വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലാസർ ഉയർപ്പിക്കപ്പെടുമ്പോൾ

ലാസർ ഉയർപ്പിക്കപ്പെടുമ്പോൾ

അധ്യായം 91

ലാസർ ഉയർപ്പിക്കപ്പെടുമ്പോൾ

യേശുവും അവനോടുകൂടെയുളളവരും ഇപ്പോൾ ലാസറിന്റെ സ്‌മാരകകല്ലറക്ക്‌ സമീപമെത്തുന്നു. യഥാർത്ഥത്തിൽ അത്‌ വാതിൽ കല്ലുകൊണ്ട്‌ അടക്കപ്പെട്ടിട്ടുളള ഒരു ഗുഹയാണ്‌. “കല്ലു എടുത്തു മാററുവിൻ,” യേശു പറയുന്നു.

യേശു എന്താണ്‌ ചെയ്യാൻ പോകുന്നത്‌ എന്ന്‌ മനസ്സിലാക്കാതെ മാർത്താ എതിർപറയുന്നു: “കർത്താവെ, അവൾ പറയുന്നു, “അവന്‌ നാററം വച്ചു തുടങ്ങിയിട്ടുണ്ടാവണം, ഇപ്പോൾ നാലു ദിവസമായല്ലോ.”

എന്നാൽ യേശു ചോദിക്കുന്നു: “നീ വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന്‌ ഞാൻ നിന്നോട്‌ പറഞ്ഞില്ലയോ?”

അതുകൊണ്ട്‌ കല്ല്‌ നീക്കം ചെയ്യപ്പെടുന്നു. അപ്പോൾ യേശു ദൃഷ്ടികൾ മേൽപ്പോട്ടുയർത്തി പ്രാർത്ഥിക്കുന്നു: “പിതാവെ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്ക്‌ നന്ദി പറയുന്നു. നീ എന്റെ അപേക്ഷ എല്ലായ്‌പ്പോഴും കേൾക്കുന്നു എന്ന്‌ ഞാൻ സത്യമായും അറിയുന്നു; എന്നാൽ ചുററും നിൽക്കുന്ന ജനക്കൂട്ടം നിമിത്തം, നീ എന്നെ അയച്ചു എന്ന്‌ അവർ അറിയേണ്ടതിനാണ്‌ ഞാൻ സംസാരിച്ചത്‌.” താൻ ചെയ്യാൻ പോകുന്ന കാര്യം ദൈവത്തിൽ നിന്ന്‌ ലഭിച്ച ശക്തിയാലാണ്‌ ചെയ്യപ്പെടുന്നത്‌ എന്ന്‌ ജനം അറിയേണ്ടതിനാണ്‌ യേശു പരസ്യമായി പ്രാർത്ഥിക്കുന്നത്‌. തുടർന്ന്‌ അവൻ ഉച്ചത്തിൽ വിളിച്ചു പറയുന്നു: “ലാസറെ, പുറത്തുവരിക!”

അതിങ്കൽ ലാസർ പുറത്തു വരുന്നു. അവന്റെ കൈകളും പാദങ്ങളും ഇപ്പോഴും ശവകച്ചയിൽ പൊതിഞ്ഞിരിക്കുന്നു, അവന്റെ മുഖം തുണികൊണ്ട്‌ മൂടിയിരിക്കുന്നു. “അവന്റെ കെട്ടഴിക്കുവിൻ, അവൻ പോകട്ടെ” എന്ന്‌ യേശു പറയുന്നു.

ഈ അത്ഭുതം കാണുകയിൽ മറിയയെയും മാർത്തയെയും ആശ്വസിപ്പിക്കാൻ വന്നിരുന്ന യഹൂദൻമാരിൽ അനേകർ യേശുവിൽ വിശ്വസിക്കുന്നു. എന്നാൽ മററുളളവർ സംഭവിച്ചതെല്ലാം പരീശൻമാരോട്‌ പറയാൻ പുറപ്പെട്ടു പോകുന്നു. അവരും പ്രധാന പുരോഹിതൻമാരും ചേർന്ന്‌ ഉടനടി യഹൂദ ഉന്നതാധികാര കോടതിയായ സൻഹെദ്രീമിന്റെ ഒരു യോഗം വിളിച്ചു കൂട്ടുന്നു.

സൻഹെദ്രീമിൽ അന്നത്തെ പ്രധാനപുരോഹിതനായ കയ്യഫാവും പരീശൻമാരും സദൂക്യരും മുഖ്യപുരോഹിതൻമാരും മുൻപ്രധാനപുരോഹിതൻമാരും അംഗങ്ങളാണ്‌. “ഈ മനുഷ്യൻ വളരെ അത്ഭുതങ്ങൾ ചെയ്യുന്നതിനാൽ നാം എന്താണ്‌ ചെയ്യേണ്ടത്‌?” എന്ന്‌ അവർ പ്രലപിക്കുന്നു. “നാം അവനെ ഇങ്ങനെ വിട്ടേച്ചാൽ അവരെല്ലാവരും അവനിൽ വിശ്വസിക്കും, റോമാക്കാർ വന്ന്‌ നമ്മുടെ സ്ഥാനവും നമ്മുടെ രാജ്യവും എടുത്തു കളയുകയും ചെയ്യും.”

