വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു യഥാർത്ഥത്തിൽ ആരാണ്‌?

യേശു യഥാർത്ഥത്തിൽ ആരാണ്‌?

അധ്യായം 59

യേശു യഥാർത്ഥത്തിൽ ആരാണ്‌?

യേശുവും ശിഷ്യൻമാരും യാത്ര ചെയ്യുന്ന വളളം ബേത്ത്‌സയിദയിലെത്തുമ്പോൾ ജനങ്ങൾ അന്ധനായ ഒരു മനുഷ്യനെ അവന്റെ അടുക്കൽ കൊണ്ടുവന്ന്‌ അവനെ തൊട്ട്‌ സൗഖ്യമാക്കണമെന്ന്‌ യേശുവിനോട്‌ അപേക്ഷിക്കുന്നു. യേശു അവന്റെ കൈയ്‌ക്ക്‌ പിടിച്ച്‌ അവനെ ഗ്രാമത്തിന്‌ വെളിയിൽ കൊണ്ടുവന്ന്‌ അവന്റെ കണ്ണിൽ തുപ്പി, “നീ വല്ലതും കാണുന്നുവോ?” എന്ന്‌ അവനോട്‌ ചോദിച്ചു.

“ഞാൻ മനുഷ്യരെ കാണുന്നു” ആ മനുഷ്യൻ മറുപടിയായി പറഞ്ഞു, “എന്തുകൊണ്ടെന്നാൽ മരം പോലെ തോന്നിപ്പിക്കുന്ന എന്തോ ഞാൻ കാണുന്നു എന്നാൽ അവ നടക്കുന്നുണ്ട്‌.” യേശു ആ മമനുഷ്യന്റെ കണ്ണിൻമേൽ കൈവച്ച്‌ വ്യക്തമായി കാണാൻ കഴിയത്തക്കവണ്ണം അവനെ സൗഖ്യമാക്കി. പട്ടണത്തിൽ പ്രവേശിക്കരുത്‌ എന്ന്‌ നിർദ്ദേശം നൽകി യേശു അവനെ വീട്ടിൽ പറഞ്ഞയക്കുന്നു.

പിന്നീട്‌ യേശു തന്റെ ശിഷ്യൻമാരോടൊപ്പം പലസ്‌തീന്റെ വടക്കേ അററത്തുളള കൈസര്യ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പോകുന്നു. സമുദ്രനിരപ്പിൽ നിന്ന്‌ ഏതാണ്ട്‌ 345 മീററർ ഉയരത്തിലുളള ഒരു മനോഹരമായ പ്രദേശമായ കൈസര്യ ഫിലിപ്പിയിലേയ്‌ക്ക്‌ ഏതാണ്ട്‌ 45 കിലോമീററർ ദൂരം വരുന്ന ഒരു നീണ്ട കയററമാണ്‌.

വഴിക്കുവച്ച്‌ യേശു പ്രാർത്ഥിക്കാനായി തനിയെ മാറിപ്പോകുന്നു. യേശുവിന്റെ മരണത്തിന്‌ ഇനിയും ഒൻപതോ പത്തോ മാസങ്ങളേ ശേഷിച്ചിട്ടുളളു, അവന്‌ തന്റെ ശിഷ്യൻമാരെക്കുറിച്ച്‌ ഉൽക്കണ്‌ഠയുണ്ട്‌. അനേകർ യേശുവിനെ അനുഗമിക്കുന്നത്‌ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു. തന്നെ രാജാവാക്കാനുളള ജനത്തിന്റെ നീക്കത്തെ യേശു നിരാകരിച്ചതിനാലും ശത്രുക്കളാൽ വെല്ലുവിളിക്കപ്പെട്ടപ്പോൾ തന്റെ രാജത്വം തെളിയിക്കാൻ യേശു സ്വർഗ്ഗത്തിൽ നിന്ന്‌ ഒരു അടയാളം നൽകാത്തതിനാലും ശിഷ്യൻമാരിൽ പലരും പ്രത്യക്ഷത്തിൽ കുഴഞ്ഞവരും നിരാശരുമാണ്‌. താൻ ആരാണ്‌ എന്നതു സംബന്ധിച്ച്‌ അപ്പൊസ്‌തലൻമാർ എന്താണ്‌ വിശ്വസിക്കുന്നത്‌? താൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നിടത്തേക്ക്‌ അവർ വരുമ്പോൾ യേശു അന്വേഷിക്കുന്നു: “ഞാൻ ആരാണെന്നാണ്‌ ജനക്കൂട്ടം പറയുന്നത്‌?”

