യോഹന്നാൻ വഴിയൊരുക്കുന്നു
അധ്യായം 11
യോഹന്നാൻ വഴിയൊരുക്കുന്നു
യേശുവിന് 12 വയസ്സുണ്ടായിരുന്നപ്പോൾ അവൻ ആലയത്തിൽ വച്ച് ഉപദേഷ്ടാക്കളെ ചോദ്യം ചെയ്‌തു കഴിഞ്ഞ് പതിനേഴ് വർഷം പിന്നിട്ടിരിക്കുന്നു. ഇത് പൊ. യു. 29 എന്ന വർഷത്തിലെ വസന്തകാലമാണ്. എല്ലാവരും യേശുവിന്റെ മച്ചുനനായ യോഹന്നാനെക്കുറിച്ച് സംസാരിക്കുന്നതായി തോന്നുന്നു. അവൻ യോർദ്ദാൻ നദിയുടെ സമീപപ്രദേശങ്ങളിലെല്ലാം പ്രസംഗിക്കുകയാണ്.
യോഹന്നാൻ കാഴ്‌ചയിലും പ്രസംഗത്തിലും വാസ്‌തവത്തിൽ മതിപ്പുതോന്നുന്ന ഒരു വ്യക്തിയാണ്. അവന്റെ വസ്‌ത്രം ഒട്ടകരോമം കൊണ്ടുളളതാണ്. അവൻ അരയ്‌ക്ക് ഒരു തോൽവാറും ധരിച്ചിട്ടുണ്ട്. അവന്റെ ആഹാരം വെട്ടുക്കിളിയും കാട്ടുതേനും. അവന്റെ ദൂതോ? “അനുതപിക്കുവിൻ, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.”
ഈ ദൂത് അവന്റെ ശ്രോതാക്കളെ ഉണർത്തുന്നുണ്ട്. അനേകരും തങ്ങൾ അനുതപിക്കേണ്ടതിന്റെ, അതായത്, തങ്ങളുടെ മനോഭാവം മാററുകയും കാമ്യമല്ലാത്ത തങ്ങളുടെ പഴയ ജീവിതഗതി ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് യോർദ്ദാന്റെ സമീപപ്രദേശങ്ങളിൽനിന്നും യെരൂശലേമിൽനിന്നുപോലും വളരെയധികമാളുകൾ യോഹന്നാന്റെയടുത്ത് വരുന്നു. അവൻ അവരെ യോർദ്ദാനിലെ വെളളത്തിൽ നിമജ്ജനം ചെയ്‌തുകൊണ്ട് സ്‌നാപനപ്പെടുത്തുന്നു. എന്തുകൊണ്ട്?
ദൈവത്തിന്റെ ന്യായപ്രമാണനിയമത്തിനെതിരെയുളള പാപങ്ങളുടെ ഹൃദയംഗമമായ അനുതാപത്തിന്റെ അടയാളമായി അല്ലെങ്കിൽ സൂചനയായിട്ടാണ് യോഹന്നാൻ ആളുകളെ സ്‌നാപനപ്പെടുത്തുന്നത്. അതുകൊണ്ട് ചില മതപരീശൻമാരും സദൂക്യരും യോർദ്ദാനിലേക്ക് വരുമ്പോൾ യോഹന്നാൻ അവരെ കുററംവിധിക്കുന്നു. “അണലി സന്തതികളേ,” അവൻ പറയുന്നു. “അനുതാപത്തിന് യോജിച്ചഫലം ഉൽപ്പാദിപ്പിക്കുക; ‘ഞങ്ങൾക്ക് പിതാവായി അബ്രഹാമുണ്ട്’ എന്ന് നിങ്ങളോടുതന്നെ പറയാൻ ഭാവിക്കരുത്. ഈ കല്ലുകളിൽ നിന്ന് അബ്രഹാമിന് മക്കളെ എഴുന്നേൽപ്പിക്കാൻ ദൈവത്തിന് കഴിയുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു. ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ കടയ്‌ക്കൽ കോടാലി വയ്‌ക്കപ്പെട്ടിരിക്കുന്നു, നല്ല ഫലം കായ്‌ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയിൽ ഇടപ്പെടും.”
