വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു യെരീഹോവിൽ പഠിപ്പിക്കുന്നു

യേശു യെരീഹോവിൽ പഠിപ്പിക്കുന്നു

അധ്യായം 99

യേശു യെരീഹോവിൽ പഠിപ്പിക്കുന്നു

താമസിയാതെ യേശുവും അവനോടുകൂടെ യാത്രചെയ്യുന്ന ജനക്കൂട്ടവും യെരീഹോവിൽ എത്തിച്ചേരുന്നു. അത്‌ യെരൂശലേമിൽ നിന്ന്‌ ഏകദേശം ഒരു ദിവസത്തെ വഴിയകലമുളള ഒരു നഗരമാണ്‌. പ്രത്യക്ഷത്തിൽ അത്‌ ഒരു ഇരട്ട നഗരമാണ്‌. പഴയ യഹൂദ്യനഗരം കുറച്ചുകൂടി പുതിയ റോമൻ നഗരത്തിൽ നിന്ന്‌ ഏകദേശം ഒന്നരകിലോമീററർ അകലെയാണ്‌. ജനക്കൂട്ടം പഴയനഗരം വിട്ട്‌ പുതിയ നഗരത്തെ സമീപിക്കുമ്പോൾ കുരുടൻമാരായ രണ്ട്‌ യാചകർ ജനക്കൂട്ടത്തിന്റെ ആരവം കേൾക്കുന്നു. അവരിൽ ഒരാളുടെ പേര്‌ ബർത്തിമായി എന്നാണ്‌.

യേശുവാണ്‌ കടന്നു പോകുന്നത്‌ എന്നറിഞ്ഞപ്പോൾ ബർത്തിമായിയും അവന്റെ കൂട്ടുകാരനും, “കർത്താവേ, ദാവീദു പുത്രാ, ഞങ്ങളിൽ കനിവു തോന്നേണമേ!” എന്ന്‌ ഉറക്കെ വിളിച്ചു പറഞ്ഞു. മിണ്ടാതിരിക്കാൻ ജനക്കൂട്ടം അവരെ നിർബ്ബന്ധിക്കുമ്പോൾ അവർ കൂടുതൽ ഉച്ചത്തിൽ നിലവിളിക്കുന്നു: “കർത്താവേ, ദാവീദു പുത്രാ, ഞങ്ങളിൽ കനിവു തോന്നേണമേ!”

ബഹളം കേട്ടിട്ട്‌ യേശു നിൽക്കുന്നു. ബഹളമുണ്ടാക്കുന്നവരെ വിളിക്കാൻ യേശു തന്നോടു കൂടെയുളളവരോട്‌ നിർദ്ദേശിക്കുന്നു. അവർ കുരുടൻമാരായ യാചകരുടെ അടുക്കൽ ചെന്ന്‌ അവരിൽ ഒരുവനോട്‌: “ധൈര്യപ്പെടുക, എഴുന്നേൽക്കുക, അവൻ നിന്നെ വിളിക്കുന്നു,” എന്നു പറഞ്ഞു. അത്യാവേശത്തോടെ ആ കുരുടൻ തന്റെ പുറംകുപ്പായം ഊരിയെറിഞ്ഞ്‌ ചാടിയെഴുന്നേററ്‌ യേശുവിന്റെ അടുത്തെത്തുന്നു.

“ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌?” യേശു ചോദിക്കുന്നു.

“കർത്താവേ, ഞങ്ങളുടെ കണ്ണു തുറക്കാൻ,” ആ രണ്ടു കുരുടൻമാരും യാചിക്കുന്നു.

അവരോട്‌ ദയ തോന്നിയിട്ട്‌ യേശു അവരുടെ കണ്ണ്‌ തൊടുന്നു. മർക്കോസിന്റെ വിവരണമനുസരിച്ച്‌ യേശു അവരിൽ ഒരുവനോട്‌ പറയുന്നു: “പൊയ്‌ക്കൊൾക, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു.” ഉടൻ തന്നെ ആ കുരുടൻമാർക്ക്‌ കാഴ്‌ച ലഭിക്കുന്നു, നിസ്സംശയമായും അവർ ഇരുവരും ദൈവത്തെ സ്‌തുതിച്ചു തുടങ്ങുന്നു. എന്താണ്‌ സംഭവിച്ചിരിക്കുന്നത്‌ എന്ന്‌ ജനക്കൂട്ടമെല്ലാം കാണുമ്പോൾ അവരും ദൈവത്തെ സ്‌തുതിക്കുന്നു. ഒട്ടും താമസിയാതെ ബർത്തിമായിയും അവന്റെ കൂട്ടുകാരനും യേശുവിനെ അനുഗമിച്ചു തുടങ്ങുന്നു.

