വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു വീണ്ടും യരൂശലേമിലേക്ക്‌ പോകുന്നു

യേശു വീണ്ടും യരൂശലേമിലേക്ക്‌ പോകുന്നു

അധ്യായം 82

യേശു വീണ്ടും യരൂശലേമിലേക്ക്‌ പോകുന്നു

നഗരം തോറും ഗ്രാമം തോറും പഠിപ്പിച്ചുകൊണ്ട്‌ യേശു വീണ്ടും യാത്ര ചെയ്യുകയാണ്‌. യേശു ഇപ്പോൾ യഹൂദ്യക്ക്‌ നേരെ യോർദ്ദാന്റെ മറുകരയിൽ പെരയ എന്ന പ്രദേശത്താണ്‌. എന്നാൽ അവന്റെ ലക്ഷ്യസ്ഥാനം യെരൂശലേമാണ്‌.

ഒരു നിശ്ചിത സംഖ്യ ആളുകൾ മാത്രമേ രക്ഷക്കു യോഗ്യരായിത്തീരുകയുളളു എന്ന യഹൂദതത്വശാസ്‌ത്രമായിരിക്കണം, “കർത്താവേ ചുരുക്കം പേർ മാത്രമേ രക്ഷപ്രാപിക്കുകയുളേളാ?” എന്നു ചോദിക്കാൻ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്നത്‌. തന്റെ മറുപടിയിലൂടെ രക്ഷക്ക്‌ ആവശ്യമായിരിക്കുന്നത്‌ എന്തെന്ന്‌ ചിന്തിക്കാൻ യേശു ആളുകളെ നിർബന്ധിക്കുന്നു: “ഇടുക്കുവാതിലിലൂടെ അകത്തു കടപ്പാൻ തീവ്രശ്രമം ചെയ്യുവിൻ. [അതായത്‌ പോരാട്ടം നടത്തുക, അഥവാ പീഡസഹിക്കുക].”

തീവ്രമായ ശ്രമം നടത്തുന്നത്‌ അടിയന്തിരമാണ്‌: “എന്തുകൊണ്ടെന്നാൽ അനേകർ,” യേശു തുടരുന്നു, “അകത്തു കടപ്പാൻ ശ്രമിക്കും എന്നാൽ കഴിയുകയില്ല.” എന്തുകൊണ്ടാണ്‌ അവർക്ക്‌ കഴിയാത്തത്‌? അവൻ വിശദീകരിക്കുന്നു: ‘വീട്ടുകാരൻ എഴുന്നേററ്‌ കതക്‌ പൂട്ടിയശേഷം “യജമാനനെ, ഞങ്ങൾക്ക്‌ തുറന്നു തരണമേ,” എന്ന്‌ പറഞ്ഞ്‌ ആളുകൾ പുറത്തു നിന്നുകൊണ്ട്‌ മുട്ടുന്നു. “നിങ്ങൾ എവിടെ നിന്ന്‌ എന്ന്‌ ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്നവരായ നിങ്ങൾ എല്ലാവരും എന്നെ വിട്ടുപോകുവിൻ!” എന്ന്‌ അവൻ പറയും.’

അകത്തു കടപ്പാൻ കഴിയാത്തവർ പ്രത്യക്ഷത്തിൽ അവർക്കു മാത്രം സൗകര്യപ്രദമായ സമയത്താണ്‌ വന്നിരിക്കുന്നത്‌. എന്നാൽ അപ്പോഴേക്കും അവസരത്തിന്റെ വാതിൽ അടച്ചു പൂട്ടപ്പെട്ടിരിക്കുന്നു. അകത്തു കടക്കുന്നതിന്‌, ഒരുപക്ഷേ അൽപ്പം അസൗകര്യമായിരുന്നെങ്കിൽ കൂടി, അവർ നേരത്തെ വരേണ്ടിയിരുന്നു. യഹോവയുടെ ആരാധന തങ്ങളുടെ ജീവിതത്തിലെ മുഖ്യ ഉദ്ദേശ്യമാക്കുന്നതിൽ കാലതാമസം വരുത്തുന്നവരെ വാസ്‌തവത്തിൽ സങ്കടകരമായ അനന്തരഫലങ്ങൾ കാത്തിരിക്കുന്നു!

