വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു തന്റെ എതിരാളികളെ കുററംവിധിക്കുന്നു

യേശു തന്റെ എതിരാളികളെ കുററംവിധിക്കുന്നു

അധ്യായം 109

യേശു തന്റെ എതിരാളികളെ കുററംവിധിക്കുന്നു

യേശുവിന്റെ മതപരമായ എതിരാളികൾക്ക്‌ മേലാൽ അവനോട്‌ എന്തെങ്കിലും ചോദിക്കാൻ ഭയം തോന്നത്തക്കവണ്ണം അവൻ അവരെ അത്രകണ്ട്‌ കുഴപ്പത്തിലാക്കിയിരിക്കുന്നു. അതുകൊണ്ട്‌ അവരുടെ അജ്ഞത തുറന്നുകാട്ടാൻ അവൻ തന്നെ മുൻകൈ എടുക്കുന്നു. “ക്രിസ്‌തുവിനെപ്പററി നിങ്ങൾ എന്തു വിചാരിക്കുന്നു?” അവൻ ചോദിക്കുന്നു. “അവൻ ആരുടെ പുത്രനാണ്‌?”

“ദാവീദിന്റെ,” പരീശൻമാർ മറുപടി പറയുന്നു.

ദാവീദ്‌ ക്രിസ്‌തുവിന്റെ അല്ലെങ്കിൽ മശിഹായുടെ ജഡിക പൂർവ്വികനാണെന്നുളളത്‌ യേശു നിഷേധിക്കുന്നില്ലെങ്കിലും അവൻ ഇങ്ങനെ ചോദിക്കുന്നു: “അങ്ങനെയെങ്കിൽ ദാവീദ്‌ നിശ്വസ്‌തതയിൽ [സങ്കീർത്തനം 110ൽ] ഇങ്ങനെ പറഞ്ഞുകൊണ്ട്‌ അവനെ ‘കർത്താവെ’ന്ന്‌ വിളിക്കുന്നത്‌ എങ്ങനെയാണ്‌? ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക്‌ കീഴിൽ ആക്കുവോളം എന്റെ വലതുഭാഗത്ത്‌ ഇരിക്ക” എന്ന്‌ യഹോവ എന്റെ കർത്താവിനോട്‌ അരുളിച്ചെയ്‌തു.’ അപ്പോൾ ദാവീദ്‌ അവനെ ‘കർത്താവ്‌’ എന്ന്‌ വിളിക്കുന്നുവെങ്കിൽ അവൻ എങ്ങനെയാണ്‌ ദാവീദിന്റെ പുത്രനായിരിക്കുന്നത്‌?”

പരീശൻമാർ നിശബ്ദരാണ്‌, എന്തുകൊണ്ടെന്നാൽ ക്രിസ്‌തു അല്ലെങ്കിൽ അഭിഷിക്തൻ ആരെന്ന്‌ അവർക്ക്‌ വാസ്‌തവത്തിൽ അറിയാൻ പാടില്ല. പ്രത്യക്ഷത്തിൽ പരീശൻമാർ വിശ്വസിക്കുന്നതുപോലെ മശിഹാ വെറുതെ ദാവീദിന്റെ സന്തതി പരമ്പരയിൽപെട്ട ഒരാൾ മാത്രമല്ല, അവൻ സ്വർഗ്ഗത്തിൽ ആയിരുന്നവനും ദാവീദിനെക്കാൾ ശ്രേഷ്‌ഠൻ അല്ലെങ്കിൽ ദാവീദിന്റെ കർത്താവുമാണ്‌.

ഇപ്പോൾ ജനക്കൂട്ടത്തിന്റെയും തന്റെ ശിഷ്യൻമാരുടെയും നേരെ തിരിഞ്ഞ്‌ യേശു ശാസ്‌ത്രിമാർക്കും പരീശൻമാർക്കും എതിരായി മുന്നറിയിപ്പ്‌ നൽകുന്നു. അവർ “മോശെയുടെ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട്‌” ദൈവത്തിന്റെ ന്യായപ്രമാണം പഠിപ്പിക്കുന്നതിനാൽ “അവർ പഠിപ്പിക്കുന്നതെല്ലാം നിങ്ങൾ അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിൻ,” യേശു അവരെ ഉൽസാഹിപ്പിക്കുന്നു. എന്നാൽ അവൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “എന്നാൽ അവരുടെ പ്രവൃത്തി അനുകരിക്കരുത്‌, എന്തുകൊണ്ടെന്നാൽ അവർ പറയുന്നതല്ലാതെ ഒന്നും പ്രവർത്തിക്കുന്നില്ല.”