യേശു യെരീഹോവിലൂടെ കടന്നുപോകുമ്പോൾ ജനക്കൂട്ടത്തിൽ ആവേശം അലതല്ലുന്നു. അന്ധൻമാരെ സൗഖ്യമാക്കിയവനെ കാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്‌. എല്ലാ ദിശയിൽ നിന്നും ആളുകൾ യേശുവിനെ തിക്കുന്നതുമൂലം ചിലർക്ക്‌ അവനെ കാണാനേ കഴിയുന്നില്ല. അവരുടെ കൂട്ടത്തിൽ യെരീഹോവിലെയും സമീപപ്രദേശങ്ങളിലെയും നികുതി പിരിവുകാരിൽ മുഖ്യനായ സക്കായിയുമുണ്ട്‌. ഉയരം കുറഞ്ഞവനാകയാൽ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അവന്‌ കാണാൻ കഴിയുന്നില്ല.

അതുകൊണ്ട്‌ സക്കായി മുമ്പിൽ ഓടി യേശു പോകുന്ന വഴിയുടെ അരികിലുളള ഒരു അത്തിവൃക്ഷത്തിൽ കയറിപ്പററുന്നു. അവിടെയിരുന്നുകൊണ്ട്‌ അയാൾക്ക്‌ എല്ലാം നന്നായി കാണാം. വൃക്ഷത്തിന്റെ സമീപത്തെത്തുമ്പോൾ യേശു മുകളിലേക്ക്‌ നോക്കി ഇപ്രകാരം വിളിച്ചു പറയുന്നു: “സക്കായിയെ, വേഗം ഇറങ്ങിവരിക, എന്തുകൊണ്ടെന്നാൽ ഇന്ന്‌ ഞാൻ നിന്റെ കൂടെയാണ്‌ പാർക്കുന്നത്‌.” സക്കായി സന്തോഷത്തോടെ മരത്തിൽ നിന്ന്‌ ചാടിയിറങ്ങി തന്റെ വിശിഷ്ടാതിഥിക്കുവേണ്ടി എല്ലാം തയ്യാറാക്കുന്നതിന്‌ അതിവേഗം വീട്ടിലേക്ക്‌ പോകുന്നു.

എന്നാൽ സംഭവിക്കുന്നത്‌ എന്താണെന്ന്‌ കാണുമ്പോൾ ജനമെല്ലാം പിറുപിറുക്കാൻ തുടങ്ങുന്നു. യേശു അത്തരമൊരു മമനുഷ്യന്റെ അതിഥിയായിരിക്കുന്നത്‌ ഉചിതമല്ല എന്ന്‌ അവർ വിചാരിക്കുന്നു. സക്കായി നികുതി പിരിവു ജോലിയിൽ സത്യസന്ധമല്ലാത്ത രീതിയിൽ നിർബ്ബന്ധപിരിവു നടത്തിയാണ്‌ ഇത്രയും ധനവാനായിത്തീർന്നത്‌.

പലരും യേശുവിന്റെ പിന്നാലെ പോവുകയും അവൻ ആ ഭവനത്തിൽ പ്രവേശിക്കുമ്പോൾ ഇപ്രകാരം പരാതിപ്പെടുകയും ചെയ്യുന്നു: “അവൻ പാപിയായ ഒരു മമനുഷ്യന്റെ കൂടെ പാർക്കാൻ പോയിരിക്കുന്നു.” എന്നാൽ സക്കായി അനുതപിക്കാനുളള സാദ്ധ്യത യേശു കാണുന്നു. യേശുവിന്‌ നിരാശനാകേണ്ടി വന്നില്ല, കാരണം സക്കായി എഴുന്നേററ്‌ ഇപ്രകാരം പ്രഖ്യാപിക്കുന്നു: “കർത്താവേ, നോക്കൂ! എനിക്കുളള വസ്‌തുവകകളിൽ പകുതി ഞാൻ ദരിദ്രൻമാർക്ക്‌ കൊടുക്കാൻ പോവുകയാണ്‌. ഞാൻ ആരോടെങ്കിലും കളവായി വല്ലതും വാങ്ങിയിട്ടുണ്ടെങ്കിൽ ഞാൻ അത്‌ നാലു മടങ്ങ്‌ മടക്കിക്കൊടുക്കുന്നു.”

