വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു ഭൂമിയിലേക്ക്‌ വന്നതിന്റെ കാരണം

യേശു ഭൂമിയിലേക്ക്‌ വന്നതിന്റെ കാരണം

അധ്യായം 24

യേശു ഭൂമിയിലേക്ക്‌ വന്നതിന്റെ കാരണം

തന്റെ നാല്‌ ശിഷ്യൻമാരോടൊത്തുളള കഫർന്നഹൂമിലെ യേശുവിന്റെ താമസം വളരെ തിരക്കുപിടിച്ച ഒന്നായിരുന്നു. വൈകുന്നേരം കഫർന്നഹൂമിലെ ആളുകൾ അവിടെയുണ്ടായിരുന്ന രോഗികളെയെല്ലാം സൗഖ്യമാക്കുന്നതിനുവേണ്ടി അവന്റെയടുക്കൽ കൊണ്ടുവന്നതോടെയാണ്‌ അത്‌ അവസാനിച്ചത്‌. അതിനാൽ അവന്‌ സ്വകാര്യതയുണ്ടായിരുന്നില്ല.

പിറേറദിവസം അതികാലത്ത്‌ ഇരുട്ടുളളപ്പോൾത്തന്നെ യേശു എഴുന്നേററ്‌ തന്റെ പിതാവിനോട്‌ രഹസ്യമായി പ്രാർത്ഥിക്കേണ്ടതിന്‌ ഒരു നിർജ്ജനസ്ഥലത്തേക്ക്‌ പോകുന്നു. എന്നാൽ യേശുവിന്റെ സ്വകാര്യത അധികം സമയം ഉണ്ടായിരുന്നില്ല. കാരണം പത്രോസും മററുളളവരും യേശുവിനെ കാണാതായപ്പോൾ അവനെ തേടി പുറപ്പെട്ടു.

അവർ യേശുവിനെ കണ്ടെത്തിയപ്പോൾ പത്രോസ്‌ ഇപ്രകാരം പറയുന്നു: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു.” കഫർന്നഹൂമിലെ ആളുകൾ യേശു അവരോടുകൂടെ താമസിക്കണമെന്നാഗ്രഹിക്കുന്നു. യേശു അവർക്കുവേണ്ടി ചെയ്‌തത്‌ അവർ വിലമതിക്കുന്നുണ്ട്‌! എന്നാൽ യേശു ഭൂമിയിലേക്ക്‌ വന്നത്‌ മുഖ്യമായും അത്ഭുതകരമായി സൗഖ്യമാക്കുന്നതിനുവേണ്ടിയാണോ? അവൻ എന്തു പറയുന്നു?

ഒരു രേഖയനുസരിച്ച്‌ യേശു തന്റെ ശിഷ്യൻമാരോട്‌ ഇങ്ങനെ മറുപടി പറയുന്നു: “ഞാൻ അടുത്ത ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന്‌ നമുക്ക്‌ അവിടേക്ക്‌ പോകാം. ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടുവന്നിരിക്കുന്നത്‌.” തങ്ങളെ വിട്ടുപോകാതിരിപ്പാൻ ജനം യേശുവിനോടപേക്ഷിച്ചിട്ടും അവൻ അവരോടിങ്ങനെ പറയുന്നു: “ഞാൻ മററുളള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു. ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌.”

അതെ, തന്റെ പിതാവിന്റെ നാമം മഹത്വീകരിക്കയും സകല മാനുഷ പ്രശ്‌നങ്ങളും നിത്യമായി പരിഹരിക്കയും ചെയ്യുന്ന ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നതിനുവേണ്ടിയാണ്‌ യേശു വിശേഷാൽ ഭൂമിയിലേക്ക്‌ വന്നത്‌. എന്നിരുന്നാലും അവനെ ദൈവം അയച്ചതാണെന്ന്‌ തെളിയിക്കുന്നതിനുവേണ്ടി യേശു അത്ഭുതകരമായി സൗഖ്യമാക്കുന്നു. ഇതേ വിധത്തിൽ, നൂററാണ്ടുകൾക്കുമുമ്പ്‌ മോശെ ഒരു ദൈവദാസനാണെന്ന്‌ തെളിയിക്കുന്നതിനുവേണ്ടി അത്ഭുതം പ്രവർത്തിച്ചു.

ഇപ്പോൾ, മററ്‌ നഗരങ്ങളിൽ പ്രസംഗിക്കേണ്ടതിന്‌ യേശു കഫർന്നഹൂം വിട്ടുപോകുമ്പോൾ അവന്റെ നാല്‌ ശിഷ്യൻമാരും അവനോടുകൂടെ പോകുന്നു. ഇവർ പത്രോസും അവന്റെ സഹോദരനായ അന്ത്രെയോസും യോഹന്നാനും അവന്റെ സഹോദരനായ യാക്കോബുമാണ്‌. കേവലം ഒരാഴ്‌ച മുമ്പ്‌ യേശുവിന്റെ ആദ്യത്തെ സഞ്ചാരസഹകാരികളായിരിക്കാൻ യേശു അവരെ ക്ഷണിച്ചത്‌ നിങ്ങൾ ഓർമ്മിക്കുന്നുണ്ടായിരിക്കും.

നാല്‌ ശിഷ്യൻമാരോടൊപ്പമുളള യേശുവിന്റെ ഗലീലയിലെ പ്രസംഗയാത്ര തികച്ചും വിജയപ്രദമാണ്‌! വാസ്‌തവത്തിൽ അവന്റെ പ്രവർത്തനങ്ങളെക്കുറിച്ചുളള റിപ്പോർട്ട്‌ സിറിയ മുഴുവൻ പരക്കുന്നു. ഗലീലയിൽനിന്നും യഹൂദ്യയിൽ നിന്നുമുളള വലിയ പുരുഷാരം യേശുവിനെയും അവന്റെ ശിഷ്യൻമാരെയും അനുഗമിക്കുന്നു. മർക്കോസ്‌ 1:35-39; ലൂക്കോസ്‌ 4:42, 43; മത്തായി 4:23-25; പുറപ്പാട്‌ 4:1-9, 30, 31.

▪ കഫർന്നഹൂമിലെ യേശുവിന്റെ തിരക്കേറിയ ദിവസത്തിനുശേഷം രാവിലെ എന്ത്‌ സംഭവിക്കുന്നു?

▪ യേശു ഭൂമിയിലേക്കയയ്‌ക്കപ്പെട്ടതെന്തുകൊണ്ട്‌, അവന്റെ അത്ഭുതങ്ങൾ എന്ത്‌ ഉദ്ദേശ്യം സാധിച്ചു?

▪ ഗലീലയിലെ പ്രസംഗയാത്രയിൽ ആര്‌ യേശുവിനോടുകൂടെ പോയി, യേശുവിന്റെ പ്രവർത്തനങ്ങളോടുളള ആളുകളുടെ പ്രതികരണമെന്തായിരുന്നു?