മറുപടിയായി അവർ പറയുന്നു: “ചിലർ സ്‌നാപകയോഹന്നാനെന്നും മററു ചിലർ ഏലിയാവെന്നും ഇനിയും ചിലർ യിരെമ്യാവോ പ്രവാചകൻമാരിൽ ആരെങ്കിലുമോ എന്നും പറയുന്നു.” അതെ, യേശു ഇവരിൽ ആരെങ്കിലും മരിച്ചവരുടെ ഇടയിൽ നിന്ന്‌ ഉയർപ്പിക്കപ്പെട്ടതായിരിക്കണം എന്ന്‌ ജനം വിചാരിക്കുന്നു!

“എന്നാൽ നിങ്ങളോ, ഞാൻ ആരാണെന്നാണ്‌ നിങ്ങൾ വിശ്വസിക്കുന്നത്‌?” എന്ന്‌ യേശു ചോദിക്കുന്നു.

പത്രോസ്‌ പെട്ടെന്നു തന്നെ പ്രതികരിക്കുന്നു: “നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തു ആകുന്നു.”

പത്രോസിന്റെ മറുപടി അംഗീകരിച്ചശേഷം യേശു പറയുന്നു: “ഞാൻ നിന്നോട്‌ പറയുന്നു, നീ പത്രോസാകുന്നു, ഈ പാറക്കൂട്ടത്തിൻമേൽ ഞാൻ എന്റെ സഭയെ പണിയും, പാതാളത്തിന്റെ പടിവാതിലുകൾ അതിനെ ജയിച്ചടക്കുകയില്ല.” ഇവിടെ ആദ്യമായി താൻ ഒരു സഭ സ്ഥാപിക്കുമെന്നും അതിലെ അംഗങ്ങളെ ഭൂമിയിലെ അവരുടെ വിശ്വസ്‌തഗതി അവസാനിപ്പിച്ചശേഷം മരണത്തിനുപോലും പിടിച്ചു വയ്‌ക്കാൻ കഴിയില്ലെന്നും യേശു പ്രഖ്യാപിക്കുന്നു. പിന്നീട്‌ അവൻ പത്രോസിനോട്‌ പറയുന്നു: “സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്ക്‌ തരും.”

അപ്രകാരം പത്രോസിന്‌ ചില പ്രത്യേക പദവികൾ ലഭിക്കാനിരിക്കുന്നു എന്ന്‌ യേശു വെളിപ്പെടുത്തുന്നു. ഇല്ല, പത്രോസിന്‌ അപ്പൊസ്‌തലൻമാരിൽ ഒന്നാമനെന്ന സ്ഥാനം നൽകുകയോ അവനെ സഭയുടെ അടിസ്ഥാനമാക്കുകയോ ചെയ്യുന്നില്ല. ഏതിൻമേൽ സഭ പണിയപ്പെടുന്നുവോ ആ പാറക്കൂട്ടം യേശുതന്നെയാണ്‌. എന്നാൽ വ്യത്യസ്‌ത ജനവിഭാഗങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനുളള അവസരങ്ങൾ തുറന്നു കൊടുക്കുന്നതിനുളള മൂന്നു താക്കോലുകൾ പത്രോസിന്‌ നൽകപ്പെടുമായിരുന്നു.

രക്ഷിക്കപ്പെടുന്നതിന്‌ അനുതാപമുളള യഹൂദൻമാർ എന്തുചെയ്യണമെന്ന്‌ കാണിച്ചുകൊടുക്കാൻ പൊ. യു. 33-ലെ പെന്തക്കോസ്‌ത്‌ ദിവസം പത്രോസ്‌ ആദ്യത്തെ താക്കോൽ ഉപയോഗിക്കുമായിരുന്നു. വിശ്വസിക്കുന്ന ശമര്യർക്ക്‌ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുളള അവസരം തുറന്നു കൊടുക്കാൻ അവൻ രണ്ടാമത്തെ താക്കോൽ ഉപയോഗിക്കുമായിരുന്നു. പിന്നീട്‌ പൊ. യു. 36-ൽ അതേ അവസരം പരിച്‌ഛേദനയേൽക്കാത്ത വിജാതീയരായിരുന്ന കൊർന്നേല്യൊസിനും അവന്റെ സുഹൃത്തുക്കൾക്കും തുറന്നുകൊടുക്കാൻ വേണ്ടി മൂന്നാമത്തെ താക്കോൽ അവൻ ഉപയോഗിക്കുമായിരുന്നു.

