വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു പരീശൻമാരെ ശകാരിക്കുന്നു

യേശു പരീശൻമാരെ ശകാരിക്കുന്നു

അധ്യായം 42

യേശു പരീശൻമാരെ ശകാരിക്കുന്നു

യേശു സാത്താന്റെ ശക്തികൊണ്ടാണ്‌ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ സാത്താൻ അവനെതിരെതന്നെ ഛിദ്രിച്ചിരിക്കുന്നു എന്ന്‌ അവൻ വാദിക്കുന്നു. “ഒന്നുകിൽ നിങ്ങൾ വൃക്ഷം നല്ലതെന്നും അതിന്റെ ഫലവും നല്ലതെന്നും നിർണ്ണയിക്കുക, അല്ലെങ്കിൽ വൃക്ഷം ചീത്തയെന്നും അതിന്റെ ഫലവും ചീത്തയെന്നും നിർണ്ണയിക്കുക, എന്തുകൊണ്ടെന്നാൽ വൃക്ഷം അതിന്റെ ഫലത്താൽ തിരിച്ചറിയപ്പെടുന്നു” എന്ന്‌ അവൻ തുടർന്നു പറയുന്നു.

ഭൂതങ്ങളെ പുറത്താക്കുന്ന നല്ല ഫലം യേശു സാത്താനെ സേവിക്കുന്നതുകൊണ്ടാണെന്ന്‌ കുററപ്പെടുത്തുന്നത്‌ വിഡ്‌ഢിത്തമാണ്‌. ഫലം നല്ലതെങ്കിൽ വൃക്ഷം ചീത്തയാകാൻ കഴിയുകയില്ല. നേരേമറിച്ച്‌, പരീശൻമാരുടെ തെററായ കുററാരോപണങ്ങളും യേശുവിനോടുളള അടിസ്ഥാനരഹിതമായ എതിർപ്പും അവർതന്നെ ദുഷിച്ചവരാണെന്നുളളതിന്റെ തെളിവാണ്‌. “അണലിസന്തതികളേ, നിങ്ങൾ ദുഷ്‌ടൻമാരായിരിക്കെ നിങ്ങൾക്കെങ്ങനെ നല്ല കാര്യങ്ങൾ സംസാരിക്കാൻ കഴിയും? എന്തുകൊണ്ടെന്നാൽ ഹൃദയത്തിന്റെ നിറവിൽനിന്ന്‌ വായ്‌ സംസാരിക്കുന്നു” എന്ന്‌ യേശു ഉദ്‌ഘോഷിക്കുന്നു.

നമ്മുടെ വാക്കുകൾ നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതിനാൽ നാം പറയുന്നത്‌ ന്യായവിധിക്കുളള ഒരു അടിസ്ഥാനം നൽകുന്നു. യേശു പറയുന്നു, “മനുഷ്യർ പറയുന്ന ഏതു പ്രയോജനമില്ലാത്ത മൊഴിക്കും ന്യായവിധി ദിവസത്തിൽ അവർ കണക്കുബോധിപ്പിക്കും; എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വാക്കുകളാൽ നിങ്ങൾ നീതിമാൻമാർ എന്ന്‌ പ്രഖ്യാപിക്കപ്പെടുകയും, നിങ്ങളുടെ വാക്കുകളാൽ നിങ്ങൾ കുററം വിധിക്കപ്പെടുകയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

യേശുവിന്റെ വീര്യപ്രവൃത്തികളെല്ലാം ഉണ്ടായിരുന്നിട്ടും ശാസ്‌ത്രിമാരും പരീശൻമാരും ഇപ്രകാരം അഭ്യർത്ഥിക്കുന്നു: “ഗുരോ, ഞങ്ങൾ നിന്നിൽ നിന്ന്‌ ഒരു അടയാളം കാണാൻ ആഗ്രഹിക്കുന്നു.” യെരുശലേമിൽ നിന്നുളള ഈ പ്രത്യേക വ്യക്തികൾ അവന്റെ അത്‌ഭുതങ്ങൾ നേരിട്ട്‌ കണ്ടിട്ടില്ലായിരിക്കാമെങ്കിലും അവ സംഭവിക്കുന്നുവെന്നതു സംബന്ധിച്ച്‌ ദൃക്‌സാക്ഷികളുടെ അനിഷേധ്യമായ തെളിവുണ്ട്‌. അതുകൊണ്ട്‌ യേശു യഹൂദ നേതാക്കൻമാരോട്‌ പറയുന്നു: “ദുഷ്‌ടവും വ്യഭിചാരമുളളതുമായ തലമുറ അടയാളത്തിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ യോനാപ്രവാചകന്റെ അടയാളമല്ലാതെ വേറെ അടയാളം അതിനു ലഭിക്കുകയില്ല.”

താൻ പറഞ്ഞതിന്റെ അർത്ഥം വിശദീകരിച്ചുകൊണ്ട്‌ യേശു തുടരുന്നു: “യോനാ മഹാമൽസ്യത്തിന്റെ വയററിൽ മൂന്നു പകലും മൂന്നു രാവും ആയിരുന്നതുപോലെ മനുഷ്യപുത്രനും മൂന്നു പകലും മൂന്നു രാവും ഭൂമിയുടെ ഉൾഭാഗത്ത്‌ ഇരിക്കും.” മൽസ്യം വിഴുങ്ങിയശേഷം, യോനാ ഉയിർത്തെഴുന്നേററതുപോലെ പുറത്തുവന്നു, അതുപോലെ യേശു മരിക്കുമെന്നും മൂന്നാം നാൾ ജീവനോടെ ഉയിർപ്പിക്കപ്പെടുമെന്നും അവൻ മുൻകൂട്ടിപ്പറയുന്നു. എന്നിരുന്നാലും യഹൂദ നേതാക്കൻമാർ യേശു പിന്നീട്‌ ഉയിർപ്പിക്കപ്പെട്ടപ്പോൾ പോലും, “യോനായുടെ അടയാളത്തെ” തളളിക്കളയുന്നു.