അവർ കപടഭക്തരാണ്‌, ഏതാനും മാസങ്ങൾക്ക്‌ മുമ്പ്‌ ഒരു പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരുന്നപ്പോൾ ഉപയോഗിച്ച ഏതാണ്ട്‌ അതേ ശൈലിയിൽ യേശു അവരെ കുററം വിധിക്കുന്നു. “അവർ ചെയ്യുന്നതെല്ലാം മനുഷ്യരാൽ കാണപ്പെടാൻ വേണ്ടി ചെയ്യുന്നു” എന്ന്‌ അവൻ പറയുന്നു. ഇപ്രകാരം കുറിക്കൊണ്ടുകൊണ്ട്‌ അവൻ ദൃഷ്ടാന്തങ്ങൾ നൽകുന്നു:

“അവർ സംരക്ഷണത്തിന്‌ എന്നോണം ധരിക്കുന്ന തിരുവെഴുത്തുകൾ ആലേഖനം ചെയ്‌ത പട്ടകളുടെ വീതി കൂട്ടുന്നു.” താരതമ്യേന ചെറുതും നെററിയിലോ കൈത്തണ്ടിലോ കെട്ടിക്കൊണ്ടു നടക്കുന്നതുമായ ഈ പട്ടകളിൽ സാധാരണയായി നാലു തിരുവെഴുത്തുഭാഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌: പുറപ്പാട്‌ 13:1-10, 11-16; ആവർത്തനം 6:4-9; 11:13-21. എന്നാൽ തങ്ങൾ ന്യായപ്രമാണനിയമം സംബന്ധിച്ച്‌ തീക്ഷ്‌ണതയുളളവരാണെന്നുളള ധാരണ പരത്താൻ അവർ ഈ പട്ടകളുടെ വലിപ്പം വർദ്ധിപ്പിച്ചിരുന്നു.

“അവർ തങ്ങളുടെ ഉടുപ്പുകളുടെ തൊങ്ങലുകൾ വലുതാക്കുന്നു” എന്ന്‌ യേശു കൂട്ടിച്ചേർക്കുന്നു. സംഖ്യാപുസ്‌തകം 15:38-40-ൽ തങ്ങളുടെ ഉടുപ്പുകളിൽ തൊങ്ങലുകൾ പിടിപ്പിക്കാൻ ഇസ്രായേല്യരോട്‌ കൽപ്പിക്കപ്പെട്ടിരുന്നു, എന്നാൽ പരീശൻമാർ അവ മററുളളവരുടേതിനേക്കാൾ വലുതാക്കിയിരുന്നു. എല്ലാം വെറും പ്രഹസനമാണ്‌! “അവർ ഏററവും മുഖ്യസ്ഥാനങ്ങൾ ഇഷ്ടപ്പെടുന്നു,” യേശു പ്രഖ്യാപിക്കുന്നു.

സങ്കടകരമെന്നു പറയട്ടെ, അവന്റെ സ്വന്തം ശിഷ്യൻമാർപോലും പ്രാമുഖ്യതക്കുവേണ്ടിയുളള ഈ ആഗ്രഹത്താൽ ബാധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ അവൻ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “എന്നാൽ നിങ്ങളോ റബ്ബീ, എന്ന്‌ പേർ വിളിക്കപ്പെടരുത്‌. എന്തുകൊണ്ടെന്നാൽ ഒരുത്തനത്രേ നിങ്ങളുടെ ഗുരു, നിങ്ങളോ എല്ലാവരും സഹോദരൻമാരാകുന്നു. മാത്രവുമല്ല, ഭൂമിയിൽ ആരെയും നിങ്ങളുടെ പിതാവെന്ന്‌ വിളിക്കരുത്‌, എന്തുകൊണ്ടെന്നാൽ ഒരുത്തനത്രേ നിങ്ങളുടെ പിതാവ്‌ സ്വർഗ്ഗസ്ഥൻ തന്നെ. നിങ്ങൾ ‘നായകൻമാർ’ എന്നും വിളിക്കപ്പെടരുത്‌, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക്‌ ഒരു നായകനേയുളളു, ക്രിസ്‌തു തന്നെ.” ശിഷ്യൻമാർ ഒന്നാം സ്ഥാനത്തായിരിക്കാനുളള ആഗ്രഹം ഒഴിവാക്കണം! “നിങ്ങളിൽ ഏററവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം,” യേശു ബുദ്ധ്യുപദേശിക്കുന്നു.

തുടർന്ന്‌ ശാസ്‌ത്രിമാരെയും പരീശൻമാരെയും ആവർത്തിച്ച്‌ കപടഭക്തിക്കാരെ എന്ന്‌ വിളിച്ചുകൊണ്ട്‌ യേശു അവർക്ക്‌ വരാൻ പോകുന്ന കഷ്ടങ്ങൾ പ്രഖ്യാപിക്കുന്നു. “അവർ ആളുകളുടെ മുമ്പിൽ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു,” അവൻ പറയുന്നു. “ദീർഘമായ പ്രാർത്ഥനകൾ നടത്തുന്നതായി ഭാവിച്ചുകൊണ്ട്‌ വിധവമാരുടെ വീടുകളെ വിഴുങ്ങിക്കളയുന്നത്‌ അവരാണ്‌.”

