരുടെ ഏക കുട്ടിയുമായിരുന്നു. അവരുടെ ഭർത്താവ്‌ മരിച്ചപ്പോൾ പുത്രനുണ്ടല്ലോയെന്ന്‌ അവർക്കാശ്വസിക്കാമായിരുന്നു. അവരുടെ പ്രത്യാശകളും ആഗ്രഹങ്ങളും അഭിലാഷങ്ങളും അവന്റെ ഭാവിയിൽ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആരിലും ആശ്വാസം കണ്ടെത്താനില്ലെന്നായി. പട്ടണവാസികൾ ശവപ്പറമ്പിലേക്ക്‌ അവളെ അനുഗമിക്കുമ്പോൾ അവളുടെ ദുഃഖം വലുതാണ്‌.

യേശു സ്‌ത്രീയെ കാണുമ്പോൾ അവരുടെ അങ്ങേയററത്തെ സങ്കടത്തിൽ അവന്റെ ഹൃദയം വികാരനിർഭരമായിത്തീരുന്നു. അതുകൊണ്ട്‌ ആർദ്രതയോടെയെങ്കിലും ദൃഢതയോടെ അവൻ അവരോടു പറയുന്നു: “കരച്ചിൽ നിർത്തുക.” അവന്റെ രീതിയും പ്രവർത്തനവും ജനക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചുപററുന്നു. അങ്ങനെ അവൻ ശവമഞ്ചത്തോടടുത്തുചെന്ന്‌ അതിനെ തൊടുമ്പോൾ അത്‌ വഹിക്കുന്നവർ നിശ്ചലരായി നിൽക്കുന്നു. അവൻ എന്തു ചെയ്യാൻ പോകുകയാണെന്ന്‌ എല്ലാവരും അതിശയിക്കുകയായിരിക്കണം.

യേശുവിനെ അനുഗമിക്കുന്നവർ അവൻ അനേകം രോഗികളെ അത്ഭുതകരമായി സൗഖ്യമാക്കുന്നത്‌ കണ്ടിട്ടുണ്ടെന്നുളളതു സത്യമാണ്‌. എന്നാൽ അവൻ മരിച്ചവരിൽനിന്ന്‌ ആരെയെങ്കിലും ഉയർപ്പിക്കുന്നത്‌ അവർ ഒരിക്കലും കണ്ടിട്ടില്ലെന്നുളളത്‌ സ്‌പഷ്ടമാണ്‌. അവന്‌ അങ്ങനെയൊരു കാര്യം ചെയ്യാൻ കഴിയുമോ? ശവത്തെ സംബോധന ചെയ്‌തുകൊണ്ട്‌ യേശു കൽപ്പിക്കുന്നു: “ചെറുപ്പക്കാരാ, ഞാൻ നിന്നോടു പറയുകയാണ്‌, എഴുന്നേൽക്കൂ!” ആ മനുഷ്യൻ എഴുന്നേററിരിക്കുന്നു! അവൻ സംസാരിച്ചു തുടങ്ങുന്നു. യേശു അവനെ അവന്റെ അമ്മയെ ഏൽപ്പിക്കുന്നു.

ആ ചെറുപ്പക്കാരൻ യഥാർത്ഥത്തിൽ ജീവിച്ചതായി ആളുകൾ കണ്ടപ്പോൾ, “നമ്മുടെ ഇടയിൽ ഒരു വലിയ പ്രവാചകൻ എഴുന്നേൽപ്പിക്കപ്പെട്ടിരിക്കുന്നു” എന്ന്‌ അവർ പറഞ്ഞുതുടങ്ങുന്നു. മററു ചിലർ “ദൈവം തന്റെ ജനത്തിലേക്കു തന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നു” എന്ന്‌ പറയുന്നു. പെട്ടെന്നുതന്നെ ഈ വിസ്‌മയകരമായ പ്രവൃത്തിയെക്കുറിച്ചുളള വാർത്ത മുഴുയഹൂദ്യയിലും ചുററുപാടുമുളള പ്രദേശത്തെല്ലാടവും പരക്കുന്നു.

യോഹന്നാൻ സ്‌നാപകൻ അപ്പോഴും തടവിൽതന്നെയാണ്‌. യേശുവിന്‌ ചെയ്യാൻ കഴിയുന്ന പ്രവൃത്തികൾ സംബന്ധിച്ച്‌ കൂടുതൽ അറിയാൻ അവൻ ആഗ്രഹിക്കുന്നു. യോഹന്നാന്റെ ശിഷ്യൻമാർ ഈ അത്ഭുതങ്ങളെ സംബന്ധിച്ച്‌ അവനോട്‌ പറയുന്നു. അവന്റെ പ്രതികരണം എന്താണ്‌? ലൂക്കോസ്‌ 7:11-18.

▪ യേശു നയീനെ സമീപിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

▪ യേശു കാണുന്നത്‌ അവനെ എങ്ങനെ ബാധിക്കുന്നു, അവൻ എന്തു ചെയ്യുന്നു?

▪ ആളുകൾ യേശുവിന്റെ അത്ഭുതത്തോട്‌ എങ്ങനെ പ്രതികരിക്കുന്നു?