അതുകൊണ്ട്‌ യോനായുടെ പ്രസംഗത്തിങ്കൽ അനുതപിച്ച നിനവേയിലെ ആളുകൾ യേശുവിനെ തളളിക്കളയുന്ന യഹൂദൻമാരെ കുററം വിധിക്കാൻ ന്യായവിധിയിൽ എഴുന്നേററുവരുമെന്ന്‌ യേശു പറയുന്നു. അതുപോലെതന്നെ, ശലോമോന്റെ ജ്ഞാനം കേൾക്കാൻ ഭൂമിയുടെ അറുതികളിൽനിന്നു വരുകയും താൻ കണ്ടതിലും കേട്ടതിലും അത്‌ഭുതപ്പെടുകയുംചെയ്‌ത ശേബാ രാജ്ഞിയിൽ അവൻ ഒരു സമാന്തരം വരച്ചുകാണിക്കുന്നു. “എന്നാൽ, നോക്കൂ! ശലോമോനെക്കാൾ വലിയവൻ ഇവിടെയുണ്ട്‌” എന്ന്‌ യേശു പ്രസ്‌താവിക്കുന്നു.

അനന്തരം യേശു അശുദ്ധാത്‌മാവു വിട്ടുപോയ ഒരു മമനുഷ്യന്റെ ദൃഷ്‌ടാന്തം പറയുന്നു. എന്നിരുന്നാലും ആ മനുഷ്യൻ നല്ല കാര്യങ്ങൾകൊണ്ട്‌ ആ ശൂന്യത നികത്തുന്നില്ല, തന്നിമിത്തം വേറെ ഏഴ്‌ ദുഷ്‌ടാത്‌മാക്കളാൽ ബാധിക്കപ്പെടുന്നു. “ഈ ദുഷ്‌ട തലമുറയെസംബന്ധിച്ചും അങ്ങനെയായിരിക്കും,” യേശു പറയുന്നു. ഒരു അശുദ്ധാത്‌മാവിന്റെ താൽക്കാലിക വിട്ടുപോക്കുപോലെ ഇസ്രായേല്യർ ശുദ്ധീകരിക്കപ്പെടുകയും നവീകരണം അനുഭവിക്കുകയുംചെയ്‌തിരുന്നു. എന്നാൽ ക്രിസ്‌തുയേശുവിനോടുതന്നെയുളള എതിർപ്പിൽ കലാശിക്കുമാറ്‌ ആ ജനത ദൈവത്തിന്റെ പ്രവാചകൻമാരെ തളളിക്കളഞ്ഞത്‌ അതിന്റെ ദുഷ്‌ടാവസ്ഥ ആദിയിലേതിലും വഷളാണെന്ന്‌ വെളിപ്പെടുത്തുന്നു.

യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മയും അവന്റെ സഹോദരൻമാരും വന്ന്‌ ജനക്കൂട്ടത്തിന്റെ അരികിൽ നിൽക്കുന്നു. തന്നിമിത്തം ആരോ പറയുന്നു: “നോക്കൂ! നിന്റെ അമ്മയും നിന്റെ സഹോദരൻമാരും നിന്നോടു സംസാരിക്കാൻ ശ്രമിച്ചുകൊണ്ട്‌ പുറത്തു നിൽക്കുന്നു.”

“ആരാണ്‌ എന്റെ അമ്മയും സഹോദരൻമാരും?” യേശു ചോദിക്കുന്നു. തന്റെ ശിഷ്യൻമാരുടെ നേരെ തന്റെ കൈനീട്ടിക്കൊണ്ട്‌ അവൻ പറയുന്നു: “നോക്കൂ! എന്റെ അമ്മയും എന്റെ സഹോദരൻമാരും! എന്തെന്നാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു.” ഈ വിധത്തിൽ യേശു അവന്റെ ബന്ധുക്കളോടുളള കെട്ടുപാട്‌ എത്ര പ്രിയങ്കരമാണെങ്കിലും അവന്റെ ശിഷ്യൻമാരോടുളള ബന്ധം അതിലും പ്രിയതരമാണ്‌ എന്നു കാണിക്കുന്നു. മത്തായി 12:33-50; മർക്കോസ്‌ 3:31-35; ലൂക്കോസ്‌ 8:19-21.

▪ പരീശൻമാർ “വൃക്ഷ”വും “ഫല”വും നല്ലതാക്കിത്തീർക്കുന്നതിൽ പരാജയപ്പെട്ടതെങ്ങനെ?

▪ “യോനായുടെ അടയാള”മെന്തായിരുന്നു, അതു പിന്നീട്‌ തിരസ്‌കരിക്കപ്പെട്ടതെങ്ങനെ?

▪ ഇസ്രായേൽ ജനത ഒരു അശുദ്ധാത്‌മാവ്‌ വിട്ടുപോയ മനുഷ്യനെപ്പോലെയായിരുന്നതെങ്ങനെ?

▪ യേശു തന്റെ ശിഷ്യൻമാരോടുളള ഉററ ബന്ധത്തെ ഊന്നിപ്പറയുന്നതെങ്ങനെ?