തന്റെ അപ്പൊസ്‌തലൻമാരുമായുളള ചർച്ച യേശു തുടരുന്നു. താമസിയാതെ യെരൂശലേമിൽ വച്ച്‌ താൻ അഭിമുഖീകരിക്കാൻ പോകുന്ന കഷ്ടപ്പാടുകളെയും മരണത്തെയുംപററി പറഞ്ഞുകൊണ്ട്‌ അവൻ അവരെ നിരുൽസാഹിതരാക്കുന്നു. യേശു സ്വർഗ്ഗീയ ജീവനിലേക്ക്‌ ഉയർപ്പിക്കപ്പെടുമെന്നുളളത്‌ മനസ്സിലാക്കാതെ പത്രോസ്‌ യേശുവിനെ അരികിൽ വിളിച്ചു: “കർത്താവെ, നിന്നോടുതന്നെ ദയാലുവായിരിക്കുക, നിനക്ക്‌ ഇത്‌ സംഭവിക്കാതിരിക്കട്ടെ,” എന്ന്‌ അവൻ പറയുന്നു. അവന്റെ നേരെ പുറം തിരിച്ചുകൊണ്ട്‌ യേശു പറയുന്നു: “സാത്തനെ എന്റെ പിമ്പിൽ പോകൂ! നീ എനിക്ക്‌ ഇടർച്ചയാകുന്നു എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ ചിന്തകളല്ല, പിന്നെയോ മനുഷ്യരുടെ ചിന്തകളാണ്‌ നീ ചിന്തിക്കുന്നത്‌.”

സ്‌പഷ്ടമായും അപ്പൊസ്‌തലൻമാരെ കൂടാതെ മററുളളവരും യേശുവിനോടൊപ്പം സഞ്ചരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ അവൻ അവരെ അരികെ വിളിച്ച്‌ തന്റെ അനുഗാമിയായിരിക്കുക എന്നത്‌ എളുപ്പമായിരിക്കുകയില്ല എന്ന്‌ വിശദീകരിക്കുന്നു. “ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ ത്യജിച്ച്‌ തന്റെ ദണ്ഡനസ്‌തംഭമെടുത്ത്‌ എന്നെ അനുഗമിക്കുന്നതിൽ തുടരട്ടെ” എന്ന്‌ യേശു പറഞ്ഞു. “എന്തുകൊണ്ടെന്നാൽ തന്റെ ദേഹിയെ രക്ഷിക്കാൻ ശ്രമിക്കുന്നവൻ അതിനെ നഷ്ടമാക്കും; എന്നാൽ എന്നെ പ്രതിയും സുവാർത്തയെ പ്രതിയും തന്റെ ദേഹിയെ നഷ്ടമാക്കുന്നവൻ അതിനെ രക്ഷിക്കും.”

അതെ, അവർ അവന്റെ പ്രീതിക്ക്‌ യോഗ്യരെന്ന്‌ തെളിയിക്കണമെങ്കിൽ യേശുവിന്റെ അനുയായികൾ ധീരരും ആത്മപരിത്യാഗികളുമായിരിക്കണം. അവൻ തുടർന്നു പറയുന്നു: “വ്യഭിചാരവും പാപവും നിറഞ്ഞ ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വാക്കുകളെയും കുറിച്ച്‌ ലജ്ജിച്ചാൽ മനുഷ്യപുത്രൻ വിശുദ്ധ ദൂതൻമാരോടുകൂടെ തന്റെ പിതാവിന്റെ മഹത്വത്തിൽ വരുമ്പോൾ അവനെക്കുറിച്ചും ലജ്ജിക്കും.” മർക്കോസ്‌ 8:22-38; മത്തായി 16:13-28; ലൂക്കോസ്‌ 9:18-27.

▪ യേശുവിന്‌ തന്റെ ശിഷ്യൻമാരെക്കുറിച്ച്‌ ഉൽക്കണ്‌ഠയുളളത്‌ എന്തുകൊണ്ട്‌?

▪ യേശു ആരാണെന്നുളളത്‌ സംബന്ധിച്ച്‌ ആളുകൾക്ക്‌ എന്തു വീക്ഷണങ്ങളാണുളളത്‌?

▪ ഏതു താക്കോലുകളാണ്‌ പത്രോസിന്‌ നൽകപ്പെടുന്നത്‌, അവ എപ്രകാരമാണ്‌ ഉപയോഗിക്കപ്പെടേണ്ടത്‌?

▪ പത്രോസിന്‌ ഏതു ശിക്ഷണം ലഭിക്കുന്നു, എന്തുകൊണ്ട്‌?