ആരെ ശുശ്രൂഷിക്കാനായി യേശു അയക്കപ്പെട്ടുവോ ആ യഹൂദൻമാർ മിക്കവരും രക്ഷക്കുവേണ്ടി ദൈവത്തിന്റെ കരുതൽ സ്വീകരിക്കുന്നതിനുളള അത്ഭുതകരമായ അവസരം വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ പുറത്തു തളളപ്പെടുമ്പോൾ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യുമെന്ന്‌ യേശു പറയുന്നു. നേരെമറിച്ച്‌, “കിഴക്കു നിന്നും പടിഞ്ഞാറുനിന്നും വടക്കു നിന്നും തെക്കുനിന്നുമുളളവർ,” അതെ, എല്ലാ ജനതകളിൽ നിന്നുമുളളവർ “ദൈവരാജ്യത്തിൽ മേശക്കൽ ചാരിക്കിടക്കും.”

യേശു ഇപ്രകാരം തുടരുന്നു: “മുമ്പൻമാരായിത്തീരുന്ന പിമ്പൻമാരും [നിന്ദിക്കപ്പെട്ട യഹൂദേതരരും താഴേക്കിടയിലുളള യഹൂദൻമാരും] പിമ്പൻമാരായിത്തീരുന്ന മുമ്പൻമാരും [ഭൗതികമായും മതപരമായും നല്ല നിലയിലുളള യഹൂദൻമാർ] ഉണ്ട്‌.” അവർ പിമ്പൻമാരായിരിക്കുക എന്നാൽ മടിയൻമാരും നന്ദികെട്ടവരുമായ അവർ ദൈവരാജ്യത്തിൽ ഉണ്ടായിരിക്കുകയില്ല എന്നാണ്‌.

പരീശൻമാർ ഇപ്പോൾ യേശുവിന്റെ അടുക്കൽ വന്ന്‌ പറയുന്നു: “ഇവിടം വിട്ടുപോവുക, എന്തുകൊണ്ടെന്നാൽ ഹെരോദാവ്‌ [അന്തിപ്പാസ്‌] നിന്നെ കൊല്ലാൻ നോക്കുന്നു.” യേശു ആ പ്രദേശം വിട്ട്‌ ഓടിപ്പോകുന്നതിനുവേണ്ടി ഹെരോദാവ്‌ തന്നെ ആയിരുന്നിരിക്കണം അത്തരം ഒരു കിംവദന്തി പരത്തിയത്‌. സ്‌നാപക യോഹന്നാനെ കൊന്നതിൽ എന്നപോലെ മറെറാരു പ്രവാചകന്റെ മരണത്തിൽ ഉൾപ്പെടാൻ ഹെരോദാവിന്‌ തന്നെ ഭയമായിരുന്നിരിക്കണം. എന്നാൽ യേശു ആ പരീശൻമാരോട്‌ പറയുന്നു: “‘നോക്കൂ! ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ പൂർത്തിയാക്കുകയും ചെയ്യും’ എന്ന്‌ നിങ്ങൾ പോയി ആ കുറുക്കനോട്‌ പറയുവിൻ!”

അവിടത്തെ തന്റെ വേല പൂർത്തിയാക്കിയ ശേഷം യേശു യരൂശലേമിലേക്കുളള തന്റെ യാത്ര തുടരുന്നു, എന്തുകൊണ്ടെന്നാൽ യേശു വിശദീകരിക്കുന്നപ്രകാരം “യരൂശലേമിന്‌ പുറത്തുവച്ച്‌ ഒരു പ്രവാചകൻ നശിപ്പിക്കപ്പെടുന്നത്‌ അസംഭവ്യമാണ്‌.” യേശു യരൂശലേമിൽ വച്ച്‌ കൊല്ലപ്പെടുമെന്ന്‌ പ്രതീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ 71 അംഗ സൻഹെദ്രീം ഉന്നതാധികാര കോടതി സ്ഥിതിചെയ്യുന്നതും മൃഗയാഗങ്ങൾ അർപ്പിക്കപ്പെടുന്നതുമായ തലസ്ഥാന നഗരി യെരൂശലേമാണ്‌. അതുകൊണ്ട്‌ “ദൈവത്തിന്റെ കുഞ്ഞാട്‌” യെരൂശലേമിലല്ലാതെ മറെറവിടെയെങ്കിലും വച്ച്‌ കൊല്ലപ്പെടുന്നത്‌ സംഭവ്യമല്ല.