തന്റെ സ്വത്തിൽ പകുതി ദരിദ്രർക്ക്‌ ദാനം ചെയ്‌തുകൊണ്ടും ബാക്കി താൻ ചതിവായി വാങ്ങിയത്‌ മടക്കിക്കൊടുക്കുന്നതിനായി വിനിയോഗിച്ചുകൊണ്ടും തന്റെ അനുതാപം ആത്മാർത്ഥതയോടു കൂടിയതാണെന്ന്‌ സക്കായി തെളിയിക്കുന്നു. പ്രത്യക്ഷത്തിൽ, തന്റെ രേഖകളിൽ നിന്ന്‌ ഓരോരുത്തർക്കും എത്രമാത്രം മടക്കിക്കൊടുക്കാനുണ്ടെന്ന്‌ അവന്‌ കണക്കാക്കാൻ കഴിയും. അതുകൊണ്ട്‌ ദൈവനിയമത്തോടുളള ചേർച്ചയിൽ നാലു മടങ്ങ്‌ മടക്കിക്കൊടുക്കാൻ അവൻ നിശ്ചയിക്കുന്നു. അതിപ്രകാരം പറയുന്നു: ‘ഒരു മനുഷ്യൻ ഒരു ആടിനെ മോഷ്ടിക്കുന്നുവെങ്കിൽ അയാൾ ആ ആടിന്‌ പകരം തന്റെ ആട്ടിൻകൂട്ടത്തിൽ നിന്ന്‌ നാലെണ്ണത്തെ മടക്കി കൊടുക്കണം.’

സക്കായി തന്റെ വസ്‌തുവകകൾ വിതരണം ചെയ്യാൻ പോകുന്ന വിധത്തിൽ സംപ്രീതനായി യേശു പറയുന്നു: “ഇന്ന്‌ ഈ ഭവനത്തിന്‌ രക്ഷ കൈവന്നിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ഇവനും അബ്രഹാമിന്റെ ഒരു പുത്രനാണ്‌. എന്തുകൊണ്ടെന്നാൽ കാണാതെപോയതിനെ കണ്ടുപിടിച്ച്‌ രക്ഷിക്കുന്നതിനാണ്‌ മനുഷ്യപുത്രൻ വന്നിരിക്കുന്നത്‌.”

അടുത്തകാലത്ത്‌, ധൂർത്തപുത്രനെ സംബന്ധിച്ചുളള ഉപമയിലൂടെ ‘കാണാതായവരുടെ’ അവസ്ഥ യേശു ചിത്രീകരിച്ചിരിക്കുന്നു. ഇപ്പോൾ, കാണാതായിട്ട്‌ കണ്ടുപിടിക്കപ്പെട്ട ഒരാളുടെ യഥാർത്ഥ ദൃഷ്ടാന്തമാണ്‌ നാം കാണുന്നത്‌. മതനേതാക്കൻമാരും യേശുവിന്റെ പിന്നാലെ നടക്കുന്നവരും സക്കായിയെപ്പോലുളളവർക്ക്‌ യേശു നൽകുന്ന ശ്രദ്ധ സംബന്ധിച്ച്‌ പിറുപിറുക്കുകയും പരാതിപ്പെടുകയും ചെയ്യുന്നുവെങ്കിലും അബ്രഹാമിന്റെ നഷ്ടപ്പെട്ടുപോയ ഈ പുത്രൻമാരെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിൽ യേശു തുടരുന്നു. മത്തായി 20:29-34; മർക്കോസ്‌ 10:46-52; ലൂക്കോസ്‌ 18:35–19:10; പുറപ്പാട്‌ 22:1.

▪ പ്രത്യക്ഷത്തിൽ എവിടെവച്ചാണ്‌ യേശു അന്ധരായ യാചകരെ കണ്ടുമുട്ടുന്നത്‌, അവൻ അവർക്കുവേണ്ടി എന്തു ചെയ്യുന്നു?

▪ സക്കായി ആരാണ്‌, അവൻ എന്തുകൊണ്ടാണ്‌ ഒരു മരത്തിൽ കയറിപ്പററുന്നത്‌?

▪ സക്കായി തന്റെ അനുതാപം തെളിയിക്കുന്നത്‌ എങ്ങനെയാണ്‌?

▪ സക്കായിയോടുളള യേശുവിന്റെ പെരുമാററത്തിൽ നിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാൻ കഴിയും?