മുഴു ശ്രദ്ധയും യോഹന്നാന് ലഭിക്കുന്നതിനാൽ പരീശൻമാർ പുരോഹിതൻമാരെയും ലേവ്യരെയും അവന്റെയടുക്കൽ അയയ്‌ക്കുന്നു. അവർ ചോദിക്കുന്നു: “നീ ആരാണ്?
“ഞാൻ ക്രിസ്‌തുവല്ല,” യോഹന്നാൻ ഏററുപറയുന്നു.
“അപ്പോൾ എന്ത്?” അവർ ചോദിക്കുന്നു. “നീ ഏലിയാവാണോ”?
“അല്ല,” അവൻ പ്രതിവചിക്കുന്നു.
“നീ ആ പ്രവാചകനാണോ”?
“അല്ല!”
അതുകൊണ്ട് അവർ നിർബന്ധം പിടിക്കുന്നു: “നീ ആരാണ്? ഞങ്ങളെ അയച്ചവർക്ക് ഞങ്ങൾ ഒരുത്തരം കൊടുക്കട്ടെ. നീ നിന്നെക്കുറിച്ച് എന്തു പറയുന്നു?”
യോഹന്നാൻ വിവരിക്കുന്നു: “പ്രവാചകനായ യെശയ്യാവ് പറഞ്ഞതുപോലെ, ‘യഹോവയുടെ പാത നേരെയാക്കുവിൻ’ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്ന ഒരുവന്റെ ശബ്ദമാണ് ഞാൻ.”
“നീ ക്രിസ്‌തുവോ ഏലിയാവോ ആ പ്രവാചകനോ അല്ലെങ്കിൽ പിന്നെ നീ സ്‌നാപനം ചെയ്യുന്നതെന്തിനാണ്?” അവർക്കറിയണം.
“ഞാൻ വെളളത്തിൽ സ്‌നാപനം കഴിപ്പിക്കുന്നു. നിങ്ങളുടെ ഇടയിൽ നിൽക്കുന്നതായി നിങ്ങൾ അറിയാത്ത ഒരുവനുണ്ട്, അവനാണ് എന്റെ പിന്നാലെ വരുന്നവൻ.”
രാജാവായിത്തീരുന്ന മശിഹായെ സ്വീകരിക്കാൻ തക്കവണ്ണം ആളുകളെ ഒരു ശരിയായ ഹൃദയനിലയിൽ എത്തിച്ചുകൊണ്ടാണ് യോഹന്നാൻ വഴിയൊരുക്കുന്നത്. അവനെക്കുറിച്ച് യോഹന്നാൻ പറയുന്നു: “എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ബലവാനാകുന്നു. അവന്റെ ചെരുപ്പ് അഴിക്കാൻ ഞാൻ യോഗ്യനല്ല. വാസ്‌തവത്തിൽ യോഹന്നാൻ ഇങ്ങനെയുംകൂടെ പറയുന്നു: “എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പിലാണ്. എന്തുകൊണ്ടെന്നാൽ അവൻ എനിക്ക് മുമ്പേയുളളവനാണ്.”
അങ്ങനെ “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന യോഹന്നാന്റെ ദൂത്, യഹോവയുടെ നിയമിത രാജാവായ യേശുക്രിസ്‌തുവിന്റെ ശുശ്രൂഷ ആരംഭിക്കാൻ പോകയാണെന്നുളളതിന്റെ പരസ്യമായ ഒരറിയിപ്പായി ഉതകുന്നു. യോഹന്നാൻ 1:6-8, 15-28; മത്തായി 3:1-12; ലൂക്കോസ് 3:1-18; പ്രവൃത്തി 19:4.
▪ യോഹന്നാൻ ഏത് തരത്തിലുളള മനുഷ്യനാണ്?
▪ യോഹന്നാൻ ആളുകളെ സ്‌നാപനപ്പെടുത്തുന്നതെന്തുകൊണ്ട്?
▪ രാജ്യം സമീപിച്ചിരിക്കുന്നുവെന്ന് യോഹന്നാന് പറയാൻ കഴിഞ്ഞതെന്തുകൊണ്ട്?