യേശു “അനേകം അടയാളങ്ങൾ കാണിക്കുന്നതായി” ആ മതനേതാക്കൻമാർ സമ്മതിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സ്വന്തം സ്ഥാനത്തെയും അധികാരത്തെയുംകുറിച്ച്‌ മാത്രമാണ്‌ അവർക്ക്‌ താൽപ്പര്യം. സദൂക്യർ പുനരുത്ഥാനത്തിൽ വിശ്വസിക്കാത്തതിനാൽ ലാസറിനെ ഉയർപ്പിച്ചത്‌ വിശേഷാൽ അവർക്ക്‌ ഏററ ശക്തമായ ഒരു പ്രഹരമാണ്‌.

ഒരുപക്ഷേ ഒരു സദൂക്യനായ കയ്യഫാവ്‌ ഇപ്പോൾ എല്ലാവർക്കുംവേണ്ടി സംസാരിക്കുന്നു: “നിങ്ങൾക്ക്‌ ഒന്നും അറിഞ്ഞുകൂടാ, ഈ ജനത മുഴുവൻ നശിച്ചുപോകാതെ ജനങ്ങൾക്കു വേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നിങ്ങളുടെ പ്രയോജനത്തിനാണ്‌ എന്ന്‌ നിങ്ങൾ മനസ്സിലാക്കുന്നുമില്ല.”

ഇത്‌ പറയാൻ ദൈവം കയ്യഫാവിനെ പ്രേരിപ്പിച്ചു, കാരണം അപ്പൊസ്‌തലനായ യോഹന്നാൻ പിന്നീട്‌ ഇപ്രകാരം എഴുതി: “എന്നാൽ ഇത്‌ [കയ്യഫാവ്‌] സ്വന്തമായി പറഞ്ഞതല്ല.” യേശു തങ്ങളുടെ അധികാരസ്ഥാനവും സ്വാധീനവും കൂടുതലായി നശിപ്പിക്കാതിരിക്കാൻ അവൻ വധിക്കപ്പെടണം എന്നായിരുന്നു കയ്യഫാവ്‌ വാസ്‌തവത്തിൽ അർത്ഥമാക്കിയത്‌. എന്നിരുന്നാലും യോഹന്നാൻ പറയുംപ്രകാരം ‘ഈ ജനതക്ക്‌വേണ്ടി മാത്രമല്ല ചിതറിക്കപ്പെട്ടിരിക്കുന്ന ദൈവമക്കളെ കൂട്ടിച്ചേർക്കേണ്ടതിനും കൂടി യേശു മരിക്കാനിരിക്കുന്നു എന്ന്‌ കയ്യഫാവ്‌ പ്രവചിക്കുകയായിരുന്നു.’ വാസ്‌തവമായും എല്ലാവർക്കും വേണ്ടി ഒരു മറുവിലയായി തന്റെ പുത്രൻ മരിക്കുക എന്നത്‌ ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു.

യേശുവിനെ വധിക്കാനുളള പദ്ധതി ആവിഷ്‌ക്കരിപ്പിക്കുന്നതിന്‌ സൻഹെദ്രീമിനെ സ്വാധീനിക്കുന്നതിൽ കയ്യഫാവ്‌ ഇപ്പോൾ വിജയിക്കുന്നു. എന്നാൽ സൻഹെദ്രീമിലെ അംഗവും യേശുവിനോട്‌ സൗഹൃദമുളളവനുമായ നിക്കോദേമൊസ്സിൽ നിന്ന്‌ ഒരുപക്ഷേ ഈ പദ്ധതിയെപ്പററി മനസ്സിലാക്കിയതിനാൽ യേശു അവിടം വിട്ടുപോകുന്നു. യോഹന്നാൻ 11:38-54

▪ ലാസറിനെ ഉയർപ്പിക്കുന്നതിന്‌ മുമ്പ്‌ യേശു പരസ്യമായി പ്രാർത്ഥിക്കുന്നത്‌ എന്തുകൊണ്ട്‌?

▪ ഈ പുനരുത്ഥാനം കണ്ടവർ അതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു?

▪ എന്ത്‌ സൻഹെദ്രീമിലെ അംഗങ്ങളുടെ ദുഷ്ടത വെളിപ്പെടുത്തുന്നു?

▪ കയ്യഫാവിന്റെ ഉദ്ദേശ്യം എന്തായിരുന്നു, എന്നാൽ എന്ത്‌ പ്രവചിക്കാൻ ദൈവം അവനെ ഉപയോഗിച്ചു?