യേശു വിലപിക്കുന്നു: “യരൂശലേമെ, യരൂശലേമെ, പ്രവാചകൻമാരെ കൊല്ലുകയും തന്റെ പക്കലേക്ക്‌ അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളെ, ഒരു പിടക്കോഴി അതിന്റെ ചിറകിൻകീഴിൽ കുഞ്ഞുങ്ങളെ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്ക്‌ എത്രവട്ടം മനസ്സായിരുന്നു, എന്നാൽ നിങ്ങൾക്കോ മനസ്സില്ലായിരുന്നു! നോക്കൂ! നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.” ദൈവപുത്രനെ തളളിക്കളഞ്ഞതിനാൽ ആ ജനത നാശത്തിന്‌ വിധിക്കപ്പെട്ടിരിക്കുന്നു!

യേശു യെരൂശലേമിലേക്കുളള യാത്ര തുടരവെ ഒരു പരീശ പ്രമാണിയുടെ വീട്ടിലേക്ക്‌ അവൻ ക്ഷണിക്കപ്പെടുന്നു. അന്ന്‌ ശബ്ബത്താണ്‌. മഹോദരരോഗമുളള സാദ്ധ്യതയനുസരിച്ച്‌ കൈകാലുകളിൽ നീർക്കെട്ടുളള ഒരാൾ അവിടെയുണ്ടായിരുന്നതിനാൽ ജനങ്ങൾ യേശുവിനെ സൂക്ഷിച്ചു നോക്കുന്നു. യേശു അവിടെ സന്നിഹിതരായിരുന്ന പരീശൻമാരോടും ന്യായശാസ്‌ത്രിമാരോടും ചോദിക്കുന്നു: “ശബ്ബത്തിൽ രോഗം സൗഖ്യമാക്കുന്നത്‌ വിഹിതമോ അല്ലെയോ?”

ആരും ഒരു വാക്കും പറയുന്നില്ല. അതുകൊണ്ട്‌ യേശു ആ മനുഷ്യനെ സുഖപ്പെടുത്തി പറഞ്ഞയക്കുന്നു. പിന്നീട്‌ അവൻ ചോദിക്കുന്നു: “നിങ്ങളുടെ മകനോ ഒരു കാളയോ ശബ്ബത്തുദിവസം കിണററിൽ വീണാൽ നിങ്ങളിൽ ആർ ക്ഷണത്തിൽ വലിച്ചു കയററാതിരിക്കും?” വീണ്ടും, ഉത്തരമായി ആരും ഒരു വാക്കും പറയുന്നില്ല. ലൂക്കോസ്‌ 13:22–14:6; യോഹന്നാൻ 1:29.

▪ രക്ഷക്ക്‌ എന്ത്‌ അത്യാവശ്യമാണ്‌ എന്നാണ്‌ യേശു കാണിച്ചു തരുന്നത്‌, എന്തുകൊണ്ടാണ്‌ അനേകർ പുറത്തു തളളപ്പെടുന്നത്‌?

▪ മുമ്പനായിത്തീരുന്ന “പിമ്പൻ” ആരാണ്‌, പിമ്പനായിത്തീരുന്ന “മുമ്പനും”?

▪ യേശുവിനെ കൊല്ലാൻ ഹെരോദാവ്‌ അന്വേഷിക്കുന്നു എന്ന്‌ പറയപ്പെട്ടത്‌ സാദ്ധ്യതയനുസരിച്ച്‌ എന്തിനായിരുന്നു?

▪ യെരൂശലേമിന്‌ പുറത്തുവച്ച്‌ ഒരു പ്രവാചകൻ നശിപ്പിക്കപ്പെടുന്നത്‌ സംഭവ്യമല്ലാത്തത്‌ എന്തുകൊണ്ട്‌?