“അന്ധൻമാരായ വഴികാട്ടികളെ, നിങ്ങൾക്ക്‌ ഹാ കഷ്ടം,” യേശു പറയുന്നു. അവരുടെ സ്വേച്ഛാപരമായ വിവേചന നിമിത്തം പരീശൻമാരിൽ കാണപ്പെടുന്ന ആത്മീയ മൂല്യത്തിന്റെ അഭാവത്തെ അവൻ കുററം വിധിക്കുന്നു. ഉദാഹരണത്തിന്‌, ‘ആരെങ്കിലും ആലയത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ അതിന്‌ വിലയില്ല, എന്നാൽ ആരെങ്കിലും ആലയത്തിലെ സ്വർണ്ണത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ അവൻ കടപ്പാടിൻ കീഴിൽ വരുന്നു.’ ആലയത്തിലെ സ്വർണ്ണത്തിന്‌ ആ ആരാധനാലയത്തിന്റെ ആത്മീയ മൂല്യത്തേക്കാൾ പ്രാധാന്യം കൽപ്പിക്കുക വഴി അവർ തങ്ങളുടെ ധാർമ്മിക അന്ധത വെളിവാക്കുന്നു.

തുടർന്ന്‌ നേരത്തെ ചെയ്‌തതു പോലെ “ന്യായപ്രമാണത്തിലെ ഘനമേറിയ കാര്യങ്ങളായ നീതി, കരുണ, വിശ്വസ്‌തത” എന്നിവ അവഗണിക്കുകയും അപ്രധാനമായ ഇലച്ചെടികളുടെ പോലും പത്തിലൊന്ന്‌ അല്ലെങ്കിൽ ദശാംശം കൊടുക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നതിന്‌ യേശു പരീശൻമാരെ കുററം വിധിക്കുന്നു.

യേശു പരീശൻമാരെ “കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകങ്ങളെ വിഴുങ്ങുകയും ചെയ്യുന്ന അന്ധൻമാരായ വഴികാട്ടികളെ!” എന്നു വിളിക്കുന്നു. അവർ തങ്ങളുടെ വീഞ്ഞിൽ നിന്ന്‌ കൊതുകിനെ അരിച്ചെടുക്കുന്നത്‌ അത്‌ ഒരു ഷഡ്‌പദമായിരിക്കുന്നതിനാൽ മാത്രമല്ല, ആചാരപരമായി അത്‌ ശുദ്ധിയില്ലാത്തതായിരിക്കുന്നതുകൊണ്ടും കൂടെയാണ്‌. എന്നാൽ അവർ നിയമത്തിലെ ഘനമേറിയ കാര്യങ്ങൾ അവഗണിക്കുന്നതിനെ ആചാരപരമായി ശുദ്ധിയില്ലാത്ത മൃഗമായിരിക്കുന്ന ഒട്ടകത്തെ വിഴുങ്ങുന്നതിനോട്‌ ഉപമിക്കാൻ കഴിയും. മത്തായി 22:41–23:24; മർക്കോസ്‌ 12:35-40; ലൂക്കോസ്‌ 20:41-47; ലേവ്യാപുസ്‌തകം 11:4, 21-24.

▪ ദാവീദ്‌ സങ്കീർത്തനം 110-ൽ പറഞ്ഞതിനേപ്പററി യേശു പരീശൻമാരോട്‌ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർ നിശബ്ദത പാലിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

▪ പരീശൻമാർ തിരുവെഴുത്തുകളടങ്ങുന്ന പട്ടകളുടെയും തങ്ങളുടെ വസ്‌ത്രത്തിന്റെ തൊങ്ങലുകളുടെയും വലിപ്പം വർദ്ധിപ്പിക്കുന്നത്‌ എന്തിനു വേണ്ടിയാണ്‌?

▪ യേശു തന്റെ ശിഷ്യൻമാർക്ക്‌ എന്തു ബുദ്ധിയുപദേശം നൽകുന്നു?

▪ എന്ത്‌ സ്വേച്ഛാപരമായ വേർതിരിവാണ്‌ പരീശൻമാർ നടത്തുന്നത്‌, ഘനമേറിയ കാര്യങ്ങൾ അവഗണിക്കുന്നതു സംബന്ധിച്ച്‌ യേശു എങ്ങനെയാണ്‌ അവരെ കുററംവിധിക്കുന്നത്‌?